Jan 11 • 13M

കുറുക്കൻമൂലയിലടിച്ച ക്രിപ്റ്റോൺ മിന്നൽ: സൂപ്പർ മുരളി

14
55
 
1.0×
0:00
-13:00
Open in playerListen on);
History For Everyone
Episode details
55 comments

"തീ മിന്നൽ തിളങ്ങി

കാറ്റും കോളും തുടങ്ങി

നാടിനാകെ കാവലാകും

വീരൻ മണ്ണിൽ ഇറങ്ങി"

( മിന്നൽ മുരളി )

2019 ഡിസംബറിൽ വുഹാനിൽ നിന്നെത്തിയ കൊറോണ വൈറസും തുടർ വൈറസ് വകഭേദങ്ങളും ലോകത്താകമാനം ജനങ്ങൾക്ക് മരണഭയത്തിൻ്റെയും ഏകാന്തതയുടേയും വികാര ലോകം സൃഷ്ടിക്കുകയും, മാനവ സംസ്കാരത്തിൻ്റെ നിലനില്പിനെ തന്നെ ചോദ്യം ചെയ്യുകയും ചെയ്തിരിക്കുന്ന സാഹചര്യത്തിൽ, ഇതിൽ നിന്നു കരകയറുവാൻ നാം ഉറ്റുനോക്കുന്നത് നമുക്ക് രക്ഷയായി വരുന്ന വാക്സിനുകളും, അതു വികസിപ്പിക്കുന്ന സൂപ്പർ ശാസ്ത്രജ്ഞരെയുമാണ്. വർഷങ്ങളോളം നീണ്ടു നിൽക്കുന്ന പരീക്ഷണ ഗവേഷണങ്ങൾക്കൊടുവിലാണ് സൂപ്പർ ശാസ്ത്രജ്ഞർ വൈറസിനെ പ്രതിരോധിക്കുന്ന വാക്സീനുകൾ നിർമ്മിച്ചെടുക്കുന്നത്. ഒററയടിക്ക് വൈറസ് എന്ന വില്ലനെ തുരത്തിയോടിക്കുന്ന ഒരു സൂപ്പർ മനുഷ്യനെ പലരും ഈ കാലയളവിൽ സ്വപ്നം കണ്ടു കാണും. തുടർച്ചയായി വരുന്ന ദുരന്തങ്ങളിൽ നിന്നും തങ്ങളെ രക്ഷിക്കുന്ന, അതിമാനുഷിക ശക്തിയും വൈഭവങ്ങളുമുള്ള സൂപ്പർ മനുഷ്യനെക്കുറിച്ച് എല്ലാ കാലങ്ങളിലും ലോകസമൂഹം സ്വപ്നം കണ്ടിരുന്നു. സ്വപ്നമാണെങ്കിൽ കൂടി, മാനവകുലത്തെ മുൻപോട്ടു നയിച്ച ഒരാശയമായിത്തന്നെ ഈ സ്വപ്നങ്ങൾ പരിണമിച്ചു. വെറും സ്വപ്നമാണെന്നു നമ്മൾ ധരിക്കുമ്പോൾ പോലും മനുഷ്യൻ്റെ പരിണാമ പ്രക്രിയ തുടരുന്നുവെന്നും, അതിലെ വലിയ മാറ്റങ്ങളിലൊന്നായിരിക്കും നാം സ്വപ്നം കാണുന്ന സൂപ്പർ മനുഷ്യനെന്നും ലോക പ്രശസ്ത തത്വചിന്തകർ സൂചിപ്പിച്ചിട്ടുണ്ട്, നീചേയും, ബർട്രാൻണ്ട് റസ്സലുമടക്കും. 1930 കളിൽ അമേരിക്കൻ സംസ്കാര ഭൂമികയിൽ കുടിയേറ്റക്കാരായ ജൂതരിലെ രണ്ടാം തലമുറക്കാർ വികസിപ്പിച്ചെടുത്ത കോമിക് വീരൻ സൂപ്പർമാൻ, അതേ കാലഘട്ടത്തിൻ്റെ ലോക രാഷ്ട്രീയവുമായി അഭേദ്യമയി ബന്ധപ്പെട്ട് ഉരുത്തിരിഞ്ഞു വന്ന രാഷ്ട്രീയ/സാംസ്കാരിക ആശയമാണ്. സൂപ്പർമാൻ വെറും കളിയല്ല, ലോക രക്ഷകനായി മാറേണ്ട അതിമാനുഷികനാണെന്നു സാരം.

