Jan 12 • 15M

ചരിത്രാതീത കാലത്തേക്ക് ഒരു ചരിത്രസഞ്ചാരം

വെമ്പലനാട് ചരിത്രം - എപ്പിസോഡ് 2

3
 
1.0×
0:00
-15:08
Open in playerListen on);
History For Everyone
Episode details
Comments

കേരളത്തിൻ്റെ ഭൂതകാലത്തിലേക്ക് പിന്നോട്ട് സഞ്ചരിച്ചാൽ ചരിത്രാതീതകാലത്തെ മഹാശിലാ സംസ്കാരത്തോളം നാമെത്തിച്ചേരും. ഇവിടുത്തെ ആദിമജനത മറ്റു വൻകരകളിൽ നിന്ന് കുടിയേറിയവരായി കരുതപ്പെടുന്ന ആദിദ്രാവിഡർ (Pre - Dravidians) ആണെന്ന് ചില ചരിത്രകാരന്മാരുടെ നിഗമനം. ദ്രാവിഡരുടെ ആഗമനത്തിന് മുമ്പുള്ള ആദിമനിവാസികളാണ് ഇക്കൂട്ടർ. പ്രോട്ടോ ആസ്ട്രലോയിഡ് അഥവാ നെഗ്രിറ്റോയിഡ് വംശഗുണങ്ങൾ കലർന്നുകാണുന്ന ഇന്നത്തെ ആദിവാസിസമൂഹത്തിൻ്റെ പൂർവ്വികരാകാം ഇവർ. നൂറ്റാണ്ടുകളായുള്ള ഇവരുടെ അധിവാസങ്ങൾക്ക് ശേഷമാണ് മെഗാലിത്തിക്, മഹാശിലായുഗം എന്നൊക്കെ വിളിക്കുന്ന പെരുങ്കൽ സംസ്കാരത്തിൻ്റെ വക്താക്കളായ ദ്രാവിഡരുടെ പൂർവ്വികർ ഇവിടെ എത്തിപ്പെടുന്നത്.

മെഡിറ്ററേനിയൻ പ്രദേശങ്ങളിൽനിന്ന് സഞ്ചരിച്ച് ക്രമേണ മദ്ധ്യഭാരതത്തിലെത്തി പാർപ്പുറപ്പിച്ചവരാണ് ദ്രാവിഡരുടെ പൂർവ്വികരെന്ന് പ്രമുഖ ദ്രാവിഡ ഭാഷാശാസ്ത്രജ്ഞനായ സുനീതികുമാർ ചാറ്റർജി പറയുന്നു. ഇവരുടെ സാംസ്കാരിക അവശേഷിപ്പുകൾ മദ്ധ്യപ്രദേശിലെ ഭീംബെട്കാ ഗുഹാചിത്രങ്ങളായും, കല്ലുളികളും മൺപാത്രങ്ങളുമൊക്കെയായും കണ്ടെത്തിയിട്ടുണ്ട്. ക്രമേണ ഡക്കാൻ പ്രദേശത്ത് വ്യാപരിച്ച ഈ ജനത തെക്കോട്ട് സഞ്ചരിച്ച് സഹ്യപർവ്വതനിരകൾ കടന്നിട്ടാണ് കേരളത്തിൽ എത്തിച്ചേരുന്നത് എന്ന ധാരണകളാണ് ഇതുവരെ നിലനിന്നിരുന്നതെങ്കിലും അത് ഉറപ്പിക്കുന്ന തെളിവുകൾ ഇല്ലെന്ന പുതിയ വാദങ്ങളുമുണ്ട്.

മെഡിറ്ററേനിയൻ പ്രദേശങ്ങളിൽനിന്ന് സഞ്ചരിച്ച് ക്രമേണ മദ്ധ്യഭാരതത്തിലെത്തി പാർപ്പുറപ്പിച്ചവരാണ് ദ്രാവിഡരുടെ പൂർവ്വികരെന്ന് പ്രമുഖ ദ്രാവിഡ ഭാഷാശാസ്ത്രജ്ഞനായ സുനീതികുമാർ ചാറ്റർജി പറയുന്നു.

