ചായക്കോപ്പയിലെ ചരിത്രക്കാറ്റ്
ചായ കുടിച്ചോ? ദിവസത്തിലൊരിക്കലെങ്കിലും നമ്മള് കേള്‍ക്കുകയോ പരസ്പരം ചോദിക്കുകയോ ചെയ്യുന്നൊരു ചോദ്യമാണിത്. അല്ലേ? നല്ലൊരു ചായ കുടിച്ചില്ലെങ്കില്‍ അന്നത്തെ ദിവസം പോകുമെന്നു ചിലയാളുകള്‍ പറയുന്നതു കേട്ടിട്ടില്ലേ? നമ്മുടെ ജീവിതവുമായി അത്രമേല്‍ ബന്ധപ്പെട്ടുകിടക്കുന്ന പാനീയമാണു ചായ. ഏതൊരു മുക്കില്‍ ചെന്നാലും, ഒരു ചായക്കടയും, ചായയോടൊപ്പം വെടിവട്ടങ്ങളുമായി ഇരിക്കുന്ന ആളുകളും നമ്മുടെ നാട്ടിലെ പതിവു കാഴ്ചയാണ്. കട്ടനും പാല്‍ചായയും തൊട്ട്, ഗ്രീന്‍ ടീയും തന്തൂരിച്ചായയും വരെ, ചായ വെറൈറ്റികളുടെ ഒരു നീണ്ട നിരതന്നെ ഇന്ത്യയില്‍ പ്രചാരത്തിലുണ്ട്. ലോകത്തെയാകമാനം കീഴടക്കിയ, സംസ്കാരങ്ങള്‍ക്കും അധിനിവേശങ്ങള്‍ക്കും കൊടിയ യുദ്ധങ്ങള്‍ക്കുമെല്ലാം കാരണമായി മാറിയ, ചായ എന്ന ഈ പാനീയത്തിന് ഒരു ചരിത്രമുണ്ട്.
മനുഷ്യനു തേയിലയുമായുള്ള ബന്ധത്തിനു പിരമിഡുകളേക്കാള്‍ പഴക്കമുണ്ട്. ചരിത്രകാരന്മാര് പറയുന്നത്, ഏതാണ്ട് 6000 വര്‍ഷങ്ങള്‍ക്കു മുമ്പു തൊട്ടുതന്നെ ചായയുടെ ജന്മനാടായ ചൈനയില്‍ തേയില കൃഷി ചെയ്യപ്പെട്ടിരുന്നു എന്നാണ്. എന്നാല്‍ അക്കാലങ്ങളില്‍ തേയില തിളപ്പിച്ചായിരുന്നില്ല ഉപയോഗിച്ചിരുന്നത്; ചവച്ചിറക്കുകയായിരുന്നു പതിവ്. ചായ ഇന്നു കാണുന്ന ചായയായി മാറുന്നത് 1500 വര്‍ഷങ്ങള്‍ക്കു മുമ്പു മാത്രമാണ്. അതും ഇന്നു കാണുന്ന തരത്തിലുള്ള രുചികരമായ പാനീയമായിരുന്നില്ല. പലതരം രോഗങ്ങള്‍ക്കുള്ള ഒറ്റമൂലിയായാണ് തേയിലയും മറ്റുമിട്ടു തിളപ്പിച്ച വെള്ളം ഉപയോഗിച്ചിരുന്നത്.
