Mar 23 • 9M

സോഷ്യൽ മീഡിയ താഴെയിറക്കിയ ഏകാധിപതികൾ

അറേബ്യൻ വസന്തത്തിന് തുടക്കമായ മുല്ലപ്പൂ വിപ്ലവത്തിന്റെ കഥ

1
1
 
1.0×
0:00
-8:41
Open in playerListen on);
History For Everyone
Episode details
1 comment

സോഷ്യൽ മീഡിയയിൽ അഭിരമിക്കുന്ന യുവതലമുറയെ കളിയാക്കിയിരുന്ന ഒരു കാലമുണ്ടായിരുന്നു. സോഷ്യൽ മീഡിയ എത്രത്തോളം ശക്തിയുള്ളതാണെന്ന് ലോകത്തോട് വിളിച്ചു പറഞ്ഞ കാലഘട്ടമായിരുന്നു 2010-2012 വരെ. 23 വർഷത്തോളം ട്യൂണിഷ്യ ഭരിച്ച സൈനുൽ ആബിദി ബിൻ അലി രാജ്യം വിട്ട് ഓടേണ്ടി വന്ന, ഈജിപ്തിലെ എകാധിപതി ഹുസ്‌നി മുബാറക്കിനെ സ്ഥാനഭ്രഷ്ടനാക്കിയ, ലിബിയയിലെ ഭരണാധികാരി ഗദ്ദാഫിയുടെ കൊലപാതകത്തിലേക്കുവരെ നയിച്ച വിപ്ലവങ്ങൾ അറബ് ലോകത്ത് പൊട്ടി പുറപ്പെട്ടു.

ഇതിന്റെ തുടർച്ചയായി ബഹ്‌റൈൻ, സിറിയ, യെമൻ, ജോർദാൻ, മൊറോക്കൊ, അൾജീരിയ, കുവൈറ്റ്, ലെബനാൻ, മൗറിത്താനിയ, സൗദി അറേബ്യ, സുഡാൻ എന്നീ ഭരണകൂടങ്ങൾക്കെതിരെ അറബ് വസന്തത്തിന്റെ ഭാഗമായി പ്രതിഷേധങ്ങൾ അരങ്ങേറി. ജനാധിപത്യ സ്വഭാവം കാണിക്കാത്ത ഭരണക്കൂടങ്ങൾക്കെതിരെ നടന്ന പ്രക്ഷോഭ പരമ്പരകളെയാണ് അറബ് വസന്തം എന്ന് വിളിക്കുന്നത്.

അറബി പൊതുഭാഷയായി ഉപയോഗിക്കുന്ന രാജ്യങ്ങളെയാണ് അറേബ്യൻ രാജ്യങ്ങൾ എന്നു പറയുന്നത്. ആഫ്രിക്കയിലും എഷ്യയിലുമായാണ് ഈ രാജ്യങ്ങളുള്ളത്. അറബ് വിപ്ലവങ്ങളുടെ പ്രഭവ കേന്ദ്രം ആഫ്രിക്കൻ രാജ്യമായ ട്യൂണിഷ്യയിൽ നിന്നാണ്. അവരുടെ ദേശിയ പുഷ്പമായ മുല്ലപ്പൂവിന്റെ പേരിലാണ് ഇത് അറിയപ്പെടുന്നത്. ഈ വിപ്ലവത്തിന്റെ നാൾവഴികൾ നമുക്കൊന്ന് അന്വേഷിക്കാം.

2010 ഡിസംബർ മാസം 17ന് ട്യൂണിഷ്യയിലെ പ്രധാന പ്രദേശങ്ങളിലൊന്നായ സിദിബൗസിദിൽ മുഹമ്മദ് ബൗഅസീസി എന്ന തൊഴിൽരഹിതനും ബിരുദദാരിയുമായ ഒരു യുവാവ് തീ കൊളുത്തി ആത്മഹത്യ ചെയ്യുന്നു. അദ്ദേഹത്തെ പോലീസുകാർ ആക്രമിച്ചതിനും അപമാനിച്ചതിനും പ്രതിഷേധിച്ചാണ് യുവാവ് ആത്മഹത്യ ചെയ്യുന്നത്. ഈ സംഭവമറിഞ്ഞതിനു ശേഷം നഗരത്തിലെ ജനങ്ങൾ തെരുവിലേക്കിറങ്ങുന്നു. അവരുടെ കയ്യിലുണ്ടായിരുന്ന ആയുധങ്ങൾ മൊബൈൽ ഫോണും കല്ലുമാണ്. മുല്ലപ്പൂ വിപ്ലവത്തിന്റെ ആരംഭമിങ്ങനെയാണ്.

