Feb 15

സുജാത, ഒരു പുരാവസ്തുവോ?

7
34
 
1.0×
--:--
--:--
Open in playerListen on);
History For Everyone
Episode details
34 comments

ലച്ചിത്രങ്ങൾ സാമൂഹിക ജീവിതത്തെ ഒപ്പിയെടുക്കുന്ന ചരിത്ര രേഖകളാണെന്ന് നമ്മൾ കണ്ടു കഴിഞ്ഞു. ഒരു കാലഘട്ടത്തിൻ്റെ ജീവ ലോകത്തെ, ജീവനുള്ളതും ഇല്ലാത്തതുമായവയെ, ചലിപ്പിച്ച് കഥ പറയുന്ന രീതിയാണ് ചലച്ചിത്രത്തിൻ്റേത്. നടീനടന്മാർക്കൊപ്പം, ഭൗതിക വസ്തുവകകളും ചലനാത്മകത കൈവരിക്കുകയും, സാമൂഹിക ജീവിതത്തിൻ്റെ ജീവനും തുടിപ്പും പ്രേക്ഷകർക്കു മുമ്പിൽ പ്രദർശിപ്പിക്കുകയുമാണ് ചലച്ചിത്രങ്ങൾ ചെയ്യുന്നത്. കസേരയും, കട്ടിലും, തെങ്ങും, നദിയും, വസ്ത്രങ്ങളുമൊക്കെ മനുഷ്യർക്കൊപ്പം മാനവ സംസ്കാരത്തിൻ്റെ ഭാഗമായിത്തീരുകയാണ് ചലച്ചിത്രങ്ങളിൽ, അഭിനേതാക്കൾ തന്നെയെന്നു വേണമെങ്കിൽ നിരീക്ഷിക്കാം. ഇവയൊക്കെ, പുരാവസ്തുക്കളായി, മ്യൂസിയങ്ങളിൽ സംരക്ഷിക്കപ്പെടുന്നുണ്ടെങ്കിലും, യഥാർത്ഥ സാമൂഹിക ലോകത്തിൽ ഈ ഭൗതീക വസ്തുക്കൾ അവയുടെ ഉപയോഗം വഴി സൃഷ്ടിച്ചെടുത്ത ചലനാത്മകത അനുഭവിക്കുവാൻ കാഴ്ചക്കാർക്കു സാധിക്കുന്നില്ല. അതിനാൽത്തന്നെയാണ് മ്യൂസിയങ്ങളിൽ ഇപ്പോൾ ഡോക്കുമെൻ്ററി വീഡിയോകൾ, പുരാവസ്തുക്കൾക്കൊപ്പം പ്രദർശിപ്പിക്കുന്നത്. സാധാരണയായി കേരളത്തിലെ മ്യൂസിയങ്ങളിൽ കാണാറുള്ള മഹാശിലാ കാലത്തിലെ നന്നങ്ങാടികൾ (Historical Burial Urns), ഏതെങ്കിലും ആർക്കിയോളജക്കിൽ സിനിമയിൽ, കഥ പറച്ചിലിൻ്റെ ഭാഗമായി വരുമ്പോൾ, മരിച്ച വ്യക്തിയുടെ അസ്ഥികളും, ചിതാഭസ്മവും ഇടുന്ന സീനുകൾ കാണികൾക്കിടയിലുണ്ടാക്കുന്ന അനുഭവതീവ്രത, മ്യൂസിയങ്ങൾക്കു സൃഷ്ടിക്കുവാൻ കഴിയില്ല. ഇത് സാധ്യമാക്കുന്ന പഴയ കാല ചലച്ചിത്രങ്ങൾ വികാര ലോകത്തെ പ്രകാശിപ്പിക്കുന്ന മ്യൂസിയങ്ങൾ തന്നെയാണ്, ജീവനുള്ള ചലിക്കുന്ന സാമൂഹിക ലോകത്തിൻ്റെ മ്യൂസിയങ്ങൾ.