ചായയുടെ ഉത്ഭവത്തെപ്പറ്റി രസകരമായൊരു കഥ നമ്മള് കേട്ടിരിക്കാനിടയുണ്ട്. ചൈനക്കാര്‍ തങ്ങളുടെ ആദ്യ ഭരണാധികാരിയായി വിശ്വസിക്കുകയും ആരാധിക്കുകയും ചെയ്തുപോരുന്ന ഷെന്നോങ് എന്ന ഐതിഹ്യപുരുഷനെ ചുറ്റിപ്പറ്റിയാണത്. ചൈനയിലെ കൃഷിക്കും സംസ്കാരത്തിനും രൂപം കൊടുത്തത് ഷെന്നോങാണെന്നാണു പുരാണം. കഥ ഇങ്ങനെയാണ്. പതിവുപോലെ ഷെന്നോങ് തന്റെ ഉദ്യാനത്തില്‍ വശ്രമിക്കുന്നതിനിടെ കുടിക്കാനായി വെള്ളം തിളപ്പിക്കുകയായിരുന്നു. തിളപ്പിക്കാന്‍ വെച്ചിരുന്ന വെള്ളത്തില്‍ അദ്ദേഹമറിയാതെ ഒരില പറന്നു വന്നു വീണു. ഇതു ശ്രദ്ധിക്കാതെ ആ വെള്ളം കുടിച്ച ഷെന്നോങിന് പുതിയൊരു രുചിയും എന്തെന്നില്ലാത്തൊരു ഉണര്‍വും അനുഭവപ്പെട്ടു. ഇങ്ങനെയാണ് ആദ്യമായി ചായ കണ്ടുപിടിക്കപ്പെട്ടതെന്നാണ് ചൈനീസ് ഐതിഹ്യം. ഭക്ഷ്യയോഗ്യമായ ധാന്യങ്ങളും പച്ചക്കറികളും അന്വേഷിച്ചിറങ്ങിയ ഷെന്നോങ്, അറിയാതെ ഒരു വിഷച്ചെടി തിന്നുവെന്നും ഉടനെത്തന്നെ അടുത്തുനിന്ന തേയില ചവച്ചപ്പോള്‍ അദ്ദേഹം മരണത്തില്‍ നിന്നു രക്ഷപ്പെട്ടുവെന്നും, തേയിലയുടെ ഔഷധഗുണം ബോധ്യപ്പെട്ട ഷെന്നോങ് തേയിലയുടെ പ്രചാരകനായി എന്നുമാണ് മറ്റൊരു കഥ. ഷെന്നോങിന്റെ വേലക്കാരാണ് തേയില കണ്ടുപിടിച്ചതെന്ന, അധികം പ്രചാരത്തിലില്ലാത്ത ഒരു കഥ കൂടിയുണ്ട്.
മനുഷ്യനു തേയിലയുമായുള്ള ബന്ധത്തിനു പിരമിഡുകളേക്കാള്‍ പഴക്കമുണ്ട്. ചരിത്രകാരന്മാര് പറയുന്നത്, ഏതാണ്ട് 6000 വര്‍ഷങ്ങള്‍ക്കു മുമ്പു തൊട്ടുതന്നെ ചായയുടെ ജന്മനാടായ ചൈനയില്‍ തേയില കൃഷി ചെയ്യപ്പെട്ടിരുന്നു എന്നാണ്. എന്നാല്‍ അക്കാലങ്ങളില്‍ തേയില തിളപ്പിച്ചായിരുന്നില്ല ഉപയോഗിച്ചിരുന്നത്; ചവച്ചിറക്കുകയായിരുന്നു പതിവ്. ചായ ഇന്നു കാണുന്ന ചായയായി മാറുന്നത് 1500 വര്‍ഷങ്ങള്‍ക്കു മുമ്പു മാത്രമാണ്.
ചായകുടി ആരംഭിച്ചത് വടക്കന്‍ ചൈനയിലെ സെഷ്വാന്‍, യുനാന്‍ എന്നീ പ്രവിശ്യകളില്‍ നിന്നാണെന്നാണ് പറയപ്പെടുന്നത്. തേയില സ്വാഭാവികമായി വളര്‍ന്നിരുന്ന മേഖലകളായിരുന്നു ഇത്. ഇവിടങ്ങളില്‍ നിന്ന് ബുദ്ധ സന്യാസിമാര്‍ വഴി ചൈനയുടെ തെക്കു ഭാഗങ്ങളിലേക്കും, മറ്റ് ഏഷ്യന്‍ രാജ്യങ്ങളിലേക്കും ചായകുടി വ്യാപിച്ചു. ദീര്‍ഘനേരത്തെ ധ്യാനങ്ങള്‍ക്കിടയില്‍ ഉറങ്ങിപ്പോകാതിരിക്കാനാണ് സന്യാസിമാര്‍ ചായയെ ആശ്രയിച്ചിരുന്നത്. അക്കാലങ്ങളില്‍ ചായ ഉണ്ടാക്കിയിരുന്ന രീതിയും തേയില ഉപയോഗിച്ചിരുന്ന രീതിയും ഇന്നത്തേക്കാള്‍ ഏറെ വ്യത്യസ്തമായിരുന്നു. തേയില ഉണക്കി അമര്‍ത്തി, ഒരു പാത്രത്തിന്റെ വലുപ്പം വരുന്ന കട്ടകളായാണ് സൂക്ഷിച്ചിരുന്നത്. ഈ കട്ടകള്‍ ചെറു കഷണങ്ങളായി ഒടിച്ച്, തിളച്ച വെള്ളത്തില്‍ ചേര്‍ത്ത്, ഇഞ്ചിയും ഉപ്പും ഉള്ളിയുമൊക്കെയിട്ടു കുടിക്കുന്നതായിരുന്നു രീതി.
