Mar 17

കേരളവും മലയാളിയുടെ ചരിത്ര ജീവിതവും - എപ്പിസോഡ് 10

അരികുവൽകരിക്കപ്പെട്ടവരുടെ ഉൾക്കൊള്ളൽ ചരിത്രം (Inclusive History)

2
 
1.0×
--:--
--:--
Open in playerListen on);
History For Everyone
Episode details
Comments

മധ്യകാല കേരളം: ഭൂമിയും അധ്വാന രൂപങ്ങളും

ചേരപെരുമാക്കൻമാരുടെ കാലത്തെ തുടർന്ന് രൂപപ്പെട്ടു വന്ന മധ്യകാല സമൂഹത്തിന്റെയും സമ്പദ് ക്രമത്തിന്റെയും ഇതിനെ രണ്ടിനെയും അടിസ്ഥാനമാക്കി വളർന്നു വന്ന രാഷ്ടീയ രൂപത്തിന്റെയും സ്വഭാവത്തെ നിശ്ചയിക്കുന്നതിൽ അക്കാലത്തെ സമ്പദ്ക്രമവും കാർഷിക ഉൽപാദനവും ഭൂവിനിയോഗവും പ്രധാന പങ്ക് വഹിച്ചിട്ടുണ്ട്. ഇതിന്റെ ഭാഗമായി കാർഷിക ഉൽപാദനത്തിലും സ്വത്തുടമസ്ഥത വ്യവസ്ഥയിലും മാറ്റങ്ങൾ ഉണ്ടായി വന്നു. സാമൂഹിക വ്യവസ്ഥിതിയും സാമൂഹിക ഭേദ രൂപങ്ങളും പുതിയ രൂപങ്ങൾ കൈവരിച്ചു. ബ്രാഹ്‌മണ ഗ്രാമങ്ങളും ബ്രാഹ്‌മണ ഇതര ഗ്രാമങ്ങളും കാർഷിക ഉൽപാദനത്തിന്റെ അടിസ്ഥാന യൂണിറ്റ് എന്ന നിലയിൽ ചേര കാലത്തു തന്നെ വികാസം പ്രാപിച്ചിരുന്നു. തുടർന്നുണ്ടായ മാറ്റങ്ങൾ ഭൂമിയുടെ ഉടമസ്ഥതയുടെയും നിയന്ത്രണത്തിന്റെയും തലത്തിൽ മാത്രമല്ല കാർഷിക ഉൽപാദന പ്രവർത്തനത്തിലും സ്ഥിരവാസ മാതൃകയിലും അധ്വാന പ്രക്രിയയിലും മാറ്റങ്ങൾ രൂപപ്പെടുത്തി.

