Jan 26 • 17M

സംഘകാലത്തു നിന്ന് ബുദ്ധമതകാലത്തേയ്ക്ക്

വെമ്പലനാട് ചരിത്രം - എപ്പിസോഡ് 4

1
1
 
1.0×
0:00
-16:58
Open in playerListen on);
History For Everyone
Episode details
1 comment

മ്പയ്ക്കും പെരിയാറിനുമിടയിലുള്ള ഭൂഭാഗത്ത് അയോയുഗത്തിലെ മനുഷ്യവാസത്തിൻ്റെ തെളിവുകളായി കണ്ടെത്തിയ പുരാവസ്തുക്കളെ കുറച്ചും അവയെ പഠനവിധേയമാക്കിയതിലൂടെ ചരിത്രകാരന്മാർ എത്തിച്ചേർന്ന നിഗമനങ്ങളും കഴിഞ്ഞ പോഡ്കാസ്റ്റിൽ ചുരുക്കിപ്പറഞ്ഞുകഴിഞ്ഞു. ക്രിസ്തുവർഷാരംഭത്തിന് മുമ്പും പിമ്പുമായി അഞ്ചു നൂറ്റാണ്ടുകളോളം നീണ്ടുകിടക്കുന്ന കാലഘട്ടത്തെ കേരളത്തെ സംബന്ധിച്ചിടത്തോളം അയോയുഗമെന്നു വിളിക്കുന്നതു പോലെ തന്നെ സംഘകാലമെന്നും ബുദ്ധമതത്തിൻ്റെ സ്വാധീനകാലമെന്നും സമുദ്രാന്തരവാണിജ്യത്തിൻ്റെ കാലമെന്നുമൊക്കെ വിശേഷിപ്പിക്കുന്നതിൽ തെറ്റുണ്ടാവുകയില്ല.

ചരിത്രാതീത കാലഘട്ടത്തിൻ്റെ തുടർച്ചയായ അയോയുഗസംസ്കാരം നിലവിലിരിക്കെത്തന്നെ തുറമുഖനഗരങ്ങളിൽ കടൽ കടന്നുള്ള വാണിജ്യം പൊടിപൊടിക്കുന്നു. സാമാന്യജനങ്ങൾക്കിടയിൽ ഗോത്രാരാധനാ സമ്പ്രദായങ്ങൾ നിലനിൽക്കെത്തന്നെ പ്രബോധനങ്ങളുമായി ജൈനമതത്തിൻ്റെയും ബുദ്ധമതത്തിൻ്റെയും സ്വാധീനം സമൂഹത്തിലുണ്ടാകുന്നു.

സംഘകാലമെന്നത് മൂന്നു ഘട്ടങ്ങളിലായി നിലനിന്നിരുന്നു എന്ന ചില വാദങ്ങളുണ്ട്. മധുര ആസ്ഥാനമായുള്ള മൂന്നാം സംഘമാണ് നിരവധി സാഹിത്യകൃതികളിലൂടെ വെളിവാക്കപ്പെട്ടിരിക്കുന്നത്. ബി.സി. ഒന്നാം നൂറ്റാണ്ടു മുതൽ എ.ഡി. നാലാം നൂറ്റാണ്ടുവരെ സംഘകാലം നിലവിലിരുന്നതായാണ് പൊതുവേ ചരിത്രകാരന്മാർ അംഗീകരിക്കുന്നത്. ചേര, ചോള, പാണ്ഡ്യ എന്നീ മൂവേന്തന്മാരും ആയ് വംശവും മൂഷികവംശവുമാണ് അക്കാലത്തെ പ്രബലശക്തികൾ. ദ്രാവിഡസംസ്കാരത്തിൻ്റെ പുഷ്കലമായ ആ കാലഘട്ടത്തിൽ പഴന്തമിഴ് ആയിരുന്നു സാഹിത്യഭാഷ. എട്ടുത്തൊകെ എന്നറിയപ്പെട്ട അകനാനൂര്, പുറനാനൂറ്, പതിറ്റുപ്പത്ത് എന്നിവയും ഇളങ്കോ അടികൾ രചിച്ച ചിലപ്പതികാരം, തിരുവള്ളുവർ രചിച്ച തിരുക്കുറൾ തുടങ്ങി ചാത്തനാരുടെ മണിമേഖല വരെയുമുള്ള കൃതികളും സംഘകാല സംഭാവനകളാണ്. മലയാളത്തിൻ്റെയും തമിഴിൻ്റെയും പൂർവ്വരൂപമാണ് പഴന്തമിഴ്. തമിഴ് ബ്രാഹ്മിയായിരുന്നു പഴയ എഴുത്തുലിപി.


സംഘകാലമെന്നത് മൂന്നു ഘട്ടങ്ങളിലായി നിലനിന്നിരുന്നു എന്ന ചില വാദങ്ങളുണ്ട്. മധുര ആസ്ഥാനമായുള്ള മൂന്നാം സംഘമാണ് നിരവധി സാഹിത്യകൃതികളിലൂടെ വെളിവാക്കപ്പെട്ടിരിക്കുന്നത്. ബി.സി. ഒന്നാം നൂറ്റാണ്ടു മുതൽ എ.ഡി. നാലാം നൂറ്റാണ്ടുവരെ സംഘകാലം നിലവിലിരുന്നതായാണ് പൊതുവേ ചരിത്രകാരന്മാർ അംഗീകരിക്കുന്നത്.