എ.ഡി 618 മുതല്‍ 907 വരെ ചൈന ഭരിച്ച ടാങ് രാജവംശത്തിന്റെ സമയത്താണ് ഇന്നു കാണുന്ന ചായയിലേക്കുള്ള രൂപാന്തരം സംഭവിക്കുന്നത്. ചൈനീസ് സംസ്കാരം അതിന്റെ ഉന്നതിയിലെത്തിയ കാലമായാണ് ടാങ് ഭരണകാലത്തെ ചരിത്രകാരന്മാര് വിശേഷിപ്പിക്കുന്നത്. ചൈനയില്‍ സമൂഹത്തിന്റെ എല്ലാ തുറകളിലുമുള്ള ആളുകള്‍ ചായയെ തങ്ങളുടെ നിത്യജീവിതത്തിന്റെ ഭാഗമാക്കുന്നതും ഈ കാലഘട്ടത്തിലാണ്. ഈ സമയത്തു പ്രചാരത്തിലുണ്ടായിരുന്നത് ഗ്രീന്‍ ടീയായിരുന്നു. ഉണക്കിപ്പൊടിച്ച തേയിലകൊണ്ടുണ്ടാക്കുന്ന ചുവപ്പന്‍ കട്ടന്ചായയിലേക്കെത്താന് വീണ്ടും നൂറ്റാണ്ടുകളെടുത്തു.
14-17 നൂറ്റാണ്ടുകളില്‍ ചൈന ഭരിച്ച മിങ് രാജവംശത്തിന്റെ ഭരണകാലത്താണ് തേയിലക്കും ചായയ്ക്കും ഇന്നു കാണുന്ന തരത്തിലുള്ള രൂപമാറ്റം സംഭവിക്കുന്നത്. പാശ്ചാത്യ രാജ്യങ്ങളുമായി ചൈന തേയില കച്ചവടം തുടങ്ങുന്നതും ഈ കാലഘട്ടത്തിലാണ്. പട്ടിനും ചീനപ്പിഞ്ഞാണങ്ങള്ക്കും പുറമെ ചൈനയുടെ പ്രധാന കച്ചവടച്ചരക്കായി തേയില മാറി.
സില്‍ക്ക് റോഡ് അടക്കമുള്ള കച്ചവട പാതകളിലൂടെ ചൈനയില്‍ നിന്ന് തേയിലയുടെ പ്രസിദ്ധി മറ്റ് ഏഷ്യന്‍ രാജ്യങ്ങളിലേക്കും പരന്നു. ചെന്നിടങ്ങളിലെല്ലാം ചായയ്ക്ക് ഇഷ്ടക്കാരുമുണ്ടായി. തേയില നല്കി പോര്‍ക്കുതിരകളെ വാങ്ങിയിരുന്ന കച്ചവട ബന്ധം ടിബറ്റുമായി ചൈനയ്ക്കുണ്ടായിരുന്നു.
