Mar 9 • 10M

രാജഭരണത്തിൽ നിന്ന് തൊഴിലാളി വർഗ സർവ്വാധിപത്യത്തിലേക്ക്

2
 
1.0×
0:00
-10:18
Open in playerListen on);
History For Everyone
Episode details
Comments

ചൂഷണം അനുഭവിക്കുന്ന ജനവിഭാഗങ്ങളുടെ  വിമോചന സ്വപ്നങ്ങൾക്ക് ചിറകു നൽകിയ സംഭവമായിരുന്നു 1917 ൽ നടന്ന റഷ്യൻ വിപ്ലവം. നൂറ്റാണ്ടുകളോളം റഷ്യ ഭരിച്ചിരുന്ന റോമനോവ് രാജവംശത്തെ സ്ഥാനഭ്രഷ്ടനാക്കിയ  ഫെബ്രുവരി വിപ്ലവത്തെയും പിന്നീട് ബോൾഷെവിക്കുകളുടെ നേതൃത്വത്തിൽ തൊഴിലാളികളുടെ സർവ്വാധിപത്യം സ്ഥാപിച്ച  ഒക്ടോബർ  വിപ്ലവത്തെയും ചേർത്താണ് റഷ്യൻ വിപ്ലവമെന്ന പേരിൽ അറിയപ്പെടുന്നത്. ഇത് പെട്ടെന്ന് ഒരു ദിവസം പൊട്ടിപുറപ്പെട്ട സമരമല്ല. ഒരുപാട് വർഷങ്ങൾ നീണ്ടു നിന്ന സമരങ്ങളുടെ ആകെത്തുകയായിരുന്നു അത്. ആ കാലത്തെ റഷ്യയിലേക്ക് നമുക്കൊന്നു പോവാം.

1613 മുതൽ 1917 വരെ ഇന്നത്തെ റഷ്യ ഉൾപ്പെടുന്ന വലിയ പ്രദേശത്തെ ഭരിച്ചിരുന്നത് റോമനോവ് രാജവംശമായിരുന്നു. രാജഭരണത്തിൽ പൊതുജനങ്ങൾക്ക്, പ്രത്യേകിച്ച്  തൊഴിലാളികൾക്കും കർഷകർക്കും ഗുണകരമായതൊന്നും തന്നെ ഉണ്ടായിരുന്നില്ല. ദുരിതപൂർണ്ണമായ ജീവിതം തന്നെയായിരുന്നു അവർ നയിച്ചത്.

ഇരുപതാം നൂറ്റാണ്ടിന്റെ തുടക്കത്തിൽ റഷ്യൻ ജനതയുടെ എൺപത്തിയഞ്ച് ശതമാനത്തോളം കർഷകരായിരുന്നു കാർഷിക വിഭവങ്ങളുടെ കയറ്റുമതിയായിരുന്നു പ്രധാന വരുമാനമാർഗ്ഗം. 1890 കളിൽ റഷ്യയിലെ റെയിൽ ഗതാഗതം വിപുലീകരിക്കുകയും കൽക്കരിയും  മറ്റ് ഉൽപ്പന്നങ്ങളുടെയും കയറ്റുമതി വർദ്ധിക്കുകയും വിദേശികൾ റഷ്യയിൽ നിക്ഷേപം നടത്തുകയും ഒട്ടേറെ വ്യാവസായശാലകൾ സ്ഥാപിക്കപ്പെടുകയും ചെയ്തു. ഫാക്ടറികളെല്ലാം തന്നെ സ്വകാര്യ വ്യക്തികളുടെ കൈവശമായിരുന്നു. വ്യവസായ മേഖലയിൽ അഭിവൃദ്ധി ഉണ്ടായെങ്കിലും തൊഴിലാളികൾക്ക് ക്യത്യമായ കൂലി ലഭിച്ചിരുന്നില്ല. പലപ്പോഴും 10 മുതൽ 15 മണിക്കൂർ ജോലി ചെയ്യേണ്ടതായും വന്നു. ഫാക്ടറി തൊഴിലാളികളിൽ 31 ശതമാനം സ്ത്രീകളായിരുന്നു എങ്കിലും പുരുക്ഷൻമാരുടെ ശബളത്തിന്റെ മൂന്നിലൊന്നു മാത്രമേ അവർക്ക് ലഭിച്ചിരുന്നുള്ളു.