ഹരിഹരൻ്റെ സുജാത

1977 ൽ ഹരിഹരൻ്റെ സംവിധാനത്തിൽ ഗൃഹലക്ഷ്മി നിർമ്മാണ കമ്പനിയുടെ ബാനറിൽ പുറത്തിറങ്ങിയ ചിത്രമാണ് സുജാത. സുജാതയെ മാത്രം അടിസ്ഥാനപ്പെടുത്തി, മലയാള സിനിമയുടെ ഒരു ആർക്കിയോളജിക്കിൽ വായനയാണ് ഇവിടെ ശ്രമിക്കുന്നത്. ഇത് ഉത്ഖനനത്തിൻ്റെ ആർക്കിയോളജിയല്ല, മറിച്ച് മിഷേൽ ഫൂക്കോയുടെ സൈദ്ധാന്തിക പിൻബലത്തിലുള്ള ആർക്കിയോളജിക്കൽ വായനയാണ്. കുഴിച്ചെടുക്കാതെ തന്നെ, 1970 കളിലെ സാമൂഹിക ലോകത്തെ അതേ അവസ്ഥയിൽത്തന്നെ അപഗ്രഥന വിധേയമാക്കുന്ന രീതി ശാസ്ത്രം. സുജാതയ്ക്കൊപ്പം, 1970 കളിലെ മറ്റു ചലച്ചിത്രങ്ങളും കൂട്ടി വായിച്ചാൽ സാമൂഹിക ചരിത്രത്തിൻ്റെ വിശാല ലോകം നമുക്കു മുന്നിൽ തെളിഞ്ഞു വരുന്നതു കാണാൻ സാധിക്കും. ഒരു പാവപ്പെട്ട വീട്ടിലെ സുജാതയെ, പണക്കാരനായ നായകൻ പ്രേമിക്കുന്നതിനും, ജീവിത സഖിയാക്കുന്നതിനും, സാക്ഷിയാകുന്ന ഭൗതീക ലോകത്തെ സ്പഷ്ടമായി വരച്ചു കാണിക്കുന്ന ചലച്ചിത്രമാണ് സുജാത. പ്രേംനസീറിനും, ജയഭാരതിയ്ക്കും, കെ.പി ഉമ്മറിനുമൊക്കെ ഈ ഭൗതിക സംവിധാനത്തിൻ്റെ അഭാവത്തിൽ എങ്ങനെയാണ് തങ്ങളുടെ വേഷങ്ങൾ കൈകാര്യം ചെയ്യാൻ സാധിക്കുക? പ്രേംനസീറിൻ്റെ കറുപ്പും വെളുപ്പും ഇടകലർന്നു നിൽക്കുന്ന പുളളിക്കളങ്ങളുള്ള ഷർട്ടുകളും, ജയഭാരതിയുടെ നൈലോൺ പുള്ളി സാരികളും, ചുറ്റുമുള്ള മരങ്ങളും, പൂക്കളുമൊക്കെയില്ലാതെ പ്രണയ സന്ദർഭത്തെ എങ്ങനെ ചിത്രീകരിക്കാൻ സാധിക്കും? ഈ വസ്തുവകകളൊക്കെ കൂടുമ്പോഴാണ് പ്രണയ ലോകം സാമൂഹിക ജീവിതത്തിലും സാധ്യമാകുന്നത്.