പ്രാചീനശിലായുഗം, നവീനശിലായുഗം എന്നിങ്ങനെ ചരിത്രാതീതകാലത്തെ വേർതിരിച്ചു പറയുന്നുവെങ്കിലും നവീനശിലായുഗത്തിൻ്റെ ഉത്തര ഭാഗമായ പെരുങ്കൽ സംസ്കാരമാണ് ദക്ഷിണേന്ത്യയിൽ പൊതുവേ സജീവമായിരുന്നത്. ഇരുമ്പു കണ്ടെത്തുകയും, പ്രാകൃതമായ ഇരുമ്പുരുക്കു വിദ്യയിലൂടെ ആയുധങ്ങൾ നിർമ്മിക്കുകയും ചെയ്തിരുന്നതിനാൽ ഇരമ്പുയുഗം അഥവാ അയോയുഗം എന്ന് ഈ പെരുങ്കൽ യുഗത്തെ വിശേഷിപ്പിക്കുന്നതാവും കേരളത്തെ സംബന്ധിച്ചിടത്തോളം കൂടുതൽ ശരി. കൃഷിയും ആടുമാടുമേയ്ക്കലും നാമമാത്രമായി അയോയുഗത്തിൽ പ്രാവർത്തികമാക്കിത്തുടങ്ങിയിരുന്നു. സിന്ധുനദീതട സംസ്കാരത്തിൻ്റെ തകർച്ചയെ തുടർന്ന് ഒരു വിഭാഗം ദ്രാവിഡർ ഇവരോടോപ്പം സങ്കലനം ചെയ്യപ്പെടുകയോ, അതല്ലെങ്കിൽ സാംസ്കാരികമായി കൊടുക്കൽ-വാങ്ങലുകൾ ഉണ്ടായതായോ തെളിയിക്കുന്ന പുരാവസ്തുക്കൾ കണ്ടെടുത്തിട്ടുണ്ട്.

കേരളത്തിൽ വടക്കുനിന്ന് തെക്കുവരെ, മലനാട്ടിലും ഇടനാട്ടിലുമായി അയോയുഗത്തിൻ്റെ അവശേഷിപ്പുകൾ കണ്ടെടുത്തിട്ടുണ്ട്. കുടക്കല്ല്, മുതുമക്കത്താഴി അഥവാ നന്നങ്ങാടി, മുനിയറ, കല്ലറ, നടുകല്ലുകൾ അഥവാ മെൻഹിർ, കൽവലയങ്ങൾ, തുടങ്ങി വിവിധ തരത്തിലുള്ള പുരാവസ്തുക്കളാണ് ലഭ്യമായിട്ടുള്ളതും, ഇപ്പോഴും കണ്ടെത്തിക്കൊണ്ടിരിക്കുന്നതും. ഇവയെല്ലാം തന്നെ അയോയുഗകാലത്തെ മനുഷ്യൻ്റെ ശവസംസ്കാര രീതികളുമായി ബന്ധപ്പെട്ടുള്ളതുമാണ് എന്നതാണ് ശ്രദ്ധേയം. വയനാട്ടിൽ അമ്പലവയലിലെ ഇടയ്ക്കൽ ഗുഹ, തൃശ്ശൂരിൽ വരന്തരപ്പള്ളിയിലും സമീപപ്രദേശങ്ങളിലെയും കുടക്കല്ലുകൾ, മറയൂറിലെ മുനിയറകൾ എന്നിവ അയോയുഗകാലത്തിൻ്റെ അടയാളങ്ങളാണ്.

ദക്ഷിണേന്ത്യയിൽ BC 1200 മുതൽ AD 400 വരെയാണ് ഇരുമ്പുയുഗമായി പൊതുവേ കണക്കാക്കപ്പെടുന്നത് എങ്കിലും, BC 900 മുതൽ AD 400 വരെയാണ് കേരളത്തിൽ നിലനിന്നിരുന്നത് എന്ന തരത്തിലുള്ള തെളിവുകളാണ് കിട്ടുന്നത്. അതിൽ അവസാന ഭാഗമായ BC 400 മുതൽ AD 400 വരെ പ്രാചീന ചരിത്രയുഗമായും കണക്കാക്കപ്പെടുന്നു. തുറമുഖങ്ങൾ കേന്ദ്രീകരിച്ചുള്ള വിപുലമായ സമുദ്രാന്തരവാണിജ്യവും സംഘകാലസംസ്കാരവും ഈ കാലഘട്ടത്തിൽ കയറിയിറങ്ങിക്കിടക്കുന്നു.

