Mar 14 • 7M

സ്പുട്നിക് 1- ആദ്യ കൃത്രിമ ഉപഗ്രഹത്തിൻ്റെ കഥ

 
1.0×
0:00
-7:19
Open in playerListen on);
History For Everyone
Episode details
Comments

സ്പുട്‌നിക്; കഴിഞ്ഞ കുറച്ചു നാളുകളായി ദിവസേനയെന്നോണം നമ്മൾ കേൾക്കുന്ന ഒരു പേരാണിത്. കൊവിഡ് മഹാമാരിയ്‌ക്കെതിരെ റഷ്യ വികസിപ്പിച്ച് ലോകത്തിനു മുന്നിൽ അവതരിപ്പിച്ച പ്രതിരോധ വാക്സിൻ്റെ പേര്. ഒരുകാലത്ത് രാജ്യത്തിൻ്റെ ഖ്യാതി ലോകത്തിൻ്റെ നെറുകയിലെത്തിച്ച മറ്റൊരു സുപ്രധാന കണ്ടുപിടിത്തത്തിൻ്റെ പേരാണ് റഷ്യ തങ്ങളുടെ കൊവിഡ് വാക്‌സിനായി തിരഞ്ഞെടുത്തത്. മനുഷ്യ കുലത്തിൻ്റെ ചരിത്രത്തിലെ ഏറ്റവു വലിയ കാൽവയ്പ്പുകളിലൊന്നായി ഇന്നും വാഴ്ത്തപ്പെടുന്ന ഒരു കണ്ടുപിടിത്തം. ആകാശം മുട്ടെ എത്തിനിന്ന മനുഷ്യന്റെ ചിന്തകളെയും വളർച്ചയെയുമെല്ലാം അതിനപ്പുറത്തേക്ക് കടത്തിവിട്ട്, ഭൗമോപരിതലത്തിലെ രഹസ്യങ്ങളുടെ ആദ്യ അധ്യായങ്ങൾ തുറന്നുതന്ന, അമേരിക്കയുടെയും സോവിയറ്റ് യൂണിയൻ്റെയും ശീതയുദ്ധത്തിൻ്റെ ഫലമായി നിർമ്മിക്കപ്പെടുകയും പിന്നീട് ഒരു 'ബഹിരാകാശ യുദ്ധ'ത്തിന് തന്നെ വഴിവയ്ക്കുയും, ഇന്നോളം നടന്ന മുഴുവൻ ബഹിരാകാശ ദൗത്യങ്ങൾക്കും പ്രചോദനമായി മാറുകയും ചെയ്ത ഒരു കണ്ടുപിടിത്തം. സ്പുട്‌നിക് I

65 വർഷങ്ങൾ മുൻപ്, 1957 ഒക്ടോബർ 4നാണ്, അന്നോളം മനുഷ്യന്റെ വിദൂരമായ ഭ്രാന്തൻ ചിന്തകളിൽ മാത്രം തെളിഞ്ഞിരുന്ന ഒരാശയം യാഥാർത്ഥ്യമായി മാറുന്നത്. 84 കിലോഗ്രാം ഭാരവും 56 സെന്റീമീറ്റർ മാത്രം വ്യാസവുമുള്ള നൈട്രജൻ നിറച്ച ഒരു ലോഹഗോളം, അതിൽ നിന്നും നീണ്ടു നിൽക്കുന്ന നാല് ആന്റിനകൾ, കൃത്യമായ ഇടവേളകളിൽ ബീപ് ശബ്ദം പുറപ്പെടുവിച്ചിരുന്ന ഒരു ലോ-പവർ റേഡിയോ ട്രാൻസ്മിറ്റർ, മൂന്ന് സിൽവർ-സിങ്ക് ബാറ്ററികൾ. ഇത്രയുമായിരുന്നു സ്പുടനിക് I എന്ന ആദ്യ കൃത്രിമ ഉപഗ്രഹത്തിന്റ മൊത്തം സംവിധാനം. ഒരു ബാസ്‌കറ്റ് ബോളിൻ്റെ വലുപ്പം മാത്രം ഉണ്ടായിരുന്ന സ്പുട്‌നിക് ലോകത്താകമാനം ഉണ്ടാക്കിയ ചലനങ്ങൾ പറഞ്ഞറിയിക്കാവുന്നതിനും അപ്പുറമായിരുന്നു.

