Feb 2 • 16M

കേരളത്തിൽ വൈദികമതത്തിന്റെ സ്വാധീനവും ബ്രാഹ്‌മണാധീശത്വവും

വെമ്പലനാട് ചരിത്രം - എപ്പിസോഡ് 5

 
1.0×
0:00
-15:35
Open in playerListen on);
History For Everyone
Episode details
Comments

ത്തരകാല സംഘകൃതികളിൽ അന്തണർ എന്ന പുരോഹിതവർഗ്ഗത്തെ കുറിച്ചും അവരുടെ യാഗങ്ങളെ കുറിച്ചും സൂചനകൾ കാണുന്നുണ്ട്. ദ്രാവിഡ തമിഴകത്തിൽ ആര്യസംസ്‌കാരത്തിന്റെ സ്വാധീനം അന്നു തന്നെ ആരംഭിച്ചിരുന്നതായി കരുതാമെങ്കിലും സഹ്യനിപ്പുറത്തേക്ക് മേൽപ്പറഞ്ഞ അന്തണർ വ്യാപിച്ചിരുന്നതിന്റെ തെളിവൊന്നും കാണുന്നതുമില്ല. പൗരോഹിത്യ കർമ്മങ്ങൾ അനുഷ്ഠിച്ചിരുന്ന വിശ്വബ്രഹ്‌മഞ്ജരുൾപ്പെടെയുള്ള ദ്രാവിഡ ഗോത്രസമൂഹങ്ങൾ തുടർന്നും അതേ പ്രാമാണികതയോടെ തമിഴ്‌നാട്ടിൽ കാണപ്പെടുന്നുമുണ്ട്. ആര്യ ബ്രാഹ്‌മണർ ഇക്കൂട്ടരുടെ മേൽ ആധിപത്യം ഉറപ്പിച്ചതിന് ഏറെ തെളിവുകളും കാണുന്നുണ്ട്.

ബ്രാഹ്‌മണരുടെ കേരളത്തിലേക്കുള്ള കടന്നുവരവ് നാലാം നൂറ്റാണ്ടിൽ തന്നെ ആരംഭിച്ചിരുന്നു എന്നാണ് ചില ചരിത്രകാരന്മാരുടെ അഭിപ്രായം. കൂടുതൽ പേർ വടക്ക് ആന്ധ്രയിൽ നിന്നും കർണ്ണാടകത്തിൽ നിന്നുമാണ് എത്തിച്ചേർന്നതെങ്കിലും ആദ്യസംഘത്തെ നർമ്മദാതീരത്തെ അഹിഛത്രത്തിൽ നിന്ന് കദംബരാജാവായ മയൂരവർമ്മൻ എത്തിച്ചുവെന്ന് ഒരു ലിഖിതത്തിൽ കാണുന്നു. ഏഴും ഏട്ടും നൂറ്റാണ്ടുകളിലാണ് കേരളത്തിലെ ബ്രാഹ്‌മണ കുടിയേറ്റം വ്യാപകമാകുന്നത്. ബുദ്ധ-ജൈനമതങ്ങളിലുണ്ടായ അപചയങ്ങൾ മുതലെടുത്ത് തങ്ങളുടെ പൈതൃകസ്വത്തായ യാഗങ്ങളും വേദേതിഹാസങ്ങളും ബ്രാഹ്‌മണർ പ്രചരിപ്പിച്ചു തുടങ്ങി. മാണിക്കവാചകരെ പോലെയുള്ള ശൈവമത സിദ്ധന്മാർ തങ്ങളുടെ ഭക്തിമാർഗ്ഗത്തെ ജനസമക്ഷം അവതരിപ്പിച്ചപ്പോൾ നമ്മാൾവാരെ പോലെയുള്ള വൈഷ്ണവ നയനാർമാർ തങ്ങളുടെ വഴിയും പ്രചരിപ്പിച്ചു.