സംഘകാല തമിഴകം കേരളവും തമിഴ്നാടും കർണ്ണാടകവും ആന്ധ്രയുമുൾപ്പെടെ ദക്ഷിണേന്ത്യ മുഴുവനായി വ്യാപിച്ചുകിടന്നു. വിദേശികൾ ലമരികേ എന്നു വിളിച്ചു വന്ന ദ്രമിളം ആയിരുന്നു ഈ വിശാലതമിഴകം. സംഘകാലതമിഴകത്തെ തിണകൾ എന്ന പേരിൽ ഭൂമിശാസ്ത്രപരമായി അഞ്ചായി തരംതിരിച്ചിരുന്നു. കുറിഞ്ചി എന്ന മലമ്പ്രദേശങ്ങൾ, മുല്ലൈ എന്ന താഴ്‌വര പ്രദേശങ്ങൾ, പാലൈ എന്ന തരിശുനിലങ്ങൾ, മരുതം എന്ന സമതലങ്ങൾ, നെയ്തൽ എന്ന തീരപ്രദേശങ്ങൾ എന്നിങ്ങനെയായിരുന്നു ഈ ഐന്തിണകൾ.

ഉഴവർ അഥവാ വേളാളർ, ചാൻറോർ, വില്ലവർ, വണികർ, ഉമണർ, പരവതർ, വേൾ, എയിനർ, ആയർ, മഴയർ, പുലവർ, പാണർ, പറയർ, മറവർ, വേട്ടുവർ, അന്തണർ എന്നിങ്ങനെ തൊഴിലിനെ ആസ്പദമായി വിവിധ ജാതികളായി സംഘകാലത്ത് സമൂഹം വിഭജിക്കപ്പെട്ടിരുന്നു. എന്നാൽ ജാതീയത അന്ന് ഉടലെടുത്തിരുന്നില്ല.

പശ്ചിമഘട്ട നിരകൾക്ക് കിഴക്കുള്ള തമിഴ്നാടിൻ്റെ ഭാഗവും തെക്കൻ ഡെക്കാൻ പ്രദേശവും മേൽപറഞ്ഞ തിണസങ്കല്പങ്ങൾക്കുള്ളിൽ കൃത്യമായി പെടുമെങ്കിലും പശ്ചിമഘട്ടത്തിന് പടിഞ്ഞാറുള്ള കേരളത്തിൻ്റെ ഭൂപ്രകൃതി ഒരു തരത്തിലും തിണ സങ്കല്പത്തിനുള്ളിൽ പെടുത്താനാവുന്നതല്ല. മലനാട്ടിൽ നിന്ന് തീരപ്രദേശത്തേക്ക് നന്നായി ചെരിഞ്ഞു കിടക്കുന്ന കേരളത്തിൽ മേൽപ്പറഞ്ഞ ഭൂപ്രകൃതിവിഭാഗങ്ങളെല്ലാം കൂടിക്കലർന്നു കിടക്കുന്നു. വിശാലമായ തരിശുഭൂമികളായ പാലനിലങ്ങൾ ഒട്ടും തന്നെ കേരളത്തിൽ എടുത്തുകാട്ടാനുമാവില്ല. തിണകളോട് സാദൃശ്യമുള്ള സ്ഥലനാമങ്ങൾ കേരളത്തിൽ പലയിടത്തും കാണപ്പെടുന്നുണ്ട് എങ്കിലും കുറിഞ്ചിയെ മലമ്പ്രദേശം എന്ന് പൊതുവായി പറയുന്നതുപോലെ കേവല അർത്ഥത്തിൽ മാത്രമേ വിലയിരുത്താനാകൂ.


ഉഴവർ അഥവാ വേളാളർ, ചാൻറോർ, വില്ലവർ, വണികർ, ഉമണർ, പരവതർ, വേൾ, എയിനർ, ആയർ, മഴയർ, പുലവർ, പാണർ, പറയർ, മറവർ, വേട്ടുവർ, അന്തണർ എന്നിങ്ങനെ തൊഴിലിനെ ആസ്പദമായി വിവിധ ജാതികളായി സംഘകാലത്ത് സമൂഹം വിഭജിക്കപ്പെട്ടിരുന്നു. എന്നാൽ ജാതീയത അന്ന് ഉടലെടുത്തിരുന്നില്ല.


