Jan 27 • 12M

കേരളവും മലയാളിയുടെ ചരിത്ര ജീവിതവും - എപ്പിസോഡ് 4

അരികുവൽകരിക്കപ്പെട്ടവരുടെ ഉൾക്കൊള്ളൽ ചരിത്രം (Inclusive History)

5
1
 
1.0×
0:00
-12:19
Open in playerListen on);
History For Everyone
Episode details
1 comment

തൊഴിൽ സമൂഹങ്ങളും സാമൂഹിക വിഭജനവും

കാർഷിക സമൂഹത്തിന്റെ അടിത്തറയായ കുടിസമൂഹങ്ങളെ നാടുകളിലെ ഉടയവർ കീഴൊതുക്കി നിലനിർത്തിയത് കുടിസമൂഹങ്ങളുടെ മേൽ അധികാരമായി പ്രവർത്തിക്കുന്ന കുടിപതികളെ ഉപയോഗിച്ചായിരുന്നു. നാടുകളുടെ മേലുള്ള ഉടയവരുടെ  കോയ്മാവ്യവസ്ഥ വിപുലപ്പെടുത്തേണ്ടത് ആവശ്യമായി വന്നു. ഇതിന് ചിട്ടകളും വ്യവസ്ഥകളും ഉണ്ടാക്കി നാട്ടുടയവർ അധികാര പരിധി വികസിപ്പിച്ചു. കേരളത്തിലെ ഇടനാടിൽ കേന്ദ്രീകരിക്കുന്ന നീർനില കൃഷിയെയും പറമ്പ് ഭൂമികളിലെ ബഹുവിളകളെയും അടിസ്ഥാനപ്പെടുത്തിയുള്ള നാടുകളിലെ വിഭവങ്ങളെ സമാഹരിക്കാനും നിയന്ത്രിക്കാനുമുള്ള ഒരു വ്യവസ്ഥാക്രമം വിവിധ നാടുകളിൽ അതാതു നാട്ടുടയവരുടെ നേതൃത്വത്തിൽ ഉണ്ടായിവന്നു. ഈ പ്രക്രിയ കാർഷിക സമൂഹങ്ങൾക്കിടയിൽ രണ്ടു തരത്തിലുള്ള സാമൂഹിക വിഭജനങ്ങൾ ഉണ്ടാവാൻ കാരണമായി.

ഇടനാട്ടിലെ ഏകവിള നീർ നില പ്രദേശങ്ങളിലെയും ബഹുവിള പറമ്പ് ഭൂമികളിലെയും കാർഷിക സമൂഹങ്ങൾ ഉഴവർ കുടികളായും അനുബന്ധ തൊഴിലുകളിലേർപ്പെടുന്നവർ കമ്മാള കുടികളുമായും മാറി. ഈ കൃഷി രൂപങ്ങൾക്ക് അടിത്തറയായി നിലനിന്നത് നേരിട്ട് ഭൂമിയിൽ കായിക അധ്വാനം നടത്തുന്ന അധ്വാന വിഭാഗങ്ങളായിരുന്നു. ഇവരെ ആൾ, ആളടിയാർ, പുലയർ എന്നീ പേരുകളിലാണ് ശാസനങ്ങളിൽ സൂചിപ്പിക്കുന്നത്. നാട്ടുടയവരുടെ അധികാര വ്യവസ്ഥയുടെ സാധൂകരണത്തിനായി ബ്രാഹ്മണർക്കും ക്ഷേത്രങ്ങൾക്കും നാട്ടുടയവർ നൽകുന്ന ദാനങ്ങളുടെ ഭാഗമായി ഉണ്ടായിവന്ന ശാസനങ്ങളിലാണ് ഇത്തരം സൂചനകൾ ഉള്ളത്. കുടികളും ആളടിയാരും കാർഷിക ജനസഞ്ചയത്തിലെ രണ്ടു സാമൂഹിക വിഭാഗങ്ങളായി മാറി. ഇവർ സമൂഹത്തിൻ്റെ അടിത്തട്ടിൽ സ്ഥാനപ്പെട്ടു. ഉഴവർ സമൂഹത്തിൽ നിന്നും തദ്ദേശീയരായ പലവിധ ഭൂവുടമകളും നാടുകളുടെ വളർച്ചയുടെ ഭാഗമായി ഉണ്ടായി വന്നിരുന്നു. കാർഷിക പ്രവർത്തനത്തിൽ സ്ഥിരമായി ഏർപ്പെടുന്ന പാരമ്പര്യ കാർഷിക സമൂഹങ്ങളായ കർഷക കുടികളും വളർന്നു വന്നു. ഈ വിഭജന പ്രക്രിയ സങ്കീർണ്ണമായിരുന്നു.


