Feb 8 • 13M

മലബാർ കലാപം; വിവാദങ്ങളോട് തെളിവുകൾ സംസാരിക്കുന്നു

മലബാർ സമര ചരിത്രത്തിൻ്റെ നിഷ്പക്ഷ വായന - ഭാഗം 5

2
1
 
1.0×
0:00
-13:26
Open in playerListen on);
History For Everyone
Episode details
1 comment

ലതരം വ്യാഖ്യാനങ്ങള്‍ക്കു വിധേയമായി, പല വായനകള്‍ നിലവിലുള്ള ചരിത്രസംഭവമാണ് മലബാര്‍ കലാപം. വര്‍ഗീയ ലഹളയായും, ഖിലാഫത്ത് വിപ്ലവമായും, കര്‍ഷകസമരമായും വ്യാഖ്യാനിക്കപ്പെട്ട മലബാര്‍ സമരത്തിന്റെ വസ്തുതകളെപ്പറ്റി നാം എത്രമാത്രം ബോധവാന്മാരാണ്? നിലവില്‍ പല വ്യാഖ്യാനങ്ങളുള്ള ഒരു സംഭവം എന്നു പറയുമ്പോള്‍, നുണകളുടേയും കുപ്രചാരണങ്ങളുടേയും മേല്‍ കെട്ടിപ്പടുത്തതാണെന്നു വേണം കരുതാന്‍. ആ നുണകള്‍ അറിഞ്ഞോ അറിയാതേയോ, അബദ്ധവശാലോ അതിസമര്‍ത്ഥമായോ ചേര്‍ത്തതാകാം. അത്തരം കൂട്ടിച്ചേര്‍ക്കലുകള്‍ സ്വാഭാവികമായ തെറ്റിദ്ധാരണകള്‍ക്കും, ചരിത്രത്തെ തെറ്റായി ഗ്രഹിക്കാനും കാരണമാകാവുന്നതിനാല്‍ അവയ്ക്ക് കൃത്യത ഉണ്ടായിരിക്കണം. അല്ലാത്ത പക്ഷം തിരുത്തലുകള്‍ വേണ്ടി വരും. അപ്രകാരം മലബാര്‍ സമരത്തെ ചുറ്റിപ്പറ്റി നടക്കുന്ന കുപ്രചാരണങ്ങളേയും തെറ്റായ വ്യാഖ്യാനങ്ങളേയും വസ്തുതാപരമായി തിരുത്താനുള്ള ശ്രമമാണ് ഈ അധ്യായത്തില്‍ നിഷ്‌കര്‍ഷിക്കുന്നത്.  

എപ്രകാരമാണ് കുമാരനാശാന്റെ 'ദുരവസ്ഥയും', തുവ്വൂരിലെ കിണറും കള്ളങ്ങള്‍ കൊണ്ടു മൂടപ്പെടുന്നത്? അഥമര്‍ക്കു വേണ്ടി നിലകൊണ്ട ബാബാസാഹിബ് എപ്രകാരമാണ് അവര്‍ണര്‍ക്കെതിരായി മൊഴികൊടുത്തത്? ആനി ബെസന്റ് എന്തായിരിക്കും മലബാര്‍ കലാപത്തോട് വിരുദ്ധ നിലപാടെടുക്കാന്‍ കാരണം എന്നെല്ലാം പരിശോധിക്കുകയാണ് ഹിസ്റ്റോറിക്ക.


മലബാറിൽ നിന്നു തിരുവിതാംകൂറിലേക്കു പലായനം ചെയ്തവർ നൽകിയ വിവരങ്ങൾ, ബ്രിട്ടീഷുകാർ പ്രചരിപ്പിച്ചിരുന്ന വാദങ്ങൾ, അത്തരം കഥകളുടെ അടിസ്ഥാനത്തിൽ എഴുതപ്പെട്ടിരുന്ന പത്രവാർത്തകൾ എല്ലാമായിരുന്നു, ആശാനെ മലബാർ കലാപം ഹിന്ദുക്കൾക്കെതിരായ വർഗീയ കലാപമാണെന്ന നിഗമനത്തിലേക്കെത്തിച്ചത്


