അന്ധവിശ്വാസം; അനന്തവിശ്വാസം
'ശരിക്കും നിലനില്ക്കുന്നതല്ലാത്ത കാര്യങ്ങളെക്കുറിച്ച് സംസാരിക്കുന്നതിനും അസാദ്ധ്യമായ ആറ് കാര്യങ്ങള്‍ പ്രാതലിനു മുമ്പ് വിശ്വസിക്കുന്നതിനും ഹോമോ സാപിയന്‍സിനു കഴിയും എന്നു പറയാന്‍ താരതമ്യേന എളുപ്പമാണ്.' - യുവാല്‍ നോവാ ഹരാരി, സാപിയന്‍സ്
നമ്മുടെ ഭാഷയും വിശ്വാസങ്ങളും വേര്‍പ്പെടുത്താന്‍ സാധിക്കാത്ത വിധം ബന്ധപ്പെട്ട് കിടക്കുന്നു. നമ്മുടെ ഭാഷ സമ്പന്നമായി വളര്‍ന്നത് എപ്രകാരമാണ് എന്ന് വിശദീകരിക്കുന്നതിനായി ഒരുപാട് സിദ്ധാന്തങ്ങള്‍ നിലവില്‍ ഉണ്ട്. എന്നാല്‍ നമ്മെ വിശ്വാസങ്ങളിലേക്ക് നയിച്ച, ഭാഷയുടെ സവിശേഷത എന്താണ്? നമ്മുടെ ചുറ്റുപ്പാടിനെ പറ്റിയുള്ള അറിവുകള്‍ കൈമാറ്റം ചെയ്യുന്നതിലുപരിയായി, യാഥാര്‍ത്ഥ്യമല്ലാത്ത കാര്യങ്ങളെ പറ്റിയുള്ള വിവരങ്ങള്‍ പകരാനുള്ള കഴിവാണ് ആ സവിശേഷത. നേരിട്ട് കണ്ടിട്ടില്ലാത്ത, തൊട്ടിട്ടില്ലാത്ത, അനുഭവിച്ചിട്ടില്ലാത്ത കാര്യങ്ങളെ പറ്റി സംസാരിക്കാനുള്ള കഴിവില്‍ നിന്നാണ് കഥകളും, ഇതിഹാസങ്ങളും, ഐതിഹ്യങ്ങളും, മതങ്ങളും, ദൈവങ്ങളും ഉണ്ടായത്. മനുഷ്യ ഭാഷയുടെ ഏറ്റവും വലിയ സവിശേഷത സങ്കല്പകഥകളെ പറ്റി പറയാനുള്ള കഴിവാണ്.
നിലവില്‍ ഇല്ലാത്ത കാര്യങ്ങളെ കുറിച്ച് സംസാരിക്കാനും അത്തരം കാര്യങ്ങളില്‍ വിശ്വസിക്കാനും ഉള്ള കഴിവ് നമ്മള് മനുഷ്യര്‍ക്ക് മാത്രമാണുള്ളത് എന്ന് പറഞ്ഞാല്‍ ശരിവയ്ക്കാതെ തരമില്ല. നമ്മുടെ നിത്യജീവിതത്തില്‍ അപ്രകാരമുള്ള പല വിശ്വാസങ്ങളും നമ്മള് പിന്തുടരുന്നുണ്ട്. ഇതിലൊന്നും വിശ്വാസമില്ലെങ്കില്‍ കൂടി, ഇവ നമുക്ക് സുപരിചിതമാണെന്നതില് തര്‍ക്കമില്ല. നമ്മുടെ ചുറ്റിലും അത്രമാത്രം അന്ധവിശ്വാസങ്ങള്‍ നിറഞ്ഞിരിക്കുന്നതിനാല്‍ ഇത് കേട്ട്ക്കൊണ്ടിരിക്കുന്ന നിങ്ങള്‍ ഈ നിമിഷം അതില്‍ ഒന്ന് ലംഘിക്കുകയാകാം ആകാതിരിക്കാം.