ഇടനാട്ടിലെ ഏകവിള നീർ നില പ്രദേശങ്ങളിലെയും ബഹുവിള പറമ്പ് ഭൂമികളിലെയും കാർഷിക സമൂഹങ്ങൾ ഉഴവർ കുടികളായും അനുബന്ധ തൊഴിലുകളിലേർപ്പെടുന്നവർ കമ്മാള കുടികളുമായും മാറി. ഈ കൃഷി രൂപങ്ങൾക്ക് അടിത്തറയായി നിലനിന്നത് നേരിട്ട് ഭൂമിയിൽ കായിക അധ്വാനം നടത്തുന്ന അധ്വാന വിഭാഗങ്ങളായിരുന്നു. ഇവരെ ആൾ, ആളടിയാർ, പുലയർ എന്നീ പേരുകളിലാണ് ശാസനങ്ങളിൽ സൂചിപ്പിക്കുന്നത്.


കുടിയേറ്റവും പരിവർത്തനവും

വിവിധ നാടുകളിലെ ഉടയവരുടെ പിന്തുണയോടെയായിരുന്നു ബ്രാഹ്മണരുടെ സംഘടിതമായ കുടിയേറ്റങ്ങൾ ഉണ്ടായി വന്നത്. ഇടനാട്ടിലെ നദീതടങ്ങൾ കേന്ദ്രീകരിച്ച് ബ്രാഹ്മണ ഗ്രാമങ്ങളുടെ വളർച്ചയും ഉണ്ടായി വന്നു. പഴം തമിഴ് പാട്ടുകളുടെ കാലത്ത് ബ്രാഹ്മണരും ബുദ്ധ ജൈന സംഘങ്ങളും, മൗര്യന്മാരുടെ രാഷ്ട്രവ്യവസ്ഥയുടെ ഭാഗമായിട്ടുള്ള ഭരണ വിഭാഗങ്ങളും ഗംഗാതടത്തിൽ നിന്നും ഡക്കാനിൽ നിന്നുമുള്ള കച്ചവട സംഘങ്ങളും തമിഴകത്തേക്ക് എത്തിയിരുന്നു. പഴം തമിഴ് പാട്ടുകളിൽ പാർപ്പണർ, അന്തണർ എന്നിങ്ങനെ പല പേരുകളും ബ്രാഹ്മണരെ സൂചിപ്പിക്കുന്നതിനായി ഉപയോഗിച്ചിട്ടുണ്ട്.

തമിഴകത്ത് എത്തിയ ബ്രാഹ്മണർ, മലനാഥന്മാർ, പൊറൈയന്മാർ, വേളുകൾ, വേന്തന്മാർ തുടങ്ങിയ ഗോത്ര തലവന്മാർക്കും കോയ്മകൾക്കും വേണ്ടി വേദ ഇതിഹാസങ്ങളെ അടിസ്ഥാനമാക്കുന്ന കർമ്മങ്ങളും, വിഴാ ഉൽസവങ്ങളും, യാഗങ്ങളും, യജ്ഞങ്ങളും നടത്താനാണ് പ്രാധാന്യം കൊടുത്തത്. ചാതുർവർണ വ്യവസ്ഥിതിയും ജാതിഭേദങ്ങളെ അടിസ്ഥാനമാക്കുന്ന ഗംഗാതട സംസ്കാരവും ധർമ്മശാസ്ത്ര ലോക വീക്ഷണവും പ്രചരിപ്പിക്കാനാണ് ബ്രാഹ്മണർ തമിഴകത്ത് ശ്രമിച്ചത്. ഇതിന്റെ ഭാഗമായി ബ്രാഹ്മണർക്ക് കൃഷിഭൂമിയും ഭൂമിയിലുള്ള വിഭവങ്ങളം മറ്റു തരത്തിലുള്ള സമ്മാനങ്ങളും പാരിതോഷികമായി ലഭിച്ചു.