അമേരിക്കയിൽ പിറന്നു വീണ സൂപ്പർമാൻ ആശയം അമേരിക്കയുടെയും ലോകത്തിൻ്റെയും കരുത്തുറ്റ മാനവ ഭാവനയായി മാറിയത്, കോമിക് ബുക്കുകൾ, റേഡിയോ നാടകങ്ങൾ, സിനിമകൾ, പരസ്യചിത്രങ്ങൾ എന്നിവയിലൂടെയാണ്. 1938 ൽ സീഗളും, ഷുസ്റ്ററും വികസിപ്പിച്ചെടുത്ത സൂപ്പർമാൻ ആക്ഷൻ കോമിക്സിൽ പ്രസിദ്ധീകരിക്കപ്പെട്ടപ്പോൾ തുടങ്ങിയതാണ് സൂപ്പർമാൻ്റെ ജീവചരിത്രം. പിന്നീട് ഇരുപതു ലക്ഷത്തിൽപ്പരം മനുഷ്യർ 1939 മുതൽ ഇത് പത്രങ്ങളിൽ വായിച്ചുതുടങ്ങി. അക്ഷര ലോകത്തു നിന്നും 1940 ൽ ശബ്ദ ലോകമായ റേഡിയോവഴി Adventures of Superman എന്ന പരിപാടിയിലൂടെ ഏതു പ്രായക്കാരേയും സ്വാധീനിക്കുന്ന വിനോദ സംസ്കാരമായി സൂപ്പർമാൻ കഥ പരിണമിച്ചു. സിനിമാ ലോകത്തേക്കുള്ള സൂപ്പർമാൻ്റെ ആദ്യ വരവ് 1951 ൽ ആയിരുന്നു. പിന്നീട് സൂപ്പർമാൻ സീരിയലുകൾ ടി.വി ഷോകളിലും നിറഞ്ഞാടി. അഭ്രപാളികളിൽ വൻ മുതൽ മുടക്കിൽ നിർമ്മിച്ച ആദ്യ സൂപ്പർമാൻ ചിത്രം 1978 ലാണ് റിലീസ് ചെയ്തത്. പിന്നീടങ്ങോട്ട് സൂപ്പർമാൻ ചിത്രങ്ങൾ ഒറ്റയ്ക്കും കൂട്ടമായും വന്നു തുടങ്ങി. ഇതിലൂടെയെല്ലാം, സൂപ്പർമാൻ ആശയം ജനപ്രിയ വൽക്കരിക്കപ്പെടുകയും, അമേരിക്കയുടേത് മാത്രമല്ല, മറ്റു രാജ്യങ്ങളുടേയും സൂപ്പർ ഹീറോയായി സൂപ്പർമാൻ രംഗപ്രവേശം ചെയ്തു തുടങ്ങുകയും ചെയ്തു.

1930 കളിൽ അമേരിക്കൻ സംസ്കാര ഭൂമികയിൽ കുടിയേറ്റക്കാരായ ജൂതരിലെ രണ്ടാം തലമുറക്കാർ വികസിപ്പിച്ചെടുത്ത കോമിക് വീരൻ സൂപ്പർമാൻ, അതേ കാലഘട്ടത്തിൻ്റെ ലോക രാഷ്ടീയവുമായി അഭേദ്യമയി ബന്ധപ്പെട്ട് ഉരുത്തിരിഞ്ഞു വന്ന രാഷ്ട്രീയ/സാംസ്കാരിക ആശയമാണ്.