അന്നത്തെ സോവിയറ്റ് യൂണിൻ്റെ ഭാഗമായിരുന്ന ഖസാക്കിസ്ഥാനിലെ ബൈക്കനോറിൽ നിന്ന് ആർ7 റോക്കറ്റിൽ വിക്ഷേപിക്കപ്പെട്ട സ്പുട്‌നിക് I, ശാസ്ത്ര, സാങ്കേതിക, രാഷ്ട്രീയ, സൈനീക മേഖലകളിൽ പുതിയ സമവാക്യങ്ങൾക്ക് തന്നെ വഴിവച്ചു. ഭൂമിയ്ക്കു 940 കിലോമീറ്റർ മുകളിൽ, അണ്ഡാകൃതിയിലുള്ള ഭ്രമണപഥത്തിലേക്ക് വിക്ഷേപിക്കപ്പെട്ട സ്പുട്‌നിക് I, ഒരോ 96.2 മിനിറ്റിലും ഭൂമിയെ വലംവച്ചു. 1958 ജനുവരി 7ന് ഭ്രമണപഥത്തിൽ നിന്ന് താഴേക്ക് വീണ് കത്തിയെരിയും വരെ മണിക്കൂറിൽ 29,000 കിലോമീറ്റർ വേഗതയിൽ മൂന്ന് മാസക്കാലം സ്പുട്‌നിക് ഭൂമിയെ വലയംചെയ്തു.

സോവിയറ്റിൻ്റെ ഈ നേട്ടം അമേരിക്കൻ ജനതയെയും ഭരണകൂടത്തെയും ഒരുപോലെ ഞെട്ടിച്ചു.

തങ്ങളുടെ തലയ്ക്കു മുകളിൽ പറക്കുന്ന കൃത്രിമ ഉപഗ്രഹമെന്ന അത്ഭുതത്തെ ഒരു നക്ഷത്രം പോലെ അക്കാലത്ത് പലരും നേരിൽ കണ്ടതായി പറയുമായിരുന്നു. എന്നാൽ പിന്നീട് ശാസ്ത്രജ്ഞർ വെളിപ്പെടുത്തിയപ്പോഴാണ് ഇതുസംബന്ധിച്ച സത്യാവസ്ഥ ജനം അറിയുന്നത്. നഗ്നനേത്രങ്ങൾകൊണ്ട് കാണാവുന്നതിലും എറെ ചെറുതായിരുന്നു സ്പുട്‌നിക്. തിളക്കമുള്ള, നക്ഷത്ര സമാനമായി ആളുകൾ കണ്ടു എന്ന് പറയപ്പെട്ടത്, ഉപഗ്രഹം വിക്ഷേപിക്കാൻ ഉപയോഗിച്ച ആർ7 റോക്കറ്റിന്റെ അവശിഷ്ടമായിരുന്നു. സ്പുട്‌നിക് കൃത്യമായ ഇടവേളകളിൽ പുറപ്പെടുവിച്ചിരുന്ന ബീപ്പ് ശബ്ദ സിഗ്നലുകൾ ഡീക്കോഡ് ചെയ്താണ് ഭൂമിയുടെ അന്തരീക്ഷവായുവിന്റെ സാന്ദ്രതയടക്കമുള്ള ആദ്യ അറിവുകൾ ഗവേഷകർക്ക് ലഭിച്ചത്.  