ദള്ളാര്‍ന്ന ദുഷ്ടമഹമ്മദന്മാര്‍ കേറി-

ക്കൊള്ളയിട്ടാര്‍ത്തഹോ തീ കൊളുത്തി

വെന്തുപോയൊരു വമ്പിച്ച മനയ്ക്കലെ

സന്താനവല്ലിയാണീക്കുമാരി

കൊള്ളക്കാരൊട്ടാളെ വെട്ടിക്കൊലചെയ്തും

'അള്ളാ' മതത്തില്‍ പിടിച്ചു ചേര്‍ത്തും

ഉള്ളില്‍ നടക്കും തിരക്കിലിരുട്ടിലി-

പ്പുള്ളിമാന്‍ കണ്ണിയാൾ

ചാടിപ്പോന്നാൾ

കഷ്ടം കാണായിതസംഖ്യമ്പേരെല്ലാരും

ദുഷ്ടമഹമ്മദരാക്ഷസന്‍മാര്‍

കൂര്‍ത്തോരിരുമ്പുകോല്‍കൊണ്ടകത്തേ മതില്‍

കുത്തിച്ചിലര്‍നിന്നിടിച്ചിടുന്നു.

കട്ടികൂടീടും കതകുകള്‍ മേലോങ്ങി

വെട്ടുന്നഹോ ചിലര്‍, വെണ്മഴുവാല്‍

താക്കോല്‍ ലഭിക്കുവാന്‍ കാര്യസ്ഥനെച്ചിലര്‍

നോക്കിതിരക്കില്‍ നടന്നിടുന്നു.

തോക്കൊഴിക്കുന്നിതിടയില്‍ മനയ്ക്കലെ-

യാള്‍ക്കാരണഞ്ഞാലവരെ നോക്കി.

ഉദ്ധതന്മാര്‍ പിന്നെക്കോപം സഹിയാഞ്ഞു

ചത്തുവീണോരെച്ചവിട്ടിടുന്നു

ശുദ്ധിയില്ലാത്ത മലയാള ഭാഷയില്‍

ക്രുദ്ധിച്ചസഭ്യങ്ങള്‍ ചൊല്ലിച്ചൊല്ലി

താനേ ചിലര്‍ കലിയാര്‍ന്നു മദംപെടു-

മാനപോല്‍ കൂക്കിവിളിച്ചിടുന്നു.

ഘോരമിശബ്ദങ്ങള്‍ മാറ്റൊലിക്കൊണ്ടഹോ

ദൂരത്തിരുട്ടുമലറിടുന്നു

അയ്യോ കാര്യസ്ഥനെ ദുഷ്ടരിതാ പിന്നില്‍

കൈയുകള്‍ കെട്ടിക്കുനിച്ചുനിര്‍ത്തി

ഹാ പാപം വാളൊന്നു പാളുന്നിതായിടി-

ത്തീപോലെ തദ്ഗളനാളത്തൂടെ

മഹാകവി കുമാരനാശാന്റെ പ്രസിദ്ധമായ 'ദുരവസ്ഥ' എന്ന കവിതയിലെ ഈ ഭാഗങ്ങള്‍ ഉയര്‍ത്തിക്കാട്ടിയാണ് ചിലര്‍ മലബാര്‍ സമരം ഒരു വര്‍ഗീയ കലാപമായിരുന്നെന്നു വാദിക്കുന്നത്. മഹാകവി കുമാരനാശാന്‍ തന്റെ 'ദുരവസ്ഥ' എന്ന കവിതയില്‍ 19-20 നൂറ്റാണ്ടുകളില്‍ മലബാറില്‍ നടന്ന ലഹള ഹിന്ദുക്കള്‍ക്കെതിരെ നടന്ന വര്‍ഗീയ കലാപമാണെന്നു പ്രതിപാദിച്ചിട്ടുണ്ടെന്നാണ് ഇത്തരക്കാര്‍ അവകാശപ്പെടുന്നത്. ഇത്തരമൊരു വ്യാഖ്യാനം മലബാര്‍ സമരത്തെ ചുറ്റിപ്പറ്റി, അതിനെതിരെ വളരെ ആധികാരികമായി ചൂണ്ടികാണിക്കപ്പെടുന്നതിനാല്‍ തന്നെ, എന്താണ് ഈ കവിത പറയുന്നതെന്നും, ഇതിന്റെ ബാക്കിപത്രം എന്താണെന്നും നമുക്കു പരിശോധിക്കാം.