പ്രാചീനശിലായുഗം, നവീനശിലായുഗം എന്നിങ്ങനെ ചരിത്രാതീതകാലത്തെ വേർതിരിച്ചു പറയുന്നുവെങ്കിലും നവീനശിലായുഗത്തിൻ്റെ ഉത്തര ഭാഗമായ പെരുങ്കൽ സംസ്കാരമാണ് ദക്ഷിണേന്ത്യയിൽ പൊതുവേ സജീവമായിരുന്നത്.

മദ്ധ്യകേരളത്തെ എടുത്താൽ ഭൂമിശാസ്ത്രപരമായി മേൽമലനാട് എന്ന് വിളിക്കാവുന്ന ഇടുക്കി ജില്ലയുടെ വിവിധ സ്ഥലങ്ങളിലാണ് വിപുലമായ തോതിൽ അയോയുഗത്തിൻ്റെ അവശേഷിപ്പുകൾ കിട്ടിയിട്ടുള്ളത്. മറയൂർ, അഞ്ചുനാട് താഴ്‌വര, നെടുങ്കണ്ടം, മയിലാടുംപാറ, അയ്യപ്പൻകോവിൽ തുടങ്ങിയ സ്ഥലങ്ങളിലൊക്കെയും അയോയുഗത്തിൻ്റെ സാന്നിധ്യം വെളിവാക്കപ്പെടുന്നു. മറയൂർ പ്രദേശത്ത് മുനിയറകൾ കൂടാതെ ഗുഹാചിത്രങ്ങളും കാണാൻ കഴിയും. അഞ്ചുനാട് താഴ്‌വരയിൽ തകർന്നുകിടക്കുന്ന നിരവധി മുനിയറകൾ കാണാം. നെടുങ്കണ്ടത്തു നിന്നും മയിലാടുംപാറയിൽ നിന്നും കല്ലറകളും അവയിൽ നിന്ന് മൺപാത്രങ്ങളുമാണ് കണ്ടെത്തിയിട്ടുള്ളത്.

2020 മെയ് മാസത്തിൽ ചെല്ലാർകോവിലിനടുത്ത് മയിലാടുംപാറ എന്ന സ്ഥലത്ത് മഴക്കുഴിക്കു വേണ്ടി മണ്ണെടുത്തപ്പോൾ നന്നങ്ങാടികളും മൺപാത്രങ്ങളും ലഭിക്കുകയുണ്ടായി. ഇവിടെ നിന്നു കിട്ടിയതിൽ വിശേഷപ്പെട്ട മറ്റൊരു വസ്തു കാർണീലിയൻ ബീഡ്സ് എന്ന പ്രത്യേകതരം ഇളംചുവപ്പുകല്ലിൽ നിർമ്മിച്ച മാലയുടെ നീണ്ടുരുണ്ട മുത്തുമണികളാണ്. ഹാരപ്പൻ സംസ്കാരത്തിലും പെർഷ്യയിലെ സസ്സാനിയൻ ഭരണകാലത്തുമൊക്കെ കാർണീലിയൻ കൽമുത്തുകൾ വലിയ തോതിൽ ഉപയോഗിച്ചിരുന്നു.

മയിലാടുംപാറയിൽനിന്ന് കണ്ടെത്തിയ പുരാവസ്തുക്കളിൽ അക്കാലത്ത് ഉപയോഗത്തിലിരുന്ന ധാന്യങ്ങളും ലഭിച്ചു എന്നത്, കാർബൺ ഡേറ്റിംഗിലൂടെയുള്ള കാലനിർണ്ണയനത്തിനും കാർഷിക വിളകളെപ്പറ്റിയുള്ള അറിവിനും കാരണമാകും എന്നതിനാൽ ചരിത്രകാരന്മാർ ഏറെ പ്രതീക്ഷയിലാണ്.

ദക്ഷിണേന്ത്യയിൽ BC 1200 മുതൽ AD 400 വരെയാണ് ഇരുമ്പുയുഗമായി പൊതുവേ കണക്കാക്കപ്പെടുന്നത് എങ്കിലും, BC 900 മുതൽ AD 400 വരെയാണ് കേരളത്തിൽ നിലനിന്നിരുന്നത് എന്ന തരത്തിലുള്ള തെളിവുകളാണ് കിട്ടുന്നത്.

