Jan 7 • 8M

മലബാർ കലാപം - ആമുഖം

മലബാർ സമര ചരിത്രത്തിൻ്റെ നിഷ്പക്ഷ വായന

6
3
 
1.0×
0:00
-8:24
Open in playerListen on);
History For Everyone
Episode details
3 comments

2021. മലബാർ കലാപമെന്ന ചരിത്ര സംഭവത്തിന്റെ ശതാബ്ദി വർഷം. ഏറനാടും വള്ളുവനാടും കോഴിക്കോടും പൊന്നാനിയുമടങ്ങുന്ന മലബാറിന്റെ മണ്ണിനെ കലുഷിതഭൂമിയാക്കി മാറ്റിയ, 1921ന്റെ ഓർമ്മകൾക്കു നൂറു വയസ്സു തികയുമ്പോൾ, മലബാർ സമരവും സമരനേതാക്കളിൽ ഒരാളായ വാരിയംകുന്നത്ത് കുഞ്ഞഹമ്മദ് ഹാജിയുമെല്ലാം വീണ്ടും സജീവ ചർച്ചാവിഷയമായിരിക്കുകയാണ്.

സംവിധായകൻ ആഷിഖ് അബു, പൃഥ്വിരാജ് സുകുമാരനെ നായകനാക്കി കുഞ്ഞഹമ്മദ് ഹാജിയുടെ ജീവിതകഥ പറയുന്ന 'വാരിയംകുന്നൻ' എന്ന സിനിമ പ്രഖ്യാപിച്ചതോടെയാണ് പ്രശ്‌നങ്ങൾക്ക് തുടക്കമാകുന്നത്. ആഷിഖ് അബു സിനിമ പ്രഖ്യാപിച്ചതിന് തൊട്ടുപിന്നാലെ സംവിധായകരായ പി.ടി കുഞ്ഞുമുഹമ്മദും ഇബ്രാഹിം വേങ്ങരയും അലി അക്ബറും ഇതേ കഥാപശ്ചാത്തലമുള്ള സിനിമകൾ പ്രഖ്യാപിച്ചു. ആദ്യ മൂന്ന് സിനിമകളിൽ വാരിയംകുന്നത്തിന് നായക പരിവേഷമാണെങ്കിൽ അലി അക്ബറിന്റെ 'പുഴ മുതൽ പുഴ വരെ' എന്ന ചിത്രത്തിൽ ഹാജി പ്രതിനായകനാണ്. ഇതിനു പിന്നാലെ സാമൂഹിക മാധ്യമങ്ങളിലും ചാനൽ ചർച്ചകളിലും ചേരിതിരിഞ്ഞുള്ള വാഗ്വാദങ്ങളാണ് അരങ്ങേറിയത്. മലബാർ കലാപം ഒരു വർഗീയ കലാപമായിരുന്നെന്നും വാരിയംകുന്നൻ മുസ്ലീം തീവ്രവാദിയായിരുന്നെന്നും സ്ഥാപിക്കാൻ ബി.ജെ.പിയും വലതുപക്ഷ ഹിന്ദു സംഘടനകളും ശ്രമം നടത്തിയപ്പോൾ പ്രതിരോധവുമായി ഇടതുപക്ഷവും കോൺഗ്രസ്സും ചരിത്രകാരന്മാരുമെല്ലാം രംഗത്തെത്തി.

മലബാറിനെയും അവിടുത്തെ മുസ്ലീം സമുദായത്തെയും, ആയുധങ്ങളുമേന്തി ഏതു നിമിഷവും ആക്രമിക്കാൻ തയ്യാറായി പടക്കൊരുങ്ങി നിൽക്കുന്ന ഒരു കൂട്ടം ഭീകരരായാണ് സംഘപരിവാർ സാമൂഹ്യ മാധ്യമങ്ങളിലും മറ്റും അവതരിപ്പിക്കുന്നത്.