മധ്യകാല ആരംഭത്തോടെ ഗ്രാമസമൂഹങ്ങളായി വളർന്നു വന്ന പ്രാദേശിക സമൂഹങ്ങൾ തൊഴിൽ, സേവന പ്രവർത്തികൾ, അധ്വാന പ്രക്രിയ എന്നിവയിലും പ്രാദേശികമായി ലഭ്യമാകുന്ന വിഭവങ്ങളുടെ വിനിയോഗത്തിലും പാരമ്പര്യമായി അവകാശങ്ങൾ നിലനിർത്തുന്ന സമൂഹങ്ങളായി വികസിച്ചുവന്നു. കാർഷിക പ്രവർത്തികളിലും കൈവേലകളിലും കമ്മാള തൊഴിലുകളിലും സേവനവൃത്തികളിലും ഏർപ്പെടുന്ന പ്രാദേശിക സമൂഹ കൂട്ടായ്മകൾ വിവിധ കുടികളായി തൊഴിലുകളിലും ജീവിത പ്രവർത്തികളിലും പാരമ്പര്യമായി അവകാശങ്ങൾ നിലനിർത്തുന്ന ജനവംശവിഭാഗങ്ങളായി മാറുന്നതായി കാണാം. തൊഴിലറിവുകളും ജീവിത പ്രയോഗങ്ങളും സാങ്കേതിക വിദ്യയും അറിവും തൊഴിൽ നിപുണതയും അടുത്ത തലമുറയിലേക്ക് പാരമ്പര്യമായി പകർത്തുന്ന രീതികൾ വികസിച്ചു. അറിവും സാങ്കേതിക ജ്ഞാനങ്ങളും ജീവിത പ്രവർത്തികളിലെ നിപുണതയും വിവാഹ രീതികളും പ്രജനന ബന്ധങ്ങളും പാരമ്പര്യമായി തലമുറകളിലൂടെ പകർത്തുന്ന തുടർച്ച ക്രമങ്ങൾ ഉണ്ടായി വന്നു. ഇതാകട്ടെ മുറക്രമങ്ങളായി നിലനിർത്തിയാണ് ഗ്രാമ സമൂഹങ്ങൾക്കുള്ളിലെ ജനസഞ്ചയങ്ങൾ തലമുറകളിലൂടെ പാരമ്പര്യമായി ജീവിത പ്രവർത്തികളും ജൈവീകമായ അതിജീവനവും നിലനിർത്തിയത്. ഈ പ്രക്രിയയോടൊപ്പം തന്നെയാണ് ഭൂവിനിയോഗരീതികളും വിഭവങ്ങളുടെ പുനർ വിതരണരീതികളും നിശ്ചിത രൂപം കൈവരിച്ച് ഉടമസ്ഥതയും അവകാശ ക്രമങ്ങളുമായി മാറിയത്.

കൃഷിയും ഉൽപാദന പ്രവർത്തനങ്ങളും

ഭൂമിയുടെ തരം തിരിവുകൾ കാർഷിക ഉൽപാദനത്തിന്റെ വളർച്ചയോടെ സങ്കീർണ്ണമായി തീർന്നു. ഒരു പൂ, ഇരുപൂ എന്നിങ്ങനെ വിത്തളവിൽ വിത്തുപാട് നിലങ്ങളായി നീർനില നെൽകൃഷിയിടങ്ങൾ വേർതിരിക്കപ്പെട്ടു. നിലം, പാടം, വയൽ എന്നിവയായി ഇവ തിരിക്കപ്പെട്ടു. പൊതുവെ കണ്ടങ്ങളായിട്ടാണ് നീർനില നെൽപാടങ്ങൾ കൃഷി ചെയ്തിരുന്നത്. പുഴകളും അരുവികളും തോടുകളും ഏരികളും കുളങ്ങളും സ്വാഭാവിക പ്രകൃതിയിലെ ജലശേഖരണ രൂപങ്ങളായിരുന്നു. കാലവർഷത്തിലും തുലാവർഷത്തിലും പെയ്യുന്ന മഴ പുഴകളെയും അരുവികളെയും നിറച്ച് ജൈവാംശങ്ങളും എക്കലും കരകളിലും നിരപ്പാർന്ന ഇടങ്ങളിലും നിക്ഷേപിച്ച് വളക്കൂറുള്ള മണ്ണിനെ നിരന്തരം പുനരുജ്ജീവിച്ചു കൊണ്ടിരുന്നു. പച്ചില വളങ്ങളും ചാണകവും ചാരവുമായിരുന്നു പ്രധാന വളങ്ങൾ. കീടങ്ങളെ ഒഴിവാക്കാൻ പ്രകൃതിദത്ത കീടനിയന്ത്രണ രൂപങ്ങൾ കാർഷിക കുടിസമൂഹങ്ങൾ ഉപയോഗിച്ചിരുന്നു. പോത്ത് കാള എന്നിവ മനുഷ്യ അധ്വാനത്തോടൊപ്പം ഉഴുവാനും വണ്ടി വലിക്കാനും ഉപയോഗിച്ചിരുന്നു.