സാർ നിക്കോളാസ് രണ്ടാമൻ

ഇക്കാലത്ത്  നഗര പ്രദേശങ്ങളിലേക്ക് ആളുകൾ കുടിയേറുകയും കൂടി ചെയ്തത്തോടെ അവിടുത്തെ ജനസംഖ്യ വർദ്ധിക്കുകയും  തൊഴിലാളികളുടെ ജീവിതം കൂടുതൽ ദുരിതപൂർണ്ണമാവുകയും ചെയ്തു. ഇക്കാലത്താണ് തൊഴിലാളി സംഘടനകൾ രൂപികരിക്കപ്പെടുന്നത്. അവർ തൊഴിലിടങ്ങളിലെ പ്രശ്നങ്ങളിൽ ഇടപ്പെടുകയും 1896 - 1897 വർഷങ്ങളിൽ  തുകൽ ഫാക്ടറികളിലും വ്യവസായ മേഖലകളിലും പണിമുടക്കുകൾ സംഘടിപ്പിച്ചു.

തൊഴിലാളികളെ സംബന്ധിച്ചിടത്തോളം വളരെ മോശം വർഷമായിരുന്നു 1905. രാജ്യത്ത് ഭക്ഷ്യക്ഷാമമുണ്ടാവുകയും തൊഴിലാളികളുടെ ശമ്പളം ഇരുപത് ശതമാനത്തോളം കുറയ്ക്കുകയുണ്ടായി. ഇതിനെതിരെ പ്രതികരിച്ച പുല്ലിലോവ് ഐയൺ വർക്സിലെ തൊഴിലാളികളെ പിരിച്ചുവിട്ടു. കുറച്ചു ദിവസങ്ങൾക്കു ശേഷം ഒരു ലക്ഷത്തിനടുത്ത് തൊഴിലാളികൾ ഫാദർ ഗാപോണിന്റെ നേതൃത്തിൽ വിന്റർ പാലസിലെക്ക് വലിയ പ്രകടനം നടത്തി. സമാധാനപരമായി നടന്ന ആ പ്രകടനത്തിലേക്ക്  പട്ടാളം വെടിയുതിർക്കുകയും ആയിരത്തിനടുത്തോളം പേർക്ക് ജീവൻ നഷ്ടപ്പെടുകയും ചെയ്തു. ഈ സംഭവം ബ്ലഡി സൺഡേ എന്ന പേരിൽ അറിയപ്പെടുന്നു.

വെടിവെയ്പ്പിനെ തുടർന്ന് രാജ്യത്താകെ ശക്തമായ പ്രതിഷേധങ്ങൾ സംഘടിക്കപ്പെട്ടു. ഒരു നിയമനിർമാണ സഭ രുപികരിക്കണമെന്ന ആവശ്യം ശക്തമായതോടെ അന്നത്തെ ചക്രവർത്തിയായിരുന്ന സർ നിക്കോളാസ് രണ്ടാമൻ  ഡ്യുമയെന്ന പേരിൽ ഒരു നിയമ നിർമാണ സഭ രൂപികരിച്ചു.  പക്ഷേ ഡ്യൂമയെടുക്കുന്ന ഏത് തീരുമാനത്തെ നിരാകരിക്കാൻ ചക്രവർത്തിക്ക് അധികാരമുണ്ടായിരുന്നു. ആദ്യ ഡ്യൂമ രൂപീകരിച്ച് എഴുപത്തിഞ്ച്  ദിവസത്തിനുള്ളിൽ പിരിച്ചു വിടുകയും വീണ്ടു തെരെഞ്ഞെടുകയും ചെയ്തു.