നിവേദനവുമായി ചെന്ന സംഘത്തോട് 'നിങ്ങൾ വന്നു പറഞ്ഞതു നന്നായി, എനിക്കീ വസ്തുതകളൊന്നും അറിയുമായിരുന്നില്ല' എന്നും, മാസികയുടെ അടുത്ത പതിപ്പിൽ തിരുത്തി നൽകാമെന്നും ആശാൻ വാക്കു കൊടുക്കുകയുണ്ടായി


1921ലെ മലബാര്‍ കലാപം പൊട്ടിപുറപ്പെട്ട സാഹചര്യത്തെ അടിസ്ഥാനപ്പെടുത്തി എഴുതപ്പെട്ട കവിതയാണ് 'ദുരവസ്ഥ'. ആ കാലഘട്ടത്തില്‍ കലാപകാരികളാല്‍ ഒരു നമ്പൂതിരി കുടുംബം ആക്രമിക്കപ്പെടുന്നു. വീട് കൊള്ളയടിക്കപ്പെട്ട, മാതാപിതാക്കള്‍ കൊലചെയ്യപ്പെട്ട സാവിത്രി എന്നു പേരായ ഒരു അന്തര്‍ജനം, പരിസരത്തുള്ള ചാത്തന്‍ എന്ന പുലയ യുവാവിന്റെ വീട്ടില്‍ അഭയം തേടുന്നതും, ശേഷം പ്രണയത്തിലാകുന്നതുമാണ് ഇതിവൃത്തം. ഇതില്‍ ഉപയോഗിച്ചിട്ടുള്ള 'ദുഷ്ടമഹമ്മദരാക്ഷസന്‍മാര്‍', 'ഉദ്ധതന്മാര്‍' എന്നീ പദപ്രയോഗങ്ങളില്‍ പലതിലും മുസ്ലീം സമുദായത്തെ ആകെമൊത്തം തെറ്റായി ചിത്രീകരിച്ചിരിക്കുന്നതു കാണാം. ഇന്ന്, മലബാര്‍ സമരം ഒരു വര്‍ഗീയ കലാപമാണെന്ന സംഘപരിവാര്‍ ഭാഷ്യത്തിന് അടിസ്ഥാനമായി അവര്‍ ഉപയോഗിക്കുന്നത് ഈ കവിതയാണ്. അന്നു നടന്നിരുന്ന നിര്‍ബന്ധിത മതപരിവര്‍ത്തനം, കൊല, കൊള്ള, ബലാത്സംഗം എന്നിവയെല്ലാം ഹിന്ദു സമുദായത്തിനെതിരെ മുഹമ്മദീയര്‍ നടത്തിയ ക്രൂരതകളുടെ പ്രതീകമായാണ് സംഘപരിവാര്‍ വിലയിരുത്തിപ്പോരുന്നത്.  