ആദിചേരൻമാരുടെ ആസ്ഥാനമായ കരൂർ കാവേരിയുടെ തീരത്തായിരുന്നു. പിന്നീടാണ് ചേരരാജാവായ കുട്ടവൻ പടിഞ്ഞാറേക്ക് പട നയിച്ച് കുടനാടും കടന്ന് മുചിറി വരെയും പിടിച്ചടക്കുന്നത്. പിന്നീട് ചേരരാജധാനി വഞ്ചിയാണ്. അത് പിൽക്കാലത്തെ മഹോദയപുരമാവാം. ഈ പടയോട്ടത്തിൽ കുട്ടവനോട് ഏറ്റുമുട്ടാൻ ആരുമുണ്ടായിരുന്നില്ലത്രെ. തമിഴകത്ത് സംഘകാല സംസ്കാരം അതിൻ്റെ ഉന്നതകോടിയിലെത്തിയപ്പോൾ പോലും കേരളത്തിൽ ശിലായുഗത്തിൽ നിന്ന് ഉണർന്നിരുന്നില്ല എന്നാണ് മനസിലാക്കേണ്ടത്. അങ്ങനെ വളരെ വൈകി മാത്രം നാഗരികതയിലേക്ക് എത്തിപ്പെട്ടവരാണ് ഈ ഭൂവിഭാഗത്തിലുള്ളവർ എന്നാണ് ചരിത്രം വ്യക്തമാക്കുന്നത്. ആദിചേരൻമാരുടെയും പാണ്ഡ്യൻമാരുടെയും മാറി മാറിയുള്ള അധീനതയിലായിരുന്നു കുട്ടനാടും വെമ്പലനാടുമെല്ലാമെന്ന് വ്യക്തമാക്കപ്പെടുന്നു.

കേരളത്തിലെ ബുദ്ധമതത്തിന് മൗര്യ ചക്രവർത്തിയായിരുന്ന അശോകൻ്റെ കാലത്തോളം പഴക്കമുണ്ടെന്ന് ശാസനങ്ങളിൽ നിന്ന് തെളിയുന്നു. ഇവിടെ ബി.സി. 323 ൽ ബുദ്ധമതത്തിന് തുടക്കമിട്ടു എന്ന് ചില ചരിത്രകാരന്മാർ രേഖപ്പെടുത്തുന്നു. ഹീനയാനബുദ്ധമതമാണ് ആദ്യകാലത്ത് നിലവിലിരുന്നത് എങ്കിൽ പിൽക്കാലത്ത് മഹായാനപ്രസ്ഥാനമാണ് സജീവമായിരുന്നത്. ബുദ്ധമതക്കാരായ കച്ചവടക്കാരുടെ കൂട്ടായ്മകളായ സാർത്ഥവാഹകസംഘങ്ങൾ ദക്ഷിണേന്ത്യയിലെ വിവിധ വ്യാപാരകേന്ദ്രങ്ങളിൽ എത്തിയിരുന്നു. പുരാതന കച്ചവടകേന്ദ്രമായിരുന്ന കാഞ്ഞിരപ്പള്ളിയിലും ശ്രമണരുടെ സാന്നിധ്യം ഉണ്ടായിരുന്നതായി സൂചനകളുണ്ട്.

രണ്ടു ഘട്ടങ്ങളിലായാണ് ബുദ്ധമതത്തിൻ്റെ സ്വാധീനം കേരളത്തിൽ കാണപ്പെടുന്നത്. സംഘകാലത്ത് ബുദ്ധമതത്തെക്കാളേറെ ജൈനമതത്തിൻ്റെ സ്വാധീനമാണുള്ളത്. ഹീനയാന ബുദ്ധമതം ക്രമേണ ക്ഷയിച്ചു. മൂവേന്തന്മാരെ തറപറ്റിച്ച് അഞ്ചാം നൂറ്റാണ്ടോടു കൂടി കളഭ്രർ എന്ന രാജവംശം ദക്ഷിണേന്ത്യയാകമാനം ആധിപത്യം സ്ഥാപിച്ചതോടെ ബുദ്ധമതം വീണ്ടും ഉണർത്തെണീറ്റു. കളഭ്രരുടെ കാലഘട്ടമായ അഞ്ചാം നൂറ്റാണ്ടു മുതൽ ഏഴാം നൂറ്റാണ്ടു വരെയുള്ള ദക്ഷിണേന്ത്യയുടെ ചരിത്രം ഇരുളടഞ്ഞ ഏടുകളാണെങ്കിലും ബുദ്ധമതസ്വാധീനത്താൽ പ്രകാശമാനമായിരുന്നു എന്നു കരുതേണ്ടിയിരിക്കുന്നു.


കേരളത്തിലെ ബുദ്ധമതത്തിന് മൗര്യ ചക്രവർത്തിയായിരുന്ന അശോകൻ്റെ കാലത്തോളം പഴക്കമുണ്ടെന്ന് ശാസനങ്ങളിൽ നിന്ന് തെളിയുന്നു. ഇവിടെ ബി.സി. 323 ൽ ബുദ്ധമതത്തിന് തുടക്കമിട്ടു എന്ന് ചില ചരിത്രകാരന്മാർ രേഖപ്പെടുത്തുന്നു.