സഹ്യപർവ്വതത്തിൻ്റെ ഉയർന്ന പ്രദേശങ്ങളിൽ നിന്ന് ക്രമേണ പടിഞ്ഞാറുള്ള താഴ്ന്ന പ്രദേശങ്ങളിലേക്ക് ഈ പ്രാചീനമനുഷ്യർ ഇറങ്ങിവരുകയാണ് ഉണ്ടായത്; അതും നൂറ്റാണ്ടുകൾ കൊണ്ടാണ് സംഭവിച്ചത്. കൃഷി കൂടുതലായി പ്രചരിച്ചു തുടങ്ങിയതോടെയാവാം താഴ്‌വരപ്രദേശങ്ങൾ പഥ്യമായി തീർന്നത്. ഇടനാട്ടിലെ കുന്നിൻചെരുവുകളിലും സമതലപ്രദേശങ്ങളിലുമൊക്കെ അയോയുഗത്തിൻ്റെ അടയാളങ്ങൾ കണ്ടെത്താനായിട്ടുണ്ട്. കോട്ടയം ജില്ലയിലെ മീനച്ചിൽ താലൂക്കിൽ പലയിടത്തും മുനിയറകളും കല്ലറകളും നന്നങ്ങാടികളും പലപ്പോഴായി കണ്ടെത്തിയിട്ടുണ്ട്. കുന്നോന്നി, നീലൂർ, കയ്യൂർ, കുറുമണ്ണ്, കടനാട്, കുറിഞ്ഞി, കുടക്കച്ചിറ എന്നിവിടങ്ങളിലാണത്. കൂടാതെ കോട്ടയത്ത് വേദഗിരി, നീണ്ടൂർ, പുല്ലരിക്കുന്ന്, തിരുനക്കര എന്നിവിടങ്ങളിൽ നിന്നും അയോയുഗ അവശേഷിപ്പുകൾ കാണാനായിട്ടുണ്ട്. ശിലാനിർമ്മിതമായ പലതരത്തിലുള്ള കല്ലറകൾ കൂടാതെ, കളിമൺ നിർമ്മിതമായ നന്നങ്ങാടികളും പലയിടങ്ങളിൽ നിന്നും കണ്ടെത്തിയിരിക്കുന്നു. ഇവയെല്ലാം ശവസംസ്കാരത്തിൻ്റെയും, തുടർന്നുള്ള പൂർവ്വികാരാധനയുടെയും സ്ഥാനങ്ങളാണെന്നാണ് പുരാവസ്തുഗവേഷകരുടെ അനുമാനം.

പാലാ-തൊടുപുഴ റൂട്ടിൽ, കോട്ടയം, ഇടുക്കി ജില്ലകൾക്ക് അതിരുതീർത്ത് നീണ്ടുകിടക്കുന്ന കോട്ടമലയുടെ തെക്കേ താഴ്‌വരയിൽ കുറിഞ്ഞി എന്ന സ്ഥലത്തെ പ്രശസ്തമായ കാവിലും പരിസരപ്രദേശങ്ങളിലും മുനിയറകൾ എന്ന ശവസംസ്കാര പേടകങ്ങളുടെ ഒരു നിര കാണാം. കുറിഞ്ഞിക്കൂമ്പൻ, കോട്ടമല, കുറവൻകുന്ന് എന്നീ ഗിരിശൃംഗങ്ങളുടെ താഴ്‌വാരവും സമതലവും ചേർന്നതാണ് കുറിഞ്ഞിഗ്രാമം. കുറിഞ്ഞിക്കൂമ്പൻമലയുടെ തെക്കുഭാഗത്തെ സമതല പ്രദേശത്താണ് ഈ കാവ്.

ഏതാണ്ട് നാലേക്കറോളം വിവിധ സസ്യലതാദികൾ കൊണ്ട് നിബിഡമായ കുറിഞ്ഞിക്കാവ്, സ്വാഭാവികവനങ്ങൾ കൃഷിയിടങ്ങളായി മാറിയതോടെ അവശേഷിച്ച വനഭാഗമാണെന്നു കരുതാം. വനദുർഗ്ഗയെ ആരാധിക്കുന്ന ദേവതാസ്ഥാനവും ഒൻപതോളം മുനിയറകളും പുരാതനകാലം മുതൽ നിലനിന്നിരുന്നതിനാൽ ചുറ്റുമുള്ള കാവ് സംരക്ഷിക്കപ്പെട്ടുപോരുന്നു.