വീടും, വീട്ടുപകരണങ്ങളും

പാവപ്പെട്ടവൻ്റെയും പണക്കാരൻ്റെയും ഭവന രൂപ സംവിധാനങ്ങൾ സുജാത വരച്ചുകാട്ടുന്നുണ്ട്. റാന്തൽ വിളക്കു തൂക്കിയിട്ടിരിക്കുന്ന നായികയുടെ ഭവനം, വൈദ്യുതിയെത്താത്ത 70 കളിലെ ഭവനങ്ങളെയാണ് സൂചിപ്പിക്കുന്നത്. ഓല മേഞ്ഞ വീടും, പട്ടിക കഷണങ്ങൾ കോണോടു കോൺചേർത്ത് നിർമ്മിച്ച ചെറിയ ഗെയിറ്റും, വരാന്തയലെ കസേരയും, സ്വീകരണമുറിയിലെ വളരെ പരിമിതമായ ഫർണീച്ചറുകളുമൊക്കെ സാമ്പത്തികമായി പിന്നോക്കം നിൽക്കുന്ന കേരളത്തിലെ സാമൂഹിക വിഭാഗത്തെയാണ് സൂചിപ്പിക്കുന്നത്. സുജാതയുടെ പണക്കാരിയായ കൂട്ടുകാരിയുടെ വീട്ടിലേക്ക് ക്യാമറ ചലിക്കുമ്പോൾ, മധ്യവർഗ്ഗത്തിൻ്റെ വീടും, രൂപകല്പനയുമാണ് പ്രേക്ഷകൻ കാണുന്നത്. സൂട്ടും, ടൈയും കെട്ടിയ അച്ഛനും, സൊസൈറ്റി ലേഡിയെപ്പോലെ അണിഞ്ഞൊരുങ്ങിയ അമ്മയും, സ്വീകരണമുറിയിലെ നവീന ഇരിപ്പിടങ്ങളും, പുതിയ ലൈറ്റ് ഫിറ്റിംഗുകളുമൊക്കെ കാണുവാൻ സാധിക്കും. ഒരുപടി കൂടിക്കടന്ന നായകൻ്റെ അമ്മാവൻ്റെ ഭവനം 70 കളിലെ ബംഗ്ലാവുകളെ സൂചിപ്പിക്കുന്നു.

വലിയ കോവണിപ്പടികൾ, ആർച്ചുകൾ, ആഡംബര കസേരകൾ, വില കൂടിയ വലിയ വൈദ്യുത തൂക്കുവിളക്കുകൾ, ഫ്രെഞ്ച് ജനാലകളും, ഭംഗിയുള്ള കർട്ടനുകളുമൊക്കെ പ്രേക്ഷകരെ അന്ധാളിപ്പിച്ചിരുത്തുന്നു. ഈ വീടിൻ്റെ സ്വീകരണമുറിയിലിരുന്നു സംസാരിക്കുന്ന അതിഥികളുടെ ആശ്ചര്യവും അദ്ഭുതവുമൊക്കെത്തന്നെയാണ് വലിയ പണക്കാരൻ്റെ ആഢ്യത്വം ഉറപ്പിക്കുന്ന സിനിമാ സന്ദർഭങ്ങൾ. വലിയ പണക്കാരൻ്റെ അനന്തരവനെ തങ്ങളുടെ മകൾക്ക് വിവാഹം കഴിച്ചു തരുമെന്ന വാഗ്ദാനം കേൾക്കുന്ന പെൺകുട്ടിയുടെ മാതാപിതാക്കളുടെ അമ്പരപ്പിന് അനുകൂല ഘടകമായിട്ടാണ് ഈ വിശാല സ്വീകരണമുറി ചലച്ചിത്രത്തിൽ ദൃശ്യവൽക്കരിച്ചിരിക്കുന്നത്. പണക്കാരൻ്റെ സ്വീകരണ മുറിയുടെ പ്രൗഢി യഥാർത്ഥ ജീവിതത്തിലനുഭവിക്കുന്നവരായി പ്രേക്ഷകക്കൂട്ടവും മാറുകയാണിവിടെ, സുജാതയിൽ. കസേരയ്ക്കും, കർട്ടനും, വിളക്കുകൾക്കുമൊക്കെ സാമൂഹിക അർത്ഥം കൈവരുന്നതും ഈ ചലച്ചിത്ര മ്യൂസിയത്തിൽത്തന്നെയാണ്.