സാങ്കേതിക വിദ്യയുടെ വളർച്ച കാർഷികരംഗത്ത് കാര്യമായി വികസിച്ചു വന്നിരുന്നില്ല. ചേരകാലത്ത് കാർഷിക ഉൽപാദനത്തിനായി ഉപയോഗിച്ചിരുന്ന കാർഷിക ഉപകരണങ്ങളും അധ്വാന രൂപങ്ങളും തുടർന്ന സാമൂഹിക ക്രമമാണ് വളർന്നുവന്നത്. സാങ്കേതിക വിദ്യയുടെ വികാസം മധ്യകാലങ്ങളിൽ കാലാനുസൃതമായി നടക്കാത്തതിനാൽ കൂടുതൽ ഉൽപന്നങ്ങൾ ഉണ്ടാക്കുന്നതിനും വിവിധ കോയ്മകൾക്ക് ഉൽപന്നങ്ങൾ കടമകളും പാട്ടമായും പിഴിഞ്ഞെടുക്കുന്നതിനും വിഭവ ഉൽപാദനത്തിന് ആളടിമകളായി അധ്വാനസമൂഹങ്ങളെ കൂടുതൽ നിലനിർത്തേണ്ടി വന്നു. കാർഷിക കുടിസമൂഹങ്ങളും കമ്മാള കുടികളും ജാതി പതിതരായിട്ടാണ് പരിഗണിക്കപ്പെട്ടിരുന്നത്. ജാതിയും ബ്രാഹ്‌മണ്യ ഹീനത സങ്കല്പങ്ങളും വേർതിരിവ് ഹിംസാരൂപങ്ങളും ലിംഗ പരമായ അസമത്തവും സ്ഥാപന രൂപം കൈവഴിച്ചു. ജാതി അടിമത്തവും അധ്വാന പ്രക്രിയയും കീഴായ്മയുമായി സ്ഥാപനപരമായി നിലനിർത്തുന്നത് സമ്പദ് വ്യവസ്ഥയുടെ അടിത്തറയായി തന്നെ പ്രവർത്തിച്ചു.

സ്വത്തു രൂപങ്ങളും അവകാശ ക്രമങ്ങളും

ചേര കാലത്ത് ബ്രാഹ്‌മണ ഗ്രാമങ്ങളുടെ സ്വത്തുക്കൾ കൂട്ടായ സ്വത്തായിട്ടാണ് ബ്രഹ്‌മസ്വം എന്ന പേരിൽ അറിയപ്പെട്ടിരുന്നത്. ഓരോ ബ്രാഹ്‌മണ ഗ്രാമങ്ങൾക്കുള്ളിലും താമസിക്കുന്ന വിവിധ ബ്രാഹ്‌മണ കുടുംബങ്ങൾക്ക് ഊരിന്റെ ഭൂസ്വത്തുക്കൾ പടകാരമായി വേർതിരിച്ച് കൊടുത്തിരുന്നു. തെക്കൻ പ്രദേശങ്ങളിൽ ഇവ വിവിധ ജീവിതം ഭൂമികളായും ബ്രാഹ്‌മണ കുടുംബങ്ങൾക്ക് നൽകിയിരുന്നു. ക്ഷേത്രങ്ങളിൽ വിവിധ ജോലികളിൽ ഏർപ്പെട്ടിരുന്നവർക്കും നാടുവാഴികളുടെയും ചേര പെരുമാളിന്റെയും കീഴിൽ വിവിധ സേവനങ്ങളിൽ ഏൽപ്പെട്ടിരുന്നവർക്ക് അവരുടെ സേവനങ്ങൾക്കുള്ള പ്രതിഫലമായി ഭൂമിയാണ് ചാർത്തി കൊടുത്തിരുന്നത്. അതുപോലെ തന്നെ ക്ഷേത്രങ്ങൾക്കു കീഴിൽ ഭൂസ്വത്തുക്കൾ കീഴീടായി സമർപ്പിച്ച് ക്ഷേത്രങ്ങളുടെ ആശ്രിതരായിമാറിയ ഭൂവുടമകൾ കീഴീടർ ഇടയീടർ എന്നിങ്ങനെ അറിയപ്പെട്ടിരുന്നു. വിരുത്തി, ജീവിതം എന്നിങ്ങനെ ഭൂമിയുടെ മേലുണ്ടായിരുന്ന കൈവശ അവകാശങ്ങൾ മധ്യകാലത്തിന്റെ ആരംഭത്തോടെ സ്ഥിരാവകാശമായി മാറുകയും അവ ജന്മാവകാശങ്ങളായി തീരുകയും വിവിധ കുടുംബങ്ങളുടെ കൂട്ടായ ജന്മ സ്വത്തുക്കളായി മാറുകയും ചെയ്തു. ഇത് ജന്മിത്തം എന്ന ഭൂവുടമസ്ഥ വ്യവസ്ഥയായി മധ്യകാല ആരംഭത്തോടെ വ്യവസ്ഥാ പരമായ ഭൂവുടമസ്ഥരൂപമായി മാറി.