എന്നാല്‍, വസ്തുതയ്ക്ക് നിരക്കാത്തതാണ് ഈ കവിതയില്‍ പരാമര്‍ശിച്ചിരിക്കുന്ന കാര്യങ്ങളെന്നും, മലബാര്‍ സമരം ഒരു ഹിന്ദുവിരുദ്ധ വര്‍ഗീയ കലാപമല്ലെന്നും പറഞ്ഞുകൊണ്ട് മലബാറില്‍ നിന്നും വക്കം മൗലവിയുടെ നേതൃത്വത്തില്‍ ഒരു മുസ്ലീം നിവേദക സംഘം ആശാനെ കണ്ടു നേരിട്ട് സംസാരിക്കുവാന്‍ തിരുവിതാംകൂറിലെ കായിക്കരയിലെത്തി ഒരു നിവേദനം സമര്‍പ്പിച്ചു. 'ദുരവസ്ഥ' വായിക്കുമ്പോള്‍, അതിലെ വര്‍ണ്ണനകള്‍ വായിക്കുമ്പോള്‍, കലാപം ആശാന്‍ നേരിട്ടു കണ്ടിട്ടുണ്ടെന്നു തോന്നിപ്പോകും. എന്നാല്‍ മലബാറില്‍ നിന്നു തിരുവിതാംകൂറിലേക്കു പലായനം ചെയ്തവര്‍ നല്‍കിയ വിവരങ്ങള്‍, ബ്രിട്ടീഷുകാര്‍ പ്രചരിപ്പിച്ചിരുന്ന വാദങ്ങള്‍, അത്തരം കഥകളുടെ അടിസ്ഥാനത്തില്‍ എഴുതപ്പെട്ടിരുന്ന പത്രവാര്‍ത്തകള്‍ എല്ലാമായിരുന്നു, ആശാനെ മലബാര്‍ കലാപം ഹിന്ദുക്കള്‍ക്കെതിരായ വര്‍ഗീയ കലാപമാണെന്ന നിഗമനത്തിലേക്കെത്തിച്ചത്.

വസ്തുതാപരമായ വിവരങ്ങളൊന്നും തന്നെ അവിടെ ലഭിക്കുന്നില്ല. ആശയവിനിമയം അന്നത്തെ കാലത്തു വളരെ വലിയ വെല്ലുവിളിയായിരുന്നു. മമ്പ്രത്ത് പള്ളി പട്ടാളം വളഞ്ഞു എന്ന വാര്‍ത്തയെ, പള്ളി തകര്‍ത്തു എന്ന് തെറ്റായി കേട്ട്, പട്ടാളത്തിനെതിരെ കലാപത്തിനിറങ്ങിയവരാണ് തിരൂരങ്ങാടിക്കാര്‍. അത്രമാത്രം തെറ്റായ വാര്‍ത്തകള്‍ സമീപ സ്ഥലങ്ങളില്‍ പോലും പരന്നിരിക്കുന്ന സ്ഥിതിക്ക് തിരുവിതാംകൂറിലുള്ള കുമാരനാശാന്‍ കാര്യങ്ങളെ തെറ്റിദ്ധരിച്ചതില്‍ കുറ്റം പറയാന്‍ സാധിക്കില്ലല്ലോ.


അന്നത്തെ ജുഡീഷ്യൽ റെക്കോർഡുകളിലൂടെ കടന്നു പോകുമ്പോൾ, കലാപത്തിൽ പങ്കെടുത്തതിനു പ്രതിയാക്കപ്പെട്ടവരിൽ നല്ലൊരു പങ്കും മാപ്പിളമാരെപോലെത്തന്നെ ഹിന്ദുക്കളും ഉണ്ടെന്നു കാണാം


എന്നാല്‍ നിവേദനവുമായി ചെന്ന സംഘത്തോട് 'നിങ്ങള്‍ വന്നു പറഞ്ഞതു നന്നായി, എനിക്കീ വസ്തുതകളൊന്നും അറിയുമായിരുന്നില്ല' എന്നും, മാസികയുടെ അടുത്ത പതിപ്പില്‍ തിരുത്തി നല്‍കാമെന്നും ആശാന്‍ വാക്കു കൊടുക്കുകയുണ്ടായി. ആശാനെ കണ്ടശേഷം ചെറു സംഘം തൃപ്തരായാണു മടങ്ങിയതെന്നും പറയുന്നു. ഇതിന് ശേഷമാണ് റഡീമര്‍ ബോട്ടപകടത്തില്‍ ആശാന്‍ മരിക്കുന്നത്.