നമ്മുടെ ചുറ്റുപ്പാടിനെ പറ്റിയുള്ള അറിവുകള്‍ കൈമാറ്റം ചെയ്യുന്നതിലുപരിയായി, യാഥാര്‍ത്ഥ്യമല്ലാത്ത കാര്യങ്ങളെ പറ്റിയുള്ള വിവരങ്ങള്‍ പകരാനുള്ള കഴിവാണ് ആ സവിശേഷത. നേരിട്ട് കണ്ടിട്ടില്ലാത്ത, തൊട്ടിട്ടില്ലാത്ത, അനുഭവിച്ചിട്ടില്ലാത്ത കാര്യങ്ങളെ പറ്റി സംസാരിക്കാനുള്ള കഴിവില്‍ നിന്നാണ് കഥകളും, ഇതിഹാസങ്ങളും, ഐതിഹ്യങ്ങളും, മതങ്ങളും, ദൈവങ്ങളും ഉണ്ടായത്. മനുഷ്യ ഭാഷയുടെ ഏറ്റവും വലിയ സവിശേഷത സങ്കല്പകഥകളെ പറ്റി പറയാനുള്ള കഴിവാണ്
ഉദാഹരണത്തിന്, സന്ധ്യക്ക് ശേഷം നഖം വെട്ടുന്നതോ, കട്ടിളപടിയില്‍ ഇരിക്കുന്നതോ വീട്ടില്‍ കടബാധ്യത ഉണ്ടാകാന്‍ കാരണമാകും എന്ന് കേട്ടിട്ടില്ലെ? ഇതിന് പിന്നില്‍ ശാസ്ത്രീയമായ കാരണങ്ങള്‍ ഒന്നും തന്നെ കണ്ടെത്താന്‍ സാധിക്കുകയില്ലെങ്കില്‍ കൂടി എന്തോ നിര്‍ബന്ധം ഉള്ള പോലെ നമ്മള് ഇവ പിന്തുടരുകയും കൈമാറ്റം ചെയ്യുകയും ചെയ്യുന്നു. നമ്മുടെ ദൈനംദിന ജീവിതത്തില്‍ അറിഞ്ഞോ അറിയാതെയോ നമ്മള് പിന്തുടരുന്ന ഇത്തരം അന്ധവിശ്വാസങ്ങള്‍ക്ക് പിന്നില്‍ എന്തായാലും ഒരു കാരണം ഉണ്ടാകും. ഈ വിചിത്രമായ ശീലങ്ങള്‍ക്ക് പിന്നിലുള്ള കാരണങ്ങള്‍ അറിയാനുള്ള ഏറ്റവും നല്ല മാര്‍ഗ്ഗം അത്രയും തന്നെ വിചിത്രമായ അവയുടെ ഉത്ഭവങ്ങള്‍ അറിയുക എന്നതാണ്.
ആദിമ മനുഷ്യന് ഭക്ഷ്യ ശൃംഖലയുടെ നടുവിലായി നിലനിന്നിരുന്ന സമയം. ഹോമോ സാപിയന്‍സ് എന്ന മനുഷ്യവര്‍ഗ്ഗത്തിന്റെ മസ്തിഷ്ക്കത്തില്‍ ഉണ്ടായ പരിവര്‍ത്തനങ്ങള്‍ മൂലം, അവര്‍ കഴിവുകള്‍ വര്‍ദ്ധിച്ച് ഭക്ഷ്യ ശൃംഖലയില്‍ ഏറ്റവും മുകളില്‍ എത്തപ്പെട്ടു. പെട്ടന്നുണ്ടായ ഈ മാറ്റങ്ങളില്‍ പകച്ച് പോയ സാപിയന്‍സിന് മാറിയ സാഹചര്യവുമായി പൊരുത്തപ്പെട്ടു പോകാന്‍ സമയമെടുത്തു. മറ്റ് മനുഷ്യ വര്‍ഗ്ഗങ്ങളേയും മൃഗങ്ങളേയും അപേക്ഷിച്ച്, സാപിയന്‍സ് മാനസികമായി ബലവാന്മാരാകുകയും എന്നാല്‍ ശാരീരികമായി മറ്റുള്ളവയേക്കാള്‍ ദുര്‍ബലരായി തുടരുകയും ചെയ്തിരുന്നു. ഈ സാഹചര്യത്തില്‍ നിന്ന് ഉടലെടുത്ത അരക്ഷിതാവസ്ഥയില്‍ നിന്നുണ്ടായ, പേടിയില്‍ നിന്ന് മുക്തി നേടാനായി അവര്‍ ചില പ്രവര്‍ത്തികളില്‍ വിശ്വസിക്കാന്‍ തുടങ്ങി. അത്തരം വിശ്വാസങ്ങള്‍ പാലിക്കുന്നത് വഴി അപകടങ്ങളില്‍ നിന്ന് രക്ഷ നേടാമെന്നവര്‍ ഉറച്ച് വിശ്വസിച്ചു. ഇവ കാലം മാറുന്നതനുസരിച്ച് ചില മാറ്റങ്ങളോടെ ഇന്നും അന്ധവിശ്വാസങ്ങളായി നിലനിന്നു പോരുകയും കൈമാറ്റം ചെയ്യപ്പെടുകയും ചെയ്യുന്നു.