അധ്വാന പ്രക്രിയയും കാർഷിക ഉൽപാദനവും സവിശേഷമായി പരിഗണിക്കേണ്ട രണ്ട് സംഗതികളാണ്. ഉൽപാദ പ്രവർത്തനങ്ങൾ ഏകവിളകളും ബഹുവിള കൃഷിയുമായിട്ടാണ് നടന്നിരുന്നത്. ഇത് മധ്യകാലങ്ങളിലും തുടരുകയുണ്ടായി. നീർനില നെൽക്കൃഷി പ്രദേശങ്ങൾ മധ്യകാല ആരംഭത്തോടെ വ്യാപിക്കുകയും കാടുമേഖലയിലും ചതുപ്പു ഭൂമികളിലേക്കും നെൽ കൃഷിയുടെ ഉൽപാദനം വ്യാപിപ്പിക്കുകയും ചെയ്തു. പറമ്പു ഭൂമിയും പുരയിടങ്ങളും ചെങ്കൽ മൺ പ്രദേശങ്ങളിലും ഇടനാട്ടിലെ ഉയർന്ന പ്രദേശങ്ങളിലും പ്രധാനപ്പെട്ട കാർഷിക ഇടവും താമസ ഇടവുമായി വികസിക്കുന്നത് മധ്യകാലത്തെ പ്രധാനപ്പെട്ട ഒരു പ്രക്രിയയാണ്. വിളകൾ വിവിധ തരം ധാന്യങ്ങളും മലഞ്ചരക്കുകളുമായിരുന്നു. നാണ്യവിളകൾ ഇവ ബഹു വിളകളായി കൃഷി ചെയ്തിരുന്ന ഒരു പ്രദേശമാണ് പറമ്പ് പുരയിടങ്ങൾ. കാടും നാടും കൂടി നില്ക്കുന്ന ഒരു പ്രദേശമായതിനാൽ വേട്ടയാടലും നായാട്ടും പുനം കൃഷിയും കാട്ടു വിഭവങ്ങൾ ശേഖരിക്കലും പറമ്പ് പുരയിടങ്ങളുടെയും കാടുമേഖലയുടെയും പാരസ്പര്യത്തിൽ നിലനിന്നു. മധ്യകാലങ്ങളിൽ വനവും കാടും കേരളത്തിന്റെ ജൈവ പരിസ്ഥിതിയെ മാത്രമല്ല ഇടനാട്ടിലെയും തീരമേഖലയിലെയും ജീവിതത്തെയും വളരെയേറെ സ്വാധീനിച്ചിരുന്നു. കാട്ടിൽ നിന്നുള്ള വിവിധ വിഭവങ്ങൾ നാട്ടിലും നാട്ടിലെ വിഭവങ്ങൾ കാട്ടിൽ താമസിക്കുന്നവർക്കും കൈമാറി എത്തി.