പാറപ്പുറത്ത് അല്പം നിരപ്പായ സ്ഥലത്ത് ചെറിയ പാറക്കഷണങ്ങളും മണ്ണും വച്ച ശേഷം വലിയ രണ്ടു പാറപ്പാളികൾ നെടുകെയും, ചെറിയ രണ്ടു പാറപ്പാളികൾ കുറുകെയും, വലിയ ഒറ്റ പാറപ്പാളി മേൽക്കൂരയായും വയ്ക്കുന്നതാണ് മുനിയറ അഥവാ Dolmen. കൽമേശ എന്നും പറയും. ഇവ മറയൂരിലും മറ്റുമാണ് കണ്ടുവരുന്നത്.

മദ്ധ്യകേരളത്തെ എടുത്താൽ ഭൂമിശാസ്ത്രപരമായി മേൽമലനാട് എന്ന് വിളിക്കാവുന്ന ഇടുക്കി ജില്ലയുടെ വിവിധ സ്ഥലങ്ങളിലാണ് വിപുലമായ തോതിൽ അയോയുഗത്തിൻ്റെ അവശേഷിപ്പുകൾ കിട്ടിയിട്ടുള്ളത്.

Cist burial മറ്റൊരു പെരുങ്കൽസ്മാരകമാണ്. ഇവ ഭൂമിക്കടിയിലുള്ള കല്ലറകളാണ്. കടനാട്, കുന്നോന്നി പ്രദേശങ്ങളിൽ ഇത്തരത്തിലുള്ളവ കണ്ടെത്തിയിട്ടുണ്ട്.

ഡോൾമനോയ്ഡ് സിസ്റ്റ് എന്ന, മുനിയറ എന്ന ശിലാപേടകത്തിൻ്റെ പകുതി മുകളിലും പകുതി ഭൂമിക്കടിയിലുമാണ്. ഭൂമിക്കടിയിൽ ഒരു മീറ്ററോളം ആഴമുണ്ടാകും. ഇതിനുള്ളിൽ പാറകൊണ്ടുള്ള ഒരു ബെഞ്ചും കണ്ടെന്നുവരാം. ഇത്തരം സ്മാരകങ്ങളിലെ ഉത്ഖനനത്തിലൂടെ കറുപ്പും ചുവപ്പും കലർന്ന മൺപാത്രങ്ങളും ഇരുമ്പിലുള്ള കൃഷിയായുധങ്ങളും കല്ലു കൊണ്ടുള്ള ആഭരണങ്ങളുമൊക്കെ ലഭിച്ചിട്ടുണ്ട്.

കുറിഞ്ഞിക്കാവിലെ മുനിയറകൾ ഉത്ഖനനത്തിനു വധേയമാക്കിയിട്ടില്ല. എങ്കിലും കേന്ദ്രപുരാവസ്തു വകുപ്പ് പ്രാഥമികപഠനങ്ങൾ നടത്തി റിപ്പോർട്ട് പ്രസിദ്ധീകരിച്ചിട്ടുണ്ട്. ഈ കാവിലെ പരമ്പരാഗതമായ ആചാരക്രമങ്ങൾ വനദുർഗ്ഗയുമായി ബന്ധപ്പെട്ടു നടക്കുന്നു. പ്രദേശത്തെ ഏറ്റവും പഴക്കം ചെന്ന കുഴികണ്ടത്തിൽ എന്ന നായർ തറവാട്ടുകാരാണ് ഈ കാവിന്റെ സംരക്ഷണം നൂറ്റാണ്ടുകളായി നടത്തിപ്പോരുന്നത്.