മാണിക്കവാചകർ

സാധാരണ ജനങ്ങളുടെ ഗോത്രദൈവങ്ങളുടെ സ്ഥാനം പുതുതായി എത്തിച്ചേർന്ന ദേവീദേവൻമാർ കയ്യടക്കി. ആചാര അനുഷ്ഠാനങ്ങളുടെ കർതൃത്വമായ പൗരോഹിത്യം മലയാള സംസ്‌കാരത്തിലേക്ക് പരിവർത്തപ്പെട്ട ബ്രാഹ്‌മണരായ നമ്പൂതിരിമാർ ഏറ്റെടുത്തു. മറ്റു സമൂഹങ്ങൾ ആരാധിച്ചിരുന്ന ഗോത്രദേവതകളുടെ ആരാധനാസ്ഥാനങ്ങളായ കാവുകളും തറകളും ക്ഷേത്രവിധാനത്തിലുള്ള മുക്കാൽവട്ടങ്ങളായി മാറിയപ്പോഴും തങ്ങൾ പരമ്പരാഗതമായി തുടർന്നുകൊണ്ടിരുന്ന പ്രാക്തനമായ ഗോത്രാചാരങ്ങൾ ക്ഷേത്രസങ്കേതത്തിനോട് ചേർന്ന് ആണ്ടിലൊരിക്കലെങ്കിലും പ്രതീകാത്മകമായി അനുവർത്തിക്കാനുള്ള ഔദാര്യം പഴയ അവകാശികൾക്ക് അനുവദിച്ചുകിട്ടി. കൊടുങ്ങല്ലൂർ ഭരണിയോടുനുബന്ധിച്ചുള്ള കാവുതീണ്ടൽ ഇതിനെ അനുസ്മരിപ്പിക്കുന്നതാണ്. അങ്ങനെ കേരളത്തിലെ എല്ലാ ജനസമൂഹങ്ങളുടെയും മേൽ ക്രമേണ അധീശത്വം സ്ഥാപിക്കാൻ ബ്രാഹ്‌മണർക്കു സാധിച്ചു.

പുരാതനകേരളം വടക്ക് ഗോകർണം മുതൽ തെക്ക് കന്യാകുമാരി വരെ എന്നാണ് സങ്കല്പം. ഗോകർണം മുതൽ തെക്കോട്ട് ചന്ദ്രഗിരിപ്പുഴ വരെ മുപ്പത്തിരണ്ടും ചന്ദ്രഗിരിപ്പുഴക്ക് തെക്കോട്ട് വെൺമണി വരെ മുപ്പത്തിരണ്ടും എന്നിങ്ങനെ അറുപത്തിനാല് ഗ്രാമങ്ങളിലായി പരശുരാമൻ ബ്രാഹ്‌മണരെ കുടിയിരുത്തി എന്നാണ് ഐതിഹ്യം. എന്നാൽ പല നൂറ്റാണ്ടുകളിലായി പല സാഹചര്യങ്ങളിലായി പലായനങ്ങളായും കുടിയേറ്റങ്ങളായുമാണ് ബ്രാഹ്‌മണ ഗ്രാമങ്ങൾ രൂപപ്പെട്ടത് എന്നാണ് ചരിത്രകാരന്മാരുടെ നിഗമനം. അതിൻ പ്രകാരം മലയാളനാട്ടിൽ പെരിഞ്ചല്ലൂരിലാണ് ആദ്യഗ്രാമം സ്ഥാപിതമാകുന്നത്. പെരിഞ്ചല്ലൂർ ഇന്നത്തെ തളിപ്പറമ്പാണ്. ചോകിരം എന്നറിയപ്പെടുന്ന ശുകപുരവും പന്നിയൂരും രണ്ടു വ്യത്യസ്ത കൂറുകാരുടെ ഗ്രാമങ്ങളായിരുന്നു. യഥാക്രമം ശൈവരും വൈഷ്ണവരുമായിരുന്ന ഇരുകൂട്ടരും തമ്മിൽ ഒരു കാലത്ത് വലിയ ശണ്ഠകൾ ഉയരുകയും സമാധാനപ്രിയരായ പലരും ഈ ഗ്രാമങ്ങൾ വിട്ട് കൂട്ടത്തോടെ തെക്കൻദിക്കുകളിലേക്ക് പലായനം ചെയ്യുകയുമുണ്ടായി. തെക്കൻപ്രദേശങ്ങളിൽ ഗ്രാമങ്ങൾ ഉണ്ടാവുകയോ, ഉണ്ടായിരുന്നത് വിപുലമാവുകയോ ചെയ്തത് ഇതോടെയായിരുന്നു.