പൊതു വർഷം ഒൻപതാം നൂറ്റാണ്ടു മുതലുള്ള രേഖകളിലാണ് അടിമവൽക്കരിക്കപ്പെട്ട അധ്വാന രൂപങ്ങൾ രേഖകളിൽ പരാമർശിക്കപ്പെടുന്നത്. തരിസാപ്പള്ളി ശാസനത്തിൽ കാർഷിക അടിമകളായ ആളിനെപ്പറ്റിയും അടിമകളെപ്പറ്റിയും സൂചനയുണ്ട്. ഭൂമിയും അതിലെ കുടികളെയും ദാനമായി ക്രിസ്ത്യൻ വർത്തക പ്രമാണിയുടെ നിയന്ത്രണത്തിൽ കൊല്ലം നഗരത്തിൽ സ്ഥാപിക്കപ്പെട്ട പള്ളിക്കു കൊടുത്ത രേഖയാണ് തരിസാപ്പള്ളി ശാസനം. ഭൂമിയിലെ കാരാളരായ വെള്ളാരെയും പറ്റിയും ശാസനത്തിൽ സൂചനയുണ്ട്. കാരാൺമ - ഊരാള ഭൂനിയന്ത്രണ വ്യവസ്ഥയിൽ നിന്നും 12-ാം നൂറ്റാണ്ടിന്റെ ആരംഭത്തോടെ ജന്മിത്തവ്യവസ്ഥയിലേക്കും ജന്മ-കാണ ഭൂനിയന്ത്രണക്രമത്തിലേക്കും സമ്പദ് ക്രമം മാറുന്നു. ചേര കാലഘട്ടത്തിലെ ഉൽപാദന ക്രമം നീർനില നെൽകൃഷിയിൽ നിന്നും ലഭ്യമാകുന്ന മിച്ചത്തെ നിയന്ത്രിക്കുന്ന വ്യവസ്ഥയായിട്ടാണ് മുഖ്യമായും നിലനിന്നത്. ചേര കാലത്ത് വിവിധ കോയ്മകളും രാഷ്ട്രീയ ക്രമവും നിലനിന്നത് നീർനില നെൽകൃഷിയുടെ മിച്ചത്തിലായിരുന്നു എന്നാണ് ചരിത്ര ശാസ്ത്രത്തിലെ പ്രധാന വ്യാഖ്യാനം. തീരദേശ പട്ടണങ്ങളിലേയും ഉൾപ്രദേശങ്ങളിലേയും കച്ചവട പ്രവർത്തനങ്ങളിൽ നിന്നും ലഭിക്കുന്ന വരുമാനത്തിൽ നിന്നും ഒരു പങ്ക് ചേരപെരുമാളിനും നാട്ടുടയവർക്കും ലഭിച്ചിരുന്നു. അഞ്ചു വണ്ണം എന്ന വിദേശ കച്ചവട സംഘത്തെപ്പറ്റിയും മണി ഗ്രാമം എന്ന തദ്ദേശീയ കച്ചവട സംഘങ്ങളെപ്പറ്റിയും ഇത്തരത്തിലുള്ള വിശദീകരണങ്ങൾ ഉണ്ടായിട്ടുണ്ട്.

