Mar 28 • 10M

കടൽ വഴിയിലെ 'ഷോർട്ട്കട്ട്': സൂയസ് കനാൽ

 
1.0×
0:00
-9:59
Open in playerListen on);
History For Everyone
Episode details
Comments

2021 മാർച്ച് 23. ആഗോള വാർത്താ മാധ്യമങ്ങളുടെ പ്രധാന തലക്കെട്ടുകളിൽ ഒരു ചരക്കു കപ്പൽ ഇടം പിടിയ്ക്കുന്നു. പിന്നീട് ഒരാഴ്ച്ചക്കാലത്തേയ്ക്ക് ലോകത്തിന്റെ ശ്രദ്ധാകേന്ദ്രവും ചർച്ചാവിഷയവുമായി ആ കപ്പൽ മാറുന്നു. എവർഗ്രീൻ മറൈൻ കോർപ്പറേഷൻ എന്ന തായ്വനീസ് ഷിപ്പിങ് കമ്പനിയുടെ വമ്പൻ ചരക്കുകപ്പലായ 'എവർ ഗിവൺ' വാർത്തയായത്, ലോകത്തെ ഏറ്റവും പ്രശസ്തവും പ്രധാനവുമായ ഒരു സമുദ്ര പാതയിൽ ആറു ദിവസം 'ട്രാഫിക്ക് ബ്ലോക്ക്' സൃഷ്ടിച്ചതിന്റെ പേരിലായിരുന്നു. അതും മണിക്കൂറിന് മില്യൺ കണക്കിന് ഡോളർ നഷ്ടമുണ്ടാക്കിയ ഒരു ഭയങ്കരമായ ബ്ലോക്ക്. ദിവസേന അമ്പതിൽ പരം ചരക്കു കപ്പലുകൾ കടന്നുപോവുകയും ആഗോള വ്യാപാരത്തിന്റെ 12 ശതമാനത്തിലധികം നിയന്ത്രിക്കുകയും ചെയ്യുന്ന ഒരു സമുദ്ര പാതയെയാണ് 1312 അടി നീളമുള്ള ഈ കപ്പൽ ഭീമൻ വിലങ്ങനെ കിടന്ന് തടസ്സപ്പെടുത്തിയത്. ചരിത്രത്തിലെ വലിയ വഴിത്തിരിവുകളിൽ ഒന്നായി മാറിയ, മനുഷ്യ നിർമ്മിതമായ ഏറ്റവും വലിയ ആ ജലപാതയുടെ പേര് സൂയസ് കനാൽ എന്നാണ്.

എന്താണ് സൂയസ് കനാൽ? എവർഗിവൺ എന്ന ചരക്കുകപ്പൽ ഉണ്ടാക്കിയ ബ്ലോക്ക് മണിക്കൂറിൽ 400 മില്ല്യൺ ഡോളറിന്റെ നഷ്ടമുണ്ടാക്കാൻ തക്കവിധം ഈ ജലപാത ലോക വ്യാപാര മേഖലയെ സ്വാധീനിച്ചത് എങ്ങനെയാണ്?

മെഡിറ്ററേനിയൻ കടലിനെയും ചെങ്കടലിനെയും ബന്ധിപ്പിക്കുന്ന ഒരു ജലപാതയെക്കുറിച്ച് ആദ്യമായി ചിന്തിക്കുന്നത് ബി.സി.ഇ 1800കളിൽ ഈജിപ്തിനെ ഭരിച്ച ഫറവോ സെനൗസ്രെറ്റ് മൂന്നാമനാണ്. എന്നാൽ ഇരു കടലുകളെയും പൂർണ്ണമായി ബന്ധിപ്പിക്കാൻ അദ്ദേഹത്തിന് സാധിച്ചില്ല. അക്കാലഘട്ടത്തിൽ അതുവഴി കപ്പൽ മാർഗ്ഗമുള്ള കച്ചവടം നടന്നതായി പിന്നീട് കണ്ടെടുത്ത രേഖകളിൽ പരാമർശമുണ്ട്. എന്നാൽ ഏതാനും നാളുകൾ മാത്രമേ ഈ ജലപാതയ്ക്ക് ആയുസ്സുണ്ടായുള്ളൂ. ഉപയോഗം കുറഞ്ഞുവന്നതനുസരിച്ച് ചെളിയും മണലും മൂടി കാലക്രമേണ പാത പൂർണ്ണമായും ഇല്ലാതാവുകയാണുണ്ടായത്.