1914 നു മുൻപു വരെ റഷ്യയിൽ രാഷ്ട്രീയ സംഘടനകൾ നിയമ വിരുദ്ധമായിരുന്നു. മാർക്സിന്റെ ചിന്തകളുടെ സ്വാധീനത്താൽ 1898 ൽ റഷ്യൻ സോഷ്യലിസ്റ്റ് ഡമോക്രാറ്റിക്ക് പാർട്ടി രൂപീകരിച്ചു. 1903 ൽ ജൂലിയസ് മറത്തോവിന്റെ നേതൃത്വത്തിൽ

മെൻഷെവിക്കെന്നും  ലെനിന്റെ നേതൃത്വത്തിൽ ബോൾഷെവിക്കെന്നും രണ്ടു ഗ്രൂപ്പുകളായി റഷ്യൻ സോഷ്യലിസ്റ്റ് ഡമോക്രാറ്റിക്ക് പാർട്ടി പിളർന്നു.

1914 ഒന്നാം ലോക മഹായുദ്ധം ആരംഭിച്ചപ്പോൾ റഷ്യയും അതിന്റെ ഭാഗമായിമാറി. പക്ഷേ ജർമ്മൻ വിരുദ്ധ പക്ഷത്ത് നിലയുറപ്പിച്ച റഷ്യക്ക്  വലിയ നഷ്ടങ്ങളുണ്ടായി. 7 ദശലക്ഷം  റഷ്യൻ സെനികർ യുദ്ധത്തിൽ മരണപ്പെട്ടു. ഇത് രാജ്യത്തെ സ്ഥിതിഗതികൾ കൂടുതൽ വഷളാക്കി. 1916ൽ റെയിൽ ഗതാഗതം സ്തംഭിക്കപ്പെട്ടുകയും വ്യാപാര മേഖലയാകെ തകരുകയും  ഭക്ഷ്യവസ്തുക്കൾക്ക്  വലിയ രീതിയിലുള്ള ക്ഷാമം അനുഭവപ്പെടുകയും ചെയ്തു.

വ്ലാഡിമിർ ലെനിൻ

 1917 ഫെബ്രുവരി 22ന്   തൊഴിലാളികളെ പിരിച്ചുവിട്ടതിൽ പ്രതിഷേധിച്ച് അമ്പതോളം ഫാക്ട്ടറികളിൽ പണിമുടക്കുകൾ സംഘടിക്കപ്പെട്ടു.  ഈ പ്രതിഷേധത്തിന് പലയിടത്തും നേതൃത്വം നൽകിയിരുന്നത്  സ്ത്രീകളായിരുന്നു. ഫാക്ടറി കോംപൗണ്ടുകൾ കടന്ന് തലസ്ഥാനമായ   പെട്രോഗാഡിലെ പ്രധാന പ്രദേശങ്ങളായ നവസ്ക്കി പ്രോസ്പെക്റ്റിൽ പ്രതിഷേധക്കാർ പ്രവേശിച്ചു. ഈ സമയം ഒരു രാഷ്ട്രീയപാർട്ടിയും പ്രക്ഷോഭത്തിൽ ഇടപ്പെട്ടിരുന്നില്ല. ഭരണാധികാരികളുടെ ഓഫീസുകളെല്ലാം തൊഴിലാളികൾ വളഞ്ഞു. ഗവർൺമെന്റ് പ്രദേശത്താകെ കർഫ്യൂ പ്രഖ്യാപിക്കുകയും പ്രതിഷേധക്കാർ പിരിഞ്ഞു പോവുകയും ചെയ്തെങ്കിലും പിന്നീട് 24 നും 25നും വിണ്ടും പ്രതിഷേധക്കാർ പ്രക്ഷോഭമായി നഗരത്തിലെത്തി.  പ്രധിഷേധത്തെ അടിച്ചമർത്താനായി ചക്രവർത്തി പട്ടാളത്തിനേയും പൊലീസിനേയും നിയോഗിച്ചു. ഫെബ്രുവരി 25 ന്  സർ നിക്കോളാസ് രണ്ടാമൻ ഡ്യൂമയെ പിരിച്ചുവിട്ടു.