നർമ്മദാ നദീതീരത്തെ ഭൃഗുകച്ഛം എന്ന ബാറൂച്ച് മുതൽ ദക്ഷിണ കേരളത്തിലെ തിരുനന്തിക്കര വരെയുള്ള ബ്രാഹ്‌മണകുടിയേറ്റത്തിന്റെ ചരിത്രം പരിശോധിച്ചാൽ നെല്ലു വിളയുന്ന കൃഷിഭൂമിയെ കൈവശപ്പെടുത്തുന്നതിനായുള്ള പ്രയാണമാണെന്നു കാണാൻ കഴിയും. സംഘകാലത്തിനു ശേഷം പ്രാദേശിക ഭരണാധികാരത്തിലേക്ക് ഉയർന്നുവന്ന നായർ ഭൂപ്രഭുക്കന്മാരെ തങ്ങളുടെ വരുതിയിലാക്കിയതോടെ അവരത് സാധിച്ചെടുത്തു. ഹിരണ്യഗർഭധാനമെന്ന ചടങ്ങിലൂടെ അതിസമ്പന്നരായ നായർ നാടുവാഴികളെ ക്ഷത്രിയരാക്കി മാറ്റുന്നതിന് പ്രതിഫലമെന്നോണം ഭൂദാനത്തിലൂടെ ഭൂസ്വത്ത് കണക്കില്ലാത്ത വിധം ബ്രാഹ്‌മണർ ആർജ്ജിച്ചു. മറ്റു പല അവസരങ്ങളിലും ഗോദാനം, ഭൂദാനം ഇവയിലൂടെ സമ്പത്ത് വർദ്ധിച്ചുകൊണ്ടിരുന്നു.


ബ്രാഹ്‌മണരുടെ കേരളത്തിലേക്കുള്ള കടന്നുവരവ് നാലാം നൂറ്റാണ്ടിൽ തന്നെ ആരംഭിച്ചിരുന്നു എന്നാണ് ചില ചരിത്രകാരന്മാരുടെ അഭിപ്രായം. കൂടുതൽ പേർ വടക്ക് ആന്ധ്രയിൽ നിന്നും കർണ്ണാടകത്തിൽ നിന്നുമാണ് എത്തിച്ചേർന്നതെങ്കിലും ആദ്യസംഘത്തെ നർമ്മദാതീരത്തെ അഹിഛത്രത്തിൽ നിന്ന് കദംബരാജാവായ മയൂരവർമ്മൻ എത്തിച്ചുവെന്ന് ഒരു ലിഖിതത്തിൽ കാണുന്നു.


ഭൂമിയുടെ മേലുള്ള ഉടമസ്ഥാവകാശം തങ്ങൾക്കുള്ളതാണ് എന്നു വരുത്തിത്തീർക്കുന്നതിന് കേരളോൽപ്പത്തിയെ കുറിച്ച് കെട്ടിച്ചമച്ച കഥ ചരിത്രമായി അവതരിപ്പിച്ചു. എന്നാൽ എല്ലാ വൈദേശികാധിപത്യവും സാംസ്‌കാരിക സങ്കലനത്തിലൂടെയുളവാക്കുന്ന നല്ല ഫലങ്ങൾ ബ്രാഹ്‌മണാധീന കാലത്തും സംഭവിച്ചിട്ടുണ്ട്. വേദഭാഷയെന്ന നിലയിൽ സംസ്‌കൃതഭാഷയെ ഉയർത്തിക്കാട്ടിയുള്ള പ്രചാരവും അതിലൂടെ നാടോടി-ഗോത്രവിജ്ഞാനീയമായും ബുദ്ധ-ജൈനമത സംഭാവനകളായും നിലവിലുണ്ടായിരുന്ന പാരമ്പര്യശാസ്ത്രങ്ങളുടെ വിശകലനവും പകർത്തെഴുത്തും വിജ്ഞാനമേഖലയിൽ വളർച്ചയുണ്ടാക്കി. തത്വചിന്തയിലുണ്ടായ പുത്തൻസരണികൾ പുതിയ മതത്തിന് കരുത്തേകി. കുമാരിലഭട്ടൻ, പ്രഭാകരൻ, ശ്രീശങ്കരാചാര്യർ തുടങ്ങിയ ദാർശനികർ വിശ്വാസങ്ങൾക്കും ആചാരങ്ങൾക്കുമിടയിൽ പാലങ്ങൾ തീർത്തു. ഇതിഹാസങ്ങളുടെ പുനരവതരണങ്ങളിൽ മാത്രമല്ല സാഹിത്യത്തിലും കലയിലും അത് പ്രകടമായി.