മഹായാനബുദ്ധമതത്തിൻ്റേതായ ചരിത്രാവശേഷിപ്പുകളും ലിഖിത രേഖകളും പല പ്രദേശങ്ങളിൽ നിന്നും കണ്ടെടുത്തിട്ടുണ്ട്. അഗസ്ത്യകൂടത്തിനടുത്തുള്ള പൊതിയിൽമലയിൽ അവലോകിതേശ്വരനെന്ന ബോധിസത്വൻ്റെ പ്രശസ്തമായ വിഹാരം ഉണ്ടായിരുന്നതായി ഫാഹിയാൻ്റെ സഞ്ചാരസാഹിത്യത്തിൽ കാണുന്നു. ആലപ്പുഴ ജില്ലയിൽ തൃക്കുന്നപ്പുഴയിൽ ശ്രീമൂലവാസം എന്ന മറ്റൊരു ബുദ്ധവിഹാരം ഉണ്ടായിരുന്നത് കടലെടുത്തു പോയത്രെ. അഫ്ഗാനിസ്ഥാനിൽനിന്നു കണ്ടെത്തിയ ഒരു ബുദ്ധവിഗ്രഹത്തിലെ ലിഖിതത്തിൽ "ദക്ഷിണാപഥേ ശ്രീമൂലവാസ ലോകനാഥ" എന്നു കാണുന്നത് ഈ വിഹാരത്തെ കുറിച്ചാണ്. വിക്രമാദിത്യ വരഗുണനെന്ന ആയ് രാജാവ് ഈ ബുദ്ധവിഹാരത്തിന് ദാനം ചെയ്യുന്നതായി പാലിയം ശാസനത്തിൽ കാണുന്നു.

മരുതൂർകുളങ്ങര, കുന്നത്തൂർ, പള്ളിക്കൽ, ഭരണിക്കാവ്, മാവേലിക്കര, കരുമാടി എന്നിവിടങ്ങളിൽ നിന്ന് യോഗാസനസ്ഥിതമായ ബുദ്ധവിഗ്രഹങ്ങൾ കിട്ടിയിട്ടുണ്ട്. കോട്ടയം ജില്ലയിൽ തന്നെ പാലായിലെ രാമപുരത്ത് കൊണ്ടാട് നിന്ന് രണ്ടു കാലഘട്ടങ്ങളിലായി ബുദ്ധപ്രതിമകൾ കണ്ടു കിട്ടിയിട്ടുണ്ട്. രണ്ടാമത് കണ്ടെത്തിയത് ഉടഞ്ഞുപോയതിൻ്റെ ശിരസ്സ് മാത്രമായിരുന്നു. കോട്ടയത്ത് മുട്ടമ്പലത്തെ തൃഗൗതമപുരം ശ്രീകൃഷ്ണക്ഷേത്രം മുൻകാലത്ത് ഒരു ബുദ്ധവിഹാരമായിരുന്നുവെന്ന് പ്രമുഖ ചരിത്രകാരനായ ശങ്കുവയ്യരും, അവിടെ നിന്ന് ഒരു ബുദ്ധപ്രതിമ കണ്ടെടുത്തതായി മുൻ ഹൈക്കോടതി ജഡ്ജിയും ചരിത്രകാരനും കൂടിയായ ചങ്ങനാശ്ശേരി പരമേശ്വരൻപിള്ളയും പറയുന്നു. മുട്ടമ്പലം ക്ഷേത്രത്തിൻ്റെ ശ്രീകോവിലിൻ്റെ മകുടം സാഞ്ചിയിലെ സ്തൂപത്തെ അനുസ്മരിപ്പിക്കും വിധം അർദ്ധഗോളാകൃതിയിൽ അപൂർവ്വമായ ധാതുസംയോഗം കൊണ്ട് നിർമ്മിച്ചതാണ്. ഇന്ന് അതു മറച്ച് ഓടിട്ട മേൽക്കൂട്ടാണുള്ളത്. അണ്ഡാകൃതിയിലായതിനാലാണ് മുട്ടയമ്പലമെന്നും തുടർന്ന് മുട്ടമ്പലമെന്നും ക്ഷേത്രത്തിനും നാടിനും പേര് കിട്ടിയതത്രേ.

കോട്ടയത്തിന് പടിഞ്ഞാറ് കിളിരൂരിൽ കുന്നിന്മേൽ ഭഗവതി ക്ഷേത്രത്തിൻ്റെ ഉപദേവതയായി പ്രതിഷ്ഠിച്ചിരിക്കുന്ന ശ്രീകൃഷ്ണൻ്റെ വിഗ്രഹം ബോധിവൃക്ഷത്തിൻ്റെ പശ്ചാത്തലത്തിൽ ചിന്മുദ്ര പിടിച്ച് ധ്യാനനിരതനായ ബുദ്ധൻ്റെ രൂപത്തിൽ തന്നെയാണ്. ആ ശ്രീകോവിലിൻ്റെ പിന്നിലായി ചുണ്ണാമ്പുകല്ലിൽ തീർത്ത മറ്റൊരു ബുദ്ധവിഗ്രഹവുമുണ്ട്. പള്ളിവാണപ്പെരുമാൾ എന്ന ചേര ചക്രവർത്തി ബുദ്ധമതം സ്വീകരിക്കുകയും കിളിരൂരിലെത്തി ബുദ്ധവിഹാരം സ്ഥാപിക്കുകയും ചെയ്തു. പിൽക്കാലത്ത് ബുദ്ധമതത്തിന് ശോഷണം സംഭവിച്ചതോടെ എല്ലാ വിഹാരങ്ങളും ഹിന്ദു ദേവതാസങ്കല്പങ്ങളിലേക്ക് പരിവർത്തനം ചെയ്യപ്പെട്ടു. അങ്ങനെയാണ് കിളിരൂരും ദേവീക്ഷേത്രമായതും ബുദ്ധൻ ശ്രീകൃഷ്ണനായി മാറിയതുമൊക്കെ.


