വെമ്പലനാടിന്റെ സാംസ്കാരിക ചരിത്രം; തെക്കുംകൂറിന്റെയും വടക്കുംകൂറിന്റെയും
വെമ്പലനാട് ചരിത്രം - എപ്പിസോഡ് 1
കേരളചരിത്രത്തിൽ മങ്ങിയും മറഞ്ഞും അവ്യക്തമായി അവശേഷിക്കുന്ന വെമ്പലനാടിന്റെയും അതിൽനിന്ന് വഴിപിരിഞ്ഞ് പിൽക്കാലത്ത് പ്രബല നാട്ടുരാജ്യങ്ങളായി മാറിയ തെക്കുംകൂറിന്റെയും വടക്കുംകൂറിന്റെയും ഭൂതകാലത്തിലൂടെ ഒരു സഞ്ചാരമാണ് ഈ പോഡ്കാസ്റ്റ് പരമ്പരയിൽ ഉദ്ദേശിക്കുന്നത്.
തെക്ക് പമ്പയും വടക്ക് പെരിയാറും കിഴക്ക് സഹ്യപർവ്വതനിരയും പടിഞ്ഞാറ് വേമ്പനാട്ടു കായലും അതിരുതീർക്കുന്ന കേരളഭൂമിയുടെ ഈ മദ്ധ്യഖണ്ഡത്തിന് സ്വരൂപവാഴ്ചകളുടേതു മാത്രമല്ല, കടൽ കടന്നുള്ള സുഗന്ധവ്യഞ്ജന വ്യാപാരത്തിന്റെയും കൃഷിയുടെയും കുടിയേറ്റങ്ങളുടെയും നീണ്ട നാളത്തെ കഥകൾ പറയാനുണ്ട്. ഓരോ ദേശങ്ങളിലും അധിവസിച്ചുവരുന്ന വിവിധ ജനസമൂഹങ്ങളുടെ സാംസ്കാരികതയും പൈതൃകവും ദേശചരിത്രത്തിനൊപ്പം അനാവരണം ചെയ്യേണ്ടതുണ്ട്. അത്തരത്തിൽ പഴമയിലൂടെ ഊളിയിട്ട് ഒരു വിശാലമായ പ്രദേശത്തിന്റെ സാംസ്കാരിക തനിമയ്ക്ക് ആധാരമായ ചരിത്രഘടകങ്ങളെ കണ്ടെത്തുകയും സംവദിക്കുകയും ചെയ്യുക എന്നത് ചരിത്രരചനയിലെ ഒരു സർഗ്ഗപ്രക്രിയ കൂടിയാണ്.
വെമ്പലനാട് എന്ന ദേശനാമം ഭൂമിശാസ്ത്രപരമായി ഒരു പ്രത്യേക പ്രദേശത്തെ സൂചിപ്പിക്കുന്നതിനായി ഇന്ന് നിലവിലില്ലാത്തതിനാൽ പുതിയ തലമുറയിലെ ചിലർക്കെങ്കിലും അജ്ഞാതമായിരിക്കും.