സൂയസ് കനാൽ

പിന്നീട് പലകാലങ്ങളിൽ പല ഭരണാധികാരികൾ ഈ ജലപാതയെ നവീകരിച്ച് കപ്പൽയാത്രകൾക്കായി ഉപയോഗപ്പെടുത്തുന്നുണ്ട്. പക്ഷെ അതൊന്നുംതന്നെ ദീർഘകാലത്തേക്ക് നീണ്ടുനിന്നില്ല. ഏഷ്യൻ-യൂറോപ്യൻ വൻകരകളെ തമ്മിൽ ബന്ധിപ്പിക്കുന്ന ഒരു കപ്പൽപ്പാത എന്നത് ഒട്ടനവധി പേർ സ്വപ്നം കണ്ടിരുന്നെങ്കിലും അത് യാഥാർത്ഥ്യമായി മാറാൻ പിന്നെയും നൂറ്റാണ്ടുകളെടുത്തു. ഇരു വൻകരകൾക്കിടയിലുള്ള കപ്പൽ സഞ്ചാരങ്ങൾ നടന്നിരുന്നത് ആഫ്രിക്കൻ വൻകരയെ ചുറ്റിയായിരുന്നു. ആഫ്രിക്കയുടെ തെക്കേയറ്റത്ത് സ്ഥിതി ചെയ്യുന്ന 'പ്രതീക്ഷാ മുനമ്പ്' അഥവാ 'കേപ്പ് ഓഫ് ഗുഡ് ഹോപ്പ്' എന്നറിയപ്പെടുന്ന മുനമ്പു ചുറ്റിയുള്ള ഈ യാത്ര ഏറെ സമയമെടുക്കുന്നതും പ്രയാസകരവുമായിരുന്നു.

പത്തൊമ്പതാം നൂറ്റാണ്ടോടെ കോളനിവത്കരണം വ്യാപിപ്പിച്ച യൂറോപ്യൻ ശക്തികൾക്ക് കൂടുതൽ വേഗമേറിയതും ചിലവു കുറഞ്ഞതുമായ കപ്പൽയാത്രകൾ നടത്തേണ്ടത് അനിവാര്യമായി വന്നു. പ്രതീക്ഷാ മുനമ്പു വഴിയുള്ള പോക്കുവരവിന് ബദലായി ഒരു പാത കണ്ടെത്തുകയെന്ന അന്വേഷണമാണ് ഈജിപ്തിനു കുറുകെയുള്ള സൂയസ് ജലപാത എന്ന ആശയത്തിലേക്ക് എത്തുന്നത്.

1798-1801 കാലഘട്ടങ്ങളിൽ ഈജിപ്തിൽ കോളനി സ്ഥാപിച്ച ഫ്രഞ്ചുകാരാണ് അവിടുത്തെ കരയിടുക്കു വഴി മെഡിറ്ററേനിയൻ കടലിനെയും ചെങ്കടലിനെയും ബന്ധിപ്പിക്കുന്ന ഒരു ജലപാതയെക്കുറിച്ച് പഠനങ്ങൾ നടത്തുന്നത്. നെപ്പോളിയൻ ബോണപ്പാർട്ടെയുടെ നിർദ്ദേശപ്രകാരം നടത്തിയ പഠനങ്ങളും നിർമ്മാണപ്രവർത്തികളും പലകാരണങ്ങളാൽ പരാജയപ്പെടുകയാണുണ്ടായത്. പിന്നീട് 1800കളുടെ പകുതിയോടെ ഫ്രഞ്ച് നയതന്ത്രജ്ഞനും എഞ്ചിനീയറുമായിരുന്ന ഫെർഡിനാണ്ട് ഡെ ലെസ്സെപ്സാണ് സൂയസ് കനാൽ നിർമ്മാണത്തിനായുള്ള വിശദമായ രൂപരേഖ തയ്യാറാക്കുന്നത്. ഈജിപ്തിന്റെ ഭരണാധികാരിയായിരുന്ന സെയിദ് പാഷയുടെ അനുവാദം ലഭിച്ചതോടെ പദ്ധതിയ്ക്ക് തുടക്കമായി.