തുടക്കത്തിൽ, സത്യത്തിനും, നീതിക്കും വേണ്ടിയുള്ള അമേരിക്കൻ വഴിയാണ് (truth, justice and the American way) സൂപ്പർമാൻ വെട്ടിത്തെളിച്ചിരുന്നതെന്ന് കഥാപാത്രങ്ങളിലൂടെ തന്നെ വിശദീകരിച്ചിരുന്നു. രണ്ടാം ലോകമഹായുദ്ധത്തിനു മുമ്പുളള സൂപ്പർമാൻ കഥകളിൽ സൂപ്പർമാനേ ചിത്രീകരിച്ചിരുന്നത് സാമ്പത്തിക മാന്ദ്യകാല വീരനായിട്ടാണ്‌ (The Depression Hero). അന്യ ഗ്രഹങ്ങളിൽ നിന്നുമുള്ള പ്രതിനായകന്മാരിൽ നിന്ന് ഭൂമിയെ രക്ഷിക്കുന്ന സൂപ്പർമാനെ അന്നു കണ്ടിരുന്നില്ല. പകരം, സാമ്പത്തിക മാന്ദ്യത്തിൽപ്പെട്ട് ബുദ്ധിമുട്ടുന്ന സാധാരണക്കാരുടെ രക്ഷകനായിട്ടാണ് സൂപ്പർമാൻ പ്രത്യക്ഷപ്പെട്ടിരുന്നത്. യുദ്ധക്കൊതിയന്മാരെ നിലക്കുനിറുത്തിയും, തൊഴിലാളികളെ ചൂഷണം ചെയ്യുന്ന മുതലാളിമാരെ പാഠം പഠിപ്പിച്ചും, കു ക്ലക്സ് ക്ലാനിനെ അമർച്ച ചെയ്തും, അഴിമതിക്കാരായ രാഷ്ട്രീയക്കാരെയും കുററവാളികളെയും നിയമത്തിനും മുമ്പിൽ കൊണ്ടുവന്നും സൂപ്പർമാൻ തൻ്റെ രാജ്യത്തിൻ്റെ നന്മക്കായ് നിലകൊണ്ടു. 1940 ൽ 'എങ്ങനെ സൂപ്പർമാൻ യുദ്ധത്തിനറുതി വരുത്തും' (How The Superman Man Would End The War) എന്ന പരമ്പരയിലൂടെ നിയമത്തിനു മുമ്പിൽ ഹിറ്റ്ലറെ കൊണ്ടുവരുന്നതാണ് ഭാവനയിൽ കണ്ടത്. ഈ കാലഘട്ടത്തിലുടനീളം നാസി - ഫാസിസ്റ്റ് കൂട്ടുകെട്ടിനെതിരെയുള്ള വീരനായകനായിരുന്നു സൂപ്പർമാൻ. അമേരിക്കൻ നാട്ടിൽ, എല്ലാ മനുഷ്യർക്കും തുല്യതയുണ്ടായിരിക്കണമെന്ന ആശയം സൂപ്പർമാൻ പരമ്പരകളിലുടനീളം പ്രചരിപ്പിക്കപ്പെടുകയും ചെയ്തു. ആ കാലഘട്ടത്തിൽ, സ്കൂൾ പാഠപുസ്തകങ്ങളുടെ കവറുകളിലൂടെ അമേരിക്ക വൈവിധ്യവർഗ്ഗ സംസ്കാരങ്ങളുടെയും പല നാടുകളിൽ നിന്നു കുടിയേറി വന്നവരുടെയും മഹാരാജ്യമാണെന്ന് സൂപ്പർമാൻ വചനങ്ങളിലൂടെ പ്രചരിപ്പിക്കപ്പെട്ടിരുന്നു. ഇത് മനസ്സിലാക്കാതെ വർണ്ണവെറിയന്മാരാകുന്ന അമേരിക്കക്കാരെ 'ചീഞ്ഞ അമേരിക്കക്കാർ' എന്നാണ് സൂപ്പർമാൻ വിശേഷിപ്പിച്ചിരുന്നത്. ഇതായിരുന്നു നീതിയും സത്യവും സ്ഥാപിക്കുന്നതിനുള്ള 'അമേരിക്കൻ വഴിയായി' സൂപ്പർമാൻ പരമ്പരകളിൽ പ്രസരിക്കപ്പെട്ട ആശയം. യുദ്ധാനന്തര കാലഘട്ടത്തിൽ സത്യവും, നീതിയും അമേരിക്കൻ വഴിയിലൂടെയെന്ന മുദ്രാവാക്യം, സത്യവും, നീതിയും, നല്ല നാളേയ്ക്ക് എന്ന സൂപ്പർമാൻ വചനത്തിനായി വഴിമാറിയത് അന്താരാഷ്ട്രീയ സംവിധാനത്തിൽ അമേരിക്കൻ അധീശത്വം ഉറപ്പിക്കുന്ന ആശമായി കാണുവാൻ സാധിക്കും.

