Jan 3 • 9M

ഉരുണ്ട ലോകത്തിന്റെ ഉരുളക്കിഴങ്ങ് ചരിത്രം

9
18
 
1.0×
0:00
-8:46
Open in playerListen on);
History For Everyone
Episode details
18 comments

ഫ്രഞ്ച് ഫ്രൈസ് കഴിച്ചിട്ടുണ്ടോ? കവറിൽ നിറയെ എയറുമായി വരുന്ന ലെയ്സ് എന്തായാലും കഴിച്ചിട്ടുണ്ടാകും. ഇനി ഇതൊന്നുമല്ലെങ്കിൽ ചൂടു മസാലദോശയുടെ രുചി നുണയാത്തവരായി ആരും ഉണ്ടാകാനിടയില്ല. ഇതെല്ലാം കഴിക്കുമ്പോൾ നിങ്ങൾ അകത്താക്കുന്നത് ലോക ചരിത്രത്തെ തന്നെ സ്വാധീനിച്ച ഒരു വസ്തുവിനെയാണ്. അതെ ഉരുളക്കിഴങ്ങ്. വ്യവസായ വിപ്ലവത്തിലും, ലോക മഹായുദ്ധങ്ങളിലും, യൂറോപ്പ് എന്ന ഭൂഖണ്ഡത്തിന്റെ തന്നെ വളർച്ചയിലുമൊക്കെ ഉരുളക്കിഴങ്ങ് ഒരു സുപ്രധാന ഘടകമായിരുന്നു എന്നു പറഞ്ഞാൽ, വിശ്വസിക്കാൻ ഒരൽപ്പം പ്രയാസമായിരിക്കും അല്ലെ? എന്നാൽ സംഗതി വാസ്തവമാണ്. ലോകത്തിന്റെ ചരിത്രം ഉരുളക്കിഴങ്ങിന്റേതു കൂടിയാണ്.

ചരിത്രം ആരംഭിക്കുന്നത് കുറച്ചു കാലം മുൻപാണ്. കൃത്യമായി പറഞ്ഞാൽ 8000 വർഷങ്ങൾക്കു മുൻപ്, കിഴക്കൻ അമേരിക്കയിലെ പെറുവിൽ. ആൻഡെസ് താഴ്വരയിലെ പുരാതനമായ ഇൻക സാമ്രാജ്യമാണ് ഉരുളക്കിഴങ്ങിന്റെ ജന്മദേശം. നൂറോളം വ്യത്യസ്തങ്ങളായ ഉരുളക്കിഴങ്ങുകൾ അന്നേ ഇൻകക്കാർ കൃഷി ചെയ്യുന്നുണ്ടായിരുന്നു. പ്രോട്ടീൻ, കാർബോഹൈഡ്രേറ്റ്, മിനറലുകൾ, വൈറ്റമിൻ, ശരീരത്തിനാവശ്യമായ കൊഴുപ്പുകൾ എന്നിവയെല്ലാമടങ്ങുന്ന ഉരുളക്കിഴങ്ങുകൾ ഇൻകക്കാരുടെ മുഖ്യ ഭക്ഷണമായിരുന്നു. ഖനികളിലും കൃഷിയിടങ്ങളിലും ജോലി ചെയ്തിരുന്ന തൊഴിലാളികൾക്ക് ഉത്തമ ആഹാരമായിരുന്നു അവ.

ആൻഡെസിൽ നിന്ന് ഉരുളക്കിഴങ്ങിനെ യൂറോപ്പിലെത്തിക്കുന്നത് സ്പാനിഷ് നാവികരാണ്. കടൽ കടന്നെത്തിയ വരത്തൻ കിഴങ്ങിനെ യൂറോപ്പുക്കാർക്ക് ആദ്യം തീരെ ബോധിച്ചില്ല. കാഴ്ചയിലെ സൗന്ദര്യക്കുറവും ബെല്ലഡോന എന്ന വിഷച്ചെടിയോടുള്ള സാദൃശ്യവുമായിരുന്നു പ്രധാന കാരണം. ധാന്യങ്ങളും ബ്രഡ്ഡും മുഖ്യ ആഹാരമാക്കിയ യൂറോപ്പുകാർക്ക് ഉരുളക്കിഴങ്ങിനെ കണ്ടപ്പോൾ അറപ്പു തോന്നിയിരിക്കാമെന്നത് സ്വാഭാവികം. 'ഡേർട്ടി വെജിറ്റബിൾ' എന്നും 'ചെകുത്താന്റെ ആപ്പിൾ' എന്നുമൊക്കെയായിരുന്നു ഉരുളക്കിഴങ്ങിന് അവർ നൽകിയ പേരുകൾ. അതുകൊണ്ട് രുചിച്ചു നോക്കാനുള്ള ശ്രമം ഉപേക്ഷിച്ച് അവർ ഉരുളക്കിഴങ്ങിനെ ഒരലങ്കാരച്ചെടിയാക്കി ചട്ടികളിൽ ഒതുക്കി. യൂറോപ്പ്യരുടെ തീന്മേശയിലേക്കു കടന്നുചെല്ലാൻ ഉരുളക്കിഴങ്ങിന് പിന്നെയും ഒരു 200 വർഷം കൂടി കാത്തിരിക്കേണ്ടി വന്നു.