കനാലിന്റെ നിർമ്മാണത്തിനും നടത്തിപ്പിനുമായി ലെസ്സെപ്സിന്റെ നേതൃത്വത്തിൽ 1858ൽ 'യൂണിവേഴ്സൽ കമ്പനി ഓഫ് ദി മാരിട്ടയിം കനാൽ ഓഫ് സൂയസ്' (Universal Company of the Maritime Canal of Suez) സ്ഥാപിക്കപ്പെട്ടു. 1859 ഏപ്രിൽ 25ന് നിർമ്മാണം ആരംഭിച്ച കനാലിന്റെ പണി പൂർത്തിയാകാൻ പത്തു വർഷങ്ങളെടുത്തു. യൂറോപ്പിനും ഏഷ്യയ്ക്കുമിടയിലെ ഏക കപ്പൽ പാതയായിരുന്ന പ്രതീക്ഷാ മുനമ്പു വഴിയുള്ള പാതയിൽ മേൽകൈയ്യുണ്ടായിരുന്ന ബ്രിട്ടന് പുതിയ പാതയുടെ നിർമ്മാണം അസ്വസ്ഥതയുണ്ടാക്കി. ഇത്തരത്തിലൊരു പാത, അതും താരതമ്യേന ദൂരം കുറഞ്ഞ ഒരെളുപ്പവഴി, ഫ്രാൻസ് നിർമ്മിച്ചാൽ അത് ഏഷ്യൻ രാജ്യങ്ങൾക്കുമേലും കച്ചവടത്തിനുമേലുമുള്ള തങ്ങളുടെ ആധിപത്യത്തിന് തിരിച്ചടിയാകും എന്ന ബോധ്യമുണ്ടായിരുന്ന ബ്രിട്ടനും ഒട്ടോമൻ സാമ്രാജ്യവും സൂയസ് കനാലിന്റെ നിർമ്മാണം മുടക്കാനുള്ള വഴികൾ സ്വീകരിച്ചു. ഇത്തരത്തിലുള്ള പല പ്രതിസന്ധികളും ഉയർന്നതിനെത്തുടർന്ന് നിർമ്മാണ പ്രവർത്തനങ്ങൾ പ്രതീക്ഷിച്ചതിലും നീണ്ടു.

ഫെർഡിനാണ്ട് ഡെ ലെസ്സെപ്സ്

തുടക്കത്തിൽ മനുഷ്യ അധ്വാനം മാത്രമാണ് കനാലിന്റെ നിർമ്മാണത്തിനായി ഉപയോഗപ്പെടുത്തിയത്. ആയിരക്കണക്കിനാളുകൾ രാവും പകലും ശ്രമിച്ചിട്ടും വേണ്ട വിധത്തിൽ പണി മുന്നോട്ടു പോയില്ല. കർഷകരെയും മറ്റു സാധാരണ ജനങ്ങളെയും നിർബന്ധിത തൊഴിലിന് വിധേയരാക്കി. പിന്നീട് യൂറോപ്പിൽ നിന്നെത്തിച്ച യന്ത്രങ്ങളുടെയും പണിക്കാരുടെയും മറ്റും സഹായം തേടി. പ്രതികൂല കാലാവസ്ഥയും 1865ലെ കോളറ വ്യാപനവും കൂടിയായതോടെ നിർമ്മാണം മന്ദഗതിയിലായി. ആറു വർഷം കൊണ്ടു പൂർത്തീകരിക്കാൻ പദ്ധതിയിട്ടിരുന്ന കനാലിന്റെ നിർമ്മാണം പത്തു വർഷം നീണ്ടു.