നമ്മുടെ ചില സാഹിത്യകൃതികളിൽ വെമ്പലനാടിനെ കുറിച്ചുള്ള സൂചനകളുണ്ട്. 'വെമ്പലനാട്ടിലെ തമ്പുരാന്റെ തമ്പുരാട്ടിക്കൊരു കട്ടിൽ വേണം' എന്നു തുടങ്ങുന്ന, മഹാകവി ജി. ശങ്കരക്കുറുപ്പിന്റെ ചന്ദനക്കട്ടിൽ എന്ന പ്രശസ്തമായ കവിത മിക്കവരും കേട്ടിട്ടുണ്ടാവും. പുരാതനകാലത്ത് കടന്തേരി എന്നറിയപ്പെട്ടിരുന്ന കടുത്തുരുത്തി തലസ്ഥാനമായി നൂറ്റാണ്ടുകളോളം ഭരണം നടത്തിയിരുന്ന രാജവംശമാണ് വെമ്പൊലി നാട്ടുരാജാക്കന്മാരുടേത്. പ്രസ്തുത കവിതയിൽ ചന്ദനക്കട്ടിൽ വേണമെന്ന വെമ്പലനാട്ടിലെ റാണിയുടെ ആഗ്രഹം സാധിപ്പിക്കുന്നതിനായി രാജാവ് ആശാരിമാരെ വരുത്തി കട്ടിൽ പണിത് എത്തിക്കാൻ കല്പന നൽകുകയാണ്. അതിനായി ഉചിതമായ ചന്ദനമരം അന്വേഷിച്ച് നാടുകളും കാടുകളും കടന്ന് കിഴക്കൻമലയിലെത്തിയ ആശാരിമാർ അവിടെ ഒരു നല്ല ചന്ദനമരം കണ്ടെത്തി വെട്ടിയെടുക്കാൻ തീരുമാനിക്കുന്നു. എന്നാൽ കാടിന്റെ നടുവിലെ ആ മരത്തിന്റെ മുകളിൽനിന്ന് ഒരു മനുഷ്യശിശുവിന്റെ കരച്ചിൽ കേട്ടതോടെ ആശ്ചര്യവും ഒപ്പം ഭയവും അവരിലുണ്ടാകുന്നു. ധൈര്യം സംഭരിച്ച് അവരിലൊരാൾ ചന്ദനമരത്തിൽ കയറുകയും മരത്തിനു മുകളിലെ ഒരു പരുന്തിൻകൂട്ടിൽ പട്ടിൽ പൊതിഞ്ഞ ഒരു പെൺകുഞ്ഞിനെ കണ്ടെത്തുകയും ചെയ്യുന്നു. ആ കൈക്കുഞ്ഞിനെ താഴെയെത്തിച്ച ശേഷം അവർ മരം വെട്ടി ഉരുപ്പടിയാക്കി തിരിച്ചുപോരുകയും ചെയ്തു. കുഞ്ഞിനെ രാജസമക്ഷം കാഴ്ചവെച്ച ആശാരിമാർ വൈകാതെ മനോഹരമായ കൊത്തുപണികളോടുകൂടിയ ഒരു കട്ടിൽ നിർമ്മിച്ച് സമർപ്പിച്ച് പാരിതോഷികങ്ങൾ വാങ്ങി മടങ്ങി. പെൺകുഞ്ഞുങ്ങൾ ഇല്ലാതിരുന്ന രാജാവും രാജ്ഞിയും ഈ ശിശുവിനെ ഏറ്റെടുത്ത് സ്വന്തം മകളായി വളർത്താൻ തീരുമാനിച്ചു. ആരുടെയോ കളഞ്ഞുപോയ കുഞ്ഞിനെ ഒരു പെൺപരുന്ത് എടുത്തു കൊണ്ടുപോയി ചന്ദനമരത്തിന് മുകളിലെ തന്റെ കൂട്ടിൽ വളർത്തുകയായിരുന്നു ഉണ്ടായത്. ഇര തേടിപ്പോയിട്ട് തിരികെ വന്നപ്പോൾ കൂടിരുന്ന മരത്തെയും കുട്ടിയെയും കാണാതെ ദുഃഖിതയായ ആ പക്ഷിയമ്മ തന്റെ കുഞ്ഞിനെ തേടിയലഞ്ഞു. അവസാനം കടുത്തുരുത്തിയിലെ രാജധാനിയിൽ കുഞ്ഞുണ്ട് എന്ന്, ഉപേക്ഷിക്കപ്പെട്ട പട്ടുതുണി കണ്ട് അതിനു മനസിലായി. തന്റെ വളർത്തുമകളെ ഇനിയൊരിക്കലും തനിക്ക് തിരിച്ചുകിട്ടില്ല എന്നു ബോധ്യപ്പെട്ട പരുന്തമ്മ കൊട്ടാരപ്പടിയിൽ തലതല്ലി വീണു ചത്തു.