സ്പുട്‌നിക്കിൻ്റെ വിക്ഷേപണം ലോകത്താകമാനം ചലങ്ങളുണ്ടാക്കിയെങ്കിലും സോവിയറ്റ് യൂണിയന്റെ ബദ്ധ വൈരിയായിരുന്ന അമേരിക്കയെയാണ് ഇത് ഏറ്റവുമധികം ബാധിച്ചത്. സോവിയറ്റിൻ്റെ ഈ നേട്ടം അമേരിക്കൻ ജനതയെയും ഭരണകൂടത്തെയും ഒരുപോലെ ഞെട്ടിച്ചു. സോവിയറ്റിനേക്കാൾ സാങ്കേതികമായും സൈനികപരമായും ശക്തരാണ് തങ്ങൾ എന്ന് വിശ്വസിച്ചിരുന്ന അമേരിക്കൻ ജനതയെ സ്പുട്‌നിക് അടിമുടി തളർത്തിക്കളഞ്ഞു. അതേ വർഷം, വാൻഗാർഡ് എന്നു പേരിട്ടിരുന്ന അമേരിക്കയുടെ കൃത്രിമ ഉപഗ്രഹം ലോഞ്ച് പാഡിൽ വച്ചു തന്നെ പൊട്ടിത്തെറിച്ചതോടെ അമേരിക്കൻ സർക്കാരിനു മുകളിൽ സമ്മർദ്ദം ഇരട്ടിയായി. ഇത് കാര്യങ്ങൾ കൂടുതൽ വഷളാക്കുകയും ചെയ്തു.

അമേരിക്കൻ പ്രസിഡൻറ് ഡ്വയിറ്റ് ഡി. ഐസൻഹോവർ തൻ്റെ വാക്ചാതുര്യം കൊണ്ട് ജനങ്ങളെ സമാധാനിപ്പിക്കാനുള്ള ശ്രമങ്ങൾ പലതും നടത്തിയെങ്കിലും അതൊന്നും അവരെ സമാധാനിപ്പിക്കാൻ പോന്നതായിരുന്നില്ല. അന്താരാഷ്ട്ര ജിയോഫിസിക്കൽ വർഷാചരണത്തിൻ്റെ ഭാഗമായി ഒരു കൃത്രിമ ഉപഗ്രഹം വിക്ഷേപിക്കാൻ പദ്ധതിയിട്ടിരുന്ന അമേരിക്കയ്ക്ക് ഓർക്കാപ്പുറത്തു കിട്ടിയ അടിയായിരുന്നു സ്പുട്‌നിക്കിൻ്റെ വിജയകരമായ വിക്ഷേപണം. 1941 ഡിസംബർ 7ന് ജപ്പാൻ പേൾ ഹാർബറിൽ നടത്തിയ അണുബോംബാക്രമണത്തോളം തന്നെ ആഘാതം സ്പുട്‌നിക്കും അമേരിക്കയിൽ സൃഷ്ടിച്ചു എന്ന് പറഞ്ഞാൽ പോലും അത് അതിശയോക്തിയാകില്ല. 

സ്പുട്‌നിക് അക്ഷരാർത്ഥത്തിൽ ബഹിരാകാശ ഗവേഷണരംഗത്ത് ഒരു യുദ്ധത്തിനു തന്നെയാണ് തുടക്കമിട്ടത്. രണ്ടാം ലോകമഹായുദ്ധത്തിനു ശേഷം അമേരിക്കയും സോവിയറ്റ് യൂണിയനുമിടയിൽ ആരംഭിച്ച ശീതയുദ്ധത്തിന്റെ അടുത്ത ഘട്ടം ആരംഭിക്കുന്നതും ഇതോടെയാണ്. പിന്നീടിങ്ങോട്ടുള്ള വർഷങ്ങളിൽ ബഹിരാകാശ ഗവേഷണരംഗത്തെ ഒരോ നാഴികക്കല്ലുകളും കൈവശപ്പെടുത്താനുള്ള മത്സരത്തിലായിരുന്നു ഇരു രാജ്യങ്ങളും. സ്പുട്നിക് തുടങ്ങിവെച്ച മത്സരത്തിൻ്റെ ഫലമായിരുന്നു 1958ൽ നാഷണൽ എയ്റോനോട്ടീക്സ് ആൻഡ് സ്പേസ് അഡ്മിനിസ്ട്രേഷൻ അഥവാ നാസയുടെ രൂപീകരണം. നാഷണൽ അഡ്വൈസറി കമ്മിറ്റി ഫോർ എയ്റോനോട്ടീക്സിന് പകരമാണ് ഐസൻഹോവർ നാസ സ്ഥാപിച്ചത്. ഈ മത്സരം നിരവധി സാങ്കേതിക മുന്നേറ്റങ്ങളിലേക്ക് വഴി തെളിച്ചു.