അമാനുഷികതയില് അധിഷ്ഠിതമായി നിലനില്ക്കുന്നവയായതിനാല് തന്നെ പല അന്ധവിശ്വാസങ്ങളുടെയും തുടക്കം മതങ്ങളില്‍ നിന്നാണ്
അമാനുഷികതയില് അധിഷ്ഠിതമായി നിലനില്ക്കുന്നവയായതിനാല് തന്നെ പല അന്ധവിശ്വാസങ്ങളുടെയും തുടക്കം മതങ്ങളില്‍ നിന്നാണ്. നമ്മുടെ ജീവിതവുമായി ബന്ധപ്പെട്ട ഒരു നല്ലവിശേഷം പങ്ക് വയ്ക്കുമ്പോഴോ ഭാവിയില്‍ ചെയ്യാന്‍ ഉദ്ദേശിക്കുന്ന ഒരു കാര്യം പറയുമ്പോഴോ ചിലര്‍ 'ടച്ച് വുഡ്' എന്ന് പറഞ്ഞ് മരത്തിലോ മരം കൊണ്ട് നിര്‍മ്മിച്ച വസ്തുക്കളിലോ തൊടാറുണ്ട്. എന്തിനാണ് ഇങ്ങനെ ചെയ്യുന്നത് എന്ന ചോദ്യത്തിന് ആഗ്രഹിക്കുന്നതിന്റെ വിപരീതഫലം ഉണ്ടാകാതിരിക്കാനോ, അനര്‍ത്ഥം സംഭവിക്കാതിരിക്കാനോ വേണ്ടിയാണെന്നാകും നമ്മുക്ക് ലഭിക്കുന്ന ഉത്തരം. എന്നാല്‍ 'ടച്ച് വുഡ്' എന്ന് പറഞ്ഞ് മരത്തില്‍ തൊട്ടാല്‍ എങ്ങനെയാണ് അനര്‍ത്ഥം വഴിമാറി പോകുന്നത് എന്നൊരു സംശയം തികച്ചും സ്വാഭാവികമാണ്. ഈ വിശ്വാസത്തിന്റെ ഉത്ഭവം പണ്ട് പണ്ട് വളരേ പണ്ട് ക്രിസ്തുമതത്തിനും മുമ്പ് നിലനിന്നിരുന്ന പേഗന്‍ മതങ്ങളുമായി ബന്ധപ്പെട്ടിരിക്കുന്നു. ഇന്നത്തെ പോലെ തന്നെ മനുഷ്യര്‍ തങ്ങളുടെ ഭയത്തില്‍ നിന്നും രക്ഷപ്പെടാനായി ദൈവാരാധനയും വിഗ്രഹാരാധനയുമായി നടന്നിരുന്ന കാലം. അന്നത്തെ മനുഷ്യര്‍ മരങ്ങളെ നിരവധി ആത്മാക്കളുടെ പാര്‍പ്പിടമാണെന്ന് വിശ്വസിച്ചു പോന്നിരുന്നതായി പുരാതന ഇന്‍ഡോ യൂറോപ്പിയന്‍ നാടോടി കഥകളില്‍ പറയപ്പെടുന്നു. തനിക്ക് നേരെ വരുന്ന ശാപങ്ങളേയും നിര്‍ഭാഗ്യങ്ങളേയും തന്നില്‍ നിന്നകറ്റാനായി അവര്‍ കണ്ടെത്തിയ മാര്‍ഗ്ഗമായിരുന്നു മരത്തില്‍ കുടിയിരിക്കുന്ന ദൈവത്തിനോട് അനുഗ്രഹം ചോദിക്കുന്നത്. അതിനായി കൈകൊണ്ട് മരത്തില്‍ മുട്ടും. മുട്ടുവിന്‍ തുറക്കപ്പെടും എന്ന ബൈബിള്‍ വചനത്തെ അന്വര്‍ത്ഥമാക്കുന്ന രീതിയില്‍ മരത്തില്‍ കുടിക്കൊള്ളുന്ന ദൈവം പുറത്ത് വന്ന് കാരണം അന്വേഷിക്കുകയും മനുഷ്യന് തന്റെ ദുഖം പറയുന്ന മാത്രയില്‍ ദൈവം തന്റെ അനുഗ്രഹത്താല്‍ ആ മനുഷ്യന് നേരെ വരുന്ന ദുഷ്ടശക്തികളെ തുരത്തും എന്നുമായിരുന്നു വിശ്വാസം.