ബുദ്ധമതത്തിന് ശോഷണം സംഭവിച്ചതോടെ എല്ലാ വിഹാരങ്ങളും ഹിന്ദു ദേവതാസങ്കല്പങ്ങളിലേക്ക് പരിവർത്തനം ചെയ്യപ്പെട്ടു. അങ്ങനെയാണ് കിളിരൂരും ദേവീക്ഷേത്രമായതും ബുദ്ധൻ ശ്രീകൃഷ്ണനായി മാറിയതുമൊക്കെ.


പള്ളിവാണപ്പെരുമാൾ തന്നെ സ്ഥാപിച്ച മറ്റൊരു ബുദ്ധവിഹാരമായിരുന്നു കോട്ടയത്തിനും ചങ്ങനാശ്ശേരിക്കുമിടയിലായുള്ള നീലംപേരൂരിൽ ഉണ്ടായിരുന്നത്. പള്ളിവാണപ്പെരുമാൾ തൻ്റെ ജീവിത സായാഹ്നത്തിൽ കഴിച്ചുകൂട്ടിയത് ഈ ബുദ്ധവിഹാരത്തിലായിരുന്നത്രെ. ഈ വിഹാരം ദേവീക്ഷേത്രമായി പരിണമിച്ചാണ് ഇന്നത്തെ പള്ളിയിൽ ഭഗവതിക്ഷേത്രമായി മാറിയത്. ഈ ക്ഷേത്രത്തിലെ പ്രധാന പ്രതിഷ്ഠയായ ഭഗവതി കണ്ണാടി നോക്കി തിലകം ചാർത്തുന്ന യക്ഷിയുടെ രൂപത്തിലുള്ളതാണ്. താന്ത്രികബുദ്ധമതത്തിൻ്റെ ഭാഗമാണ് ഈ യക്ഷീസങ്കല്പം. ഈ ക്ഷേത്രത്തിലെ ഉപദേവനായ വിഷ്ണുവും ധ്യാനനിരതനായ അവലോകിതേശ്വരൻ്റെ രൂപത്തിലാണ്.

പള്ളിവാണപ്പെരുമാൾ നീലംപേരൂരിലെത്തി ബുദ്ധവിഹാരം സ്ഥാപിക്കാനിടയായതിന് ഒരു ഐതിഹ്യകഥയുണ്ട്. അതിങ്ങനെയാണ്:

രണ്ടാം ചേര വാഴ്ചക്കാലത്തെ ആദ്യ രണ്ടു പെരുമാക്കന്മാർ ശൈവ-വൈഷ്ണവമതങ്ങളുടെ പ്രചാരകരായിരുന്നു. കേരള ബ്രാഹ്മണരായ നമ്പൂതിരിമാർ ബുദ്ധമതം ക്ഷയിച്ചതോടെ പ്രബലരാകുകയും നാട്ടുരാജാക്കന്മാരുടെ മേലും കേരളസമൂഹത്തെ തന്നെയും തങ്ങളുടെ വരുതിയിലാക്കി. ജാതിവ്യവസ്ഥ അടിച്ചേൽപ്പിക്കപ്പെട്ടു. പന്ത്രണ്ടു വർഷം കൂടുമ്പോൾ നമ്പൂതിരിമാരുടെ സഭയായ നാങ്കുതളികൾ ചേർന്ന് കേരളഭരണത്തിന് തങ്ങളുടെ പ്രതിനിധിയായി പെരുമാളെ തെരഞ്ഞെടുത്ത് വാഴിച്ചുകൊണ്ടിരുന്നു. പള്ളിവാണവർ എന്ന പെരുമാൾ തൻ്റെ ഭരണകാലത്ത് ബുദ്ധമതം സ്വീകരിച്ചത് നമ്പൂതിരിമാരെ കോപാകുലരാക്കി. അവർ കൂട്ടത്തോടെ തിരുവഞ്ചിക്കുളം വിട്ട് തൃക്കാരിയൂരിലേക്ക് കുടിയേറി. പള്ളിവാണപെരുമാളെ സ്ഥാനഭ്രഷ്ടനാക്കാൻ തീരുമാനിച്ച ബ്രാഹ്മണർ "ഫണികുംഭപരീക്ഷ" നടത്തി താൻ സ്വീകരിച്ച വിശ്വാസ്യത വെളിപ്പെടുത്തണമെന്നും അതിൽ പരാജയപ്പെട്ടാൽ പുറത്തു പോകണമെന്നും നിർദ്ദേശിച്ചു.