കൃത്രിമ ഉപഗ്രഹം എന്ന ആശയം ആദ്യമായി മുന്നോട്ടു വെച്ചത് 1954ൽ സോവിയറ്റ് എയ്റോ സ്‌പേസ് എൻജിനീയറായ മിഖായിൽ ടിഖോൻറവോവാണ്. ഈ ആശയത്തിലൂന്നി സോവിയറ്റ് ബഹിരാകാശ പദ്ധതികളുടെ മാസ്റ്റർ ബ്രയിനായ സെർജി കൊറോലെവ് ആർ-7 എന്ന ആദ്യ ഭൂഖണ്ഡാന്തര ബലിസ്റ്റിക് മിസൈൽ രൂപകൽപ്പന ചെയ്തു. സ്പുട്നിക് ഉപഗ്രഹം വിക്ഷേപിക്കാൻ ഉപയോഗിച്ചത് ഇതേ മിസൈലായിരുന്നു.

സോവിയറ്റ് യൂണിയൻ ആദ്യമായി വികസിപ്പിച്ച ഉപഗ്രഹം ഒബ്ജക്റ്റ് ഡി ആണ്. അതിന് 1400 കിലോഗ്രാം ഭാരം ഉണ്ടായിരുന്നു. എന്നാൽ ആർ-7 റോക്കറ്റിന് 1000 കിലോഗ്രാം ഭരത്തിൽ കൂടുതലുള്ള ഉപഗ്രഹത്തെ വഹിക്കാനുള്ള ശക്തി ഉണ്ടായിരുന്നില്ല. 

സ്പുട്നിക് I ൻ്റെ വിക്ഷേപണം വിജയകരമായതിനെ തുടർന്ന് 2 പുതിയ സ്പുട്നിക് ഉപഗ്രഹങ്ങൾ കൂടി വിക്ഷേപിക്കപ്പെട്ടു.

അന്താരാഷ്ട്ര ജിയോഫിസിക്കൽ വർഷാചരണത്തോട് അനുബന്ധിച്ച് അമേരിക്ക ഉപഗ്രഹം വിക്ഷേപിക്കുമെന്ന കാര്യം  ഐസൻഹോവർ 1955ൽ തന്നെ ഉറപ്പ് നൽകിയതാണ്. അത് കൊണ്ട് തന്നെ  ആദ്യ കൃത്രിമ ഉപഗ്രഹം എന്ന നാഴികക്കല്ല് സ്വന്തമാക്കാൻ സോവിയറ്റ് യൂണിയന് ഒരുപാട് സമയം കൈവശമുണ്ടായിരുന്നില്ല. ഇത് 83 കിലോഗ്രാം മാത്രം ഭാരമുള്ള സ്പുട്നിക്കിന്റെ വികാസത്തിലേക്ക് നയിച്ചു. 

സ്പുട്നിക് I ൻ്റെ വിക്ഷേപണം വിജയകരമായതിനെ തുടർന്ന് 2 പുതിയ സ്പുട്നിക് ഉപഗ്രഹങ്ങൾ കൂടി വിക്ഷേപിക്കപ്പെട്ടു. അതിലൊന്നിലാണ് ലൈക്ക എന്ന നായയെ ബഹിരാകാശത്തെത്തിച്ചത്. സോവിയറ്റ് യൂണിയൻ തങ്ങളുടെ മൂന്ന് ഉപഗ്രഹങ്ങൾക്ക് മാത്രമേ സ്പുട്നിക് എന്ന് ഔദ്യോഗികമായി പേര് നല്കിയിട്ടുള്ളൂ എങ്കിലും പശ്ചാത്യരാജ്യക്കാർ സോവിയറ്റ് ഉപഗ്രഹങ്ങളെയെല്ലാം സ്പുട്നിക് എന്നാണ് വിശേഷിപ്പിച്ചത്. 

സ്പുട്നിക്കിൻ്റെ വിക്ഷേപണത്തിന് ശേഷം ഇന്ന് 6 പതിറ്റാണ്ടുകൾ പിന്നിടുമ്പോൾ ബഹിരാകാശ ഗവേഷണ മേഖലയിൽ ഉണ്ടായ മാറ്റങ്ങൾ നമ്മുടെ സങ്കല്പങ്ങൾക്കും അപ്പുറത്താണ്.