അല്ലെങ്കില്‍ തന്നെ കേരളത്തില്‍ നിലനിന്നിരുന്ന ജാതിവ്യവസ്ഥയ്ക്കും അനാചാരങ്ങള്‍ക്കുമെതിരെ തന്റെ സര്‍ഗ്ഗ സംഭാവനകളിലൂടെ പോരാടിയിരുന്ന, അവര്‍ണ്ണരുടെ സ്വാതന്ത്ര്യത്തിനു വേണ്ടി നിരന്തരം കഠിന പ്രയത്‌നം ചെയ്തിരുന്ന, കുമാരനാശനെപ്പോലൊരാള്‍ ഇതൊരു ഹിന്ദു വംശഹത്യയാണെന്നു സ്വയം വിശ്വസിച്ചു പോന്നു എന്നു പറയുന്നതു തന്നെ വിരോധാഭാസമാണ്. 'ദുരവസ്ഥ' കേരളത്തിന്റെ രാഷ്ട്രീയ സാംസ്‌കാരിക തലത്തില്‍ നിലനിന്നു പോന്നിരുന്ന അരുതായ്മകളെ ചൂണ്ടിക്കാണിക്കുന്ന ഒരു കവിതയായി വേണം കരുതാന്‍. ജാതിവ്യവസ്ഥ എത്രമാത്രം പൊള്ളയാണെന്നു തുറന്നു കാണിക്കുന്ന ഈ കാവ്യം, മിശ്രവിവാഹത്തെ പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്നുണ്ട്.

തുവ്വൂര്‍ കിണറ്റില്‍ ഉറവപൊട്ടുന്നത് ആരുടെ രക്തമാണ്?

മലബാര്‍ സമരം ഒരു ഹിന്ദുവിരുദ്ധ വംശഹത്യയാണെന്ന് അവകാശപ്പെടുന്നവര്‍ മുന്നോട്ടുവയ്ക്കുന്ന രണ്ടാമത്തെ പ്രധാന വാദം, ഈ ആക്രമണങ്ങളെല്ലാം മുസ്ലീങ്ങള്‍ ഹിന്ദുക്കള്‍ക്കെതിരെ നടത്തിയതാണെന്നതാണ്. കലാപത്തിന്റെ ആദ്യ മൂന്നു മാസങ്ങള്‍ പരിശോധിക്കുമ്പോള്‍, ടെലഗ്രാം, സര്‍ക്കാര്‍ ഓഫീസുകള്‍, കച്ചേരികള്‍, ഗജാനകള്‍, പാലം, റെയില്‍വേ ട്രാക്കുകളെന്നിവ ലഹളക്കാര്‍ തകര്‍ക്കുന്നുണ്ടെന്നു കാണാം. അങ്ങാടിപ്പുറം മുതല്‍ പാലക്കാട് വരെയുള്ള സ്ഥലങ്ങളില്‍ അത്തരം ധാരാളം കേസുകള്‍ ഉണ്ടായിട്ടുണ്ട്. ഈ ആക്രമണങ്ങളിലെയെല്ലാം ഒന്നും രണ്ടും പ്രതികള്‍ മേനോനോ കുറുപ്പോ നായര്‍ സമുദായത്തില്‍ പെട്ടവരോ ആയിരുന്നു; മാപ്പിളമാരായിരുന്നില്ല. മാപ്പിളമാര്‍ നാലോ അഞ്ചോ സ്ഥാനത്തുള്ള പ്രതികളായിരുന്നു. അതു തെളിയിക്കുന്നത്, കേരളത്തിലുടനീളം ഹിന്ദു-മുസ്ലീങ്ങള്‍ ഒരുമിച്ചു വന്ന്, ഒന്നായി പ്രവര്‍ത്തിച്ചു എന്നു തന്നെയാണ്. കലാപത്തിന്റെ ഉറവിടത്തെ ആസ്പദമാക്കി തയ്യാറാക്കിയ, കെ.എന്‍ പണിക്കര്‍ എഡിറ്റു ചെയ്ത 'പെസെന്റ് പ്രൊട്ടസ്റ്റ്‌സ് ആന്റ് റിവോൾട്ട്സ് ഇന്‍ മലബാര്‍' എന്ന പുസ്തകത്തില്‍ ഈ വസ്തുതകള്‍ കാണാന്‍ സാധിക്കും. അന്നത്തെ ജുഡീഷ്യല്‍ റെക്കോര്‍ഡുകളിലൂടെ കടന്നു പോകുമ്പോള്‍, കലാപത്തില്‍ പങ്കെടുത്തതിനു പ്രതിയാക്കപ്പെട്ടവരില്‍ നല്ലൊരു പങ്കും മാപ്പിളമാരെപോലെത്തന്നെ ഹിന്ദുക്കളും ഉണ്ടെന്നു കാണാം.