കാലങ്ങൾ കഴിഞ്ഞുപോയി; സുന്ദരിയായ രാജകുമാരി വളർന്നു യൗവനയുക്തയായി. അനുരൂപനായ ഒരു രാജകുമാരനുമായി കുമാരിയുടെ വിവാഹവും നടന്നു. ആദ്യരാവിൽ മണിയറ പൂകിയ വധൂവരൻമാർക്ക് ശയിക്കാൻ ഒരുക്കിയിരുന്നത് ആ പഴയ ചന്ദനക്കട്ടിലായിരുന്നു. നവവരനോടൊപ്പം കട്ടിലിൽ ഇരിക്കവേ തന്റെ വളർത്തമ്മയെക്കുറിച്ച് ഓർത്ത കുമാരിയുടെ കണ്ണുകളിൽ നിന്ന് രണ്ടു കണ്ണുനീർത്തുള്ളികൾ ചന്ദനക്കട്ടിലിൽ പതിച്ചു. വായിച്ചുതീരുമ്പോഴേക്കും അനുവാചകന്റെയും കണ്ണുകളിൽ ഈറനണിയിക്കാൻ പോന്ന ഹൃദയദ്രവീകരണശേഷിയുള്ള മികച്ച കവിതയാണ് ചന്ദനക്കട്ടിൽ. പ്രാദേശികമായി നിലവിലിരുന്ന ഒരു നാടോടിക്കഥയിൽ നിന്നാണ് ഈ പ്രമേയം മഹാകവി ജി കവിതയ്ക്കായി തെരഞ്ഞെടുത്തത്.
വെമ്പലനാട് എന്ന ദേശനാമം ഭൂമിശാസ്ത്രപരമായി ഒരു പ്രത്യേക പ്രദേശത്തെ സൂചിപ്പിക്കുന്നതിനായി ഇന്ന് നിലവിലില്ലാത്തതിനാൽ പുതിയ തലമുറയിലെ ചിലർക്കെങ്കിലും അജ്ഞാതമായിരിക്കും.
പതിനാലാം നൂറ്റാണ്ടിൽ അജ്ഞാത കർത്താവിനാൽ രചിക്കപ്പെട്ട 'ഉണ്ണുനീലിസന്ദേശം' എന്ന കാവ്യകൃതിയിൽ പഴയ വെമ്പൊലിനാടിന്റെ തലസ്ഥാനമായ കടുത്തുരുത്തിയെ വർണ്ണിക്കുന്നുണ്ട്. അന്നത് വെമ്പൊലിനാടിന്റെ പിന്മുറക്കാരായ വടക്കുംകൂറിന്റെ തലസ്ഥാനമാണ്. ഉണ്ണുനീലിസന്ദേശത്തിന്റെ ഇതിവൃത്തവും സ്ഥലനാമസൂചനകളും നഗരവർണ്ണനയുമൊക്കെ വടക്കുംകൂറിന്റെ ചരിത്രത്തിലേക്ക് എത്തുമ്പോൾ വിശദമായി പറയാം.
വെമ്പലനാടിന്റെ പ്രാചീനകാലത്തേയ്ക്ക് സഞ്ചരിച്ചാൽ അവ്യക്തമായ ധാരണകളേ നമുക്ക് ലഭ്യമാകൂ. അതാവട്ടെ പരിമിതമായ വാമൊഴിവഴക്കങ്ങളിലൂടെ നൂറ്റാണ്ടുകളായി നിലനിന്നു പോരുന്നതും. പ്രാചീനകേരളത്തിൽ ആദിചേരന്മാരുടെ മേൽക്കോയ്മയിൽ നിലവിലിരുന്ന വിവിധ നാട്ടുരാജ്യങ്ങളിലൊന്നായ കുട്ടനാടിന്റെ ഭാഗമായിരുന്നു വെമ്പലനാടും. വേണാട്, കർക്കരാനാട്, കുട്ടനാട്, കുടനാട്, പൂഴിനാട്..... എന്നിങ്ങനെ തുടരുന്ന നാടുകളിലൊന്ന്. ഒരിക്കൽ ചേരന്റെ ആസ്ഥാനം കൂടിയായിരുന്നത്രേ കുട്ടനാട്. എന്നാൽ വേമ്പനാട്ടുകായലിന്റെ തെക്കേ ഭാഗമായ ഇന്നത്തെ കുട്ടനാടല്ല ഇവിടെ കുട്ടനാട് എന്നതുകൊണ്ട് ഉദ്ദേശിക്കുന്നത്. മറിച്ച് പെരിയാറിനും പമ്പയ്ക്കുമിടയിലുള്ള പ്രദേശങ്ങളെയാകെയാണ്.