ബുദ്ധ സന്യാസിമാര്‍ വഴി ജപ്പാനിലെത്തിയ ചായയ്ക്ക് അന്നാട്ടില്‍ പ്രചാരം ലഭിച്ചതിനു പിന്നിലും രസകരമായൊരു കഥയുണ്ട്. 11-ാം നൂറ്റാണ്ടു മുതല്‍ 14-ാം നൂറ്റാണ്ടിന്റെ പ്രാരംഭകാലം വരെ ജപ്പാന് ഭരിച്ചിരുന്ന കാമക്കുര ഷോഗനേറ്റ് എന്ന സൈനിക വംശത്തിന്റെ മൂന്നാമത്തെ ഷോഗനായിരുന്ന മിനമോട്ടോ നൊ സെനെട്ടോമോയെ ചുറ്റിപ്പറ്റിയാണ് ഈ കഥ. ഒരിക്കല്‍ മദ്യലഹരി കലശലായ സെനെട്ടോമോ മരണശയ്യയിലെന്നപോലെ കിടപ്പിലായി. അദ്ദേഹം മരിക്കുമെന്നുതന്നെ ചുറ്റുമുള്ളവര്‍ വിധിയെഴുതി. വിവരമറിഞ്ഞ് അവിടെയെത്തിയ ഏയ്സായ് എന്ന സെന്‍ ബുദ്ധിസ്റ്റ് സന്യാസി സെനെട്ടോമോയ്ക്ക് ഒരു കോപ്പയില്‍ ചൂടു ചായ നല്കി. ചായ അകത്തുചെന്നതോടെ സെനെട്ടോമോ ഉന്മേഷവാനായി. പിന്നീടിങ്ങോട്ട് ചായ തന്നെ അദ്ദേഹത്തിന് ഒരു ലഹരിയായി. തന്റെ ഭരണകാലത്ത് ജപ്പാനിലുടനീളം ചായയുടെ പ്രചാരകനായും സെനെട്ടോമോ മാറി. ഇന്നും ജാപ്പനീസ് സമൂഹത്തില്‍ ചായയ്ക്ക് വലിയ പ്രാധാന്യമാണുള്ളത്. 'മാച്ച' എന്ന ചായ വിളമ്പുന്നതിനായി ജപ്പാനില്‍ പ്രത്യേക ചടങ്ങുകള്‍ തന്നെയുണ്ട്.
ചായകുടി ആരംഭിച്ചത് വടക്കന്‍ ചൈനയിലെ സെഷ്വാന്‍, യുനാന്‍ എന്നീ പ്രവിശ്യകളില്‍ നിന്നാണെന്നാണ് പറയപ്പെടുന്നത്. തേയില സ്വാഭാവികമായി വളര്‍ന്നിരുന്ന മേഖലകളായിരുന്നു ഇത്. ഇവിടങ്ങളില്‍ നിന്ന് ബുദ്ധ സന്യാസിമാര്‍ വഴി ചൈനയുടെ തെക്കു ഭാഗങ്ങളിലേക്കും, മറ്റ് ഏഷ്യന്‍ രാജ്യങ്ങളിലേക്കും ചായകുടി വ്യാപിച്ചു. ദീര്‍ഘനേരത്തെ ധ്യാനങ്ങള്‍ക്കിടയില്‍ ഉറങ്ങിപ്പോകാതിരിക്കാനാണ് സന്യാസിമാര്‍ ചായയെ ആശ്രയിച്ചിരുന്നത്.
14-17 നൂറ്റാണ്ടുകളില്‍ ചൈന ഭരിച്ച മിങ് രാജവംശത്തിന്റെ ഭരണകാലത്താണ് തേയിലക്കും ചായയ്ക്കും ഇന്നു കാണുന്ന തരത്തിലുള്ള രൂപമാറ്റം സംഭവിക്കുന്നത്. പാശ്ചാത്യ രാജ്യങ്ങളുമായി ചൈന തേയില കച്ചവടം തുടങ്ങുന്നതും ഈ കാലഘട്ടത്തിലാണ്. പട്ടിനും ചീനപ്പിഞ്ഞാണങ്ങള്ക്കും പുറമെ ചൈനയുടെ പ്രധാന കച്ചവടച്ചരക്കായി തേയില മാറി.