നായകൻ്റെ ഓഫീസ്

കേരളത്തിലെ 70 കളിലെ ഓഫീസ് സുജാതയിലെ മറ്റൊരു പുരാവസ്തു സമുച്ചയം തന്നെയാണ്. സ്റ്റീൽ ഫർണീച്ചറുകളായ കസേര, മേശ, അലമാര എന്നിവയുടെ സാന്നിധ്യം സുജാതയിൽ കാണാം. ബോസിൻ്റെ മുറിയിലെ കറങ്ങുന്ന കസേരയും, രണ്ടു ടെലിഫോണുകളും (ഒന്നു കറുപ്പു നിറത്തിലും മറ്റൊന്ന് വെളുത്തതും) ചുവർ ചിത്രങ്ങളും മാറുന്ന ഓഫീസ് രൂപകല്പനയ്ക്ക് ഉദാഹരണമാണ്. വലിയ ടിഫിൻ ബോക്സിൽ ബോസിനു ഉച്ചയൂണുമായി വരുന്ന ഭൃത്യൻ 70 കളിലെ ഒരു കാഴ്ച തന്നെയായിരുന്നു. മുതലാളിയും കൊച്ചുമുതലാളിയും ഓഫീസിലേക്കു വരുമ്പോൾ ജീവനക്കാരുടെ മുഖത്തു വിരിയുന്ന ആദരവും, വിധേയത്വവും ഓഫീസുകളുടെ ചരിത്രത്തിൻ്റെ തന്നെ ഭാഗമാണ്. മറ്റൊന്ന്, ഓഫീസിലെ പട്ടരുടെ സാന്നിധ്യം തന്നെയാണ്. സംഭാഷണത്തിലും, നോട്ടത്തിലും, കാഴ്ചയിലും വ്യത്യസ്തരായിരുന്ന തമിഴ് ബ്രാഹ്മണർ ഒരു കാലത്ത് ഓഫീസുകളിലെ പ്രധാന അധികാര കേന്ദ്രങ്ങളും, പിന്നീട് ഏതാണ്ട് ബഫൂണുകളുമായി മാറുന്നതും 70 ലെ ചലച്ചിത്രങ്ങൾ കാട്ടിത്തരുന്നുണ്ട്. സുജാതയിലെ ഓഫീസ് പട്ടരും ഇത്തരത്തിലുള്ള ഒരു പുരാവസ്തു തന്നെയാണ്. ഓഫീസിലെ മുറിയുടെ ചുവരിൽ കാണുന്ന നെടുങ്ങാടി ബാങ്കിൻ്റെ കലണ്ടർ, കേരളത്തിലെ ആദ്യ സ്വകാര്യ ബാങ്കിൻ്റെ 70 ലെ സാന്നിധ്യമാണറിയിക്കുന്നത്. കേരളത്തിൻ്റെ ബാങ്കിംഗ് മേഖലയിലെ സജീവ സാന്നിധ്യമായിരുന്ന നെടുങ്ങാടി ബാങ്ക് 2003ലാണ് പഞ്ചാബ് നാഷണൽ ബാങ്കിൽ ലയിക്കുന്നത്.