ബുദ്ധ ജൈനന്മാരുടെ ധാർമ്മിക പ്രബോധങ്ങൾ

ബ്രാഹ്മണർക്കും മുന്നേ കേരള പ്രദേശമായ മലനാട് ഉൾപ്പെടുന്ന തമിഴകത്ത് എത്തിയവർ ബുദ്ധ ജൈനസംഘങ്ങൾ ആയിരുന്നു. ബുദ്ധന്റെയും ജൈനന്റെയും ധർമ്മ പ്രബോധനങ്ങൾ പ്രചരിപ്പിക്കാൻ വന്ന പ്രബോധന സംഘങ്ങളായിരുന്നു ബുദ്ധ ജൈന സംഘങ്ങൾ. കുടിമാക്കളായ ഗോത്ര ജനസഞ്ചയങ്ങൾക്കിടയിൽ ബൗദ്ധ ജൈനധർമ്മ പ്രബോധനങ്ങൾ നടത്താനാണ് ഇവർ ശ്രദ്ധിച്ചത്. ധർമ്മ പ്രബോധനങ്ങളോടൊപ്പം ഗംഗാതടത്തിലും ഡെക്കാനിലും ഇതിനകം തന്നെ വികസിതമായ അറിവുകൾ പ്രചരിപ്പിക്കാനാണ് ബുദ്ധ ജൈന സംഘങ്ങൾ ശ്രമിച്ചത്. 


കുടിമാക്കളായ ഗോത്ര ജനതകൾക്കിടയിൽ ഭൗതിക ജീവിതത്തെ വികസിപ്പിക്കുന്ന അറിവും സാങ്കേതിക വിദ്യകളും പ്രചരിപ്പിക്കുന്നതോടൊപ്പം അനുകമ്പയെ ഒരു സാമൂഹികധർമ്മ വിചാരമാക്കുന്ന ധർമ്മ തത്വങ്ങളാണ് ബുദ്ധരും ജൈനരും  ജനസഞ്ചയങ്ങൾക്കിടയിൽ പ്രചരിപ്പിച്ചത്.


കൃഷി അറിവുകൾ, വെള്ളത്തെ നിയന്ത്രിക്കുന്നതിനും നീർ നില കൃഷിയുടെ വികാസത്തിനും ആവശ്യമായ സാങ്കേതിക വിദ്യ എന്നിവ അവർ തദ്ദേശീയ സമൂഹങ്ങളിൽ പരിചിതമാക്കി. വൈദ്യം, തമിഴ് എഴുതാനായി അശോകൻ ബ്രാഹ്മി എഴുത്ത് വിദ്യ, പ്രാകൃതം, പാലി തുടങ്ങിയ ഭാഷകൾ എന്നിവ തമിഴകത്ത് പ്രചരിപ്പിച്ചത് ബുദ്ധ ജൈന സംഘങ്ങളാണ്. കുടിമാക്കളായ ഗോത്ര ജനതകൾക്കിടയിൽ ഭൗതിക ജീവിതത്തെ വികസിപ്പിക്കുന്ന അറിവും സാങ്കേതിക വിദ്യകളും പ്രചരിപ്പിക്കുന്നതോടൊപ്പം അനുകമ്പയെ ഒരു സാമൂഹികധർമ്മ വിചാരമാക്കുന്ന ധർമ്മ തത്വങ്ങളാണ് ബുദ്ധരും ജൈനരും  ജനസഞ്ചയങ്ങൾക്കിടയിൽ പ്രചരിപ്പിച്ചത്.