കച്ചവടവും കാർഷിക പ്രവർത്തനങ്ങളും

മധ്യകാലത്തോടെ തെക്കനേഷ്യയെയും പശ്ചിമേഷ്യയെയും മുൻനിർത്തി വിവിധ കച്ചവടവാണിജ്യ വിഭാഗങ്ങൾ കേരളത്തിന്റെ സമ്പദ് ക്രമത്തിൽ സ്വാധീനം ചെലുത്തുന്ന രീതിയിൽ വളർന്നു വന്നു. ചേര കാലത്തെ നീർനില നെൽകൃഷിയിൽ നിന്നും ലഭിക്കുന്ന പരിമിതമായ മിച്ചത്തെ മാത്രം ആശ്രയിച്ചു നിലനിന്നു എന്ന് വിശദികരിക്കപ്പെട്ടിരിക്കുന്ന പൂർവ്വ മധ്യകാല ചരിത്ര വ്യാഖ്യാനങ്ങളിൽ നിന്നും വ്യത്യസ്തമായ ചരിത്ര പ്രക്രിയ മധ്യകാലത്തോടെ ഉണ്ടായി വരുന്നുണ്ട്. കോയ്മ വ്യവസ്ഥകളായ ബ്രാഹ്‌മണ ഊരുകളും ക്ഷേത്രങ്ങളും നാട്ടുടയവരും ചേര പെരുമാളും നിലനിന്നത് ഇടനാട്ടിലെ നീർനില നെൽകൃഷിയെ ആശ്രയിച്ചായിരുന്നെങ്കിൽ മധ്യകാലത്ത് നീർനില നെൽകൃഷിയോടൊപ്പം പറമ്പുപുരയിടങ്ങളിലെ ബഹുവിളകൃഷിയും പലവ്യഞ്ജനങ്ങളും കാടു വിഭവങ്ങളും വളരെ പ്രാധാന്യത്തോടെ സമ്പദ് വ്യവസ്ഥയിലെ പ്രധാന ഉൽപന്നങ്ങളായി മാറുന്നു. ഉൽപാദ പ്രവർത്തനങ്ങൾ ഭൂഗോള തെക്കൻ പ്രദേശങ്ങളിലെ വിനിമയ ബന്ധങ്ങളിൽ സജീവമാകുകയും ചെയ്യുന്നു. കർഷക കമ്മാള കുടികളും ആളടിമകളും ഉൽപാദന പ്രവർത്തനങ്ങളിലെ പ്രധാനവും സജീവവുമായ ഘടകങ്ങളായി ഇടപെടുന്ന സാമൂഹിക കൂട്ടായ്മകളായി മധ്യകാലത്തും തുടരുന്നുണ്ട്.

പറമ്പ് പുരയിടങ്ങളിലെ ബഹുവിള പറമ്പ് കൃഷിയ്ക്കും തോട്ടം വിളകളുടെ ഉൽപാദനത്തിനും കൂടുതൽ അടിമകളാക്കപ്പെട്ടതും നിർബന്ധിതമായി അധ്വാനിക്കുന്നവരുമായ പ്രാധമിക ഉൽപാദക സമൂഹങ്ങളുടെ ആവശ്യം ഉണ്ടായി വന്നു. വർദ്ധിതമായ എണ്ണത്തിൽ ആവശ്യമായ തരത്തിൽ നീർനില കൃഷിയും കരി, കരപ്പാട കൃഷിയും ബഹുവിള പറമ്പ് കൃഷിയും വ്യാപകമാകുന്ന ഒരു പ്രക്രിയയാണ് മധ്യകാലത്തെ കാർഷിക ഉൽപാദനത്തെയും അധ്വാന പ്രക്രിയയെയും നിശ്ചയിക്കുന്നത്. കൃഷിഭൂമിയുടെ നിയന്ത്രണവും ഉടമസ്ഥതയും പോലെ തന്നെ പണിയെടുക്കുന്ന ശരീരങ്ങളെ പണി ഉപകരണങ്ങളെ പോലെ ഭൂമിയൊടൊപ്പം കൈമാറ്റം ചെയ്യുകയും പണയം വയ്ക്കുകയും ചെയ്യുന്ന തരത്തിൽ സമ്പദ് വ്യവസ്ഥയിൽ അധ്വാന രൂപങ്ങളെ കാർഷിക അടിമത്തവും ജാതി ഹീനതയും വഴി നിയന്ത്രിക്കുന്ന ഒരു ചൂഷണക്രമം വളർന്നു വന്നു. ജാതി അടിമത്തവും ജാതി അടിമകളെ തൊടാവസ്തുക്കളായ അധ്വാന ശരീരങ്ങളായി നിലനിർത്തുന്ന ഒരു സമ്പദ് ക്രമം മധ്യകാലത്ത് വളർന്നു വന്നു. ഭൂമിയുടെ നിയന്ത്രണം ജന്മിത്തം എന്നറിയപ്പെട്ട പാരമ്പര്യ ഭൂപ്രഭുത്വമായി നിലനില്ക്കുകയും വിവിധ കോയ്മകളും ഇടനിലക്കാരും ജന്മികളായി അവകാശം സ്ഥാപിച്ചുകൊണ്ട് ഭൂമിയുടെ നിയന്ത്രണം സ്ഥാപിച്ചെടുക്കുന്ന പ്രക്രിയ വ്യാപകമായി തീർന്നു.