ഒന്നാം നൂറ്റാണ്ടിലെ പ്ലിനി എന്ന റോമൻ പണ്ഡിതന്റെ വിശ്വവിജ്ഞാനകോശത്തിലും ടോളമി എന്ന ഭൂമിശാസ്ത്രപണ്ഡിതന്റെ പഠനങ്ങളിലും കേരളതീരത്തെ വാണിജ്യപ്രാധാന്യമുള്ള തുറമുഖങ്ങളെ പറ്റിയുള്ള സൂചനകളുണ്ട്. കൂടാതെ ചെങ്കടൽ എന്നറിയപ്പെടുന്ന എറിത്രിയൻ കടലിൽ നിന്ന് തീരം ചേർന്ന് കടലിലൂടെ സഞ്ചരിച്ച്, ഏഷ്യൻ ഭൂഖണ്ഡത്തിന്റെ തെക്കൻ തീരങ്ങളിലെ തുറമുഖങ്ങളും വ്യാപാരകേന്ദ്രങ്ങളും സന്ദർശിച്ച്, ചൈനയുടെ കിഴക്കേ തീരം വരെ എത്തുന്ന വിധം കപ്പൽ സഞ്ചാരികളായ വ്യാപാരികൾക്കായി, അജ്ഞാത കർത്താവിനാൽ രചിക്കപ്പെട്ട 'പെരിപ്ലസ് ഓഫ് ദി എറിത്രിയൻ സീ' എന്ന കൈപ്പുസ്തകത്തിലും അന്നത്തെ കേരളത്തിലെ പ്രാചീന തുറമുഖനഗരങ്ങളായ തിണ്ടിസ് - അതായത് ഇന്നത്തെ പന്തലായനി കൊല്ലം, മുസിരിസ് - അതായത് ഇന്നത്തെ കൊടുങ്ങല്ലൂർ, സെമ്നെ - അതായത് ഇന്നത്തെ ചെമ്പ്, കൊരയുറ - അതായത് ഇന്നത്തെ കോട്ടയം, ബെറാക്കേ - അതായത് ഇന്നത്തെ പുറക്കാട്, നെൽക്കിണ്ട- അതായത് നിരണത്തിന് കിഴക്കുള്ള നാക്കിട, ബലിത എന്ന വർക്കല, കൊമരി എന്ന കന്യാകുമാരി എന്നിവയെല്ലാം കടന്നുവരുന്നുണ്ട്. അവിടെയൊക്കെയും എന്തെല്ലാം വാങ്ങാൻ കഴിയുമെന്നും വിൽക്കാൻ കഴിയുമെന്നും വിശദികരിക്കുന്നുണ്ട്. അതതു പ്രദേശങ്ങളിലെ ഭരണകർത്താക്കളെ പറ്റിയും സൂചനകളുണ്ട്. ഈ തുറമുഖങ്ങൾ കൃത്യമായി എവിടെയാണ് എന്നതിൽ ചരിത്രകാരന്മാർക്കിടയിൽ അഭിപ്രായ വ്യത്യാസവുമുണ്ട്.
പതിനാലാം നൂറ്റാണ്ടിൽ അജ്ഞാത കർത്താവിനാൽ രചിക്കപ്പെട്ട 'ഉണ്ണുനീലിസന്ദേശം' എന്ന കാവ്യകൃതിയിൽ പഴയ വെമ്പൊലിനാടിന്റെ തലസ്ഥാനമായ കടുത്തുരുത്തിയെ വർണ്ണിക്കുന്നുണ്ട്.