ഇന്ന് നമ്മള് സയന്റിഫിക്ക് ടെമ്പര്മന്റ് മുറുകെ പിടിക്കുന്ന ആധുനിക മനുഷ്യര്‍ ആയതിനാലും മരത്തില്‍ ചെന്ന് മുട്ടുന്നതിനേക്കാള്‍ എളുപ്പം മരം കൊണ്ട് നിര്‍മ്മിച്ച അടുത്തിരിക്കുന്ന മേശയിലോ കസേരയിലൊ തൊടുന്നതായതിനാലും ചെറിയ ചില മാറ്റങ്ങളോടെ ഇന്നും യാതൊരു യുക്തിയുമില്ലാത്ത ഈ പ്രവൃത്തി തുടരുന്നു. ഒന്നാലോചിച്ചു നോക്കിയാല്‍, ലക്ഷക്കണക്കിന് വര്‍ഷങ്ങള്‍ക്ക് മുമ്പ് ജീവിച്ചിരുന്ന നമ്മുടെ പൂര്‍വികരുടെ സവിശേഷതകള്‍ അത്രയും തന്നെ വര്‍ഷങ്ങള്‍ക്ക് ശേഷം ഇന്നും നമ്മളില്‍ നിലനില്ക്കുന്നതിന്റെ തെളിവുകള്‍ കൂടിയാണ് ഇത്തരം വിശ്വാസങ്ങള്‍ എന്ന് വേണം കരുതാന്‍.
13 എന്ന അക്കത്തിനോട് പൊതുവായുള്ള വിരോധത്തിന്റെ ഉറവിടം ക്രിസ്തുവിന്റെ കുരിശുമരണത്തോട് ബന്ധപ്പെട്ട് കിടക്കുന്ന ഒന്നാണ്. ക്രിസ്തു, തന്റെ പന്ത്രണ്ട് ശിഷ്യന്മാരോടൊത്ത് മേശക്ക് ചുറ്റുമിരുന്ന് അവസാനത്തെ അത്താഴം കഴിച്ചതിന് ശേഷമാണ് പിടിക്കപ്പെടുന്നതും കുരിശുമരണത്തിന് വിധേയനാകുന്നതും. ഈ സംഭവമാണ് മേശക്ക് ചുറ്റും 13 പേര് ഇരിക്കുന്നതും, മീറ്റിങ്ങുകളില്‍ 13 പേര് സംബന്ധിക്കുന്നതും അശുഭം ആയി കാണാന്‍ കാരണം. ആ വിശ്വാസം 13 എന്ന സംഖ്യ തന്നെ അശുഭമാണെന്ന രീതിയിലേക്ക് പിന്നീട് മാറി. ഇപ്രകാരം, 13 എന്ന സംഖ്യയോടുള്ള പേടിയെ പറയുന്ന പേരാണ് ട്രിസ്കൈടെക്കഫോബിയ. ഈ പേടി ലോകത്താകമാനം പടര്‍ന്ന് കിടക്കുന്നതിനാല്‍ ലോകമെമ്പാടുമുള്ള കെട്ടിടങ്ങളില്‍ 13ആം നില തന്നെ വേണ്ടെന്ന് വയ്ക്കാന്‍ കാരണമായിട്ടുണ്ട്.