ചൈനയിലെത്തിയ ഡച്ച് നാവികരാണ് 1610ല്‍ ചായയെ യൂറോപ്പിലേക്കെത്തിക്കുന്നത്. എന്നാല്‍ ഡച്ചുകാര്‍ക്ക് തുടക്കത്തില്‍ ചായ അത്ര ദഹിച്ചില്ല. ചവര്‍പ്പുകലര്‍ന്ന രുചിയും താങ്ങാനാകാത്ത വിലയും തന്നെയായിരുന്നു പ്രധാന കാരണങ്ങള്‍. അക്കാലത്ത് അവിടങ്ങളില്‍ പ്രചാരത്തിലുണ്ടായിരുന്ന കാപ്പിയേക്കാള്‍ പത്തു മടങ്ങു വരെയായിരുന്നു തേയിലയുടെ വില. ചായ ഇംഗ്ലണ്ടില്‍ കാലുകുത്തുന്നത് പിന്നെയും പതിറ്റാണ്ടുകള്‍ക്കു ശേഷമാണ്. കാപ്പിപ്പ്രേമികളായിരുന്ന വെള്ളക്കാര്‍ക്കിടയിലും ചായയ്ക്ക് ആരാധകരെ കണ്ടെത്താനായില്ല. എന്നാല്‍ പോര്‍ച്ചുഗല്‍ രാജകുമാരിയായിരുന്ന ബ്രാന്സയിലെ കാതറിന് 1662ല്‍ ഇംഗ്ലണ്ടിലെ ചാള്‍സ് രണ്ടാമനെ വിവാഹം ചെയ്തതോടെ ചായയുടെ നല്ലകാലം തുടങ്ങി. വലിയ ചായപ്പ്രേമിയായിരുന്ന കാതറിന് ഇംഗ്ലണ്ടില്‍ കാലുകുത്തിയ ഉടനെ ആവശ്യപ്പെട്ടത് ഒരു കപ്പ് ചായയായിരുന്നു. രാജകുമാരിയുടെ ചായപ്പ്രേമം നാട്ടിലാകെ കാട്ടുതീപോലെ പടരുകയും ചായ കുടി ഇംഗ്ലണ്ടില്‍ ഒരു ഫാഷനായി മാറുകയും ചെയ്തു. ഇതോടെ ചായയ്ക്ക് ആവശ്യക്കാരുമേറി. രാജകുടുംബത്തെ അനുകരിക്കുന്നത് ഇന്നത്തെപ്പോലെ അന്നും ഇംഗ്ലണ്ടുകാരുടെ രീതിയായിരുന്നു. ഈ അവസരം മുതലെടുത്ത് ബ്രിട്ടീഷ് ഈസ്റ്റ് ഇന്ത്യാ കമ്പനി ഇംഗ്ലണ്ടിലേക്കുള്ള തേയില ഇറക്കുമതി വര്‍ദ്ധിപ്പിച്ചു.
പോര്‍ച്ചുഗല്‍ രാജകുമാരിയായിരുന്ന ബ്രാന്സയിലെ കാതറിന് 1662ല്‍ ഇംഗ്ലണ്ടിലെ ചാള്‍സ് രണ്ടാമനെ വിവാഹം ചെയ്തതോടെ ചായയുടെ നല്ലകാലം തുടങ്ങി. വലിയ ചായപ്പ്രേമിയായിരുന്ന കാതറിന് ഇംഗ്ലണ്ടില്‍ കാലുകുത്തിയ ഉടനെ ആവശ്യപ്പെട്ടത് ഒരു കപ്പ് ചായയായിരുന്നു. രാജകുമാരിയുടെ ചായപ്പ്രേമം നാട്ടിലാകെ കാട്ടുതീപോലെ പടരുകയും ചായ കുടി ഇംഗ്ലണ്ടില്‍ ഒരു ഫാഷനായി മാറുകയും ചെയ്തു.