ക്രിസ്തുവർഷം ആദ്യ ശതകങ്ങളിലുണ്ടായ ഈ ഗ്രന്ഥങ്ങളിലൊക്കെയും പമ്പയോടു ചേർന്ന ഭൂഭാഗം പാണ്ഡ്യന്മാരുടെ അധീനതയിലാണ് എന്നാണ് കാണുന്നത്. മൂവേന്തന്മാർ എന്നറിയപ്പെട്ടിരുന്ന ചേര-ചോള-പാണ്ഡ്യ സാമ്രാട്ടുകളും തെക്ക് ആയിവംശം, വടക്ക് മൂഷികവംശം എന്നിവരുമാണ് പ്രാചീന കേരളത്തിലെ പ്രബലശക്തികളായിരുന്നത്. വിവിധ നാട്ടുരാജ്യങ്ങളുടെ മേലുള്ള മൂവേന്തന്മാരുടെ അധീശത്വം ഓരോ കാലത്തും മാറിയും മറിഞ്ഞുമിരുന്നു. ചേരന്മാരുടെ കുട്ടനാട് മറ്റൊരു കാലത്ത് പാണ്ഡ്യന്മാരുടെ കൈവശം ഇരിക്കുന്നതായാണ് കാണാൻ കഴിയുന്നത്.
കേരളത്തിൽ ഏറ്റവും വലിയ ജലാശയമായ വേമ്പനാട്ടു കായൽ അക്കാലത്ത് ഉൾക്കടലായിരുന്നുവെന്നാണ് ചരിത്രകാരൻമാരുടെയും ഭൂവിജ്ഞാനീയ വിദഗ്ദ്ധരുടെയും അഭിപ്രായം. ആലപ്പുഴ മുതൽ അരൂർ വരെ നീളുന്ന കരപ്പുറം, ഭൂഭ്രംശമോ പ്രളയമോ ഹേതുവായി ഏതോ കാലത്ത് കടൽ ഉൾവലിഞ്ഞ്, കരവച്ചോ എക്കലടിഞ്ഞോ രൂപം പ്രാപിച്ചതാവാമെന്നാണ് നിഗമനം. പടിഞ്ഞാറ് കടൽ തീരവും, കിഴക്ക് കായൽ തീരവുമായി ഇന്നത്തെ ആലപ്പുഴ മുതൽ അരൂർ വരെ നീണ്ട ഉപദ്വീപ് ഉണ്ടായി എന്നു ചുരുക്കം. പഴയ കരയോട് ചേർന്നു കിടന്ന ഭാഗങ്ങളിൽ നദികൾ നിക്ഷേപിച്ച എക്കൽമണ്ണ് അടിഞ്ഞ് കായലിന്റെ ആഴം കുറയുകയും കുട്ടനാടൻ കൃഷിഭൂമികൾ രൂപപ്പെടുകയും ചെയ്തു.
വേമ്പനാട്ടുകായലിന് ആ പേര് സിദ്ധിച്ചത് വേമ്പൻ എന്ന പാണ്ഡ്യരാജാവിൽ നിന്നാണത്രേ. വേപ്പ്മരം കൊടിയടയാളമാക്കിയ വേമ്പൻ ഈ പ്രദേശമാകെ അടക്കി ഭരിച്ചിരുന്നുവെന്നും ചിലർ പറയുന്നു. വെമ്പൊലിനാടിന്റെ പടിഞ്ഞാറേ അതിരു തീർക്കുന്നത് വേമ്പനാട്ടു കായലായതിനാൽ ഈ രണ്ടു നാമങ്ങളും പരസ്പരം ബന്ധപ്പെട്ടതാണെന്നു കരുതുന്നതിൽ തെറ്റില്ല. വേമ്പനാട്ടുകായലിന് വേമ്പനിൽ നിന്നാണ് പദനിഷ്പത്തി എങ്കിൽ വെമ്പൊലിനാടിന്റെ പേരും പാണ്ഡ്യരാജാവായ വേമ്പനിൽ നിന്നാവാം എന്ന വാദത്തിനും പ്രസക്തി ഇല്ലാതില്ല. വെമ്പൊലിനാട് എന്നതു കൂടാതെ വെൺപൊലിനാട്, വെമ്പലനാട് എന്നിങ്ങനെയും ചരിത്രരേഖകളിൽ പരാമർശിക്കാറുണ്ട്. വെമ്പൊലിനാടിനെ ബിംബലിദേശം എന്നും വെമ്പൊലിനാട്ടു രാജാക്കന്മാരെ ബിംബലീശന്മാർ എന്നും ചില സാഹിത്യകൃതികളിൽ സംസ്കൃതത്തിൽ രേഖപ്പെടുത്തിയിരിക്കുന്നു. ഈ രാജവംശത്തിന്റെ ഉത്ഭവം ഏതു കാലഘട്ടത്തിലാണ് എന്നതിന് വ്യക്തമായ ധാരണകളില്ല. എന്നാൽ പെരുമാൾ വാഴ്ച ആരംഭിക്കുന്ന ഒമ്പതാം നൂറ്റാണ്ടിൽ തന്നെ വെമ്പൊലിനാട് കേൾവി കേട്ട നാട്ടുരാജ്യങ്ങളിലൊന്നായിരുന്നു.