മാവാരതപട്ടത്താനം എന്ന പേരിൽ മഹാഭാരതകഥയുടെ അവതരണം സാധാരണക്കാരിൽ ഉത്തരേന്ത്യൻ വീരകഥകളോട് ആഭിമുഖ്യമുണ്ടാക്കി. തങ്ങളുടെ പഴയ ഗോത്രാരാധനാമൂർത്തികളെയും ഇതിഹാസങ്ങളിലെ കഥാപാത്രങ്ങളോടൊപ്പം അവതരിപ്പിക്കപ്പെട്ടതിനാൽ ബ്രാഹ്‌മണകല്പിത പുരാണങ്ങൾ ഇതര സമൂഹങ്ങൾക്കിടയിലും വിശ്വാസമാർജ്ജിച്ചു. കൂടാതെ ബുദ്ധ-ജൈനമതങ്ങളുടെ അവശിഷ്ടങ്ങളെ പരിഷ്‌കരിച്ച് തങ്ങളുടെ മതത്തിന്റെ ഭാഗമാക്കി മാറ്റാനും ബ്രാഹ്‌മണർ മടിച്ചില്ല. ഇങ്ങനെ സമൂഹത്തിന്റെ മേൽത്തട്ടിലേക്ക് ഉയരാൻ കഴിഞ്ഞത് തങ്ങളുടെ വംശപരമായ മഹത്വമായി അവകാശപ്പെട്ടത് സാമാന്യജനം ആദരവോടുകൂടി അംഗീകരിച്ചു കൊടുത്തു.

ചാതുർവർണ്യത്തിലടിസ്ഥാനമായ ജാതിവ്യവസ്ഥ കേരളത്തെ സംബന്ധിച്ചിടത്തോളം സങ്കീർണ്ണമായതിനാൽ നിലവിലുള്ള ജാതിസമൂഹങ്ങളെ പ്രത്യേകം പ്രത്യേകം തട്ടുകളിലാക്കി തീണ്ടാചാരവും അയിത്തവും നടപ്പിലാക്കിയതാണ് ബ്രാഹ്‌മണവാഴ്ച കേരളത്തിന് നൽകിയ മായാത്ത മുറിപ്പാട്! വർണ്ണാശ്രമധർമ്മമെന്ന് ബ്രാഹ്‌മണർ കൽപ്പിച്ച സാമൂഹ്യനീതിയിൽ സവർണ്ണരായി നിശ്ചയിക്കപ്പെട്ടത് ആഢ്യൻ മുതൽ അന്തരാളർ വരെയുള്ള ബ്രാഹ്‌മണ ജാതികളും അമ്പലവാസികളും തങ്ങൾ ക്ഷത്രിയരാക്കി മാറ്റിയ നാടുവാഴികളും ശൂദ്രരായി സങ്കല്പിക്കപ്പെട്ട നായൻമാരുമായിരുന്നു. ശൂദ്രർക്ക് താഴെ വർണ്ണവ്യവസ്ഥയിൽ പെടാത്ത അവർണ്ണരെ പഞ്ചമരായി കൽപ്പിച്ചു. കമ്മാളരും ഗണകരും ഈഴവരും തുടങ്ങി അടിസ്ഥാന വർഗ്ഗ കാർഷികജനത വരെയും അവർണ്ണരായി വിലയിരുത്തപ്പെട്ടു. ഈ ജാതിശ്രേണിയെ അടിസ്ഥാനപ്പെടുത്തിയാണ് തീണ്ടാചാരങ്ങൾ നിലവിൽ വന്നത്. തങ്ങൾക്കു വിധേയരായ ഇതര സവർണ്ണ സമുദായങ്ങളിലെ ദായക്രമങ്ങൾ തങ്ങൾ നിശ്ചയിച്ച സാമൂഹ്യക്രമത്തിന് അനുഗുണമാക്കാനും തങ്ങൾക്കുള്ള സമഗ്രാധിപത്യം ഉറപ്പിക്കുന്നതിനുമായി വംശസങ്കലനത്തിനുള്ള വ്യവസ്ഥയും അവർ നടപ്പിലാക്കി. നാടുവാഴി രാജവംശങ്ങളിൽ മരുമക്കത്തായം ഉറപ്പാക്കി അധികാരത്തിൽ തങ്ങൾക്കുള്ള പങ്ക് ഉറപ്പാക്കി.