യുദ്ധാനന്തര കാലഘട്ടത്തിലെ സൂപ്പർമാൻ ആരെയും ത്രസിപ്പിക്കുകയും അമ്പരപ്പിക്കുകയും ചെയ്യുന്ന അദ്ഭുത മനുഷ്യനായി രൂപമാറ്റം നടത്തുന്നുണ്ട്. ഇത് പ്രത്യേകിച്ചും വൻ മുതൽ മുടക്കുള്ള ഹോളിവുഡ് ചലച്ചിത്രങ്ങളിലൂടെ, അതിമാനുഷികമായ പ്രവൃത്തികളിലൂടെ സൂപ്പർമാനേ ദൈവതുല്യനാക്കി മാറ്റി. "ചീറിപ്പായുന്ന വെടിയുണ്ടയെക്കാളും വേഗതയുള്ള, തീവണ്ടി എൻജിനേക്കാളും ശക്തിയുള്ള, ഏററവും ഉയരം കൂടിയ കെട്ടിടങ്ങളിൽ ഞൊടിയിടക്കുള്ളിൽ കയറി പറ്റുന്ന '' അതിമനുഷ്യനായി നമ്മുടെ കഥാനായകൻ. ക്രിപ്റ്റോൺ എന്ന ഗ്രഹത്തിൽ നിന്നും റോക്കറ്റിൽ മാതാപിതാക്കൾ കയറ്റി വിട്ട കുട്ടി ഭൂമിയുടെ രക്ഷകനായി മാറുന്ന ചരിത്രം വാസ്തവീകരിക്കുക തന്നെയാണ് ഹോളിവുഡ് സിനിമാറ്റിക് ഭാവന. വിമാനയാത്രക്കാരെ വൻ ദുരന്തങ്ങളിൽ നിന്നും രക്ഷിച്ച്, വില്ലൻ കഥാപാത്രങ്ങൾ തകർക്കുന്ന റെയിൽപാളങ്ങൾക്ക് പകരം സ്വന്തം ശരീരത്തെ പാളമാക്കി, അമേരിക്കൻ പ്രസിഡൻ്റിനെപ്പോലും വിമാന ദുരന്തത്തിൽ നിന്നു രക്ഷിച്ച് സൂപ്പർമാൻ്റെ സാന്നിധ്യം എല്ലായിടങ്ങളിലും ചലച്ചിത്രങ്ങൾ തെളിയിക്കുകയും, ലോകത്തിൻ്റെ മുക്കിലും മൂലയിലും ഉള്ള പ്രേക്ഷകരെ സൂപ്പർമാൻ ആരാധകരാക്കി മാറ്റുകയും ചെയ്തു.

ഇന്ത്യയുടെ ആദ്യത്തെ മുഴുനീള സൂപ്പർമാൻ ചലച്ചിത്രമാണ് 1987 ൽ പുറത്തിറങ്ങിയ സൂപ്പർമാൻ. ഇതിൽ ക്രിപ്റ്റോൺ ഗ്രഹത്തിൽ നിന്നും ഇന്ത്യയിലെത്തുന്ന സൂപ്പർമാൻ, ഇന്ത്യൻ മാതാപിതാക്കളുടെ മകനായി, രാജ്യത്ത് വൻ പ്രകൃതിദുരന്തം നടത്തുവാൻ ശ്രമിക്കുന്ന വില്ലനെ തുരുത്തുന്ന കഥയാണ് പറയുന്നത്.