ഒരുപാട് മനുഷ്യര്‍ക്കും അന്ധവിശ്വാസങ്ങള്‍ ബോധപൂര്‍വ്വമുള്ള വിശ്വാസങ്ങള്‍ക്ക് അപ്പുറത്തേക്ക് ശീലങ്ങളുടെ ഭാഗമാണ്. ആരും തന്നെ തലക്ക് കൈ വച്ച് ഇരിക്കരുതെന്നോ, ചൂളം വിളിക്കരുതെന്നോ അറിഞ്ഞുകൊണ്ടല്ല ജനിക്കുന്നത്
വീട്ടില്‍ ചില്ല് പൊട്ടിയാല്‍ മരണം സംഭവിക്കുമോ? വീട്ടില്‍ ചില്ല് പൊട്ടിയാല്‍ കലഹം ഉണ്ടാകുമെന്ന് നാം കേട്ടിരിക്കും. ശരിയല്ലേ, വിലപിടിപ്പുള്ള പാത്രങ്ങളോ മറ്റോ വീണ് പൊട്ടിയാല്‍ തീര്‍ച്ചയായും അതിന്റെ പേരില്‍ ഒരു കലഹം ഉണ്ടാകുമെന്നതൊഴിച്ചാല്‍ മരണം സംഭവിക്കുമെന്ന് പറയുന്നതിന് പിന്നിലെ കാരണം എന്താണ്?
കണ്ണാടിയില്‍ നോക്കുമ്പോള്‍ സ്വന്തം പ്രതിച്ഛായ കാണുന്നതിനെ പണ്ട് ആളുകള്‍ നോക്കി കണ്ടിരുന്നത് കണ്ണാടിയില്‍ സ്വന്തം ആത്മാവിനെ കാണുന്നതായാണ്. കണ്ണാടിയില്‍ അതില്‍ നോക്കുന്ന വ്യക്തിയുടെ ആത്മാവ് ഉള്‍ക്കൊള്ളുന്നു എന്നാണ് വിശ്വാസം. അങ്ങനെയുള്ള കണ്ണാടി പൊട്ടുമ്പോള്‍ അതില്‍ നോക്കുന്ന വ്യക്തിയുടെ ആത്മാവില്‍ വിള്ളല്‍ സംഭവിക്കുമെന്നും അങ്ങനെ ആ വ്യക്തിക്ക് മരണം സംഭവിക്കും എന്നുമാണ് വിശ്വസിച്ച് പോന്നിരുന്നത്. റോമന്‍ വിശ്വാസപ്രകാരം ചില്ല് പൊട്ടിയാല്‍ അടുത്ത ഏഴ് വര്‍ഷങ്ങള്‍ ജീവന് ആപത്താണെന്നാണ്. എന്നാല്‍ ഓരോ ഏഴ് വര്‍ഷങ്ങളിലും ജീവന് നവീകരിക്കപ്പെടുമെന്നതിനാല് ആപത്ത് ഏഴ് വര്‍ഷം കഴിയുമ്പോള്‍ നീങ്ങുമെന്നും അവര്‍ വിശ്വസിച്ചിരുന്നു. അമേരിക്കയിലും മറ്റ് പാശ്ചാത്യ രാജ്യങ്ങളിലും ചില്ല് പൊട്ടുന്നത് ഇന്നും അശുഭം ആയി കാണപ്പെടുന്നു.
നമുക്ക് ചുറ്റുപാടിലും കേട്ട് വരുന്ന അന്ധവിശ്വാസങ്ങളില്‍ പലതും ലോകോത്തര നിലവാരമുള്ളതും ലോകത്താകമാനം വ്യാപിച്ചു കിടക്കുന്നതുമാണെന്നത് അന്ധവിശ്വാസങ്ങള്‍ക്ക് അതിര്‍ത്തികളില്ല എന്ന് സൂചിപ്പിക്കുന്നു. രാത്രിയില്‍ ചൂളം വിളിക്കരുതെന്നത് നമ്മുടെ നാട്ടില്‍ വളരെയധികം പ്രചാരമുള്ള അന്ധവിശ്വാസമാണ്. രാത്രിയില്‍ ചൂളം വിളിച്ചാല്‍ പാമ്പ് തേടി വരുമെന്ന് ചെറുപ്പം മുതലേ കേട്ട് ശീലിച്ചവരാകണം നമ്മുടെ നാട്ടിലെ ഭൂരിഭാഗം പെണ്‍ക്കുട്ടികളും. ഈ അന്ധവിശ്വാസത്തിന് ലോകത്തിന്റെ വിവിധ കോണുകളില്‍ വമ്പിച്ച പിന്തുണയാണ് ഉള്ളത്. ഉദാഹരണത്തിന്, ടര്‍ക്കിയില്‍ രാത്രിയില്‍ ചൂളം വിളിച്ചാല്‍ ചെക്കുത്താനെ വിളിച്ച് വരുത്തുന്നതിന് തുല്ല്യമാണെന്നാണ് വിശ്വാസം. എസ്റ്റോണിയ, ലാറ്റ്വിയ എന്നിവിടങ്ങളിലെ വിശ്വാസപ്രകാരം വീടിനകത്ത് ചൂളം വിളിക്കുന്നത് നിര്‍ഭാഗ്യം വിളിച്ചു വരുത്തുമെന്നും അതുമൂലം വീടിന് തീ പിടിക്കുമെന്നും ആണ്. റഷ്യയിലെ ചൂളം വിളിക്ക് കടബാധ്യത വരുത്താനാകുമെന്നാണ് ആ നാട്ടുക്കാരുടെ വിശ്വാസം.