കേരളത്തിലെ ബ്രാഹ്‌മണവാഴ്ചയുടെ അധികാരകേന്ദ്രങ്ങൾ തളികൾ എന്ന പേരിലാണ് അറിയപ്പെട്ടത്. പതിനെട്ടു നാട്ടുരാജ്യങ്ങളുടെയും മേലധികാരിയായ പ്രതിപുരുഷനായി ചേരപ്പെരുമാളെ പന്ത്രണ്ടു വർഷങ്ങൾ കൂടുമ്പോൾ മഹോദയപുരത്ത് വാഴിച്ചു.


ഇങ്ങനെ ക്രമേണ വളർന്ന് ഒമ്പതാം നൂറ്റാണ്ടായപ്പോഴേക്കും എല്ലാ നാട്ടുരാജ്യങ്ങളുടെ മേലും ബൗദ്ധികമായ ആധിപത്യം ബ്രാഹ്‌മണർ ഉറപ്പിച്ചുകഴിഞ്ഞിരുന്നു. തകർന്ന് അശക്തമായി തീർന്നിരുന്ന ചേരവംശത്തിന്റെ പുനസ്ഥാപനമെന്ന സങ്കല്പത്തിൽ തിരുവഞ്ചിക്കുളത്ത് പെരുമാൾവാഴ്ചയെ തുടങ്ങി വയ്ക്കുന്നതും ബ്രാഹ്‌മണരാണ്.

കേരളത്തിലെ ബ്രാഹ്‌മണവാഴ്ചയുടെ അധികാരകേന്ദ്രങ്ങൾ ‘തളികൾ’ എന്ന പേരിലാണ് അറിയപ്പെട്ടത്. പതിനെട്ടു നാട്ടുരാജ്യങ്ങളുടെയും മേലധികാരിയായ പ്രതിപുരുഷനായി ചേരപ്പെരുമാളെ പന്ത്രണ്ടു വർഷങ്ങൾ കൂടുമ്പോൾ മഹോദയപുരത്ത് വാഴിച്ചു.

ബ്രാഹ്‌മണഗ്രാമങ്ങളുടെ ഉപരിസ്ഥാനങ്ങളായ കഴകങ്ങൾ, പയ്യന്നൂർ, പെരിഞ്ചല്ലൂർ, പറവൂർ, ചെങ്ങന്നൂർ എന്നീ ഗ്രാമങ്ങളായിരുന്നു. ഈ ഗ്രാമങ്ങളിലെ പാരമ്പര്യശാസ്ത്ര പണ്ഡിതന്മാർ, വേദജ്ഞന്മാർ, മീമാംസകർ, താർക്കികർ എന്നിവരുൾപ്പെടുന്ന തളിയാർമാർ ഒത്തുചേരുന്ന ഇടങ്ങൾ സ്ഥലികൾ അഥവാ തളികൾ എന്നറിയപ്പെട്ടു. തളികൾക്ക് നാഥൻ തളിയാതിരി ആയിരുന്നു. ആഴ്വാഞ്ചേരി തമ്പ്രാക്കൾ മുതൽ അഷ്ട ആഢ്യൻമാർ വരെയുള്ളവരായിരിക്കും ഓരോ തളിയാതിരിയും. തളിയാതിരിയും തളിയാർമാരും ബ്രഹ്‌മചര്യത്തോടെ തളിയിൽ താമസിക്കുന്ന ഇടത്തിന് ശാലയെന്നു പറയും. കളം എന്ന സ്ഥലത്ത് സഭയും വിചാരിപ്പും താനവും ചേരും. മുക്കാൽവട്ടം എന്നറിയുന്നത് തളിയോടു ചേർന്ന ശിവക്ഷേത്രമാണ്. എല്ലാ വർഷവും ആഘോഷപൂർവ്വമായി പട്ടത്താനം എന്ന പണ്ഡിതസഭ ഓരോ തളിയിലും ചേരും.