സിനിമാ പ്രഖ്യാപനങ്ങൾ തിരികൊളുത്തിയ ചർച്ചകൾ കത്തി നിൽക്കവെ എരിതീയിൽ എണ്ണയെന്നപോലെ കേന്ദ്ര വിദ്യാഭ്യാസ വകുപ്പിനു കീഴിലുള്ള ഇന്ത്യൻ കൗൺസിൽ ഫോർ ഹിസ്‌റ്റോറിക്കൽ റിസർച്ച് നിയോഗിച്ച മൂന്നംഗ സമിതിയുടെ ശുപാർശ വന്നു. കുഞ്ഞഹമ്മദ് ഹാജിയും ആലി മുസലിയാരുമടക്കം മലബാർ കലാപത്തിനിടെ കൊല്ലപ്പെട്ട 387 പേരുടെ പേരുകൾ സ്വാതന്ത്ര്യ സമര രക്തസാക്ഷി പട്ടികയിൽ നിന്നും നീക്കം ചെയ്യണമെന്നായിരുന്നു ആവശ്യം. മലബാർ കലാപം സ്വാതന്ത്ര്യസമരത്തിന്റെ ഭാഗമല്ലെന്നും, ഒരു വർഗീയ കലാപമാണെന്നുമുള്ള വിലയിരുത്തലിനെ തുടർന്നായിരുന്നു ഈ നിർദ്ദേശം. കേന്ദ്ര സർക്കാരിന്റെയും സംഘപരിവാറിന്റെയും ഒത്താശയോടെ അരങ്ങേറിയ ഈ നടപടി വലിയ പ്രതിഷേധങ്ങൾക്ക് വഴിവയ്ക്കുകയും, ദേശീയ തലത്തിൽ വിഷയം ചർച്ചയാവുകയും ചെയ്തു.

മലബാറിനെയും അവിടുത്തെ മുസ്ലീം സമുദായത്തെയും, ആയുധങ്ങളുമേന്തി ഏതു നിമിഷവും ആക്രമിക്കാൻ തയ്യാറായി പടക്കൊരുങ്ങി നിൽക്കുന്ന ഒരു കൂട്ടം ഭീകരരായാണ് സംഘപരിവാർ സാമൂഹ്യ മാധ്യമങ്ങളിലും മറ്റും അവതരിപ്പിക്കുന്നത്. മലബാറിലെ ഹിന്ദു സമൂഹത്തിന്റെ ജീവനും സ്വത്തും അപകടത്തിലാണെന്ന തരത്തിലുള്ള പരാമർശങ്ങൾ പോലും ഇക്കൂട്ടർ പടച്ചുവിട്ടു. നൂറു വർഷങ്ങൾക്ക് മുമ്പ് ബ്രിട്ടീഷുകാർ എന്തു പറഞ്ഞുവോ, എന്തു പ്രവർത്തിച്ചുവോ അതിന്റെയെല്ലാം നേർപ്പകർച്ചയാണ് സംഘപരിവാർ ഇന്നാവർത്തിക്കുന്നത്. ഈ സാഹചര്യത്തിലാണ് മലബാറിന്റെ ചരിത്രത്തിലേക്കും ജീവിതങ്ങളിലേക്കും ഒരു തിരികെ നടത്തത്തിന് ഹിസ്‌റ്റോറിക്ക ശ്രമിക്കുന്നത്.

1921ലെ കലാപത്തെക്കുറിച്ചോർക്കാൻ ഇന്ന് മലബാറുകാർ ആഗ്രഹിക്കുന്നില്ലെന്നതാണ് വാസ്തവം. അത്രമേൽ വികൃതമായാണ് ബ്രിട്ടീഷ് ചരിത്രകാരന്മാരും മറ്റും ലോകത്തിനുമുന്നിൽ മലബാർ കലാപത്തെ അവതരിപ്പിച്ചത്. അന്ന് വെള്ളക്കാർ ചെയ്തത് ഇന്ന് സംഘപരിവാർ ആവർത്തിക്കുമ്പോൾ ഒരു ജനതയുടെ മഹത്തായ ചരിത്രമാണ് കള്ളങ്ങൾകൊണ്ട് മൂടപ്പെടുന്നത്. മലബാർ കലാപത്തെ ധീരമായ സാമ്രാജ്യവിരുദ്ധ-ജന്മിവിരുദ്ധ പോരാട്ടമായും, വാരിയംകുന്നത്ത് കുഞ്ഞഹമ്മദ് ഹാജിയെ വീരനായകനായും കാണുന്നവരാണ് ഭൂരിപക്ഷം മലബാറുകാരെങ്കിലും അതൊരു വർഗീയ കലാപമായിരുന്നെന്ന് വിശ്വസിക്കുന്ന ഒരു ന്യൂനപക്ഷവും ഉണ്ട്. എന്നിരുന്നാലും ഇന്ന് സംഘപരിവാർ പടച്ചുവിടുന്ന ഹിന്ദു-മുസ്ലീം വൈരത്തിന്റെ കഥകൾക്ക് യാഥാർത്ഥ്യവുമായി പുലബന്ധം പോലുമില്ലെന്ന് അന്നാട്ടുകാർ ഒന്നാകെ ഉറപ്പിച്ചു പറയുന്നു.

1921ലെ കലാപത്തെക്കുറിച്ചോർക്കാൻ ഇന്ന് മലബാറുകാർ ആഗ്രഹിക്കുന്നില്ലെന്നതാണ് വാസ്തവം. അത്രമേൽ വികൃതമായാണ് ബ്രിട്ടീഷ് ചരിത്രകാരന്മാരും മറ്റും ലോകത്തിനുമുന്നിൽ മലബാർ കലാപത്തെ അവതരിപ്പിച്ചത്.