ഒരു അന്ധവിശ്വാസത്തിന് തന്നെ എത്ര അര്‍ത്ഥങ്ങളും വിശദീകരണങ്ങളുമാണ് ലോകത്തിന്റെ വിവിധ കോണുകളിലായി നിലവിലുള്ളത്..
നേരത്തെ പറഞ്ഞത് പോലെ, എല്ലാ അന്ധവിശ്വാസങ്ങളും മതങ്ങളുമായി ബന്ധപ്പെട്ടവയല്ല. ചിലതെല്ലാം നിര്‍ഭാഗ്യവശാല്‍ യാദൃച്ഛികമായി സംഭവിക്കുന്നതും, തീര്‍ത്തും അസംബന്ധമായതും, ചിലപ്പോളെല്ലാം ഗൂഢാലോചനകളുടേയും ആസൂത്രണങ്ങളുടേയും കൂടി ഭാഗമായുള്ളതാണ്.
എല്ലാ അന്ധവിശ്വാസങ്ങളും മതങ്ങളുമായി ബന്ധപ്പെട്ടവയല്ല. ചിലതെല്ലാം നിര്‍ഭാഗ്യവശാല്‍ യാദൃച്ഛികമായി സംഭവിക്കുന്നതും, തീര്‍ത്തും അസംബന്ധമായതും, ചിലപ്പോളെല്ലാം ഗൂഢാലോചനകളുടേയും ആസൂത്രണങ്ങളുടേയും കൂടി ഭാഗമായുള്ളതാണ്
ഇറ്റാലിയന്സിന് 17 എന്ന സംഖ്യയോടുള്ള പേടി റോമന്‍ സംഖ്യകളില്‍ നിന്നാണ് ഉണ്ടായത്. 17 എന്നര്‍ത്ഥം വരുന്ന XVII എന്ന റോമന്‍ സംഖ്യ പുനക്രമീകരിച്ചാല്‍ 'എന്റെ ജീവിതം അവസാനിച്ചു' എന്നര്‍ത്ഥം വരുന്ന VIXI എന്ന വാക്ക് ഉണ്ടാകുമെന്നതാണ് ആ പേടിയുടെ കാരണം. കാന്റൊനീസ് പോലെ ചൈനീസ് സംഖ്യകള്‍ കടമെടുത്ത ജാപ്പനീസ്, കൊറിയന്‍ ഭാഷകളില്‍ 4 എന്ന സംഖ്യയെ സൂചിപ്പിക്കുന്ന വാക്കിന് 'മരണം' എന്നര്‍ത്ഥം വരുന്ന വാക്കുമായി സാമ്യമുള്ളതിനാലും, 1 എന്ന് അര്‍ത്ഥം വരുന്ന വാക്കിന് ' ആവശ്യമാകുന്നു ' എന്നര്‍ത്ഥം വരുന്ന വാക്കിനോട് സാമ്യം ഉള്ളതിനാലും, 14 എന്ന സംഖ്യ 'മരണം ആവശ്യമാകുന്നു' എന്നായി മാറുന്നു. സംഖ്യകളോടുള്ള പേടി 13 കൊണ്ട് അവസാനിക്കുന്നതല്ല എന്നര്‍ത്ഥം.