സിൻ എൽ അബിദീൻ ബിൻ അലി

1980 മുതൽ 2010 വരെ ട്യൂണിഷ്യയിൽ നില നിലനിന്നിരുന്നത് സിൻ എൽ അബിദീൻ ബിൻ അലിയുടെ നേതൃത്വത്തിലുള്ള ഏകാധിപത്യ ഭരണമാണ്. ഇങ്ങനെയുള്ള രാജ്യത്ത് ജനങ്ങൾക്ക് ഉപകാരപ്രദമായി ഒന്നുമുണ്ടാകില്ലയെന്നത് പറയേണ്ട ആവശ്യമില്ലല്ലോ. ജനാധിപത്യ അവകാശങ്ങൾ ഒന്നുമില്ലാത്ത ഒരു രാജ്യം. തൊഴിലില്ലായ്മ വളരെയധികമായിരുന്നു. സർക്കാർ സർവ്വീസിൽ കയറണമെങ്കിൽ പ്രസിഡന്റ് ബിൻ അലിയുടെ പാർട്ടിയിലെ അംഗമാവണമെന്നുണ്ടായിരുന്നു. സാമ്പത്തിക തകർച്ചയും പോലീസിന്റെ ഭാഗത്തു നിന്നുള്ള ആക്രമണങ്ങൾ കൊണ്ടുമെല്ലാം ജനങ്ങൾ ഒരു കലാപത്തിന് തയ്യാറായി നിൽക്കുകയായിരുന്നു.

എല്ലാ മേഖലകളിലും കടുത്ത നിയമമുണ്ടെങ്കിലും സാമൂഹിക മാധ്യമങ്ങളായ ഫേസ്ബുക്കിനും ട്വിറ്ററിനുമൊക്കെ നിയന്ത്രണങ്ങളൊന്നും രാജ്യത്തില്ലായിരുന്നു. ട്യൂണിഷ്യയിലെ ജനങ്ങളിൽ മൂന്നിലൊന്ന് വരുന്ന 3.6 ദശലക്ഷം ജനങ്ങൾ ഇന്റർനെറ്റ് സാക്ഷരതയുളളവരായിരുന്നു. വിപ്ലവത്തിനുള്ള വിനിമയ മാർഗ്ഗമായും മാറുന്നത് സാമൂഹിക മാധ്യമങ്ങളാണ്. മുഹമ്മദ് ബൗഅസീസിയുടെ ആത്മഹത്യയ്ക്കു മുൻപു ഒട്ടേറെ പേർ ഭരാണാധികാരിയോടും പോലീസിനോടും പ്രതിഷേധിച്ച് സ്വയം തീ കൊളുത്തി മരണത്തെ വരിച്ചിരുന്നെങ്കിലും വേണ്ടത്ര പ്രചാരം ലഭിച്ചിരുന്നില്ല. അതിനു കാരണം പ്രാദേശിക മാധ്യമങ്ങൾക്കൊക്കെ ക്യത്യമായ സെൻസ്‌റിങ്ങ് ഉണ്ടായിരുന്നു.

ഡിസംബർ 17 ന് തന്നെ ബൗഅസീസിയുടെ അമ്മയുടെ നേതൃത്വത്തിൽ പ്രാദേശിക മുൻസിപ്പൽ ഓഫീസിന്റെ മുൻപിൽ സമാധാനപരമായി പ്രതിഷേധിക്കുന്നു. അവരുടെ ഒരു ബന്ധു അത് സാമൂഹിക മാധ്യമത്തിൽ പോസ്റ്റു ചെയ്യുന്നു. അതിവേഗം ബൗഅസീസിക്ക് സംഭവിച്ചതെന്തെന്നും ജനങ്ങളിലേക്കെത്തുന്നു. സാമൂഹിക മാധ്യമങ്ങളിൽ ഈ വീഡിയോക്ക് വലിയ രീതിയിലുള്ള പ്രചാരണം ലഭിക്കുന്നു. അടുത്ത ദിവസം തന്നെ അൽ-ജസീറ അത് സംപ്രേഷണം ചെയ്യുന്നു. പക്ഷേ ട്യൂണിഷ്യയിലെ വാർത്താ മാധ്യമങ്ങളൊന്നും ഈ പ്രതിഷേധങ്ങളുടെ വാർത്തകൾ സംപ്രേഷണം ചെയ്തിരുന്നില്ല.