വർഷങ്ങൾ നീണ്ട പരിശ്രമങ്ങൾക്കും പ്രിതിസന്ധികൾക്കുമെല്ലാം വിരാമമിട്ടുകൊണ്ട് 1869 ആഗസ്റ്റ് 18ന് ഇരുകടലുകളും ഒന്നായി യോജിപ്പിച്ചു. അതേവർഷം നവംബർ 17ന് സൂയസ് കനാൽ ലോകത്തിനു തുറന്നു നൽകി. ആറായിരത്തോളം വിശിഷ്ടാതിഥികൾ ചടങ്ങിൽ പങ്കെടുത്തെന്നാണ് കണക്ക്. ഇതിൽ സുപ്രധാനി, ഫ്രഞ്ച് മഹാറാണിയും നെപ്പോളിയൻ മൂന്നാമന്റെ പത്നിയുമായ യൂഗിനി ഡി മോണ്ടിജോ ആയിരുന്നു. ഒന്നര മില്യൺ ഈജിപ്ഷ്യൻ പൗണ്ടാണ് സൂയസ് കനാലിന്റെ ആർഭാടകരമായ ഉദ്ഘാടന ചടങ്ങിനായി പൊടിപൊടിച്ചത്.

കനാൽ തുറന്ന ആദ്യകാലങ്ങളിൽ വിരലിലെണ്ണാവുന്ന ഏതാനും ചില കപ്പലുകൾ മാത്രമാണ് അതുവഴി കടന്നുപോയത്. ഒരു ജോയിന്റ് സ്റ്റോക്ക് കമ്പനിയായി നിലവിൽ വന്ന സൂയസ് കനാലിന്റെ ആകെ ഓഹരി വിഹിതത്തിൽ 52 ശതമാനം ഫ്രാൻസും 44 ശതമാനം സെയിദ് പാഷയുമാണ് കൈവശം വെച്ചിരുന്നത്. കമ്പനിയുടെ മാനേജിങ് ബോർഡിൽ 14 രാജ്യങ്ങളുടെ പ്രിതിനിധികളും അംഗങ്ങളായിരുന്നു. കണക്കുകൂട്ടിയിരുന്ന തുകയുടെ ഇരട്ടിയോളം നിർമ്മാണത്തിന് ചിലവായത് ഈജിപ്തിന്റെ സാമ്പത്തിക നിലയെ സാരമായി ബാധിച്ചിരുന്നു. ഏതു വിധേനയും പദ്ധതി മുന്നോട്ടു കൊണ്ടുപോകാനായി ഈജിപ്ത് വലിയൊരു തുക വായ്പയും എടുത്തിരുന്നു. 1875ൽ പുതുതായി അധികാരമേറ്റ ഭരണാധികാരി ഇസ്മായിൽ പാഷ സാമ്പത്തിക ഞെരുക്കത്തെത്തുടർന്ന് കനാലിന്റെ ഓഹരികൾ വിറ്റഴിക്കാൻ തീരുമാനിച്ചു. ഈ ഓഹരികൾ ബ്രിട്ടൻ സ്വന്തമാക്കിയതോടെ സൂയസ് കനാലിന്റെ നിയന്ത്രണത്തിൽ ബ്രിട്ടനും പങ്കാളിയായി മാറി.

ഗമാൽ അബ്ദുൾ നാസർ

1888ൽ ബ്രിട്ടനൊഴികെയുള്ള അന്നത്തെ പ്രധാന നാവികശക്തികളായിരുന്ന രാഷ്ട്രങ്ങളുടെ പ്രതിനിധികൾ ഒത്തുചേർന്ന് സൂയസ് കനാലിലൂടെയുള്ള ചരക്കുനീക്കത്തെ സംബന്ധിച്ച് ഒരു തീരുമാനം കൈക്കൊണ്ടു. കോൺസ്റ്റാന്റിനോപ്പിൾ കൺവെൻഷൻ എന്നറിയപ്പെട്ട ഈ സമ്മേളനത്തിന്റെ പ്രഖ്യാപനം ഇപ്രകാരമായിരുന്നു; സൂയസ് കനാൽ വഴി എല്ലാ രാജ്യങ്ങളുടെ കപ്പലുകൾക്കും ഏതു സമയത്തും, യുദ്ധഘട്ടത്തിൽപ്പോലും, സഞ്ചരിക്കാം. 1904ൽ മാത്രമാണ് കൺവെൻഷന്റെ തീരുമാനത്തിൽ ബ്രിട്ടൻ ഒപ്പുവയ്ക്കുന്നത്.