8 പേരാണ് ഇവിടെ കൊല്ലപ്പെട്ടതെന്ന് അതിനു സാക്ഷിയായ മാഞ്ചി അഹമ്മദ്കുട്ടി എന്ന അയ്മുട്ടി പിന്നീട് 1974ൽ കൊടുത്ത റിപ്പോർട്ടിൽ പറയുന്നുണ്ട്. ഈ 8 പേർ ബ്രിട്ടീഷിനുവേണ്ടി ലഹളക്കാരെ ഒറ്റു കൊടുത്തതിനാലാണ് കൊലചെയ്യപ്പെട്ടത്. അതായത് കൊലചെയ്യപ്പെട്ടത് നിരപരാധികളായ ഹിന്ദുക്കളല്ല, മറിച്ച് അധിനിവേശ ശക്തികൾക്കു വേണ്ടി, അവർക്കെതിരെ പൊരുതിയവരെ, ഒറ്റിയ ഒറ്റുകാരാണ്


മലബാര്‍ കലാപത്തിന്റെ ഭാഗമായതിന്റെ പേരില്‍ പിടിക്കപ്പെട്ട്, വാഗണ്‍ കൂട്ടക്കൊലയില്‍ കൊല്ലപ്പെട്ട 70 പേരില്‍ 4 പേരും ഹിന്ദുക്കളാണ്. മേലത്ത് ശങ്കരന്‍ നായര്‍, അച്യുതന്‍ നായര്‍, ഇട്ടിച്ചിപ്പു, എന്നിവരാണ് ആ മൂന്നു പേര്‍.

ഹിന്ദു രക്തം ഉറവപൊട്ടുന്നുണ്ടെന്നു പറയപ്പെടുന്ന ഒരു കിണറുണ്ട് അങ്ങ് തുവ്വൂരില്‍. നിരപരാധികളായ 32 ഹിന്ദുക്കളുടെ തലവെട്ടിത്തള്ളിയ ശരീരങ്ങളാല്‍ കിണര്‍ മൂടപെട്ടു എന്നാണു കേള്‍ക്കാന്‍ കഴിയുന്നത്. സത്യത്തില്‍ 8 പേരാണ് ഇവിടെ കൊല്ലപ്പെട്ടതെന്ന് അതിനു സാക്ഷിയായ മാഞ്ചി അഹമ്മദ്കുട്ടി എന്ന അയ്മുട്ടി പിന്നീട് 1974ല്‍ കൊടുത്ത റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്. ഈ 8 പേര്‍ ബ്രിട്ടീഷിനുവേണ്ടി ലഹളക്കാരെ ഒറ്റു കൊടുത്തതിനാലാണ് കൊലചെയ്യപ്പെട്ടത്. അതായത് കൊലചെയ്യപ്പെട്ടത് നിരപരാധികളായ ഹിന്ദുക്കളല്ല, മറിച്ച് അധിനിവേശ ശക്തികള്‍ക്കു വേണ്ടി, അവര്‍ക്കെതിരെ പൊരുതിയവരെ, ഒറ്റിയ ഒറ്റുകാരാണ്. ഇങ്ങനൊരു സംഭവം അന്നവിടെ നടന്നിട്ടുണ്ട് എന്നതില്‍ തര്‍ക്കമില്ല. കൊലചെയ്യപ്പെട്ട 8 പേരില്‍ 2 പേര്‍ ഒറ്റുകാരായ മാപ്പിളമാരാണെന്നതിലും.