വാഹനങ്ങൾ / നിരത്തുകൾ

സുജാതയിലെ മിക്ക റോഡുകളും ടാറിടാത്തതു തന്നെയാണ്. ഈ കാലഘട്ടത്തിലെ കേരളത്തിലെ റോഡുകളിലൂടെ പൊടിപടലങ്ങൾ സൃഷ്ടിച്ച് വാഹനങ്ങൾ പോകുന്നത് നിത്യ കാഴ്ചയായിരുന്നു. ലാമ്പട്ര സ്കൂട്ടർ, എൻഫീൽഡ് ബുള്ളറ്റ്, അംബാസഡർ, ഫിയറ്റ് കാറുകൾ, 70 ലെ ലോറികൾ എന്നിവ ചലച്ചിത്രത്തിൽ നാം കാണുന്നു. വലിയ മുതലാളിയുടെ ബെൻസ് കാർ സമ്പന്നരുടെ പ്രൗഢിയുടെ മൂർത്തഭാവമായിത്തന്നെയാണ് സിനിമയിൽ രംഗ പ്രവേശം ചെയ്യുന്നത്. വലിയ മുതലാളിയുടെ അനന്തരവനുമായുള്ള വിവാഹത്തിനു താല്പര്യം പ്രകടിപ്പിക്കാത്ത ഉപനായികയോട് അവളുടെ അച്ഛൻ ചോദിക്കുന്നുണ്ട്, ഈ കാറിൻ്റെ വിലയും, ഇതിൽ കയറുന്ന ആളുടെ നിലയും അറിയുമോ എന്ന്. ബെൻസ് കാറിൻ്റെ രെജിസ്ട്രേഷൻ നമ്പർ വരെ പ്രധാന സംഭാഷണ വിഷയമാകുന്നുണ്ട് തുടർന്ന്. സമ്പന്നതയുടെ ചിഹ്നമായ ബെൻസ് കാറിൻ്റെ ആധികാരികത ഉറപ്പിക്കുന്നതിലൂടെ, വലിയ മുതലാളിയോടുള്ള വിധേയത്വമാണ് ഇവിടെ പ്രകടമാകുന്നത്. ഹെരിറ്റേജ് കാർ കളക്ഷനിൽ കിടക്കുന്ന ബെൻസ് കാർ ഒരു കൗതുകവസ്തു മാത്രമാണെന്നതും നാം ചിന്തിക്കണം. ചിത്രത്തിലെ വില്ലനും, നായകനുമായുളള ആദ്യ കണ്ടുമുട്ടലിലും കാറുകളുടെ പ്രത്യേക സാന്നിധ്യം ഉറപ്പിക്കുന്നുണ്ട്. ബെൻസ് കാറിൽ വരുന്ന നായികയേയും നായകനേയും ഫിയറ്റ് കാർ വിലങ്ങിയാണ് പ്രതിനായകൻ ചെറുക്കുന്നത്. നായകൻ്റെ പ്രൗഢിയും വീരത്വവും ബെൻസ് കാർ ഉറപ്പിക്കുകയും, സംഘട്ടനത്തിൽ വിജയിച്ചു വരുന്ന നായകനും നായികയും അതിൽ കയറി അഭിമാനത്തോടെ യാത്ര തുടരുകയും ചെയ്യുന്നു. ബെൻസിനു മുന്നിൽ തോറ്റ ഫിയറ്റ്, നായകനു മുന്നിൽ തോറ്റു തുന്നം പാടിയ വില്ലനായി മാറുന്ന അവസ്ഥ സിനിമയിൽ സംഭവിക്കുന്നു. നായകനും വില്ലനുമൊപ്പം, ബെൻസും ഫിയറ്റും സാമൂഹിക ലോകത്തിലെ കൂട്ടാളികളായി മാറുകയാണ് സുജാതയിൽ. കഥാന്ത്യത്തിൽ നായികയെ തട്ടിക്കൊണ്ടു പോകുന്നത് ഒരു തുറന്ന ജീപ്പിലാണ്. ഇവിടെയാകട്ടെ നായകൻ രക്ഷകനായിട്ടെത്തുന്നത് അംബാസഡറിലും.