പ്രാചീനകേരളത്തിൽ ആദിചേരന്മാരുടെ മേൽക്കോയ്മയിൽ നിലവിലിരുന്ന വിവിധ നാട്ടുരാജ്യങ്ങളിലൊന്നായ കുട്ടനാടിന്റെ ഭാഗമായിരുന്നു വെമ്പലനാടും. വേണാട്, കർക്കരാനാട്, കുട്ടനാട്, കുടനാട്, പൂഴിനാട്..... എന്നിങ്ങനെ തുടരുന്ന നാടുകളിലൊന്ന്.
പാണ്ഡ്യന്മാരുടെയും ചേരൻമാരുടെയും വെമ്പൊലിനാടിൻ മേലുള്ള മേൽക്കോയ്മ മാറിമാറി വന്നിരുന്നു എന്നത് ഉറപ്പാണ്. അങ്ങനെയെങ്കിൽ മൂവേന്തന്മാരുമായി ബന്ധുത്വവും വെമ്പൊലിരാജാക്കന്മാർക്ക് ഉണ്ടായിരിക്കണം. നായർ നാടുവാഴികളായിരിക്കാം ഈ രാജവംശത്തിന്റെ പൂർവ്വികർ. കേരളത്തിലെ നാട്ടുരാജ്യങ്ങളൊക്കെയും ഒരുകാലത്ത് ഭരിച്ചിരുന്നത് നായർ ഭൂപ്രഭുക്കന്മാരായിരുന്നു. മൂവേന്തമാരുമായുണ്ടായ സമ്പർക്കത്തിൽ രാജത്വം സിദ്ധിച്ചവരിൽ ചിലരെങ്കിലും ബ്രാഹ്മണർ നിശ്ചയിച്ച വർണ്ണവ്യവസ്ഥിതിയിലെ ക്ഷത്രിയരായി മാറാൻ താൽപ്പര്യം കാണിച്ചില്ല. ഹിരണ്യഗർഭധാനം എന്ന ചെലവേറിയ യാഗത്തിലൂടെ കൃത്രിമമായി ക്ഷത്രിയത്വം നേടിയ രാജവംശങ്ങളുടെ കഥയും നമ്മൾ കേരളചരിത്രത്തിൽ കാണുന്നുണ്ട്. എന്നാൽ വെമ്പൊലിനാട്ടു രാജാക്കന്മാരും ഏറാൾപ്പാട് എന്നറിയപ്പെട്ട കോഴിക്കോട് സാമൂതിരിയും ബ്രാഹ്മണർക്ക് വിധേയരാകാതെ പൈതൃകമായി ലഭിച്ച രാജത്വത്തെ ക്ഷത്രിയത്വമായി കരുതിപ്പോന്നവരാണ്. വെമ്പൊലിനാടിന്റെ പിൻമുറക്കാരായ വടക്കുംകൂറിലേയും തെക്കുംകൂറിലേയും രാജാക്കന്മാരും, സാമൂതിരിയും പൂണൂൽ ധരിക്കാറില്ലാത്തത് ബ്രാഹ്മണർ കല്പിച്ചു നൽകിയ ക്ഷത്രിയത്വമല്ല തങ്ങളുടേത് എന്നതിനാലാവാം.