കുറിഞ്ഞിക്കാവിലെ ഉത്സവത്തോടനുബന്ധിച്ച് കേരളത്തിൽ തന്നെ അത്യപൂർവ്വമായ പുരുഷന്മാരുടെ താലപ്പൊലി നടക്കാറുണ്ട്. കേരളത്തിലെ 108 ദുർഗ്ഗാലയങ്ങളിൽ ഒന്നായ കുറിഞ്ഞിക്കാവിലെ വനദുർഗ്ഗാക്ഷേത്രത്തിൽ പുരാതനകാലം മുതൽ ഈ ആചാരം നടന്നുവരുന്നു. വ്രതം നോറ്റ പുരുഷന്മാരാണ് ദേവീപ്രീതിക്കായി ഇത് അനുഷ്ഠിക്കുന്നത്. മേൽക്കൂരയില്ലാത്ത ശ്രീകോവിലിൽ വനദുർഗ്ഗയെ കൂടാതെ അന്തിമഹാകാളൻ, അയലക്ഷി എന്നീ പ്രതിഷ്ഠകളുമുണ്ട്.

കുറിഞ്ഞിക്കാവിലെ ഉത്സവത്തോടനുബന്ധിച്ച് കേരളത്തിൽ തന്നെ അത്യപൂർവ്വമായ പുരുഷന്മാരുടെ താലപ്പൊലി നടക്കാറുണ്ട്.

ഇവിടെ കളമെഴുതുന്നത് അയലക്ഷി ഭാവത്തിലുള്ള ഭഗവതിയുടെ രൂപമാണ്. അന്തിമഹാകാളനായ മഹാദേവന്റെ കണങ്കാൽ വെട്ടിയെടുത്ത് കൊടുവാളോടുകൂടി നടമാടുന്ന രൂപം. അതിൻ്റെ ഐതിഹ്യം ഇപ്രകാരമാണ്: ഒരിക്കൽ അസുരക്കൂട്ടങ്ങൾ കാമാതുരരായി ഭൂമിയിലെ മനുഷ്യസ്ത്രീകളെ പീഡിപ്പിച്ചു തുടങ്ങി. നിരാലംബകളായ സ്ത്രീകൾ കൂട്ടത്തോടെ പിച്ചിച്ചീന്തപ്പെടുന്നതു കണ്ട് ഉഗ്രകോപിണിയായ പാർവ്വതി അസുരന്മാരെ ഒന്നടങ്കം വാളിനിരയാക്കി. എന്നിട്ടും കോപം ശമിക്കാതെ ഭൂമിയിലെ പുരുഷന്മാരെയും ഒടുക്കിത്തുടങ്ങി! സർവ്വനാശം ഭയന്ന് ശിവൻ അന്തിമഹാകാളൻ്റെ രൂപത്തിൽ ഭഗവതിയെ പ്രതിരോധിക്കാനായി എത്തുന്നു. സ്വന്തം പുരുഷനായ കാലാരിയെ പോലും ഭഗവതി വെറുതെ വിടുന്നില്ല. മഹാകാളൻ്റെ ഒരു കാൽ വെട്ടിമുറിച്ചെടുത്തതോടെയാണ് ഭഗവതിക്ക് കലിയടങ്ങുന്നത്. മഹാദേവനെ പോലും തിരിച്ചറിയാൻ കഴിയാത്ത ഉഗ്രകോപമാണ് ഭഗവതിയുടെ രൂപമായി കളത്തിൽ നിറയുന്നത്. ഭഗവതിയുടെ അനുഗ്രഹം തേടി ഓരോ വീട്ടിൽ നിന്നും, സ്ത്രീകളുടെ ആശീർവാദത്തോടെയുള്ള പുരുഷന്മാരുടെ താലം എല്ലാ വർഷവും നടന്നുവരുന്നു. കാവിനുള്ളിലെ ദേവതാസ്ഥാനത്തുനിന്നും താലങ്ങളിലേക്ക് ദീപം പകർന്ന് നിരനിരയായി നീങ്ങുന്നവരിൽ ബാലന്മാർ മുതൽ വൃദ്ധൻമാർ വരെ ഉൾപ്പെടും. കാവിന് പുറത്തുള്ള തുറസ്സായ സ്ഥലത്ത് നടക്കുന്ന താലം സമർപ്പിക്കുന്ന ചടങ്ങുകൾക്ക് ശേഷം താളമേളങ്ങളുടെ അകമ്പടിയോടെ ഒരു കാൽ തൂക്കിയിട്ട് താലമേന്തി അവർ ചുവടുവയ്ക്കുന്നു. താളം മുറുകുന്നതോടെ തുള്ളലും ധൃതഗതിയിലായി സമാപിക്കുന്നു. ഒരു കാൽ തൂക്കിയിട്ടുള്ള തുള്ളൽ ഒരു കാൽ നഷ്ടമായ അന്തിമഹാകാളൻ്റെ സ്മരണയുണർത്തുന്നതാണ്. പ്രകൃതിയോടും ഉർവ്വരതയോടുമുള്ള ആത്മീയമായ താദാത്മ്യപ്പെടലും പൂർവ്വികസ്മരണയുമൊക്കെ കാവിലെ അനുഷ്ഠാനങ്ങൾക്കൊപ്പം ഇഴചേർന്നു നിൽക്കുന്നു.