മഹോദയപുരമെന്ന തിരുവഞ്ചിക്കുളത്തെ കുലശേഖര കോയിലധികാരികളെന്ന ചേരപ്പെരുമാളെ വരുതിയിൽ നിർത്താൻ നാങ്കു തളികൾ കൊടുങ്ങല്ലൂരിന് സമീപം സ്ഥാപിതമായി. മേൽത്തളി, കീഴ്ത്തളി, ചിങ്ങപുരത്ത് തളി, നെടിയതളി എന്നീ നാലു ശിവക്ഷേത്രങ്ങളാണ് നാങ്കു തളികൾ. നാലു കഴകങ്ങൾക്കും പകരമായി താല്ക്കാലികമായ നാങ്കുതളികളുടെ മേലധികാരം മഹോദയപുരത്തിന് സമീപമുള്ള മറ്റു ചില ഗ്രാമങ്ങൾക്ക് നൽകിയിരുന്നു.

മേൽത്തളി

ഒമ്പതാം നൂറ്റാണ്ടിലുണ്ടായ മൂഴിക്കളം കച്ചം എന്ന നിയമസംഹിതയുടെ അടിസ്ഥാനത്തിലാണ് ഗ്രാമങ്ങളിലെ ഊരാളന്മാരുടെ അധീനത നിലനിന്നത്. പെരുമാളുടെയും തളിയാതിരിമാരുടെയും സാന്നിധ്യത്തിൽ തീർപ്പാക്കിയ ഈ നിയമസംഹിതയാണ് പതിനെട്ടു നാട്ടുരാജ്യങ്ങളിലെ നാടുവാഴികളും ഗ്രാമങ്ങളിലെ ഊരാണ്മക്കാരും അനുസരിക്കാൻ ബാധ്യസ്ഥരായിരുന്നത്. ഓരോ തളിയുടെയും അടിസ്ഥാനനിയമസംഹിത മൂഴിക്കളം കച്ചമായിരുന്നു. അതാകട്ടെ ഭരണവർഗ്ഗത്തിനും സവർണ്ണർക്കും മാത്രമാണ് നേരിട്ട് ബാധകമായിരുന്നത്. നാടുവാഴിത്തത്തിനും ബ്രാഹ്‌മണ ജന്മിത്വത്തിനും നാടിന് മേലുള്ള അധീശഅധികാരങ്ങൾ നിർണ്ണയിക്കുന്നത് മൂഴിക്കളം കച്ചവും അതിന്റെ അനുബന്ധമായി തളികളിൽ തുടർന്നുണ്ടാകുന്ന നിയമനിർമ്മാണവുമായിരുന്നു. അവർണ്ണരായ കീഴാളജനതയുടെമേൽ ബാധകമായ നിയമങ്ങൾ ജാത്യാചാരങ്ങളുമായി ബന്ധപ്പെട്ട് പടച്ചുണ്ടാക്കിയവയായിരുന്നു.

പത്തും പതിനൊന്നും നൂറ്റാണ്ടുകളോടെ ബ്രാഹ്‌മണഗ്രാമങ്ങൾ അധികാരകേന്ദ്രങ്ങൾ എന്ന നിലയിൽ ശക്തമായി. ഭൂമിയുടെ മേലുള്ള ബ്രാഹ്‌മണാധീശത്വം പൂർണ്ണമായതോടെ അധികാര വികേന്ദ്രീകരണം എന്നതിലേക്ക് ബ്രാഹ്‌മണർ ചിന്തിച്ചു തുടങ്ങി. നാങ്കു തളികൾ പതിനെട്ടര തളികളായി വികസിപ്പിച്ചു.

ഗ്രാമങ്ങളും അവയോടു ചേർന്ന ചേരികളും പൂർണ്ണ രൂപം പ്രാപിച്ച് കേരളത്തിന്റെ മുക്കാലും പ്രദേശങ്ങളിൽ തങ്ങളുടെ സമഗ്രാധിപത്യം നടപ്പിലായതോടെ പന്ത്രണ്ടാം നൂറ്റാണ്ടിന്റെ ആദ്യ ദശകത്തിൽ തന്നെ ബ്രാഹ്‌മണർ ചേരപ്പെരുമാളെ നിഷ്‌കാസിതനാക്കി ചക്രവർത്തിവാഴ്ച അവസാനിപ്പിച്ചു. ഇതിനിടെ പ്രബലരായ നാട്ടുരാജ്യങ്ങൾ സ്വതന്ത്ര അധികാരശക്തി ആവുകയും അതത് തളികൾക്ക് വിധേയരായി ഭരണം നടത്തുകയും ചെയ്തു വന്നു.