രാജാക്കന്മാർ എന്ന സംബോധന കേട്ട് സാമ്രാജ്യങ്ങൾ അടക്കിവാണ വീരശൂരപരാക്രമികളായ രാജാക്കന്മാരെ പോലെയോ ഇതിഹാസപുരാണങ്ങളിൽ കാണാറുള്ള, പളപളപ്പുള്ള വസ്ത്രങ്ങളും, ആഭരണാലങ്കാരങ്ങളും, അന്തപ്പുരത്തിൽ നിറയെ പരിചാരകരും പരിവാരങ്ങളുമുള്ള രാജാക്കന്മാരായി കരുതരുത്. ഇന്നത്തെ ഒന്നോ രണ്ടോ ജില്ലയുടെ വിസ്തീർണ്ണമുള്ളതാണ് ഒരു നാട്ടുരാജ്യം. ഓരോ രാജ്യത്തും ജനസംഖ്യയാകട്ടെ വളരെ കുറവ്. ഒരു അതിർത്തിയിൽ നിന്ന് മറ്റൊരതിർത്തിയിലേക്ക് മലകളും കാടുകളും പുഴകളും തോടുകളും താണ്ടി എത്തണമെങ്കിൽ ദിവസങ്ങളെടുക്കും. സ്വയംഭരണാധികാരം ഏറെക്കുറെയുള്ളതിനാൽ അരചൻ എന്നു പറയാം. കോയിൽ അധികാരികൾ എന്നാണ് രാജാവ് ഔദ്യോഗികമായി അറിയപ്പെടുന്നത്. നാട്ടുകാർ വലിയ തമ്പുരാൻ എന്നോ സംബോധന ചെയ്യും. കൊട്ടാരം പനയോല മേഞ്ഞ എട്ടുകെട്ടോ പതിനാറു കെട്ടോ മാളികപ്പുരയോ ആവാം. വേഷം വേഷ്ടിയും, പട്ടിൽ ചിത്രപ്പണി ചെയ്ത രണ്ടാം മുണ്ടും, കാതിലെ കടുക്കനും, കല്ലുവെച്ച ചില ഹാരങ്ങളും കടകവും മാത്രമായിരിക്കും. ഓരോ കാലത്തും അല്പസ്വല്പം പരിഷ്കാരം ഉണ്ടായിരിക്കും. അല്ലാതെ നോക്കിയാൽ ഒരു സാധാരണ നാടുവാഴിയിൽ നിന്ന് വലിയ വ്യത്യസ്തനൊന്നുമായിരുന്നില്ല രാജാവ്. രാജാവ് എന്ന പദം തന്നെ 'the local King' എന്ന യൂറോപ്യൻമാരുടെ പരാമർശത്തിൽ നിന്നാണ് എടുത്തിരിക്കുന്നത്.
ഒമ്പതാം നൂറ്റാണ്ടിലെ നെടുമ്പുറം ശാസനത്തിൽ പരാമർശിക്കുന്ന കോതരവി എന്ന ചേരപ്പെരുമാളെ 'വെമ്പലനാട്ടുടയൻ' എന്ന് വിശേഷിപ്പിക്കുന്നതിൽ നിന്ന്, അദ്ദേഹം വെമ്പലനാട്ടിലെ രാജാവ് കൂടിയായിരുന്നെന്നു കരുതാം. അങ്ങനെയെങ്കിൽ അദ്ദേഹത്തിന്റെ പിതൃവഴി കുലശേഖരപാരമ്പര്യവും മാതൃവഴി ബിംബലീശപാരമ്പര്യവും ആയിരുന്നിരിക്കാം.