ഒരു ചെറിയ മൺകുടം അടച്ചുകെട്ടിയ ശേഷം പെരുമാളുടെ പക്കൽ എത്തിച്ചിട്ട് അതിനുള്ളിൽ എന്തെന്ന് സ്വന്തം വിശ്വാസത്തിൻ്റെ ശക്തിയിൽ കണ്ടെത്തി പ്രവചിക്കണമെന്നായിരുന്നു പരീക്ഷ. പെരുമാൾ കുടത്തിൽ പാമ്പാണെന്നു പറഞ്ഞു. എന്നാൽ കുടം തുറന്നു നോക്കിയതും ഒരു താമരപ്പൂവാണ് കാണാൻ കഴിഞ്ഞത്. പരീക്ഷയിൽ പരാജയപ്പെട്ടതിനാൽ പെരുമാൾക്ക് സ്ഥാനത്യാഗം ചെയ്യേണ്ടിവന്നു. എന്നിട്ടും താൻ സ്വീകരിച്ച വിശ്വാസവഴി പെരുമാൾ കൈ വെടിഞ്ഞില്ല. ബ്രാഹ്മണർ മാന്ത്രിക വിദ്യയിലൂടെ ഫണികുംഭപരീക്ഷയിൽ കാപട്യം കാട്ടിയതാണ് എന്ന് പെരുമാൾക്ക് മനസിലായിരുന്നു.


കേരള ബ്രാഹ്മണരായ നമ്പൂതിരിമാർ ബുദ്ധമതം ക്ഷയിച്ചതോടെ പ്രബലരാകുകയും നാട്ടുരാജാക്കന്മാരുടെ മേലും കേരളസമൂഹത്തെ തന്നെയും തങ്ങളുടെ വരുതിയിലാക്കി. ജാതിവ്യവസ്ഥ അടിച്ചേൽപ്പിക്കപ്പെട്ടു. പന്ത്രണ്ടു വർഷം കൂടുമ്പോൾ നമ്പൂതിരിമാരുടെ സഭയായ നാങ്കുതളികൾ ചേർന്ന് കേരളഭരണത്തിന് തങ്ങളുടെ പ്രതിനിധിയായി പെരുമാളെ തെരഞ്ഞെടുത്ത് വാഴിച്ചുകൊണ്ടിരുന്നു.


മഹോദയപുരത്തു നിന്ന് തെക്കോട്ടു സഞ്ചരിച്ച പെരുമാൾ കിളിരൂരിൽ വിഹാരം സ്ഥാപിച്ച ശേഷം സ്വദേശമായ നീലംപേരൂരിൽ എത്തുകയായിരുന്നു. ബൗദ്ധനായ പെരുമാൾ വരുന്നതറിഞ്ഞ് നീലംപേരൂരിലെ പത്തില്ലത്തു പോറ്റിമാർ തങ്ങളുടെ ശിവക്ഷേത്രത്തിലെ പ്രതിഷ്ഠയുമെടുത്ത് വാഴപ്പള്ളിയിലേക്ക് ഓടിപ്പോയി. പെരുമാൾ വിഹാരം സ്ഥാപിച്ച് അവിടെ കഴിഞ്ഞുകൂടുകയും അവിടെ വച്ചുതന്നെ സമാധിയാകുകയും ചെയ്തു. പള്ളിവാണപ്പെരുമാൾ അവസാനം വസിച്ചിരുന്നു എന്നു കരുതുന്ന ക്ഷേത്രത്തിനരികെയുള്ള മാളികക്കെട്ടിൻ്റെ പുനരുദ്ധാരണവേളയിൽ മണ്ണിനടിയിൽ നിന്ന് അദ്ദേഹത്തിൻ്റെ ഒരു പഞ്ചലോഹവിഗ്രഹം കണ്ടെടുക്കുകയുണ്ടായി. മുൻകാലത്ത് ആരാധിച്ചിരുന്ന തരത്തിലുള്ളതായിരുന്നു അത്. കൊത്തുപണികളോടുകൂടിയ ഒരു ശിലാഫലകവും അതിനോടൊപ്പം കിട്ടി. ഞൊറികളോടു കൂടിയ മുണ്ടും മേൽമുണ്ടും അരയാലുടുത്ത് അരപ്പട്ട കെട്ടി ചെങ്കോലും യോഗദണ്ഡും കൈകളിലേന്തി നെഞ്ചിൽ അധികചിഹ്നത്തിന് സമാനമായ താന്ത്രികമുദ്ര പതക്കമാക്കി വലിയ മണികൾ കോർത്ത മാലയണിഞ്ഞ് നിൽക്കുന്ന രൂപമാണ് കിട്ടിയത്. യോഗദണ്ഡിന് മുകളിലും കുരിശിന് സമാനമായ താന്ത്രികമുദ്ര കണ്ടെടുത്തതിനെ തുടർന്ന് വൈകാതെ യോഗദണ്ഡിൻ്റെ മുകൾഭാഗം ആരോ മുറിച്ച് നീക്കം ചെയ്തു.