രാത്രിയില്‍ ഫാന്‍ ഓണ്‍ ആക്കി മുറി അടച്ച് ഉറങ്ങിയിരുന്ന മില്ലേനിയല്‍സ് രാവിലെ ഉറക്കം എഴുന്നേല്ക്കുമ്പോള് അസഹ്യമായ ചൂട് അനുഭവിച്ചിരുന്നതിന്റെ കാരണം എന്താണെന്ന് അറിയാമോ?
സൗത്ത് കൊറിയയിലെ പ്രായമായവരുടെ ഇടയില്‍ നിലനിന്നിരുന്ന ഒരു അന്ധവിശ്വാസത്തിന്റെ ഭാഗമായാണ് ഇത് സംഭവിച്ചിരുന്നത്. രാത്രിയില്‍ ഫാന്‍ ഓണ്‍ ആക്കി മുറിയടച്ച് കിടന്നുറങ്ങുന്നവര്‍ക്ക് മരണം സംഭവിക്കും എന്ന് വിശ്വസിച്ചിരുന്ന മുതിര്‍ന്നവര്‍ രാത്രിയില്‍ ഫാന്‍ ഓഫ് ആക്കുകയായിരുന്നു പതിവ്.
മുറിയടച്ച് ഫാന്‍ ഓണ്‍ ആക്കി കിടന്നാല്‍ എങ്ങനെയാണ് മരണം സംഭവിക്കുന്നത്? രാത്രി ഫാന്‍ ഉപയോഗിക്കുമ്പോള്‍ തുടര്‍ച്ചയായി കാറ്റ് അടിക്കുന്നതിനാല്‍ ശരീര താപനില കുറഞ്ഞ് അസാധാരണമായ കടുത്ത തണുപ്പ് അനുഭവപ്പെടുന്ന ഹൈപ്പൊതെര്മിയ എന്ന അവസ്ഥ ഉണ്ടാകുകയും അപ്രകാരം മരണം സംഭവിക്കുമെന്നുമായിരുന്നു വിശ്വാസം. എന്നാല്‍ ഇതിലും രസകരമായ മറ്റൊരു കാരണം, ഫാനിന്റെ മൂര്‍ച്ചയുള്ള ബ്ലേഡുകള് ഓക്സിജനെ മുറിച്ച് കാര്‍ബണ്‍ ഡയോക്സൈഡ് ആക്കുമെന്നും അത് ശ്വസിച്ച് മരണം സംഭവിക്കുമെന്നതുമാണ്. കേള്‍ക്കുമ്പോള്‍ അസംബന്ധം എന്ന് ചിന്തിപ്പിക്കുന്ന ഈ അന്ധവിശ്വാസം ഉടലെടുത്തത് മതത്തില്‍ നിന്നോ യാതൃച്ഛികമായോ അല്ല, മറിച്ച് ഗവണ്മെന്റിന്റെ ഗൂഢാലോചനയുടെ ഭാഗമായാണെന്നതാണ് അവിശ്വസനീയമായി തോന്നുന്നത്. 1970കളില്‍ സൗത്ത് കൊറിയന്‍ ഗവണ്മെന്റിന്റെ ആന്റി-ഫാന്‍ പ്രചരണത്തിന്റെ ഭാഗമായാണ് ഈ വിശ്വാസം ഉടലെടുത്തതും പ്രചരിച്ചതും. രാത്രി മുഴുവന്‍ ഫാന്‍ ഉപയോഗിച്ചാല്‍ ഉണ്ടാകുന്ന വൈദ്യുതി ഉപയോഗം കുറയ്ക്കാനായി ഗവണ്മെന്റ് കണ്ട് പിടിച്ച മാര്‍ഗ്ഗമാണ് ഇന്നും അന്ധവിശ്വാസമായി പ്രചരിക്കുന്നത്. അപ്രകാരം ഫാന്‍ ഉപയോഗിച്ച് കിടന്നുറങ്ങിയ ആര്‍ക്കും മരണം സംഭവിച്ചിട്ടില്ലെങ്കില്‍ കൂടി ഇന്നും സൗത്ത് കൊറിയയിലെ മാധ്യമങ്ങളും വീട്ടിലെ മുതിര്‍ന്നവരും കുട്ടികളെ രാത്രി ഫാന്‍ ഉപയോഗിക്കുന്നതില്‍ നിന്ന് വിലക്കുന്നുണ്ട്.