മുഹമ്മദ് ബൗഅസീസി

പക്ഷേ അൽ-ജസീറയും സോഷ്യൽ മീഡിയയും വഴി അറബ് ലോകമാകെ ഇതറിയുകയും ഐക്യദാർഢ്യ പ്രകടനങ്ങൾ നടക്കുകയും ചെയ്തു. അറബ് രാജ്യങ്ങളിലെ ഏകാധിപതികൾക്ക് ബിൻ അലിയുടെ ഭരണത്തിനെതിരെ നടക്കുന്ന പ്രക്ഷോഭങ്ങളിൽ ആശങ്കയുണ്ടാകുന്നു. തൊട്ടടുത്ത ദിവസങ്ങളിൽ തന്നെ സാമൂഹിക മാധ്യമങ്ങളുടെ ഇടപെടൽ കാരണം രാജ്യത്താകെ പ്രക്ഷോഭ പരമ്പരകൾ ആരംഭിക്കുന്നു. സർക്കാർ സാമൂഹിക മാധ്യമങ്ങൾക്ക് നിയന്ത്രണമേർപ്പെടുത്തുന്നു. ഇന്റർനെറ്റ് കണക്ഷനുകൾ തടസപ്പെടുത്തിയെങ്കിലും പ്രതിഷേധങ്ങൾ വളർന്നുകൊണ്ടിരുന്നു.

ഡിസംബർ 29ന് പ്രാദേശിക ചാനലിൽ പ്രതിഷേധങ്ങളും അതിന് കാരണമായ സംഭവങ്ങളും അടങ്ങുന്ന വീഡിയോ സംപ്രേഷണം ചെയ്യുന്നു. സാമൂഹിക മാധ്യമങ്ങൾ വഴി പ്രതിഷേധങ്ങൾ സംഘടിപ്പിക്കാനായി ശ്രമിക്കുന്നവരുടെ അക്കൗണ്ടുകൾ ഹൈജാക്ക് ചെയ്തും സർക്കാർ പ്രതിഷേധങ്ങളുടെ തീവ്രത കുറക്കാനായി ശ്രമിക്കുന്നുണ്ട്. പക്ഷേ അവർക്ക് അതിന് സാധിക്കുന്നില്ല. നാൾക്കുനാൾ പ്രക്ഷോഭങ്ങൾ വർദ്ധിച്ചു വന്നതേയുള്ളു.

രാജ്യത്തെ തൊഴിലാളികൾ ഈ പ്രക്ഷോഭത്തിൽ വലിയ രീതിയിൽ അണിചേരുന്നുണ്ട്. ട്യൂണിഷ്യൻ ജനറൽ ലേബർ യൂണിയൻ (UGTT) ബൗസിദിലും രാജ്യത്തിന്റെ പല ഭാഗങ്ങളിലും നിരന്തരമായ പ്രക്ഷോഭങ്ങൾ നടത്തുന്നു. വലിയൊരു വിഭാഗം ജനങ്ങളും അതിൽ അണിചേരുന്നുണ്ട്. പ്രതിഷേധത്തിൽ കൂടുതലായുമുണ്ടായിരുന്നത് തൊഴിൽരഹിതരായിരുന്നു. ആ സമയത്ത് ട്യൂണിഷ്യയിലെ തൊഴിലില്ലായ്മ നിരക്ക് 30 ശതമാനത്തോളമായിരുന്നു.

ട്യൂണിഷ്യയുടെ തലസ്ഥാനമായ ട്യൂണിസിലും പ്രക്ഷോഭങ്ങൾ വ്യാപിക്കുന്നു. പോലീസിന്റെ ആക്രമണത്തിൽ മെൻസൽ ബൗസിയാനയിലും റെഗൂബിലും പ്രക്ഷോഭകാരികൾ കൊല്ലപ്പെടുന്നു. അതിനു ശേഷം പ്രക്ഷോഭരംഗത്തേക്ക് വിദ്യാർത്ഥികളും അധ്യാപകരും പങ്കുചേരുന്നു. സമരങ്ങൾ കൂടുതൽ ശക്തമാവുന്നു. സർക്കാർ യൂണിവേഴ്‌സിറ്റികൾ അടയ്ക്കുന്നു. അതുകൊണ്ടൊന്നും പ്രതിഷേധങ്ങൾ അടിച്ചമർത്താനായില്ല.