1956ൽ, കരാർ പ്രകാരം സൂയസ് കനാൽ കമ്പനിയ്ക്ക് 13 വർഷത്തെ പ്രവർത്തനാനുമതി ബാക്കിനിൽക്കെ ഈജിപ്ഷ്യൻ പ്രസിഡന്റ ഗമാൽ അബ്ദുൾ നാസർ സൂയസ് കനാലിനെ ദേശസാത്കരിച്ചു. ഓഹരിക്കാർക്ക് നഷ്ടപരിഹാര തുകകൾ കൂടി നൽകി തീർത്തതോടെ സൂയസ് കനാൽ പൂർണ്ണമായും ഈജിപ്ത് ഗവൺമെന്റിനു കീഴിലായി. നാസറിന്റെ വിപ്ലവകരമായ ഈ നടപടി ഫ്രാൻസിനെയും ബ്രിട്ടനെയും തുർക്കിയെയും ചൊടിപ്പിച്ചു. മൂന്നുരാജ്യങ്ങളും ഈജിപ്തിനെതിരെ തിരിഞ്ഞതുമൂലം ഉടലെടുത്ത പ്രിതിസന്ധിയെത്തുടർന്ന് ഏതാണ്ട് ഒരു വർഷക്കാലത്തേക്ക് കനാൽ അടച്ചിടേണ്ടതായി വന്നു. ഇത് പിന്നീട് സൂയസ് പ്രതിസന്ധി എന്നറിപ്പെട്ടു.

1967ലെ അറബ്-ഇസ്രായേൽ യുദ്ധത്തിന്റെ സമയത്താണ് രണ്ടാം തവണ സൂയസ് കനാൽ അടച്ചിടുന്നത്. എട്ട് വർഷങ്ങൾക്ക് ശേഷം 1975ൽ കനാൽ വീണ്ടും തുറക്കുകയും കപ്പൽ ഗതാഗതം പൂർവ്വ സ്ഥിതിയിലാവുകയും ചെയ്തു. 2015ൽ കനാലിന് കാര്യമായ നവീകരണങ്ങൾ വരുത്തി. ഇരുഭാഗത്തേക്കുമുള്ള ഗതാഗതം സാധ്യമാകുന്ന വിധം 35 കിലോമീറ്റർ ദൂരമുള്ള ഒരു സമാന്തര പാത നിർമ്മിക്കുകയും കനാലിന്റെ ആഴവും വീതിയും വർദ്ധിപ്പിക്കുകയും ചെയ്തു.

ഇന്ന് നിലവിലുള്ള പനമാ കനാൽ പോലുള്ള മറ്റു മനുഷ്യനിർമ്മിത ജലപാതകളിൽ നിന്നും വ്യത്യസ്തമായി സമുദ്ര നിരപ്പിലാണ് സൂയസ് കനാൽ സ്ഥിതി ചെയ്യുന്നത്. സൂയസിനെ മറ്റുള്ളവയിൽ നിന്നും വേറിട്ട് നിർത്തുന്നതും ഈ ഘടകമാണ്. പ്രതിവർഷം ഏതാണ്ട് 19,000 കപ്പലുകളാണ് ഇതുവഴി കടന്നുപോകുന്നത്; അതായത് ദിവസേന ശരാശരി 52 കപ്പലുകൾ. പ്രതീക്ഷാ മുനമ്പ് വഴിയുള്ള യാത്രയ്‌ക്കെടുത്തിരുന്നത് 24 ദിവസങ്ങളും, താണ്ടേണ്ടിയിരുന്നത് 20,000ത്തിലേറെ കിലോമീറ്ററുകളുമായിരുന്നെങ്കിൽ സൂയസ് കനാൽ വഴിയുള്ള യാത്രയ്ക്ക് 14 ദിവസങ്ങൾ മാത്രമാണ് വേണ്ടത്; ഏതാണ്ട് 9,000 കിലോമീറ്ററിന്റെ വ്യത്യാസം. 193 കിലോമീറ്റർ ദൂരത്തിൽ നീണ്ടുകിടക്കുന്ന അത്ഭുതകരമായ ഈ നിർമ്മിതി ലോകത്തിന്റെ സാമ്പത്തിക മേഖലയുടെ നട്ടെല്ലായി നിലകൊള്ളുന്നു.

Thanks for reading Historica! Subscribe for free to receive new posts and support my work.