1,700കളോടെ വര്‍ഷാവര്‍ഷം ചൈനയില്‍ നിന്നും ഈസ്റ്റ് ഇന്ത്യ കമ്പനി ഇംഗ്ലണ്ടിലേക്ക് ഇറക്കുമതി ചെയ്തിരുന്ന തേയിലയുടെ അളവ് ക്രമാതീതമായി കൂടി വന്നു. തേയില കച്ചവടം ചൈനയെപ്പോലെ തന്നെ ഈസ്റ്റ് ഇന്ത്യ കമ്പനിയെയും ധനികരാക്കി. അക്കാലത്ത് ലോകത്തിലെ ഏറ്റവും സമ്പന്ന രാജ്യമായിരുന്ന ചൈനയ്ക്ക് ബ്രിട്ടീഷ് ഉല്പന്നങ്ങളിലൊന്നും തന്നെ താല്പര്യമുണ്ടായിരുന്നില്ല. ചൈനക്കാര്‍ തേയിലയ്ക്കു പകരമായി കൈപ്പറ്റിയിരുന്നത് വെള്ളി മാത്രമായിരുന്നു. കാലക്രമേണ വെള്ളിക്കു ദൗര്‍ലഭ്യം നേരിട്ടതോടെ ഈസ്റ്റ് ഇന്ത്യാ കമ്പനി ഒരു കുബുദ്ധി പ്രയോഗിച്ചു. തേയിലയ്ക്കു മേല്‍ ചൈനയ്ക്കുണ്ടായിരുന്ന കുത്തക തകര്‍ക്കുകയെന്ന ലക്ഷ്യം കൂടി മുന്നില്‍ കണ്ട് വെള്ളക്കാർ ചൈനയിലേക്കു കറുപ്പ് ഇറക്കുമതി ചെയ്യാന്‍ പദ്ധതിയിട്ടു. അക്കാലത്തെ ഏറ്റവും വീര്യം കൂടിയ മയക്കുമരുന്നായിരുന്നു കറുപ്പ്. ചൈനീസ് ജനതയെ കറുപ്പിന് അടിമകളാക്കാന്‍ കഴിഞ്ഞാല്‍ തേയിലക്കച്ചവടത്തിനായി വെള്ളിയ്ക്കു പകരം കറുപ്പ് ഉപയോഗിക്കാമെന്ന കുരുട്ടുബുദ്ധിയായിരുന്നു വെള്ളക്കാര്‍ക്ക്.
ചൈനയില്‍ കറുപ്പ് സുലഭമാക്കാനുള്ള എളുപ്പവഴി അത് അവിടെത്തന്നെ കൃഷിചെയ്യുക എന്നതായിരുന്നു. എന്നാല്‍ ചൈനയ്ക്കകത്തേക്കു കടന്നു കയറുക അത്ര എളുപ്പമായിരുന്നില്ല. കാന്റോണ്‍ സമ്പ്രദായം എന്നറിയപ്പെട്ട ചൈനയുടെ കച്ചവട രീതിയായിരുന്നു കാരണം. ഇതുപ്രകാരം കാന്റോണ്‍ തുറമുഖം വഴി മാത്രമേ വൈദേശികര്‍ക്കു കച്ചവടം ചെയ്യാന്‍ അനുവാദമുണ്ടായിരുന്നുള്ളൂ. ചൈനയുടെ തൊട്ടടുത്തു കിടക്കുന്ന ഇന്ത്യയിലെ പ്രദേശങ്ങള്‍ പിടിച്ചടക്കി അവിടങ്ങളില്‍ കറുപ്പ് കൃഷി ചെയ്യുക എന്നതായിരുന്നു ഇതിനു ബ്രിട്ടീഷുകാര്‍ കണ്ടെത്തിയ ബദല്‍. 1757ല്‍ നടന്ന പ്ലാസി യുദ്ധത്തില്‍ ഈസ്റ്റ് ഇന്ത്യാ കമ്പനി ബംഗാള്‍ പിടിച്ചടക്കി അവിടെ കറുപ്പ് കൃഷി ചെയ്യാന്‍ ആരംഭിച്ചു. ഇന്ത്യയില്‍ വിളയിച്ചെടുത്ത കറുപ്പുകൊണ്ട് വെള്ളക്കാര്‍ ചൈനീസ് ജനതയെ ലഹരിക്കടിമകളാക്കി മാറ്റി. ചൈനയില്‍ നിയമവിരുദ്ധമായിരുന്നിട്ടുകൂടി പത്തൊമ്പതാം നൂറ്റാണ്ടിന്റെ പകുതിയോടെ ചൈനീസ് ജനസംഖ്യയുടെ മൂന്നിലൊരു ഭാഗത്തെ കറുപ്പിനടിമകളാക്കാന് ബ്രിട്ടീഷ് കമ്പനിക്കു കഴിഞ്ഞു.
സില്‍ക്ക് റോഡ് അടക്കമുള്ള കച്ചവട പാതകളിലൂടെ ചൈനയില്‍ നിന്ന് തേയിലയുടെ പ്രസിദ്ധി മറ്റ് ഏഷ്യന്‍ രാജ്യങ്ങളിലേക്കും പരന്നു. ചെന്നിടങ്ങളിലെല്ലാം ചായക്ക് ഇഷ്ടക്കാരുമുണ്ടായി. തേയില നല്കി പോര്‍ക്കുതിരകളെ വാങ്ങിയിരുന്ന കച്ചവട ബന്ധം ടിബറ്റുമായി ചൈനയ്ക്കുണ്ടായിരുന്നു.