ഏഷ്യൻ രാജ്യങ്ങളിലും അമേരിക്കൻ സൂപ്പർമാൻ പുനർജനിച്ചിട്ടുണ്ട്. ജപ്പാനിൽ രണ്ടാം ലോകമഹായുദ്ധത്തിനു ശേഷം ആസ്ട്രോ ബോയ് (Astro Boy) എന്ന കഥാപാത്രത്തിലൂടെയാണ് ഇത് സാധ്യമാക്കിയത്. ഇന്ത്യയുടെ ആദ്യത്തെ മുഴുനീള സൂപ്പർമാൻ ചലച്ചിത്രമാണ് 1987 ൽ പുറത്തിറങ്ങിയ സൂപ്പർമാൻ. ഇതിൽ ക്രിപ്റ്റോൺ ഗ്രഹത്തിൽ നിന്നും ഇന്ത്യയിലെത്തുന്ന സൂപ്പർമാൻ, ഇന്ത്യൻ മാതാപിതാക്കളുടെ മകനായി, രാജ്യത്ത് വൻ പ്രകൃതിദുരന്തം നടത്തുവാൻ ശ്രമിക്കുന്ന വില്ലനെ തുരുത്തുന്ന കഥയാണ് പറയുന്നത്. പുനീത് ഇസാർ സൂപ്പർമാനായി വേഷമിട്ട ചലച്ചിത്രം അവതരണത്തിലും സാങ്കേതികതയിലും മികവു പുലർത്തിയില്ല. ബോളിവുഡിൻ്റെ തന്നെ വൻ മുതൽ മുടക്കിലിറങ്ങിയ ചില സൂപ്പർ മാൻ ചിത്രങ്ങളിൽ ചിലതാണ്, എ ഫ്ലെയിംഗ് ജാട്ട്, കൃഷ് എന്നിവ. മലയാളത്തിൽ സൂപ്പർമാൻ ശൈലിയിൽ ചിത്രങ്ങളിറങ്ങിയിട്ടില്ലെങ്കിലും, സൂപ്പർ താരങ്ങൾ ചില ചിത്രങ്ങളിൽ അത്തരത്തിലുള്ള ചെറിയ പ്രകടനങ്ങൾ നടത്തിയതായി കാണാം. ഉദാഹരണത്തിന് വില്ലനെ ഇടിച്ചു തകർക്കുമ്പോൾ ഇടിയുടെ ആഘാതത്തിൽ അയാൾ വാഹനത്തോടൊപ്പം പറക്കുന്നതൊക്കെ നാം കാണാറുണ്ട്. സ്പെഷ്യൽ ഇഫക്ടുകൾ വഴി ഇതൊക്കെ നിഷ്പ്രയാസം ചിത്രീകരിക്കാവുന്നതേ ഉള്ളു. മൈ ഡിയർ കുട്ടിച്ചാത്തനിലും, പട്ടണത്തിൽ ഭൂതത്തിലും സൂപ്പർമാൻ പരിവേഷമുള്ള നായകന്മാരെ കാണുമ്പോളും, കഥയിൽ അവർ ആജ്ഞ അനുസരിക്കുന്ന അടിമകൾ മാത്രമാണ്. 2021 ൽ ക്രിസ്തുമസ് റിലീസായി നെറ്റ്ഫ്ളക്സിൽ വന്ന മിന്നൽ മുരളി തന്നെയാണ് മലയാളത്തിലെ ആദ്യ സൂപ്പർമാൻ ചിത്രം; ആദ്യത്തെ സൂപ്പർ വില്ലൻ ചിത്രമെന്നും കൂട്ടിച്ചേർത്തു പറയണം.

കുറുക്കൻമൂലയിൽ അമേരിക്കയിലേക്കുള്ള കുടിയേറ്റം സ്വപ്നം കണ്ടു നടക്കുന്ന മുരളി (അമേരിക്കൻ)സൂപ്പർമാൻ എന്ന കഥാപാത്രത്തേക്കുറിച്ച് യാതൊരു ധാരണയും ഇല്ലാതിരുന്ന വ്യക്തിയായിട്ടാണ് ചിത്രീകരിച്ചിരിക്കുന്നത്. ഇയാൾക്ക് സൂപ്പർമാനേക്കുറിച്ചും വീരകഥകളും പറഞ്ഞു കൊടുക്കുന്നത് ഒരു കൊച്ചു കുട്ടിയാണ്. വലിയ കഴിവുകൾ ഇല്ലാതിരുന്ന മുരളി, നാടിനും വീടിനും അത്ര നന്മ ചെയ്യാത്തവനായിട്ടാണ് സിനിമയിൽ കാണുന്നത്. തൻ്റെ കാമുകിയെ തനിക്കു നഷ്ടപ്പെടുന്ന അവസരത്തിൽ മുരളിയുടെ നൈരാശ്യ ബോധത്തിൽ നിന്നും തിരിച്ചുവരവിൻ്റെ അതിയായ ആഗ്രഹം ഉയർന്നു വരുന്നതായി കാണാം. ഇതേ സമയത്തു തന്നെയാണ് അത്യുഗ്ര മിന്നൽ പ്രഹരം അദ്ദേഹത്തിനേൽക്കുന്നതും ബോധരഹിതനായി വീഴുന്നതും. ഇതേ മിന്നൽ സിനിമയിൽ പിന്നീട് വില്ലൻ പരിവേഷം കിട്ടുന്നയാൾക്കും അടിക്കുന്നു എന്നതാണ് സിനിമാറ്റിക് ഭാവനയുടെ ബലം. നായകനും വില്ലനും അതിയായ മോഹം മനസ്സിൽ തോന്നുന്ന സമയത്തു തന്നെയാണ് മിന്നൽ ഏൽക്കുന്നതെന്നും ശ്രദ്ധേയമാണ്. ജീവിതത്തിൽ തിരിച്ചു വരണമെന്ന കടുത്ത ആഗ്രഹം മനസ്സിൽ ഉയർന്നു വരുമ്പോൾ ശരീരത്തിൽ ഉണ്ടാകുന്ന രാസപ്രവർത്തനം മിന്നൽപ്രഹരത്തിൽ അദ്ഭുത ശേഷിയുള്ള മനുഷ്യരായി ഇവരെ മാറ്റി എന്ന് അനുമാനിക്കാം. മിന്നൽ മുരളി സൂപ്പർമാൻ ആകുമ്പോൾ അയാൾക്കൊപ്പം നിൽക്കുന്ന സൂപ്പർ വില്ലനെത്തന്നെ വേണമെന്നതാണ് സിനിമയുടെ കഥ പറച്ചിലിനെ നയിക്കുന്ന രസതന്ത്രം. അതിമാനുഷിക ശക്തിയുള്ള നായകന് അതിമാനുഷിക ശക്തിയുള്ള എതിരാളി തന്നെ സൃഷ്ടിക്കപ്പെടണം എന്ന സൂപ്പർമാൻ സിനിമകളുടെ ചരിത്രപരമായ രീതി തന്നെയാണ് ഈ മലയാള സൂപ്പർമാൻ ചിത്രത്തിലും ദർശിക്കുവാൻ കഴിയുന്നത്.