ജനുവരി 6ന് രാജ്യത്ത് ശക്തമായ പൊതുമണിമുടക്ക് നടക്കുന്നു. എന്നാൽ സർക്കാർ അതിനെ നേരിട്ടത് തോക്കുകളുമായായിരുന്നു. അന്ന് നൂറോളം പേർ കൊല ചെയ്യപ്പെട്ടു. ഈ സംഭവമാണ് രാജ്യത്തിന്റെ നിയന്ത്രണം പൂർണമായും ബിൻ അലിയുടെയും പോലീസിന്റെയും കൈവിട്ടു പോകുന്നതിന് കാരണമായത്. പ്രക്ഷോഭങ്ങളിൽ അണിചേരുന്നവരുടെ എണ്ണം വർദ്ധിക്കുകയും ചെയ്തു. ഈ സംഭവം ജനങ്ങളെ അഭിസംബോധന ചെയ്യാൻ ബിൻ അലിയെ പ്രേരിപ്പിക്കുന്നു. ജനുവരി 13ന് പ്രസിഡന്റ് ബിൻ അലി നാഷണൽ ടെലിവിഷനിലൂടെ ജനങ്ങളെ അഭിസംബോധന ചെയ്യുന്നു. പ്രക്ഷോഭങ്ങളിൽ ഏറ്റവും കൂടുതൽ ഉയർന്ന മുദ്രവാക്യമായ ജനാധിപത്യാവകാശങ്ങൾ നടപ്പിലാക്കാമെന്നും ഉറപ്പു നൽക്കുന്നു. എന്നാലും രാജ്യത്ത് ഒരു പൊതുതെരഞ്ഞെടുപ്പ് നടത്താൻ അദ്ദേഹം സന്നദ്ധനല്ലായിരുന്നു.

ട്യൂണിഷ്യയിൽ അരങ്ങേറിയ പ്രക്ഷോഭങ്ങളിൽ ഒന്ന്

പ്രക്ഷോഭകാരികൾ ബിൻ അലിയുടെ നിർദ്ദേശങ്ങളൊന്നും അംഗീകരിച്ചില്ല. തൊട്ടടുത്ത ദിവസം തന്നെ ട്രേഡ് യൂണിയനുകൾ പൊതു പണിമുടക്കിന് ആഹ്വാനം ചെയ്യുന്നു. രാജ്യത്ത് അടിയന്തരാവസ്ഥ പ്രഖ്യാപിക്കപ്പെടുന്നു. സുരക്ഷാ സേനയുടെ ഉത്തരവുകൾ ലംഘിച്ച് തെരുവിലിറങ്ങിയാൽ പ്രക്ഷോഭകാരികൾക്കെതിരെ ആയുധങ്ങൾ ഉപയോഗിക്കുമെന്ന് സർക്കാർ പ്രഖ്യാപിക്കുന്നു. പക്ഷേ ജനങ്ങൾ ഉത്തരവിന് യാതൊരുവിധ പരിഗണനയും നൽകാതെ തെരുവിലിറങ്ങുന്നു. ആയിരക്കണക്കിനു പേർ മന്ത്രി മന്ദിരത്തിലേക്ക് കയറി നിയന്ത്രണം ഏറ്റെടുക്കുന്നു. ജനുവരി 14ന് രാത്രി പ്രസിഡന്റ് ബിൻ അലി വിമാനത്തിൽ സൗദി അറേബ്യയിലേക്ക് കടക്കുന്നു. 23 വർഷം നീണ്ട ഏകാധിപത്യ ഭരണത്തിന് ഇതോടെ അന്ത്യമായി.

വിപ്ലവാനന്തരം ബിൻ അലിയുടെ അനുയായിയായിരുന്ന മുഹമ്മദ് ഘനൂച്ചിയുടെ നേതൃത്വത്തിലുള്ള കെയർടെക്കർ ഭരണം നിലവിൽ വരുന്നു. വർഷാവസാനം ബഹുകക്ഷി തെരെഞ്ഞടുപ്പ് നടക്കും വരെ ഘനൂച്ചി താത്കാലിക ഭരണസ്ഥാനത്ത് തുടരുന്നു. മുഹമ്മദ് ബൗ അസീസിയുടെ ആത്മഹത്യയിലുടെ ഡിസംബർ 17 മുതൽ ജനുവരി 14 വരെ നീണ്ടുനിന്ന മുല്ലപ്പൂ വിപ്ലവം ഏകാധിപതികളായ ഭരണാധികാരികൾക്കും അഭിപ്രായ സ്വാതന്ത്ര്യം ഹനിക്കുമ്പോൾ പ്രതികരിക്കുന്നവരെ ആക്രമിക്കുന്ന ഭരണകർത്താക്കൾക്കും എന്നും ഒരോർമ്മപ്പെടുത്തലായി തുടരും.

അറബ് വസന്തം എന്നറിയപ്പെട്ട വിപ്ലവ പരമ്പരകളുടെ കാരണങ്ങളും തുടർന്നുണ്ടായ സംഭവ വികാസങ്ങളും അടുത്ത എപ്പിസോഡുകളിൽ സംവദിക്കാം.

Thanks for reading Historica! Subscribe for free to receive new posts and support my work.