ചില വർഗീയ സംഘടനകളുടെ നേതൃത്വത്തിൽ കലാപം സൃഷ്ടിക്കാനുള്ള ബോധപൂർവ്വമായ ശ്രമങ്ങൾ പലകാലങ്ങളിലായി നടന്നെങ്കിലും അതൊന്നും മലബാറിന്റെ ഐക്യത്തെ തകർക്കാൻ പോന്നതായിരുന്നില്ല. ഹിന്ദുക്കളെന്നോ മുസ്ലീങ്ങളെന്നോ ഉള്ള വേർതിരിവുകളുണ്ടായ സന്ദർഭങ്ങൾ തങ്ങളുടെ ഓർമ്മകളിലെവിടെയും അവർക്ക് കണ്ടെത്താനുമായില്ല. 1992ൽ ബാബറിപ്പള്ളി തകർക്കപ്പെട്ട അവസരത്തിൽപോലും മലബാറിലെ മതമൈത്രിക്ക് ഉലച്ചിലുണ്ടായിട്ടില്ല. കേരളത്തിലെ മറ്റിടങ്ങളിൽ ഒറ്റപ്പെട്ട സംഘർഷങ്ങളുണ്ടായപ്പോഴും മുസ്ലീം ഭൂരിപക്ഷമുള്ള മലബാർ മേഖലയിൽ പൊതുവേ സമാധാനാന്തരീക്ഷമായിരുന്നു. പ്രശസ്തമായ പുത്തനങ്ങാടി നേർച്ചയും, മമ്പുറം മഖാമും കളിയാട്ടക്കാവ് ക്ഷേത്രവുമായുള്ള നൂറ്റാണ്ടുകൾ നീണ്ട ആചാര ബന്ധവുമെല്ലാം മലബാറിലെ സാമുദായിക ഐക്യത്തിന്റെ പ്രതീകങ്ങളാണ്.

ഐ.സി.എച്ച്.ആറിന്റെ നടപടി ഒരൊറ്റപ്പെട്ട സംഭവമല്ല. തങ്ങൾക്കനുകൂലമായി ചരിത്രത്തെ വികലമായി പുനർനിർമ്മിക്കാനും മായ്ച്ചുകളയാനുമൊക്കെ കാലങ്ങളായി സംഘപരിവാർ നടപ്പാക്കിക്കൊണ്ടിരിക്കുന്ന അജണ്ടയുടെ ഭാഗമാണത്. ചന്ദ്രഗുപ്ത മൗര്യൻ അലക്‌സാണ്ടർ ചക്രവർത്തിയെ യുദ്ധത്തിൽ തോൽപ്പിച്ചിട്ടുണ്ടെന്ന ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ പരാമർശവും, ഗാന്ധി പറഞ്ഞിട്ടാണ് സവർക്കർ ബ്രിട്ടീഷിന് മാപ്പെഴുതിക്കൊടുത്തതെന്ന കേന്ദ്ര മന്ത്രി രാജ്‌നാഥ് സിംഗിന്റെ പ്രസ്താവനയുമെല്ലാം ഇതിന്റെ ഏറ്റവും പുതിയ ഉദാഹരണങ്ങളാണ്. ചരിത്രവസ്തുതകളെ യാതൊരു മടിയും കൂടാതെ ഇക്കൂട്ടർ കള്ളങ്ങൾകൊണ്ട് മൂടുമ്പോൾ, മിക്കപ്പോഴും സമൂഹം ഇതിനെയെല്ലാം മണ്ടത്തരങ്ങളും വിവരമില്ലായ്മയുമായി നിസ്സാരവത്കരിക്കുകയാണ് പതിവ്. എന്നാൽ സംഘപരിവാറിന്റെ ഭാഗത്ത് നിന്നും തുടർച്ചയായി ഉണ്ടാകുന്ന ഇത്തരം പ്രസ്താവനകൾ അബദ്ധങ്ങളോ വിടുവായത്തങ്ങളോ ആണെന്ന് കരുതാൻ കഴിയില്ല. തുടർച്ചയായി ഒരേ കള്ളം ആവർത്തിച്ചുകൊണ്ടിരുന്നാൽ കാലക്രമേണ ജനം അത് സത്യമായി വിശ്വസിക്കുമെന്ന ഗീബൽസിയൻ തന്ത്രമാണ് വളരെ സമർത്ഥമായി അവർ നടപ്പാക്കിക്കൊണ്ടിരിക്കുന്നത്.