നാട്ടുരാജാക്കന്മാർക്ക് ഭരണത്തിൽ സഹായിക്കുക ഉപദേശ നിർദ്ദേശങ്ങൾ നൽകുക എന്നതു കൂടാതെ വിജ്ഞാന കേന്ദ്രങ്ങൾ കൂടിയായിരുന്നു തളികൾ. താനം (സ്ഥാനം) എന്ന പേരിലുള്ള പണ്ഡിതസമ്മേളനങ്ങൾ തളികളിൽ ചേർന്നിരുന്നു. കോഴിക്കോട്ടെ രേവതി പട്ടത്താനം ഇതിൽ ഏറെ പ്രശസ്തമാണ്. തളിയോടു ചേർന്നുള്ള ക്ഷേത്രത്തിൽ വച്ചാണ് വിചാരിപ്പുകളിൽ തീർപ്പാക്കിയ രേഖകൾക്ക് തുല്യം ചാർത്തുന്നത്.

തളികളെല്ലാം ക്ഷേത്രങ്ങൾ എന്ന നിലയിലാണ് ഇന്ന് അറിയപ്പെടുന്നത്. പതിനെട്ടര തളികൾ കൂടാതെ നൂറുകണക്കിന് തളികൾ കേരളത്തിലുണ്ട്. ക്ഷേത്രം എന്ന പൊതുവായ അർത്ഥത്തിലാണ് അവയൊക്കെയും അങ്ങനെ അറിയപ്പെടുന്നത്.


ഒമ്പതാം നൂറ്റാണ്ടിലുണ്ടായ മൂഴിക്കളം കച്ചം എന്ന നിയമസംഹിതയുടെ അടിസ്ഥാനത്തിലാണ് ഗ്രാമങ്ങളിലെ ഊരാളന്മാരുടെ അധീനത നിലനിന്നത്. പെരുമാളുടെയും തളിയാതിരിമാരുടെയും സാന്നിധ്യത്തിൽ തീർപ്പാക്കിയ ഈ നിയമസംഹിതയാണ് പതിനെട്ടു നാട്ടുരാജ്യങ്ങളിലെ നാടുവാഴികളും ഗ്രാമങ്ങളിലെ ഊരാണ്മക്കാരും അനുസരിക്കാൻ ബാധ്യസ്ഥരായിരുന്നത്. ഓരോ തളിയുടെയും അടിസ്ഥാനനിയമസംഹിത മൂഴിക്കളം കച്ചമായിരുന്നു.


പ്രാചീന കേരളത്തിലെ പ്രധാനപ്പെട്ട തളികൾ പയ്യന്നൂർ, പെരിഞ്ചല്ലൂർ, പറവൂർ, ചെങ്ങന്നൂർ എന്നീ നാലു ബ്രാഹ്‌മണകഴകങ്ങൾക്കും അവയിലുൾപ്പെടുന്ന 32 ഗ്രാമങ്ങൾക്കുമായി ആകെ പതിനെട്ടെണ്ണമാണ്.

അവ

1. നീലേശ്വരം തളി

2. തളിപ്പറമ്പ്

3. രാമന്തളി

4. കോഴിക്കോട് തളി

5. അങ്ങാടിപ്പുറം തളി

6. ആലിപ്പറമ്പു തളി

7. പാറൽ തളി

8. ഈശാനമംഗലം തളി (ഓങ്ങല്ലൂർ തളി)

9. കൈത്തളി (പട്ടാമ്പി)

10. ദേശമംഗലം തളി (വരവൂർ)

11. പറമ്പന്തളി (മുല്ലശ്ശേരി)

12. മേൽത്തളി (കൊടുങ്ങല്ലൂർ)

13. കീഴ്ത്തളി (കൊടുങ്ങല്ലൂർ)

14. ചിങ്ങപുരത്തു തളി (ശൃംഗപുരം, കൊടുങ്ങല്ലൂർ)

15. നെടിയതളി (കൊടുങ്ങല്ലൂർ)

16. കടുത്തുരുത്തി തളി

17. കോട്ടയം തളി

18. കരമന തളി

എന്നിങ്ങനെയാണ്.