തേയിലക്കച്ചവടത്തിനു പുറമെ ചൈനയിലേക്കുള്ള കറുപ്പിന്റെ ഇറക്കുമതികൂടി ആയതോടെ വെള്ളക്കാരന്റെ നാട്ടിലേക്ക് സമ്പത്തിന്റെ കുത്തൊഴുക്കു തന്നെയുണ്ടായി. ഈ സമ്പത്തുപയോഗപ്പെടുത്തി ബ്രിട്ടന് തങ്ങളുടെ സന്നാഹങ്ങള്‍ കൂടുതല്‍ ശക്തമാക്കി, അധിനിവേശം തുടര്‍ന്നുകൊണ്ടിരുന്നു. ബ്രിട്ടന്റെ ഈ നെറികെട്ട കച്ചവടത്തിന് ഒരറുതി വരുത്താന്‍ ചൈനീസ് ചക്രവര്‍ത്തി തീരുമാനിച്ചു. ഇതുപ്രകാരം ബ്രിട്ടന് കൊണ്ടുവന്ന 1400 ടണ്ണോളം കറുപ്പ് പിടിച്ചെടുത്ത് ചൈന കടലില്‍ തള്ളി. കറുപ്പു യുദ്ധമെന്നു ചരിത്രം രേഖപ്പെടുത്തിയ പോരാട്ടമായിരുന്നു പിന്നീട് ഇരു രാജ്യങ്ങളും തമ്മില്‍ അരങ്ങേറിയത്. 1839 മുതല്‍ 42 വരെ നീണ്ടുനിന്ന യുദ്ധത്തില്‍ ബ്രിട്ടന് ചൈനയെ നാമാവശേഷമാക്കി. യുദ്ധം സമ്മാനിച്ച നാണക്കേടും പാപ്പരത്തവും, കറുപ്പിന് അടിമകളായ ജനങ്ങളും കൂടിയായപ്പോള്‍ ചൈനയിലെ സ്ഥിതിഗതികള്‍ വഷളാകാന്‍ തുടങ്ങി. ആഭ്യന്തര കലാപങ്ങള്‍ പൊട്ടിപ്പുറപ്പെട്ടു. മൂന്നു കോടിയിലധികം ജനങ്ങള്‍ ഈ കലാപങ്ങളില്‍ കൊല്ലപ്പെട്ടുവെന്നാണ് കണക്ക്.
കാര്യങ്ങള്‍ ഇങ്ങനെയൊക്കെ ആയിരുന്നെങ്കിലും തേയില ഉല്പാദനത്തിന്റെ കുത്തക ചൈനയ്ക്കു തന്നെയായിരുന്നു. കാലം കഴിയുന്തോറും ചായയ്ക്ക് ആവശ്യക്കാരും കൂടിക്കൂടി വന്നു. ചൈനയില്‍ നിന്നുള്ള തേയില ഇറക്കുമതി വഴി കണക്കില്ലാത്ത ലാഭമുണ്ടാക്കിയിരുന്നെങ്കിലും, എന്തുകൊണ്ട് തേയില സ്വന്തമായി ഉല്പാദിപ്പിച്ചുകൂടാ എന്ന ആശയം കമ്പനിക്കു തോന്നിത്തുടങ്ങി. പക്ഷെ തേയിലയുടെ കൃഷിയും അതിന്റെ സംസ്കരണ രീതികളും സംബന്ധിച്ച വിവരങ്ങള്‍ പുറത്തു വിടുന്നതില്‍ നിന്ന് ചൈനീസ് ഭരണകൂടം കര്‍ഷകരെ കര്‍ശനമായി വിലക്കിയിരുന്നതിനാല്‍ ഇതു പുറംലോകം അറിഞ്ഞിരുന്നില്ല. ഈ വിവരങ്ങള്‍ ലഭിക്കാന്‍ കമ്പനിക്കു മുന്നിലുണ്ടായിരുന്ന ഒരേയൊരു മാര്‍ഗ്ഗം മോഷണം മാത്രമായിരുന്നു.