ഈ പള്ളിവാണപ്പെരുമാൾ പെരുവനത്തെ പള്ളിയിൽ ഭഗവതിയെ ഭജിച്ചിരുന്നു. ബുദ്ധമതസങ്കല്പത്തിലെ താരാദേവിയായിരുന്നു അവിടുത്തെയും പ്രതിഷ്ഠ. അതേ സങ്കല്പമായതിനാൽ ഇവിടെയും പള്ളിയിൽ ഭഗവതി തന്നെയായി. ബുദ്ധമതം ഇവിടെ പ്രചരിച്ച കാലത്ത് ഗോത്രാരാധനാരീതികളിലുള്ള കാവുകളും തറകളും കേന്ദ്രീകരിച്ചുള്ള ആചാരാനുഷ്ഠാനങ്ങളായിരുന്നു നിലവിലുണ്ടായിരുന്നത്. വിവിധ ജാതിസമൂഹങ്ങൾക്ക് അവരവരുടേതായ ഗോത്രാരാധനാസ്ഥാനങ്ങളും മൂർത്തീസങ്കല്പങ്ങളുമൊക്കെ ഉണ്ടായിരുന്നു. അവിടെ പുരോഹിതൻ ആചാരാനുഷ്ഠാനങ്ങൾ നടത്തുകയും പ്രവചനങ്ങൾ നടത്തുകയും ചെയ്തിരുന്നു. അതിൽ നിന്നും വ്യത്യസ്തമായി പ്രബോധനങ്ങളിലൂടെ വിജ്ഞാനം പകരുന്ന രീതിയായിരുന്നു ബുദ്ധവിഹാരങ്ങളോട് ചേർന്ന് ഉണ്ടായിരുന്നത്.

വൈദ്യം, ജ്യോതിശാസ്ത്രം, തച്ചുശാസ്ത്രം തുടങ്ങിയ വിവിധ പാരമ്പര്യശാസ്ത്രശാഖകളുടെ വികാസപരിണാമങ്ങൾ ബുദ്ധമതത്തിൻ്റെ തണലിലാണ് സംഭവിച്ചത്. ബുദ്ധമതം അന്നു നിലവിലുണ്ടായിരുന്ന ഗോത്രാരാധനാസമ്പ്രദായത്തോട് കലഹിക്കാതെ സമരസപ്പെട്ടാണ് കഴിഞ്ഞിരുന്നത്. വിജ്ഞാനം പകരുന്ന ഇടങ്ങൾ എന്ന തരത്തിൽ ആൾക്കാർ ഒത്തുകൂടുകയും ബോധകർ പ്രബോധനങ്ങൾ നൽകുകയും ചെയ്യുന്ന സ്ഥലങ്ങളെ പള്ളികൾ എന്ന് ബഹുമാനത്തോടെ വിളിച്ചു വന്നിരുന്നു. അതുകൊണ്ടുതന്നെ ബുദ്ധവിഹാരങ്ങളെ പള്ളികൾ എന്നാണ് വിളിച്ചിരുന്നതും ബുദ്ധമതത്തെ തുടർന്നു വന്ന പ്രവാചകപ്രബോധനങ്ങളുടെ മതങ്ങളായ ക്രിസ്തുമതത്തിൻ്റെയും ഇസ്ലാംമതത്തിൻ്റെയും ആരാധനാലയങ്ങളും പള്ളികൾ എന്നു തന്നെ വിളിക്കപ്പെട്ടു. പിൽക്കാലത്ത് കാവുകളും തറകളും വൈദികമതത്തിൻ്റെ ആരാധനകളിലേക്ക് വഴിമാറിയപ്പോൾ അവ മുക്കാൽവട്ടങ്ങൾ എന്ന പേരുകളിലായി. പിൽക്കാലത്ത് സംസ്കൃതവൽക്കരണത്തോടെ ക്ഷേത്രങ്ങൾ എന്നും അറിഞ്ഞുതുടങ്ങി.


വൈദ്യം, ജ്യോതിശാസ്ത്രം, തച്ചുശാസ്ത്രം തുടങ്ങിയ വിവിധ പാരമ്പര്യശാസ്ത്രശാഖകളുടെ വികാസപരിണാമങ്ങൾ ബുദ്ധമതത്തിൻ്റെ തണലിലാണ് സംഭവിച്ചത്. ബുദ്ധമതം അന്നു നിലവിലുണ്ടായിരുന്ന ഗോത്രാരാധനാസമ്പ്രദായത്തോട് കലഹിക്കാതെ സമരസപ്പെട്ടാണ് കഴിഞ്ഞിരുന്നത്.