ചേരമാൻ പെരുമാളുടെ അധികാര പ്രാതിനിധ്യത്തിനായി ഒരു തളി കൊടുങ്ങല്ലൂർ ഉണ്ടായിരുന്നതിനെ അരത്തളി എന്നു വിളിച്ചിരുന്നതായും അതുകൂടി ഉൾപ്പെടുത്തി പതിനെട്ടര തളികൾ എന്നു പറയുന്നയായും ചില ചരിത്രകാരന്മാർ പറയുന്നു. ഇത് തിരുവഞ്ചിക്കുളം മഹാദേവക്ഷേത്രമാണെന്ന് ചിലരുടെ വാദം. എന്നാൽ പെരുമാളുടെ അരത്തളിയാണ് മാലിക് ദിനാറിന് പള്ളി വയ്ക്കാനായി വിട്ടുകൊടുത്തത് എന്നും ചിലർ വാദിക്കുന്നു. കൊടുങ്ങല്ലൂർ പള്ളിക്ക് മുമ്പ് അവിടെ ബുദ്ധപ്പള്ളി ആയിരുന്നു എന്നും മറ്റു ചിലർ അനുമാനിക്കുന്നു.

ചേരമാൻ ജുമാ മസ്ജിദ്, കൊടുങ്ങല്ലൂർ

ഈ പതിനെട്ടര തളികൾ കൂടാതെ തളി എന്നു പേരായി മറ്റനവധി ക്ഷേത്രങ്ങൾ കേരളത്തിൽ കാണാമെങ്കിലും ചരിത്രപരമായ പ്രസക്തി പതിനെട്ടര തളികൾക്ക് മാത്രമാണ്. മറ്റുള്ളവയ്ക്ക് ക്ഷേത്രമെന്ന അർത്ഥത്തിൽ ആ വാക്ക് ഉപയോഗിക്കുന്നു എന്നേയുള്ളൂ.

വെമ്പൊലിനാട്ടിലും മുഞ്ഞനാട്ടിലും ബ്രാഹ്‌മണാധിപത്യ കാലത്ത് സ്ഥാപിക്കപ്പെട്ട തളികളാണ് യഥാക്രമം കടുത്തുരുത്തി, കോട്ടയം എന്നിവിടങ്ങളിലെ ശിവക്ഷേത്രങ്ങൾ. ഇവ പിൽക്കാലത്ത് വടക്കുംകൂറിന്റെയും തെക്കുംകൂറിന്റെയും ആസ്ഥാനക്ഷേത്രങ്ങളായി മാറി.

പന്ത്രണ്ടാം നൂറ്റാണ്ടിന്റെ ആരംഭത്തിൽ തെക്കുംകൂർ വെന്നിമല ആസ്ഥാനമാക്കി ഭരണമാരംഭിച്ചു. ഒരു ചേരപ്പെരുമാൾ സ്ഥാപിച്ച വെന്നിമല ശ്രീരാമലക്ഷ്മണക്ഷേത്രത്തിലെ ഉത്സവത്തിനോടനുബന്ധിച്ച് ഒരിക്കൽ ശൂർപ്പണഖാങ്കം എന്ന കൂടിയാട്ടം നടത്തിയപ്പോൾ ശൂർപ്പണഖ വേഷധാരി സീതയെ ആക്രമിക്കാനൊരുങ്ങവേ ശ്രീരാമൻ 'ലക്ഷ്മണാ...'എന്നുറക്കെ വിളിച്ചു. ഉടനെ 'ഞാനിതാ വരുന്നു' എന്ന അശരീരി ശ്രീകോവിലിനുള്ളിൽനിന്ന് ഉണ്ടായത്രെ. തുടർന്നു നടന്ന സംഭവങ്ങൾ ഐതിഹ്യമാലയിൽ പരാമർശിച്ചിട്ടുള്ളതാണ്.

ഒരിക്കലും മഞ്ഞുണ്ടാവാത്ത, എപ്പോഴും സമശീതോഷ്ണ കാലാവസ്ഥയുള്ള ഉയർന്ന ആ ഗിരിശൃംഗത്തിന്റെ ചരിത്രത്തിലൂടെയും പുരാവൃത്തത്തിലൂടെയുമുള്ള സഞ്ചാരമാകാം അടുത്ത എപ്പിസോഡിൽ.

Thanks for reading Historica! Subscribe for free to receive new posts and support my work.