2021 ൽ ക്രിസ്തുമസ് റിലീസായി നെറ്റ്ഫ്ളക്സിൽ വന്ന മിന്നൽ മുരളി തന്നെയാണ് മലയാളത്തിലെ ആദ്യ സൂപ്പർമാൻ ചിത്രം; ആദ്യത്തെ സൂപ്പർ വില്ലൻ ചിത്രമെന്നും കൂട്ടിച്ചേർത്തു പറയണം.

ഭരണകൂടത്തിൻ്റെ ഭാഗത്തു നിന്നും കുറുക്കൻമൂലയിൽ ക്രമസമാധാനം നിലനിറുത്തേണ്ട പോലീസ് ഈ സൂപ്പർമാൻ കഥയിലെ കോമാളികൾത്തന്നെയായി നിലകൊള്ളുന്നു. ചെറിയ കുറ്റകൃത്യങ്ങൾ തെളിയിക്കുന്നതിൽ പോലും ഇരുട്ടിൽ തപ്പുന്ന പോലീസ്, തങ്ങളുടെ വ്യക്തിതാൽപര്യങ്ങളെ പരിപാലിക്കുന്നവർ മാത്രമായാണ് ചിത്രീകരിക്കപ്പെട്ടിരിക്കുന്നത്. ഇത് അമാനുഷിക ശക്തിയുള്ള സൂപ്പർമാൻ്റെ വരവിന് വഴിയൊരുക്കുകയും, അവസാന ഭാഗത്ത് നാടിനെ രക്ഷിക്കാൻ സൂപ്പർമാനോട് അപേക്ഷിക്കുന്ന നിലയിലേക്ക് പോലീസ് സേനയെ എത്തിക്കുകയും ചെയ്യുന്നു. ഒരു മഹാദുരന്തം പൊടുന്നനേ സംഭവിക്കുമ്പോൾ അതിനെ നേരിടാൻ അശക്തരും സാങ്കേതിക സംവിധാനങ്ങളില്ലാത്തതുമായ ക്രമസമാധാന പാലകർ നെട്ടോട്ടമോടുന്ന കാഴ്ചയാണ് ഇവിടെ ദൃശ്യവൽക്കരിച്ചിരിക്കുന്നത്. ഒരു ഇൻസ്പെക്ടർ ബൽറാമിനോ, ആറാം തമ്പുരാനോ പരിഹരിക്കാൻ പറ്റാത്ത വിഷയമാണ് ഇതുവഴി മിന്നൽ മുരളി മുൻപോട്ടു വയ്ക്കുന്നത്. അമാനുഷിക ശക്തിയുള്ള വില്ലനെ തറപറ്റിക്കുവാൻ സൂപ്പർമാനേ നോക്കിയിരിക്കുന്ന കുറുക്കൻമൂലയിലെ ജനങ്ങൾക്കൊപ്പം, തങ്ങളുടെ വീടുകളിൽ ഇരുന്ന് പ്രേക്ഷകരും ചേരുന്നതാണ് മിന്നൽ മുരളിയുടെ വിജയത്തിന് തിളക്കം കൂട്ടുന്നത്. പ്ലാറ്റ്ഫോം ക്യാപിറ്റലിസത്തിൻ്റെ കാലഘട്ടത്തിൽ ഒരു സൂപ്പർമാൻ ചിത്രത്തിൻ്റെ ദുർവിധിയും ഒറ്റക്കൊറ്റയ്ക്കിരുന്നുള്ള ഈ സിനിമ കാണൽ തന്നെയാണ് എന്നു പറയേണ്ടിയിരിക്കുന്നു. നാടിനാകെ കാവലാകും വീരൻ നാട്ടിലിറങ്ങുന്നതിനു പകരം ഒരോ വീട്ടിലുമിറങ്ങിയ അവസ്ഥ / ദുരവസ്ഥ!