 തുടർന്ന്  ഈ തീരുമാനത്തിനെതിരെ  രാഷ്ട്രീയ പ്രവർത്തകർ പ്രതികരിക്കുകയും പ്രതിഷേധങ്ങൾ കൂടുതൽ ശക്തമാവുകയും ചെയ്തു. ബ്രഡ്, കൂലി, ജോലി സമയം ക്രമീകരിക്കുക, ജനാധിപത്യം നടപ്പിലാക്കുക എന്നി മുദ്രാവാക്ക്യങ്ങളുമായി അവർ തെരുവിലിറങ്ങി. ഫെബ്രുവരി 27 ന് പ്രതിഷേധക്കാർ പൊലീസ് ഹെഡ്കോട്ടേഴ്സ് പിടിച്ചെടുത്തു. പെട്രോഗ്രാഡിലെ സൈനിക മേധാവി പ്രതിഷേധക്കാർക്കെതിരെ വെടിയുതിർക്കാനായി ഉത്തരവിട്ടു. എന്നാൽ പട്ടാളക്കാർ പ്രതിഷേധക്കാരുടെ കൂടെ ചേരുകയും ഡ്യൂമ ചേരുന്ന കെട്ടിടത്തിൽ യോഗം ചേരുകയും ചെയ്തു. ഈ സംഘം  പിന്നീട് പെട്രോഗ്രാഡ് സോവിയറ്റ്  എന്ന് അറിയപ്പെട്ടു.

 അടുത്ത ദിവസങ്ങളിൽ തന്നെ പ്രക്ഷോഭരുടെ പ്രധിനിധികൾ  സർ ചക്രവർത്തിയെ കണ്ടു.   സ്ഥാനമൊഴിഞ്ഞില്ലെങ്കിൽ രാജ്യം അരാജകത്വത്തിലേക്ക് പോവുമെന്നും ഒന്നാം മഹാ ലോകയുദ്ധത്തെ അത് ദോഷകരമായി ബാധിക്കുമെന്നുമുള്ള സൈനിക മേധാവികളുടെ നിർദേശത്താൽ സർ നിക്കോളാസ് രണ്ടാമൻ മാർച്ച് 2 സ്ഥാനമൊഴിയുകയും ഡ്യൂമയിലെ അംഗമായിരുന്ന പ്രിൻസ് ജോർജ് ലോവിൻ്റെ നേതൃത്തിൽ പ്രൊവിഷണൽ ഗവർൺമെന്റ് നിലവിൽ വരികയും ചെയ്തു. ഇതോടെ  രാജവാഴ്ച അവസാനിച്ചു. റഷ്യയിൽ പബ്ലിക്ക് മീറ്റിങ്ങുകൾക്കുണ്ടായിരുന്ന വിലക്കുകൾ നീക്കം ചെയ്തു.

അലക്സാണ്ടോ കെറൻസ്കി

തുടർന്ന്പെട്രോഗ്രാഡ് സോവിയറ്റുകളെ പോലെ  രാജ്യത്തിന്റെ പല ഭാഗങ്ങളിലും സോവിയറ്റുകൾ സ്ഥാപിക്കപ്പെട്ടു.

സോവിയെറ്റുകളെന്നു പറയുന്നത് ഭരണത്തി മൈക്രോ-ലെവൽ കമ്മിറ്റികളാണ്. റഷ്യയിലെ എല്ലാ പ്രദേശങ്ങളിലും ഇത്തരത്തിലുള്ള സമിതികളുണ്ടായിരുന്നു.