സമ്പന്നതയുടെ രുചിക്കൂട്ടുകൾ

സമ്പന്നരുടെ ഭവനത്തിലെ പ്രഭാത ഭക്ഷണ വേളയിൽ ഫോർക്കും, കത്തിയുമുപയോഗിച്ചാണ് ആഹാരം കഴിക്കുന്നത്. അവരുടെ അടുക്കളയിലെ വലിയ ഫ്രിഡ്ജും ഹീറ്റർ സംവിധാനങ്ങളുമൊക്കെ സുജാതയുടെ ക്യാമറയിൽ പതിയുന്നുണ്ട്. അനന്തരവൻ്റെ പിറന്നാൾ ആഘോഷത്തിനുള്ള വിഭവങ്ങളുടെ ലിസ്റ്റ് 70 ലെ പ്രേക്ഷരെ ആശ്ചര്യപ്പെടുത്തിയിരിക്കണം. ചിക്കൺ കോൺസൂപ്പ്, ഡ്രൈ ഫിഷ്, ചൈനീസ് ചില്ലി ചിക്കൺ, ബട്ടർ ചിക്കൺ, ചിക്കൺ 69, പ്രോൺസ് നൂഡിൽസ്, പുഡ്ഡിംഗ് എന്നിവയാണ് അദ്ഭുതവിഭവങ്ങൾ. ആഹാര വിഭവങ്ങളുടെ കൂട്ടത്തിലേക്ക്, കടന്നു വന്ന മധുര പലഹാരമായ പുഡ്ഡിംഗ് വളരെക്കാലത്തിനു ശേഷമാണ് സാധാരണക്കാരുടെ ഇടയിൽ പ്രചാരത്തിലെത്തുന്നത്. കേട്ടുകേൾവി പോലുമില്ലാത്ത വിഭവങ്ങൾ സൂചിപ്പിക്കുന്നത്, ഒരു അതിസമ്പന്ന ബിസിനസ്സ് വർഗ്ഗത്തിൻ്റെ കേരളത്തിലെ ആവിർഭാവം തന്നെയാണ്. അതിസമ്പന്ന വർഗ്ഗത്തിൻ്റെ രൂചി ബോധങ്ങളിലേക്ക് ചൈനീസ് വിഭവങ്ങളെത്തിയിരുന്ന കാലഘട്ടമായിരുന്നു അത്. ഉച്ചയൂണിന് വിഭവങ്ങൾ നിറച്ചടുക്കിയ ടിഫിൻ ബോക്സുകൾ നിത്യേന സമ്പന്ന വർഗ്ഗങ്ങളുടെ ആഹാരക്രമത്തിലേക്കുള്ള സൂചകമാണ്. ചിത്രത്തിൻ്റെ തുടക്കത്തിൽ വർക്ക് ഷോപ്പ് ജീവനക്കാരനായ അച്ഛന് ഒരു ചെറിയ ടിഫിൻ ബോക്സിൽ ഉച്ചയൂണുമായി ചെല്ലുന്ന നായികയെ നാം കാണുന്നുമുണ്ട്. സാമ്പത്തിക അന്തരവും, അസമത്വവും പ്രകടമാകുന്ന സീനുകൾ സിനിമയിലുള്ളപ്പോൾ തന്നെ, നെഹ്റുവിൻ്റെയും, ടാഗോറിൻ്റെയും ഛായാചിത്രങ്ങൾ പണക്കാരൻ്റെയും പാവപ്പെട്ടവന്റെയും ഭവനത്തിലെ ചുമർഭിത്തികളിൽ തൂക്കിയിട്ടിരുന്നു. 70 കളിലെ ദേശ രാഷ്ട്ര ബോധ നിർമ്മിതിയിൽ ഈ ചിത്രങ്ങൾ വഹിച്ച പങ്ക് ചെറുതൊന്നുമല്ല.