1970കളില്‍ സൗത്ത് കൊറിയന്‍ ഗവണ്മെന്റിന്റെ ആന്റി -ഫാന്‍ പ്രചരണത്തിന്റെ ഭാഗമായാണ് ഈ വിശ്വാസം ഉടലെടുത്തതും പ്രചരിച്ചതും. രാത്രി മുഴുവന്‍ ഫാന്‍ ഉപയോഗിച്ചാല്‍ ഉണ്ടാകുന്ന വൈദ്യുതി ഉപയോഗം കുറയ്ക്കാനായി ഗവണ്മെന്റ് കണ്ട് പിടിച്ച മാര്‍ഗ്ഗമാണ് ഇന്നും അന്ധവിശ്വാസമായി പ്രചരിക്കുന്നത്
ഇങ്ങനെയൊക്കെയാണെങ്കിലും, കൂടെ കൊണ്ട് നടക്കുന്നതില്‍ തെറ്റില്ലാത്ത ചില അന്ധവിശ്വാസങ്ങളുണ്ട്. ഭാഗ്യ നിറം എന്ന് നമ്മള് കരുതുന്ന വസ്ത്രം ഇട്ട് മത്സരത്തിന് പോകുന്നത് നമുക്ക് ആത്മവിശ്വാസം നല്‍കുകയും മികച്ച രീതിയില്‍ വിഷയങ്ങള്‍ അവതരിപ്പിക്കാന്‍ നമ്മെ പ്രാപ്തരാക്കുകയും കഠിനമായ സാഹചര്യങ്ങളെ നേരിടാന്‍ സഹായിക്കുകയും ചെയ്യുമെങ്കില്‍ മറ്റൊരാള്‍ക്ക് ഉപദ്രവമില്ലാത്ത പക്ഷം അങ്ങനെ വിശ്വസിക്കുന്നതില്‍ തെറ്റില്ല. എന്നാല്‍ ആ വിശ്വാസങ്ങളുടെ കാരണം തീര്‍ത്തും മനശാസ്ത്രപരമാണ്, അമാനുഷികമല്ല എന്ന് മനസ്സിലാക്കേണ്ടതുണ്ട്. അതേ വസ്ത്രം ധരിച്ചുകൊണ്ട് ഉണ്ടായ അബദ്ധങ്ങള്‍ക്ക് മുകളില്‍ വിജയങ്ങളോട് നമുക്കുള്ള താത്പര്യമാണ് ആ വിശ്വാസത്തിന് പിന്നിലുള്ള ചാലകശക്തി.
ഒരുപാട് മനുഷ്യര്‍ക്കും അന്ധവിശ്വാസങ്ങള്‍ ബോധപൂര്‍വ്വമുള്ള വിശ്വാസങ്ങള്‍ക്ക് അപ്പുറത്തേക്ക് ശീലങ്ങളുടെ ഭാഗമാണ്. ആരും തന്നെ തലക്ക് കൈ വച്ച് ഇരിക്കരുതെന്നോ, ചൂളം വിളിക്കരുതെന്നോ അറിഞ്ഞുകൊണ്ടല്ല ജനിക്കുന്നത്. എന്നാല്‍ ഇത്തരം കാര്യങ്ങള്‍ വര്‍ജ്ജിക്കണം എന്ന് പറഞ്ഞ് പഠിച്ചാണ് നിങ്ങള്‍ വളരുന്നത് എങ്കില്‍, യുക്തിക്ക് നിരക്കാത്തതാണ് അത് എന്ന് മനസ്സിലായാലും, അത് ഒഴിവാക്കുന്നതില്‍ അപകടം ഇല്ല എന്നറിയാമെങ്കിലും, അത്തരം വിശ്വാസങ്ങള്‍ പിന്തുടരാതിരിക്കുക എന്നത് ബുദ്ധിമുട്ടാകും. അത്തരം കാര്യങ്ങള്‍ ബോധപൂര്‍വ്വം ഒഴിവാക്കുന്നതിലും അതിലുള്ള യുക്തി തേടുന്നതിലും എളുപ്പം, വലിയ അദ്ധ്വാനമില്ലാതെ അവ പിന്തുടരുകയാണെന്നതിനാലാണ് പലരും അത് ചെയ്ത് പോരുന്നത്.