1992ൽ ബാബറിപ്പള്ളി തകർക്കപ്പെട്ട അവസരത്തിൽ പോലും മലബാറിലെ മതമൈത്രിക്ക് ഉലച്ചിലുണ്ടായിട്ടില്ല. കേരളത്തിലെ മറ്റിടങ്ങളിൽ ഒറ്റപ്പെട്ട സംഘർഷങ്ങളുണ്ടായപ്പൊഴും മുസ്ലീം ഭൂരിപക്ഷമുള്ള മലബാർ മേഖലയിൽ പൊതുവേ സമാധാനാന്തരീക്ഷമായിരുന്നു. പ്രശസ്തമായ പുത്തനങ്ങാടി നേർച്ചയും, മമ്പുറം മഖാമും കളിയാട്ടക്കാവ് ക്ഷേത്രവുമായുള്ള നൂറ്റാണ്ടുകൾ നീണ്ട ആചാര ബന്ധവുമെല്ലാം മലബാറിലെ സാമുദായിക ഐക്യത്തിന്റെ പ്രതീകങ്ങളാണ്.

റെയിൽവെ സ്റ്റേഷനുകൾ മോടിപിടിപ്പിക്കാൻ ഇന്ത്യൻ റെയിൽവെ നടപ്പാക്കിയ പരിപാടിയുടെ ഭാഗമായി, ചരിത്രസംഭവങ്ങളും സാംസ്‌കാരിക മുന്നേറ്റങ്ങളും സ്‌റ്റേഷനുകളിൽ അടയാളപ്പെടുത്താനുളള തീരുമാനമുണ്ടായി. ദേശീയമായും പ്രാദേശികമായും പ്രാധാന്യമുളള ചരിത്ര സംഭവമെന്ന നിലയിൽ തിരൂർ റെയിൽവെ സ്റ്റേഷനിൽ 'വാഗൺ ട്രാജഡി'യുടെ ചുവർ ചിത്രവും ഭാഷാപിതാവായ തുഞ്ചത്ത് എഴുത്തച്ഛൻറെ ചിത്രവും വരച്ചിരുന്നു. എന്നാൽ ചില സംഘപരിവാർ സംഘടനകളുടെ പ്രതിഷേധത്തെ തുടർന്ന് വാഗൺ ട്രാജഡിയുടെ ചിത്രം നീക്കം ചെയ്യാൻ റെയിൽവെയുടെ ഉന്നത അധികാരികൾ തീരുമാനിച്ചത് ഈയടുത്ത് പുറത്തുവന്ന വാർത്തയാണ്. ചരിത്രത്തെ വളച്ചൊടിക്കാനും ഇല്ലായ്മ ചെയ്യാനും പുതിയത് ചമയ്ക്കാനുമെല്ലാമുള്ള ഇത്തരം ശ്രമങ്ങളെ തകർക്കുകയും തിരുത്തുകയും, ഒപ്പം നിഷ്പക്ഷവും യാഥാർത്ഥ്യത്തോട് നീതിപുലർത്തുന്നവയുമായ ചരിത്ര വായനകളുടെ പുത്തൻ സംസ്‌കാരം പരിപോഷിപ്പിക്കുകയാണ് ഹിസ്റ്റോറിക്കയുടെ ലക്ഷ്യം.

ചരിത്ര രേഖകൾ പരിശോധിക്കുമ്പോൾ പോലും ഒരേ സംഭവത്തെപ്പറ്റിയോ വ്യക്തിയെപ്പറ്റിയോ, നേർവിപരീതങ്ങളായ ആഖ്യാനങ്ങൾ എഴുതപ്പെട്ടിരിക്കുന്നത് കാണാം. മലബാർ കലാപത്തെ ഒരേ സമയം സാമ്രാജ്യത്വത്തിനെതിരെയുള്ള ചെറുത്തുനിൽപ്പായും, മാപ്പിളമാർ നടത്തിയ വർഗ്ഗീയ കലാപമായും ചരിത്രത്തിൽ അവതരിപ്പിച്ചിരിക്കുന്നത് ഇതിന് ഉദാഹരണമാണ്. ചരിത്രരേഖകൾ തന്നെ ഇവ്വിധം വൈരുധ്യങ്ങൾ നിറഞ്ഞതാകുമ്പോൾ യഥാർത്ഥ ചരിത്രം കണ്ടെത്തുകയെന്നത് അത്യന്തം ശ്രമകരമായ ദൗത്യമായി മാറുന്നു. ഈ വെല്ലുവിളികൾ നിലനിൽക്കെ മലബാർ കലാപത്തിന്റെയും വാരിയംകുന്നത്ത് കുഞ്ഞഹമ്മദ് ഹാജിയുടെയും ചരിത്രസത്യങ്ങൾ അന്വേഷിക്കുകയാണ് ഹിസ്‌റ്റോറിക്ക.

തുടരും…

Thanks for reading Historica! Subscribe for free to receive new posts and support my work.