വെട്ടിച്ചുട്ടുള്ള തിന കൃഷി ചെയ്യുന്നവർ, ഭക്ഷ്യശേഖരണത്തിൽ ഏർപ്പെടുന്നവർ, കടലിലും ഉൾനാടൻ മത്സ്യബന്ധനത്തിലും ഏർപ്പെടുന്നവർ, ഉപ്പു കുറുക്കുന്നവർ, നീർനില കൃഷിയിലേർപ്പെടുന്ന ഉഴവർ, അരിനർ, തൊഴുവർ തുടങ്ങിയ മരുതം കുടി ജനതകൾ, പറമ്പ് ഭൂമിയിൽ ബഹു വിള കൃഷി നടത്തുന്ന കുടികൾ മുതലായ സമൂഹങ്ങൾക്കിടയിലാണ് ബുദ്ധ ജൈന സംഘങ്ങൾ കൂടുതലും പ്രവർത്തിച്ചത്. ബ്രാഹ്മണരുടെ യജ്ഞ യാഗ കർമ്മങ്ങളിൽ വിശ്വസിക്കാത്തതിനാൽ ബൗദ്ധ ജൈന പ്രബോധനങ്ങൾ സാധാരണ കുടി ജനതകളിൽ പ്രചരിപ്പിക്കുന്ന ധർമ്മപ്രചരണമായിരുന്നു ലക്ഷ്യം വച്ചത്. അറിവ്, ആരോഗ്യം, അനുകമ്പ, അധ്വാനം എന്നിവയെ പറ്റിയുള്ള  ബൗദ്ധ- ജൈന പാരമ്പര്യങ്ങൾ ധർമ്മ പ്രബോധത്തിന്റെ രൂപത്തിൽ കുടി ജനതകളുടെ നാട്ടു ഭാഷയിൽ പ്രചരിപ്പിക്കുന്ന രീതിയായിരുന്നു ഇതിൽ കൂടുതലും.

ബ്രാഹ്മണരും യജ്ഞസംസ്കാരവും

കുടിസഞ്ചയങ്ങളുടെ വീരാപദാന മൊഴി വഴക്കമായ സംഘസാഹിത്യം എന്നറിയപ്പെടുന്ന പഴം തമിഴ് പാട്ടുകൾ ഇന്ന് ലഭ്യമായ തരത്തിൽ ശേഖരിച്ച് ചിട്ടപ്പെടുത്തിയത് ബുദ്ധജൈന സംഘങ്ങളാണെന്ന് കരുതപ്പെടുന്നു. ബുദ്ധ-ജൈന സംഘങ്ങൾക്ക് കുടി സമൂഹത്തിനിടയിൽ ഉണ്ടായിരുന്ന സ്വാധീനം നാട്ടുടയവരുടെ പിന്തുണയിലും സംരക്ഷണത്തിലും വളർന്നു വന്ന ബ്രാഹ്മണരുടെ യജ്ഞസംസ്കാരത്തിന്റെ ആധിപത്യത്തോടെ കുറയാൻ തുടങ്ങി. വേൾവി എന്നറിയപ്പെട്ട ബ്രാഹ്മണ്യയജ്ഞ സംസ്കാരവും യാഗങ്ങളും സംസ്കൃത ഭാഷ മുൻനിർത്തിയുള്ള അനുഷ്ഠാനങ്ങളും മറ്റും ബ്രാഹ്മണർ പ്രചരിപ്പിച്ചു. ധർമ്മശാസ്ത്രങ്ങളെ അടിസ്ഥാനപ്പെടുത്തുന്ന സ്മൃതി പാരമ്പര്യങ്ങളിലെ സാമൂഹിക ഭേദരൂപങ്ങളും ഇതിഹാസപുരാണങ്ങളെ ഉൾക്കൊണ്ടു വളർന്നു വന്ന മീമാംസക ആചാരങ്ങളും സ്മാർത്ത ചിട്ടകളും സമൂഹാധിപത്യം നേടിയെടുക്കാൻ വേണ്ടി ബ്രാഹ്മണർ പ്രചരിപ്പിച്ചു.