സംഭാഷണങ്ങളുടെ ആർക്കൈവ്സ്

സുജാതയിലെ സംഭാഷണങ്ങളിലെല്ലാം തന്നെ എഴുപതുകളിൽ സാമൂഹിക ശ്രേണിയിലെ പ്രബല വർഗ്ഗമായി വലിയ കച്ചവടക്കാർ ഉയരുന്നതിനെ സൂചിപ്പിക്കുന്നുണ്ട്. അനന്തരന് വിവാഹമാലോചിക്കുമ്പോൾ, അതിസമ്പന്നനായ അമ്മാവൻ പറയുന്നവരിൽ ആദ്യ വർഗ്ഗം ബിസിനസ്സുകാർ തന്നെയാണ്. അതിനു തൊട്ടു താഴെയായി എസ്റ്റേറ്റ് ഉടമകൾ വരുമ്പോൾ, മൂന്നാം ഗണത്തിൽ മാത്രമാണ് ഐ.എ.എസ്, ഐ.പി.എസ്സുകാർ വരുന്നത്. ഈ സംഭാഷണം സൂചിപ്പിക്കുന്നത് 70 കളിലെ കുതിച്ചുയർന്ന കച്ചവട രംഗത്തെ തന്നെയാണ്. മുന്തിയ കാറുകളും, വലിയ സവിധങ്ങളും, ക്ലബ് ജീവിതവും (ബെൻസ് കാറിനു പിറകിലെ ലയൺസ് ക്ലബ് ലേബൽ ഒരു സൂചകമാണ്), ടെന്നീസ് കളിയുമൊക്കെ കേരളത്തിൻ്റെ മാറുന്ന സാമൂഹിക സംസ്കാരത്തെയാണ് സൂചിപ്പിക്കുന്നത്.

70 കളുടെ അവസാന കാലഘട്ടത്തിലേക്ക് സമയ യന്ത്രത്തിൽ (Time Machine) കയറിയുള്ള യാത്രയാണ് സുജാത സാധ്യമാക്കുന്നത്. നദികളും, മരങ്ങളും, മൈതാനങ്ങളും, നിരത്തുകളും, കെട്ടിടങ്ങളും, വാഹനങ്ങളുമൊക്കെ ഈ യാത്രയിൽ പ്രേക്ഷകർക്കൊപ്പമെത്തുന്നുണ്ട്. ഇരുപത്തൊന്നാം നൂറ്റാണ്ടിൽ നിന്ന് 1970 കളിലേക്കുള്ള ചരിത്ര യാത്ര. ഈ യാത്രയിൽ പ്രേക്ഷകർ കഴിഞ്ഞകാലത്തിലെ സാമൂഹിക ലോകത്തിലേക്ക്, മ്യൂസിയത്തിലെ പുരാവസ്തുക്കൾക്കൊപ്പം യാത്ര ചെയ്യുകയാണ്. ജീവനുള്ള, സാമൂഹിക ലോകത്തിന് അർത്ഥം കൊടുക്കുന്ന പുരാവസ്തുക്കളുടെ സഞ്ചാരം കൂടിയാണ് സുജാത സാധ്യമാക്കുന്നത്. ഈ ചിത്രം തുടക്കത്തിൽത്തന്നെ കാട്ടിത്തരുന്ന വലിയ ഒരു സന്ദേശം കൂടിയുണ്ട്. 70 കളിലെ മലയാള ചലച്ചിത്രത്തിലെ സൂപ്പർ സ്റ്റാറായിരുന്ന പ്രേം നസീർ നായകനായിട്ടഭിനയിക്കുന്ന ചിത്രത്തിൻ്റെ ടൈറ്റിലുകളിൽ എഴുതി കാണിക്കുന്നത്, തിരശ്ശീലയിൽ നിങ്ങളുടെ ഇഷ്ടതാരങ്ങളെന്നാണ്. താരാധിപത്യങ്ങൾക്കും ഫാൻ ലോകത്തിനും മുൻപുള്ള സിനിമയെന്ന നിലയിൽ, സുജാത, ജനാധിപത്യ സിനിമാ സംരംഭത്തിനായുള്ള മുന്നേറ്റത്തിന് പ്രചോദനമാകേണ്ടതാണ്. ജനാധിപത്യത്തെയും, ചരിത്രത്തെയും തിരിച്ചുപിടിക്കാനുള്ള ചലച്ചിത്രം തന്നെയാണ് സുജാത. സുജാത ഒരു പുരാവസ്തു തന്നെ.

Thanks for reading Historica! Subscribe for free to receive new posts and support my work.