എപ്രിൽ മാസത്തിൽ നീണ്ട പന്ത്രണ്ടു വർഷത്തെ ഒളിവു ജീവിതത്തിനു ശേഷം ബോൾഷെവിക്ക് പാർട്ടിയുടെ നേതാവ് ലെനിൻ റഷ്യയിലേക്ക് തിരിച്ചുവന്നു. യുദ്ധത്തിൽ റഷ്യ അണിചേരുന്നതിൽ എതിർത്തിരുന്ന ലെനിൻ യുദ്ധം നിർത്തണമെന്നും ഭൂമി കർഷകർക്ക് വിതരണം ചെയ്യണമെന്നും ബാങ്കുകളൊക്കെ ദേശസാൽക്കരിക്കണമെന്നുള്ള  മൂന്ന് മുദ്രാവാക്യങ്ങൾ ഉയർത്തി. ഇത് ഏപ്രിൽ തീസിസ് എന്ന പേരിൽ അറിയപ്പെടുന്നു . റഷ്യയിലെ ബോൾഷെവിക്ക് പാർട്ടിയുടെ പേര് കമ്യൂണിസ്റ്റ് പാർട്ടിയെന്നാക്കി. രാജ്യത്താകെ പ്രക്ഷോഭങ്ങളും സമരങ്ങളും ഉണ്ടായി. ട്രേഡ് യുണിയനുകൾ കുടുതലായി സ്ഥാപിക്കപ്പെടുകയും സൈനികർക്കിടയിലും സോവിയറ്റുകൾ സ്ഥാപിക്കപ്പെടുകയും ചെയ്തു.

തൊഴിലാളികൾ  ഉടമകളോട് തങ്ങളുടെ ആവശ്യങ്ങൾ ഉന്നയിക്കുകയും ചോദ്യം ചെയ്യേണ്ടവ ചോദ്യം ചെയ്യ്തും പ്രക്ഷോപങ്ങൾ സംഘടിപ്പിച്ചും മുന്നോട്ട് പോയി.  ബോൾഷെവിക്കുകളുടെ ജനസ്വാധീനം വർദ്ധിച്ചു വരികയും  പൊവിഷണൽ സർക്കാറിന്റെ സ്വാധീനം കുറയുകയും ചെയ്തതു കാരണം  ഫെബ്രുവരി വിപ്ലവത്തിൽ ഉയർന്നിരുന്ന മുദ്രാവാക്ക്യങ്ങളൊന്നും അവർക്ക് നടപ്പിലാക്കാനായിരുന്നില്ല.  ഇതേ സമയം യുദ്ധത്തിൽ പങ്കെടുത്തിരുന്ന റഷ്യൻ സൈന്യത്തിൽ വലിയ ആൾനാശം സംഭവിക്കുന്നു.  പെട്രോഗ്രാഡിലുണ്ടായിരുന്ന സൈനികർ തെരുവിറങ്ങി പ്രതിഷേധിക്കുകയും  ബോൾഷെവിക്കുകൾ പ്രക്ഷോഭത്തിന്റെ ഭാഗമാവുകയും ചെയ്തു. പ്രോവിഷണൻ സർക്കാറിനോട് പ്രതിപത്തിയുള്ള സൈനികർ പ്രക്ഷോഭകർക്കെതിരെ വെടിയുതിർത്തു. നൂറ് കണക്കിനാളുകൾ ഈ സമരത്തിൽ കൊല്ലപ്പെട്ടു.

വൈകാതെ  പ്രക്ഷോഭങ്ങളെയെല്ലാം തന്നെ അധികരം ഉപയോഗിച്ച് മെൻഷെവിക്കുകൾ ചെറുത്തു.ഈ കാലയളവിൽ പല ബോൾഷെവിക്ക്  നേതാക്കളും അറസ്റ്റ് ചെയ്യപ്പെട്ടു. അല്ലാത്തവർ ഒളിവിൽ പോവുകയും ചെയ്തു. ഈ സംഭവത്തിനു ശേഷം  പ്രസിഡന്റ് പദവിലേക്ക്  അലക്സാണ്ടോ കെറൻസ്കി വരുന്നു.