കേരളത്തിലെ ഒട്ടുമിക്ക ബ്രാഹ്മണ ഗ്രാമങ്ങളുടെയും സ്ഥാനം നീർനില നെൽക്കൃഷി പ്രദേശമായ ഇടനാട്ടിലെ നദീതടങ്ങളാണ്. വടക്ക് നിന്ന് തെക്കോട്ടാണ് ഈ ഗ്രാമങ്ങളുടെ സ്ഥാനം. ബ്രാഹ്മണ ഗ്രാമങ്ങളുടെ വടക്കു നിന്ന് തെക്കോട്ടുള്ള സ്ഥാനപ്പെടലിൻ്റെ ഭൂമി ശാസ്ത്ര സങ്കല്പത്തെ മുൻനിർത്തിയാണ് ബ്രാഹ്മണർ ഉണ്ടാക്കിയ വിവിധ കേരളോൽപത്തികളിൽ കേരളത്തിൻ്റെ കിടപ്പ് വടക്കുനിന്ന് തെക്കോട്ടായി സ്ഥാനപ്പെടുത്തിയിരിക്കുന്നത്. കേരളോല്പത്തികഥകളുടെ കേരളത്തെ പറ്റിയുള്ള ഭൂമി ശാസ്ത്ര സങ്കല്പം പരശുരാമദത്തമായി ബ്രാഹ്മണർക്ക് ലഭിച്ചതാണ് കേരളം എന്നതാണ്. ബ്രാഹ്മണ കൂടിയേറ്റവും ബ്രാഹ്മണ ഗ്രാമങ്ങളുടെ സംസ്ഥാപനവും കേന്ദ്രമാക്കുന്ന ചരിത്ര വിശദീകരങ്ങളിൽ ഇടനാട്ടിലെ ബ്രാഹ്മണ ഗ്രാമങ്ങളെ ചുറ്റിപ്പറ്റിയാണ് കേരളത്തിൻ്റെ പ്രാചീന മധ്യകാല ചരിത്രം വിശദികരിക്കുന്നത്.

ബ്രാഹ്മണ്യവും അധികാരവും

കേരളത്തിലെ ഇടനാടൻ പ്രദേശങ്ങളുടെ ജൈവപാരിസ്ഥിതിക മേഖലകളിൽ കാർഷിക സമൂഹമായ കുടി ജനസഞ്ചയങ്ങൾ  വികസിപ്പിച്ച കൃഷി ഇടങ്ങളെയും കുടി സമൂഹങ്ങളുടെ കൂട്ടായ്മ ഇടങ്ങളായ ഊരുകളെയും നാട്ടുടയവരുടെ സഹായത്തോടെ കീഴ്പ്പെടുത്തുകയും നിയന്ത്രിക്കുകയും ചെയ്യുന്ന സാമൂഹിക ശക്തികളായിട്ടാണ് കുടിയേറ്റ ബ്രാഹ്മണർ പ്രവർത്തിച്ചത്. നീർനില നെൽക്കൃഷിയിൽ നിന്നും പറമ്പ് ഭൂമികളിലെ ബഹുവിളകൃഷിയിൽ നിന്നുമുള്ള പങ്ക് കുടികളിൽ നിന്ന് നിർബന്ധമായി പകർച്ചായി കവർന്നെടുത്തു കൊണ്ടാണ് നാട്ടുടയവർ വളർന്നു വന്നത്. നാടുകളുടെ മേലുള്ള നാട്ടുടയവരുടെ രാഷ്ട്രീയ ആധിപത്യത്തിന്റെ സംരക്ഷണത്തിൽ മാത്രമെ കുടിയേറ്റ ബ്രാഹ്മണർക്ക് നാടുകളിലെ കാർഷികവിഭവങ്ങളിലും തദ്ദേശീയ കുടി സമൂഹങ്ങളുടെ മേലും ആധിപത്യം നേടാൻ കഴിയുമായിരുന്നുള്ളു.