അന്ന് നടന്ന സംഭവത്തെ വിവരിക്കുന്നത് ഇപ്രകാരമാണ്. നെന്മേനി അംശത്തിലുള്ള ആളുകള്‍ ബ്രിട്ടീഷുകാര്‍ നിര്‍ബന്ധിച്ചപ്പോള്‍ കലാപകാരികളുടെ മലയിലേക്കുള്ള പ്രവേശനം കാണിച്ചു കൊടുത്തു. ബ്രിട്ടീഷുകാര്‍ തിരികെ പോയപ്പോള്‍ കലാപകാരികള്‍ വന്ന്, നെന്മേനി അംശത്തിലുള്ളവരെ മതം നോക്കാതെ ഒറ്റുകാരെന്നു കണ്ട്, വിവേചനരഹിതമായി ആക്രമിക്കുകയാണു ചെയ്തത്. മാധവന്‍ നായരുടെ 'മലബാര്‍ കലാപ'ത്തില്‍ പോലും ഇപ്രകാരം പറയുന്നു.


ബ്രിട്ടീഷുകാർ തിരികെ പോയപ്പോൾ കലാപകാരികൾ വന്ന്, നെന്മേനി അംശത്തിലുള്ളവരെ മതം നോക്കാതെ ഒറ്റുകാരെന്നു കണ്ട്, വിവേചനരഹിതമായി ആക്രമിക്കുകയാണു ചെയ്തത്


'പട്ടാളക്കാര്‍ പോയതോടുകൂടി അവരെ സഹായിച്ചവരോ അവരുടെ വരവില്‍ സന്തോഷിച്ചവരോ ആയ ഹിന്ദുകളുടെ നേരെ ലഹളക്കാര്‍ തിരിഞ്ഞു. അങ്ങനെ സഹായം ചെയ്തവരില്‍ ചുരുക്കം ചില മാപ്പിളമാരും ഉണ്ടായിരുന്നു'.

ചിലര്‍ പറയുന്ന പോലെ സ്ത്രീകളെയും കുഞ്ഞുങ്ങളെയും കലാപകാരികള്‍ ഉപദ്രവിച്ചിട്ടില്ല. പുരുഷന്മാരെ പിടിച്ചു കെട്ടി പാങ്ങോട് എന്ന സ്ഥലത്തേക്ക് കൊണ്ടുപോയി. അവിടെ വെച്ചു വിചാരണ ആരംഭിച്ചു. കുറ്റവാളികളല്ലെന്നു തെളിഞ്ഞവരെ വിട്ടയച്ചു. ഈ വിചാരണ നടത്തിയത് ചെമ്പ്രശ്ശേരി തങ്ങളാണെന്നാണ് ഭൂരിഭാഗവും വിശ്വസിക്കുന്നത്. എന്നാല്‍ ലഹളത്തലവനായി പ്രസിദ്ധി നേടിയിട്ടുള്ള കുഞ്ഞിക്കോയ തങ്ങളല്ലെന്നും അദ്ദേഹത്തിന്റെ തന്നെ അംശത്തിലുള്ള ഒരു ഇമ്പിച്ചിക്കോയ തങ്ങളാണെന്നും, തുവ്വൂരിലുള്ള ചില മാപ്പിളമാര്‍ മാധവന്‍ നായരോട് പറഞ്ഞിട്ടുണ്ട്. ഈ പറഞ്ഞതു ശരിയാണെങ്കില്‍, ലഹളക്കിടയില്‍ ചില സാമൂഹ്യ വിരുദ്ധര്‍ ചേര്‍ന്നു നടത്തിയ നാഥനില്ലാ കൊലകളാണിതെന്ന് വേണം കരുതാന്‍. ഖിലാഫത്ത് നേതാക്കളുടെ നേതൃത്വത്തിലോ, അറിവോടേയോ അല്ല ഇതു നടന്നതെന്നു സാരം. അന്ന് കൊലചെയ്യപ്പെട്ടവരില്‍ രണ്ടു മാപ്പിളമാരും ഉണ്ടായിരുന്നെന്ന കാര്യം മാധവന്‍ നായരും അംഗീകരിക്കുന്നുണ്ട്.

Thanks for reading Historica! Subscribe for free to receive new posts and support my work.