കുറിഞ്ഞിക്കാവ് ജൈവവൈവിധ്യങ്ങളുടെ കലവറയാണ്. നിരവധി അപൂർവ്വസസ്യങ്ങൾ കാണുന്ന ഇവിടെ കൽമാണിക്യം എന്ന വിശേഷപ്പെട്ട മരം കാണപ്പെടുന്നു.

നിരവധി അപൂർവ്വ സസ്യജന്തുജാലങ്ങളുടെ ആവാസമേഖലയാണ് ഈ മലകളും കുറിഞ്ഞിക്കാവും. സമുദ്രനിരപ്പിൽനിന്ന് ഏകദേശം 1268 അടിയോളം ഉയരമുള്ള ഈ മലകൾ ജലസംഭരണ ശേഷിയുള്ളവയാണ്. ഭീമാകാരമായ നിരവധി ശിലാഖണ്ഡങ്ങൾ മലകളിലെ ഉയർന്ന ഭാഗങ്ങളിൽ കാണപ്പെടുന്നു. പാലായിലെത്തിച്ചേരുന്ന മീനച്ചിലാറിൻ്റെ കൈവഴിയായ ളാലം തോടിന്റെ, അഥവാ പയപ്പാറത്തോടിൻ്റെ ഉത്ഭവസ്ഥാനത്തെ നിരവധി നീർച്ചാലുകൾ ഈ മലകളുടെ വിവിധ ഭാഗങ്ങളിൽ നിന്നുമുള്ളതാണ്.

കുറിഞ്ഞിക്കാവ് ജൈവവൈവിധ്യങ്ങളുടെ കലവറയാണ്. നിരവധി അപൂർവ്വസസ്യങ്ങൾ കാണുന്ന ഇവിടെ കൽമാണിക്യം എന്ന വിശേഷപ്പെട്ട മരം കാണപ്പെടുന്നു.

കോട്ടമലയിൽ തന്നെയാണ് ഗോത്രാരാധനാകേന്ദ്രമായ മുക്ത്യാർകാവ് കാണപ്പെടുന്നത്. കൂടാതെ മറ്റു ചില ഗോത്രാരാധാനാ കേന്ദ്രങ്ങളും ഈ മലകളുടെ പല ഭാഗത്തുമുണ്ട്. ഇരുമ്പുയുഗത്തെ തുടർന്നുവരുന്ന കാലഘട്ടങ്ങളിൽ ആദിവാസി ഗോത്രസമൂഹങ്ങളാണ് വിവിധ ഗോത്രദേവതാസങ്കല്പങ്ങളെ ആധാരമാക്കി ഇത്തരം കാവുകളിലെ ആരാധനകൾ പുനരാരംഭിക്കുന്നത്. കുറിഞ്ഞിയിൽ നിന്ന് മുത്തിയാർകാവിലേക്ക് കയറുന്ന പാതയിൽ വലതുഭാഗത്തായി ഒരു നീർച്ചാലും അതിനിടയിലെ വെള്ളച്ചാട്ടങ്ങളും കാണാം. വെള്ളച്ചാട്ടങ്ങൾക്കിടയിലെ പാറക്കെട്ടുകളിൽ കാണുന്ന ചെറിയ കുഴികൾ വനവാസകാലത്ത് ഭീമൻ പാഞ്ചാലിക്ക് താളി കുത്തിക്കൊടുത്തിരുന്ന കുഴികളാണെന്ന് നാട്ടുകാരുടെ കഥകൾ! അതിനാൽ താളികുത്താംപാറ എന്നാണ് സ്ഥലപ്പേര്. മല കയറി മുകളിലെത്തി അരുവിയെ മുറിച്ച് കടന്നാൽ മുത്തിയാർകാവായി. അപൂർവ്വമായ വൃക്ഷങ്ങളാലും വള്ളികളാലും നിബിഡമായ ചെറിയ വനഭൂമി. കളകളാരവം പൊഴിച്ച് കാവിനെ തൊട്ടുരുമി കരിയിലാംതോടിൻ്റെ ബാല്യം! പരന്ന ഒരു ചെറിയ നിലവിളക്കും ഒരു കളിമൺപാത്രത്തിൻ്റെ പൊട്ടിയ മുറിയിൽ, കണ്ണും വായുമൊക്കെ വരച്ചു ചേർത്തതുപോലെ തോന്നിക്കുന്ന ഒരു ആരാധനാബിംബം ചുവന്ന പട്ടിനാൽ അലങ്കരിക്കപ്പെട്ട് ഇരിക്കുന്നു. കാവിന് കുറുകെ ഭീമാകാരമായ ഒരു വൃക്ഷം മറിഞ്ഞുവീണത് ജീർണ്ണിച്ചു തുടങ്ങിയിരിക്കുന്നു.