നാടുകളിലെ കാർഷിക സമൂഹമായ കുടി സമൂഹങ്ങളുടെ മേൽ നാട്ടുടയവർക്ക് സ്ഥിരമായി രാഷ്ട്രീയ ആധിപത്യം സ്ഥാപിക്കുന്നതിന് ബ്രാഹ്മണരുടെ സഹായം ആവശ്യമായിരുന്നു. സംസ്കൃത പാരമ്പര്യവും  വേദ സ്മൃതി പാരമ്പര്യങ്ങളെ അടിസ്ഥാനമാക്കുന്ന യജ്ഞ സംസ്കാരവും  മീമാംസക അനുഷ്ഠാന കർമ്മങ്ങളും ഒരു സാംസ്കാരിക അധികാര രൂപമായി കുടിയേറ്റ ബ്രാഹ്മണർ വികസിപ്പിച്ചിരുന്നു. ഇതിൻ്റെ പിന്തുണയിലും സാധൂകരണത്തിലൂടെയുമാണ് നാട്ടുടയവർ തങ്ങളുടെ നാടിന്റെ മേലുള്ള രാഷ്ട്രീയ കോയ്മ സംരക്ഷിക്കുകയും സാധുകരിക്കുകയും ചെയ്തത്. ബ്രാഹ്മണരുടെ അനുഷ്ഠാനപരവും  വൈജ്ഞാനികവുമായ പിന്തുണ സാംസ്കാരികവും രാഷ്ട്രിയവുമായ അധികാരമായി മാറി.


കേരളത്തിലെ ഒട്ടുമിക്ക ബ്രാഹ്മണ ഗ്രാമങ്ങളുടെയും സ്ഥാനം നീർനില നെൽക്കൃഷി പ്രദേശമായ ഇടനാട്ടിലെ നദീതടങ്ങളാണ്. വടക്ക് നിന്ന് തെക്കോട്ടാണ് ഈ ഗ്രാമങ്ങളുടെ സ്ഥാനം. ബ്രാഹ്മണ ഗ്രാമങ്ങളുടെ വടക്കു നിന്ന് തെക്കോട്ടുള്ള സ്ഥാനപ്പെടലിൻ്റെ ഭൂമി ശാസ്ത്ര സങ്കല്പത്തെ മുൻനിർത്തിയാണ് ബ്രാഹ്മണർ ഉണ്ടാക്കിയ വിവിധ കേരളോൽപത്തികളിൽ കേരളത്തിൻ്റെ കിടപ്പ് വടക്കുനിന്ന് തെക്കോട്ടയി സ്ഥാനപ്പെടുത്തിയിരിക്കുന്നത്.


കുടിയേറിയ ബ്രാഹ്മണർ വളരെ ചെറിയ സമൂഹമായതിനാൽ അവർക്ക് നാട്ടുടയവരുടെ രാഷ്ട്രീയമായ പിന്തുണയുമാവശ്യമായിരുന്നു. നാട്ടുടയവരും ബ്രാഹ്മണരും തമ്മിൽ ഉണ്ടായി വന്ന പാരസ്പര്യ സാധുകരണത്തിന്റെയും സംരക്ഷണത്തിന്റെയും ഭാഗമായിട്ടാണ് ഇടനാട്ടിൽ ബ്രാഹ്മണ ഗ്രാമങ്ങളും ക്ഷേത്ര ബ്രാഹ്മണ്യവും അതിന്റെ വിഭവാധിപത്യവും സാംസ്കാരിക കോയ്മയും വികസിച്ചു വന്നത്. ബ്രാഹ്മണരുടെ ക്ഷേത്ര കേന്ദ്രിതമായ ആചാരങ്ങളും യജ്ഞസംസ്കാരവും സാംസ്കാരിക കോയ്മയുടെ വ്യവസ്ഥയായി മാറി. അർത്ഥശാസ്ത്രത്തിന്റെ അടിസ്ഥാനത്തിൽ നാട്ടുടയവരുടെയും ചേരപെരുമാക്കന്മാരുടെയും രാഷ്ട്രീയ വ്യവസ്ഥയെ സ്ഥാനപ്പെടുത്താനും സാധുകരിക്കാനും ബ്രാഹ്മണർ ശ്രമിച്ചു.