കച്ചവടത്തിൽ നിന്നും വാണിജ്യ പ്രവർത്തനത്തിൽ നിന്നും ഉണ്ടായി വന്ന പണ ഇടപാടുകൾ കടം വായ്പ, പലിശ എന്നീ രൂപങ്ങളിൽ പണവിനിമയങ്ങളായി ഭൂവുടമസ്ഥതയിലും കാണം, പാട്ടം, ഒറ്റി, പണയം എന്നിങ്ങനെയുള്ള ഭൂവിനിയോഗങ്ങളിലും ഭൂബന്ധങ്ങളിലും നിലനിന്നു. കാർഷിക പ്രവർത്തനങ്ങളിൽ ഏർപ്പെട്ട പാട്ടക്കുടിയാൻമാരുടെയും കാണം ഭൂമിയിലെ കർഷകരായ കാണ കുടിയാൻമാരുടെയും കാർഷിക അവകാശങ്ങളിലും പണവിനിമയ പ്രവർത്തനങ്ങൾ സ്വാധീനിച്ചു. ജന്മമായും പാട്ടമായും പണയമായും വിവിധ രൂപങ്ങളിൽ ആളടിമകളെ കൈമാറ്റം ചെയ്യുന്നതും കച്ചവടം ചെയ്യുന്നതും കാർഷിക പ്രവർത്തനങ്ങളുടെയും ഉൽപാദന വ്യവസ്ഥയുടെയും ഭാഗമായി വളർന്നു വന്നു. ഭൂബന്ധങ്ങൾ ജന്മ കാണവ്യവസ്ഥയായി നിലനിന്നപ്പോൾ കാർഷിക ഉൽപാദനത്തിലും അധ്വാന പ്രക്രിയകളിലും നേരിട്ട് കായിക അധ്വാനം ചെയ്യുന്ന ജാതി അടിമകൾ പ്രാധമിക ഉൽപാദകരായി നിലനിന്നു. വിറ്റ് വിലവാങ്ങാവുന്നതും പണയപ്പെടുത്താവുന്നതും ഭൂമിയോടൊപ്പം കൈമാറ്റം ചെയ്യാവുന്നതുമായ, ജന്മ-കാണ പണയ രൂപങ്ങളിൽ നിലനിർത്താനും കൈമാറാവുന്നതുമായ അടിമകളായി ജാതി അടിമകൾ മാറി. ജാതിഹീനതയും അടിമത്തവും കൂടിച്ചേർന്ന കീഴായ്മപ്പെടൽ ജാതി അടിമത്തം എന്ന സവിശേഷമായ കീഴായ്മപ്പെടലിനെ സൃഷ്ടിക്കുന്ന രീതിയിലേക്ക് മധ്യകാല സമ്പദ് ക്രമം വളർന്നു വന്നു. ജന്മ-കാണ വ്യവസ്ഥയും ജാതിയുടെ മേൽ-കീഴ് ക്രമവും ജാതി അടിമത്തവും മധ്യകാല ബന്ധങ്ങളെ സ്വഭാവവൽക്കരിക്കുന്ന സാമൂഹിക സാമ്പത്തിക വ്യവസ്ഥയായി മാറി. ഈ വ്യവസ്ഥയുടെ രാഷ്ട്രീയ രൂപമായി സ്വരൂപ അധികാരം നാടുവാഴിത്തമായി നിലനിന്നു.

Thanks for reading Historica! Subscribe for free to receive new posts and support my work.