ഇന്ന് വെള്ളത്തിനു പുറമെ മനുഷ്യര്‍ ഏറ്റവുമധികം കുടിക്കുന്ന പാനീയമാണ് ചായ. തേയില ഉല്പാദനത്തില് രണ്ടാം സ്ഥാനമാണ് ഇന്ത്യക്ക്. ഉല്പാദിപ്പിക്കുന്ന തേയിലയുടെ 89 ശതമാനവും കുടിച്ചുതീര്ക്കുന്നുണ്ടെങ്കിലും ചായകുടിയുടെ കാര്യത്തില്‍ ഇന്ത്യയ്ക്ക് 28-ാം സ്ഥാനമേയുള്ളൂ. 2020ലെ ആഗോള തേയില ഉപഭോഗം 630 കോടി കിലോഗ്രാമായിരുന്നു. 2025-ഓടെ ഇത് 744 കോടിയാകുമെന്നാണ് കണക്ക്.
എന്തിനും മടിയില്ലാതിരുന്ന ഈസ്റ്റ് ഇന്ത്യാ കമ്പനി, കക്കാന്‍ തന്നെ തീരുമാനിച്ചു. ഇതിനായി സസ്യശാസ്ത്രജ്ഞനായിരുന്ന റോബര്‍ട്ട് ഫോര്‍ച്യൂണ്‍ എന്ന സ്കോട്ട്ലന്റുകാരനെ 1848ല്‍ കമ്പനി ചൈനയിലേക്കു കയറ്റി വിട്ടു. ഫോര്‍ച്ച്യൂണ്‍ ചൈനീസ് വേഷമെല്ലാം ധരിച്ച് കര്‍ഷകരുടെ കൂടെക്കൂടി, തേയിലയെ സംബന്ധിച്ച രഹസ്യങ്ങള്‍ ഒന്നൊന്നായി പഠിച്ചെടുത്തു. പോന്ന പോക്കിന് നല്ലയിനം തേയിലച്ചെടികളും, കൂടെ കുറേ ചൈനീസ് തേയില കര്‍ഷകരെയും ഫോര്‍ച്ച്യൂണ്‍ പൊക്കിക്കൊണ്ടുപോന്നു. തേയിലയുടെ രഹസ്യം പിടികിട്ടിയതോടെ ഇന്ത്യയിലും ലോകത്തിന്റെ വിവിധ ഭാഗങ്ങളിലുള്ള കോളനികളിലും കമ്പനി തേയില കൃഷി ചെയ്യാന്‍ ആരംഭിച്ചു. തേയിലത്തോട്ടങ്ങളില്‍ പണിയെടുക്കാന്‍ ബ്രിട്ടന് ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്ന് അടിമകളെ ഇറക്കുമതി ചെയ്തു. വെള്ളക്കാര്‍ ഇത്തരം തോട്ടങ്ങളില്‍ തുടങ്ങിവെച്ച കൊടിയ ചൂഷണങ്ങള്‍ ഇന്നും നിര്‍ബാധം തുടരുന്നുണ്ട്. സ്വാതന്ത്ര്യാനന്തരം ഇന്ത്യയുടെ പ്രധാന കച്ചവട ചരക്കുകളിലൊന്നായി തേയില മാറി.
ഇന്ന് വെള്ളത്തിനു പുറമെ മനുഷ്യര്‍ ഏറ്റവുമധികം കുടിക്കുന്ന പാനീയമാണ് ചായ. തേയില ഉല്പാദനത്തില് രണ്ടാം സ്ഥാനമാണ് ഇന്ത്യക്ക്. ഉല്പാദിപ്പിക്കുന്ന തേയിലയുടെ 89 ശതമാനവും കുടിച്ചുതീര്ക്കുന്നുണ്ടെങ്കിലും ചായകുടിയുടെ കാര്യത്തില്‍ ഇന്ത്യയ്ക്ക് 28-ാം സ്ഥാനമേയുള്ളൂ. 2020ലെ ആഗോള തേയില ഉപഭോഗം 630 കോടി കിലോഗ്രാമായിരുന്നു. 2025-ഓടെ ഇത് 744 കോടിയാകുമെന്നാണ് കണക്ക്. അപ്പോള്‍ അടുത്ത തവണ ചായയോടൊപ്പം ചായക്കോപ്പയില്‍ ഒളിച്ചിരിക്കുന്ന ഈ ചരിത്രം കൂടി നുണയാം.