കേരളത്തിലെ ഒരു ചെറിയ പ്രദേശത്തു നടക്കുന്ന സംഭവങ്ങൾ സൂപ്പർമാൻ കഥയുമായി ചേർത്തിണക്കി ഒരു പ്രാദേശിക സൂപ്പർമാനെ കൃത്യമായി ദൃശ്യവൽക്കരിക്കുന്നതിൽ ഈ സിനിമ വിജയിച്ചു. ആശയപരമായും, സാംസ്കാരികപരമായും, ചരിത്രപരമായും അമേരിക്കൻ സൂപ്പർമാൻ്റെ നിലയിലേക്കുയരാൻ മിന്നൽ മുരളിക്കു സാധിച്ചില്ലയെന്നത് ദേശ രാഷ്ട്രത്തിൻ്റെ പ്രശ്നങ്ങളിലേക്ക് സൂപ്പർമാൻ പറന്നു ചെല്ലാത്തതുകൊണ്ടാണ്. അതുമല്ലെങ്കിൽ ഈ പ്രാദേശിക സിനിമാ ഭാവനയ്ക്കതിനു സാധിച്ചില്ല എന്നു തന്നെ കരുതാം. നീ എന്തു തരം ജീവിയാണെന്നോ, ഏതു ഗ്രഹത്തിൽ നിന്നും വന്നെന്നോ എനിക്കറിയില്ല എന്നു പറയുന്ന പോലീസ് ഉദ്യോഗസ്ഥൻ, നമ്മുടെ നാടിനെ രക്ഷിക്കാൻ മിന്നൽ മുരളിയോട് അപേക്ഷിക്കുന്നുണ്ട്. അമേരിക്കയിലേക്ക് പോകേണ്ട എന്നു തീരുമാനിക്കുന്ന മിന്നൽ മുരളി നാടിൻ്റെ രക്ഷക്കായി കുറുക്കൻമൂലയിൽത്തന്നെ ജീവിക്കാൻ തീരുമാനിക്കുന്നതോടെയാണ് സിനിമ അവസാനിക്കുന്നത്. ഇതൊരു തുടക്കമാണെന്ന് മിന്നൽ മുരളി പറയുന്നതിൽ നിന്നും, ഒരു പ്രാദേശിക സൂപ്പർമാനിൽ നിന്നും വിശ്വസൂപ്പർ മാനിലേക്കുള്ള ഒരു മൂന്നാം ലോക സ്വപ്നം യാഥാർത്ഥ്യമാകുമെന്നു പ്രേക്ഷകർക്കു കരുതാം. ജാതിയും, മതവുമില്ലാത്ത, അതിർവരമ്പുകളില്ലാത്ത ഫ്രെഡറിക് നീ ചേ സരത്തുസ്ട്രാ അങ്ങനെ പറഞ്ഞു (Thus Spoke Zarathustra)എന്ന നോവലിൽ വിഭാവന ചെയ്ത ഒരു സൂപ്പർമാനെത്തന്നെ ഇന്ത്യ സ്വപ്നം കാണണം; കുറുക്കൻമൂലയിലെ മിന്നൽ പിണരുകൾ അതിമാനുഷരെ വീണ്ടും സൃഷ്ടിക്കട്ടെ, സിനിമയിലും, സാമൂഹിക ജീവിതത്തിലും.

Thanks for reading Historica! Subscribe for free to receive new posts and support my work.