പ്രൊവഷണൽ ഗവൺമെന്റ് സ്വേഛാധിപത്യത്തിലേക്ക് പോകുന്നുണ്ടോയെന്ന ഭയം ലെനിനുണ്ടായിരുന്നു. പുതിയ ഒരു ഗവൺമെന്റ് സൃഷ്ടിക്കാനായി പെട്രോഗാഡ് സോവിയറ്റിന്റെയും ബോൾഷെവിക്കുകളോട് അനുഭാവം പുലർത്തുന്ന സൈനികരുടെയും സോവിയറ്റുകളെ ഒരുമിപ്പിച്ച് ട്രോട്സ്കിയുടെ നേതൃത്വത്തിൽ മിലിട്ടറി റവല്യൂഷനറി കമ്മിറ്റി രൂപികരിക്കപ്പെടുന്നു.

ലിയോൺ ട്രോട്സ്കി

 1917 ഒക്ടോബർ 16 ന് ലെനിൻ  സോഷ്യലിസ്റ്റ് സമുഹം സൃഷ്ടിക്കാൻ ഗവൺമെന്റിനെ പിടിച്ചെടുക്കാനായി ആഹ്വാനം ചെയ്യുന്നു.

ഒക്ടോബർ 24 ന് കെറൻസ്കി തന്നോട് അനുഭാവം പുലർത്തുന്ന സൈന്യത്തെ ഉപയോഗിച്ച്  ബോൾഷെവിക്കുകളെ അടിച്ചമർത്താനുള്ള ശ്രമങ്ങൾ നടത്തി. വിന്റർ പാലസ് സംരക്ഷിക്കാനായി  ടെലഫോൺ-ടെലഗ്രാഫ് ഓഫീസുകൾ സൈന്യത്തിന്റെ അധീനതയിലാക്കി.

അതിനുള്ള മറുപടിയായി മിലിറ്ററി റവല്യൂഷനറി കമ്മിറ്റിയെ  പിന്തുണച്ചിരുന്ന ജനങ്ങളോട്  ഗവൺമെന്റ് ഓഫീസുകൾ പിടിച്ചെടുക്കാനും മന്ത്രിമാരെ അറസ്റ്റു ചെയ്യാനും ആഹ്വാനം ചെയ്തു. അന്ന് വൈകിട്ടുതന്നെ മിലിറ്ററി റെവല്യൂഷണറി കമ്മിറ്റി സൈന്യം വിന്റർ പാലസും മറ്റ് മിലിറ്ററി പൊയിന്റുകളും അവർ കൈക്കലാക്കി. രാത്രിയോടെ തന്നെ സിറ്റിയിലെ എല്ലാ ഗവൺമെന്റ് ഓഫിസുകൾ പിടിച്ചടക്കുകയും മന്ത്രിമാരെ തടവിലാക്കുകയും ചെയ്തു. മറ്റ് നഗരങ്ങളിലും ഇതോടൊപ്പം പോരാട്ടങ്ങൾ നടന്നു. ഡിസംബറോടെ മൊസ്കോ പെട്രോഗ്രാഡ് ഏരിയയുടെ പൂർണ നിയന്ത്രണം ബോൾഷെവിക്കുകൾക്കായി.

 തൊഴിലാളിവർഗത്തിന് സർവ്വാധിപത്യം ലഭിക്കാൻ കാരണമായ വിപ്ലവം ഒക്ടോബർ റെവല്യൂഷൻ എന്ന് ചരിത്രത്തിൽ അറിയപ്പെട്ടു. ഇന്നും ലോകത്തിലെ വിമോചന സ്വപ്നങ്ങൾക്ക്  ഇന്ധനം നൽകുന്ന റഷ്യൻ വിപ്ലവത്തിന് അന്ത്യമായി. 

**റഷ്യൻ വിപ്ലവ സമയം  അവിടെ ഉപയോഗിച്ചിരുന്നത് ജൂലിയൻ കലണ്ടാറായിരുന്നു ഇന്ന് നമ്മൾ ഉപയോഗിക്കുന്ന ഗ്രീഗേറിയൻ കലണ്ടർ പ്രകാരം ഫെബ്രുവരി വിപ്ലവം മാർച്ച് 12 നും ഒക്ടോബർ വിപ്ലവം നവംബർ 7 നുമാണ് കാണുക.

Thanks for reading Historica! Subscribe for free to receive new posts and support my work.