വർഷത്തിൽ ഒരിക്കലാണ് കാവിലെ ഉത്സവം. ആദിവാസികൾ എത്തി ഗോത്രാരാധനാ രീതിയിലുള്ള ആചാരാനുഷ്ഠാനങ്ങൾ നടത്തി തിരിച്ചുപോകും. ഈ കാവ് സന്ദർശിക്കവേ മറ്റൊരനുഭവമുണ്ടായി. എൻ്റെ സുഹൃത്തായ ജിജുലാൽ യാദൃച്ഛികമായി കാവിൻ്റെ മുന്നിലെ നിരപ്പായ നിലത്ത് ആഞ്ഞു ചവിട്ടിയപ്പോൾ വലിയ മുഴക്കങ്ങളുണ്ടായി. മണ്ണിനടിയിൽ പൊള്ളയായ അറകൾ ഉണ്ടെന്ന് സൂചിപ്പിക്കുന്നതായിരുന്നു ആ ശബ്ദം. മുനിയറ കാണപ്പെടുന്ന കുറിഞ്ഞിക്കാവ് പിൽക്കാലത്ത് വനദുർഗ്ഗയുടെ ആരാധനാസ്ഥാനമായതു പോലെ ഭൂമിക്കടിയിൽ കല്ലറകളുള്ള മുത്തിയാർകാവ് ഗോത്രാരാധനാകേന്ദ്രമായി പരിവർത്തനപ്പെട്ടതാവാം.

ഇരുമ്പുയുഗമെന്ന് വിശേഷിപ്പിക്കപ്പെടുന്ന കേരളത്തിലെ പെരുങ്കൽ കാലഘട്ടത്തിൻ്റെ നിലനിൽക്കുന്ന സ്മാരകങ്ങൾ നമ്മോട് സംസാരിക്കുന്നത് അമ്പതോളം തലമുറകൾക്ക് മുമ്പുണ്ടായിരുന്ന പൂർവ്വികരുടെ ജീവിതകഥകളാണ്. പൂർവ്വികരുടെ ആത്മാക്കൾക്ക് നാശമില്ല എന്നും ആ അദൃശ്യശക്തികളാണ് തങ്ങളെ സംരക്ഷിക്കുന്നതെന്നും വിശ്വസിച്ചിരുന്ന ശിലായുഗ മനുഷ്യരുടെ സംസ്കാരത്തിൻ്റെ തുടർച്ച ഇന്നും നമ്മുടെ ആചാരാനുഷ്ഠാനങ്ങളിൽ കാണാം. ഈജിപ്തിലെ പിരമിഡിലും തറവാട്ടുമുറ്റത്തെ അസ്ഥിത്തറയിലും കാലാതീതമായി നിലനിൽക്കുന്ന ഈ സംസ്കാരത്തിൻ്റെ ഏകതാനത അത്ഭുതത്തോടെ നമ്മുക്ക് ദർശിക്കാം. ആ ദൃശ്യപരിസരങ്ങളിലേയ്ക്കാവട്ടെ അടുത്ത ചരിത്ര സഞ്ചാരം.

Thanks for reading Historica! Subscribe for free to receive new posts and support my work.