വെമ്പൊലിനാട്ടു രാജാക്കൻമാർ പൊതുവേ മണികണ്ഠൻമാർ എന്ന വിശേഷനാമത്തോടെയാണ് അറിയപ്പെട്ടിരുന്നത്. ശാസ്താവായിരുന്നു ഇവരുടെ കുലദൈവം. എല്ലാ പുരുഷപ്രജയെയും മണികണ്ഠൻ എന്നു പേർ ചൊല്ലി വിളിക്കും. അധികാരസ്ഥാനത്ത് എത്തുമ്പോൾ സൂര്യന്റെ പര്യായമായ ആദിത്യൻ, ഇരവി, മാർത്താണ്ഡൻ, ഉദയ മാർത്താണ്ഡൻ എന്നിവ കൂടാതെ കോത, ശ്രീകണ്ഠൻ, കേരളൻ, രാമൻ എന്നീ പേരുകളും സ്വീകരിക്കാറുണ്ട്.
വെമ്പൊലിനാട്ടു രാജാക്കൻമാർ പൊതുവേ മണികണ്ഠൻമാർ എന്ന വിശേഷനാമത്തോടെയാണ് അറിയപ്പെട്ടിരുന്നത്. ശാസ്താവായിരുന്നു ഇവരുടെ കുലദൈവം. എല്ലാ പുരുഷപ്രജയെയും മണികണ്ഠൻ എന്നു പേർ ചൊല്ലി വിളിക്കും. അധികാരസ്ഥാനത്ത് എത്തുമ്പോൾ സൂര്യന്റെ പര്യായമായ ആദിത്യൻ, ഇരവി, മാർത്താണ്ഡൻ, ഉദയ മാർത്താണ്ഡൻ എന്നിവ കൂടാതെ കോത, ശ്രീകണ്ഠൻ, കേരളൻ, രാമൻ എന്നീ പേരുകളും സ്വീകരിക്കാറുണ്ട്. വെമ്പൊലിനാട് പന്ത്രണ്ടാം നൂറ്റാണ്ടിന്റെ തുടക്കത്തിൽ ഭരണസൗകര്യത്തിനായി തെക്കുംകൂർ, വടക്കുംകൂർ എന്നിങ്ങനെ രണ്ടായി പിരിഞ്ഞു.
വെമ്പൊലിനാടിന്റെ പൂർവ്വചരിത്രത്തിലേക്കുള്ള എത്തിനോട്ടമാണ് അടുത്ത ഭാഗം. തെക്കുംകൂറിനെയും വടക്കുംകൂറിനെയും കുറിച്ച് തുടർന്നുള്ള ഭാഗങ്ങളിൽ വിശദമായി പറയാം. വെമ്പൊലനാടുൾപ്പെടുന്ന മദ്ധ്യകേരളത്തിന്റെ ചരിത്രാതീതകാലത്തേക്ക് വെളിച്ചം വീശുന്ന നിരവധി കണ്ടെത്തലുകൾ ഉണ്ടായിട്ടുണ്ട്. അവയ്ക്ക് തെളിവുസാമഗ്രിയായി പലയിടങ്ങളിൽ നിന്നും മഹാശിലായുഗത്തിന്റെ അവശേഷിപ്പുകൾ കണ്ടെടുത്തിട്ടുമുണ്ട്.
കേരളത്തിലെ പഴയ ചില ഹിന്ദുത്തറവാടുകളുടെ മുറ്റത്തോടു ചേർന്ന് അസ്ഥിത്തറകൾ കാണാറുണ്ട്. ചരിത്രാതീതകാലം മുതൽ തുടരുന്ന പൂർവ്വികാരാധനയുടെ അവസാന കണ്ണിയാണ് ഈ ആചാരം. രണ്ടായിരം വർഷങ്ങൾക്കു മുമ്പ് കേരളത്തിൽ നിലനിന്നിരുന്ന ഇരുമ്പുയുഗത്തിന്റെ തെളിവായി കണ്ടെത്തിയ മുനിയറകളും അസ്ഥിത്തറയുടെ പൂർവ്വരൂപമായി കണക്കാക്കാം. ഇത്തരം വിശേഷങ്ങൾ ഉൾപ്പെടുന്ന കേരളത്തിന്റെ ചരിത്രാതീതകാലത്തെ തേടി പിന്നോട്ടൊരു സഞ്ചാരമാകട്ടെ അടുത്ത പോഡ്കാസ്റ്റ്. നന്ദി, നമസ്കാരം.