ഇന്ത്യയിൽ പ്രാദേശിക ഭാഷകളിൽ അർത്ഥശാസ്ത്രത്തിന് ഉണ്ടായ ഏറ്റവും പ്രധാനപ്പെട്ട വ്യാഖ്യാനമായ മണിപ്രവാള ഭാഷയിൽ രചിച്ച ഭാഷാ കൗടലീയം എന്ന ഭാഷാ വ്യാഖ്യാനം ഈ സന്ദർഭത്തിലാണ് ഉണ്ടായി വന്നത്. ധർമ്മശാസ്ത്രപാരമ്പര്യങ്ങളുടെ അടിസ്ഥാനത്തിൽ സാമൂഹിക ഭേദങ്ങളെ മേൽ കീഴ് ക്രമത്തിൽ വ്യവസ്ഥപ്പെടുത്തുന്നത്  നമ്പൂതിരി ബ്രാഹ്മണരായിരുന്നു. ബ്രാഹ്മണ്യത്തിൻ്റെ ശുദ്ധി വരേണ്യതയെ സ്ഥാനപ്പെടുത്തുന്ന ശാങ്കര സ്മൃതി എന്ന കൃതി ചിട്ടപ്പെടുന്നത് ഈ സന്ദർഭത്തിലാണ്. ഇതിഹാസ പുരാണ സംസ്കൃത പാരമ്പര്യങ്ങൾ ക്ഷേത്രവ്യവസ്ഥയുടേയും ആചാരബ്രാഹ്മണ്യത്തിന്റേയും സാംസ്കാരിക കോയ്മ സ്ഥാപിച്ചെടുക്കുന്നതിനും നിലനിർത്തുന്നതിനും ഉപയോഗിയ്ക്കപ്പെട്ടു.

നാടുകളുടെ ഉടയവരായി മാറിയ നാട്ടുടയവർ ബ്രാഹ്മണരെ കൂടെ നില നിർത്തുന്നതിലൂടെ നാട്ടുടയവർക്ക് സ്വയം ഉടയവരായി രാഷ്ട്രീയ ആധിപത്യം നാടുകളിലെ കുടികളും ആളടിയാരും ഉൾപ്പെടുന്ന കർഷക സമൂഹത്തിന്റെ മേൽ സ്ഥാപിച്ചെടുക്കുന്നതിന് കഴിഞ്ഞു. നാടുകളുടെ മേലുള്ള ഉടയവരുടെ രാഷ്ട്രീയാധികാര വ്യവസ്ഥയെ  സാധൂകരിക്കുന്നതിനു ബ്രാഹ്മണരുടെ സംസ്കൃത യജ്ഞസംസ്കാരവും അവരുടെ വൈജ്ഞാനിക സമ്പത്തും പ്രധാന പങ്കുവഹിച്ചു. ബ്രാഹ്മണ സംഘങ്ങളും നാട്ടുടയവരും തമ്മിലുള്ള ബന്ധത്തിലൂടെ സ്ഥാപിച്ചെടുത്ത ഈ പ്രക്രിയയിലൂടെയാണ് കേരളത്തിന്റെ ഇടനാടൻ പ്രദേശങ്ങൾ ബ്രാഹ്മണരുടെ ഗ്രാമങ്ങളും ക്ഷേത്ര വ്യവസ്ഥയും നിയന്ത്രിക്കുന്ന ഭൂപ്രദേശവും നാട്ടുടയവരുടെ രാഷ്ട്രീയ ആധിപത്യ വ്യവസ്ഥയുമായി മാറിയത്.

തുടരും

Thanks for reading Historica! Subscribe for free to receive new posts and support my work.