ചില ബുദ്ധപ്പള്ളികൾ ബുദ്ധമതത്തിൻ്റെ അപചയത്തോടെ ക്ഷേത്രങ്ങളായി പരിണമിച്ചിട്ടുണ്ട് എന്നത് വസ്തുതയാണ് എന്നതുകൊണ്ട് മിക്കവാറും ക്ഷേത്രങ്ങളുടെ പൂർവ്വരൂപം ബുദ്ധവിഹാരങ്ങളാണോ എന്ന അന്വേഷണത്തിന് പ്രസക്തിയില്ല. പ്രാക്തന ഗോത്രാനുഷ്ഠാനങ്ങളോടു കൂടിയ കാവുകളും തറകളും വൈദികമതത്തിൻ്റെ കടന്നുവരവോടെ ക്ഷേത്രങ്ങളായി പരിണമിക്കപ്പെട്ടതിൻ്റെ ചരിത്രമാണ് ഏറെയുള്ളത്. ഈ കാവുകളും തറകളുമാകട്ടെ ചരിത്രാതീതകാലത്ത് പൂർവ്വികാരാധനകളുടെ ഇടങ്ങളായിരുന്നു എന്നതിന് ചിലയിടങ്ങളിലെങ്കിലും തെളിവുകളുമുണ്ട്. കുടക്കച്ചിറ ക്ഷേത്രസങ്കേതത്തിൽ നിന്നും നനങ്ങാടികൾ കണ്ടെടുത്തതിനെയും മറ്റൊന്നായി ധരിക്കേണ്ടതില്ല.

ബുദ്ധമതത്തെ അപേക്ഷിച്ച് ജൈനമതത്തിന് കാര്യമായ സ്വാധീനം പെരിയാറിനും പമ്പയ്ക്കുമിടയിലുള്ള ഭൂഭാഗത്ത് കണ്ടെത്താൻ സാധിക്കുന്നില്ല. പെരുമ്പാവൂരിന് സമീപം മേതലക്കുന്നിൽ കാണുന്ന പ്രസിദ്ധമായ കല്ലിൽ ഭഗവതി ക്ഷേത്രം മുൻകാലത്ത് ജൈനക്ഷേത്രമായിരുന്നു. വലിയ ഭീമാകാരമായ ഒരു പാറ പാറക്കെട്ടുകളുടെ പുറത്ത് നിലം സ്പർശിക്കാതെ എന്നു തോന്നുംവണ്ണം ഇരിക്കുന്നതായാണ് ഇവിടെ കാണാവുന്നത്. പാറയുടെ മുന്നിൽ പാർശ്വനാഥൻ എന്ന ജൈനതീർത്ഥങ്കരൻ്റെ ശില്പം കൊത്തി വച്ചിരിക്കുന്നു. ജൈനദേവതയായ പത്തിനിയെയാണ് പിന്നീട് ഭഗവതിയായി സങ്കൽപ്പിച്ച് ആരാധിക്കുന്നത്. ജൈനപാരമ്പര്യമുണ്ടായിരുന്നു ഒരു പിഷാരടിത്തറവാട്ടുകാർക്കാണ് ഇപ്പോഴും ക്ഷേത്രത്തിൻ്റെ ചുമതല.

ബുദ്ധമതത്തിൻ്റെയും ജൈനമതത്തിൻ്റെയും അപചയം വൈദികബ്രാഹ്മണമതത്തിൻ്റെ കടന്നുവരവോടെ പൂർണ്ണമാവുകയാണുണ്ടായത്. ബുദ്ധമതത്തിന് സമാന്തരമായി നിലനിന്ന ഗോത്രാരാധനയുടെതായ വിവിധ ജാതിസമൂഹങ്ങൾ ബ്രാഹ്മണ മതത്തിന് വിധേയമായതോടെ അതിന് മുമ്പുണ്ടായിരുന്ന സകലതും മാറ്റിയെഴുതപ്പെടുകയോ പുതിയ ആഖ്യാനങ്ങൾ ചമയ്ക്കപ്പെടുകയോ ചെയ്തു.

പെരുമാൾ വാഴ്ചക്കാലത്തു തന്നെ കേരളത്തിലെ അധീശശക്തിയായി മാറിയ നമ്പൂതിരി ബ്രാഹ്മണർ നീണ്ട പതിനൊന്നു നൂറ്റാണ്ടുകളാണ് തങ്ങൾ നിർമ്മിച്ച ജാത്യാചാരങ്ങളുടെയും ഭരണതത്വസംഹിതകളുടെയും പിൻബലത്തോടെ നാടുവാഴി മുതൽ അടിയാളർ വരെയുള്ള കേരള സമൂഹത്തെ തങ്ങളുടെ വരുതിയിൽ നിർത്തിയത്. അതിനായി പരശുരാമനിർമ്മിതമായ കേരളോൽപ്പത്തിയുടെ പുരാവൃത്തം ചരിത്രമായി ഉയർത്തിപ്പിടിച്ചു. ബ്രാഹ്മണ കേന്ദ്രീകൃതമായ ഭരണവ്യവസ്ഥ രൂപപ്പെടുത്തിയത്തിൻ്റെ യഥാർത്ഥ ചരിത്രത്തിലൂടെ ഇനി നമുക്ക് സഞ്ചരിക്കാം.

Thanks for reading Historica! Subscribe for free to receive new posts and support my work.