1740കളിൽ പ്രഷ്യൻ സാമ്രാജ്യം ഭരിച്ചിരുന്ന ഫ്രഡ്രിക്ക് ദി ഗ്രേറ്റാണ് ഉരുളക്കിഴങ്ങു കൃഷിക്ക് വലിയ പ്രചാരമുണ്ടാക്കിയത്.

1740കളിൽ പ്രഷ്യൻ സാമ്രാജ്യം ഭരിച്ചിരുന്ന ഫ്രഡ്രിക്ക് ദി ഗ്രേറ്റാണ് ഉരുളക്കിഴങ്ങു കൃഷിക്ക് വലിയ പ്രചാരമുണ്ടാക്കിയത്. ഉരുളക്കിഴങ്ങിന്റെ വലിയ ആരാധകനായിരുന്ന ഫ്രഡ്രിക്ക്, തന്റെ ഭരണകാലത്ത് നിർബന്ധിത ഉരുളക്കിഴങ്ങു കൃഷി നടപ്പാക്കി. 'ഉരുളക്കിഴങ്ങ് രാജാവ്' എന്നാണ് ഫ്രഡ്രിക്ക് അറിയപ്പെട്ടിരുന്നതു തന്നെ. യുദ്ധങ്ങളിലും മറ്റും ഏർപ്പെട്ട് ദീർഘകാലം നാടുവിട്ടു നിൽക്കേണ്ടി വരുന്ന സൈനികർക്ക് ഫ്രഡ്രിക്ക് നൽകിയിരുന്ന ഭക്ഷണം ഉരുളക്കിഴങ്ങായിരുന്നു.

യൂറോപ്പിലെ തൊഴിലാളി വർഗ്ഗമാണ് ഉരുളക്കിഴങ്ങിനെ ആദ്യമായി സ്വീകരിച്ചത്. എളുപ്പത്തിൽ ലഭിക്കുമെന്നതും വില കുറവാണെന്നതും പരിഗണിച്ച്, അവസാനത്തെ ആശ്രയം എന്ന നിലയിലായിരുന്നു ഉരുളക്കിഴങ്ങിനെ ഒന്നു പരീക്ഷിച്ചു നോക്കാൻ അവർ തീരുമാനിച്ചതു തന്നെ. പുറംമോടികൾ ഒരുപാടുണ്ടായിരുന്നെങ്കിലും യൂറോപ്പ് അക്ഷരാർത്ഥത്തിൽ വിശക്കുന്ന ഭൂഖണ്ഡമായിരുന്നു. ആക്കാലത്തെ സമ്പന്ന രാജ്യങ്ങളിൽ ഒന്നായ ഫ്രാൻസിൽ, 1371നും 1791നും ഇടയ്ക്ക് ലക്ഷക്കണക്കിനാളുകളുടെ ജീവനെടുത്ത 111ഓളം ഭക്ഷ്യ ക്ഷാമങ്ങളാണ് ഉണ്ടായത്. ഇംഗ്ലണ്ടിന്റെയും ജർമനിയുടെയും സ്പെയിനിന്റെയുമെല്ലാം കാര്യങ്ങൾ ഇതിൽ നിന്നും ഒട്ടും വ്യത്യസ്തമായിരുന്നില്ല.

തുടർച്ചയായി തങ്ങളെ അലട്ടിയ ഭക്ഷ്യ ക്ഷാമങ്ങളെ അതിജീവിക്കുന്നതിൽ ഉരുക്കിഴങ്ങ് യൂറോപ്പുകാരുടെ രക്ഷകനായി. ധാന്യങ്ങൾക്കു പുറമെ ഉരുളക്കിഴങ്ങിനെ തങ്ങളുടെ പ്രധാന ആഹാരമായി അവർ സ്വീകരിച്ചു. 1750കളിൽ യൂറോപ്പിലെ തൊഴിലാളി വർഗ്ഗം ഏതാണ്ടു പൂർണ്ണമായും ഉരുളക്കിഴങ്ങു മാത്രമാണ് കഴിച്ചിരുന്നത് എന്നു പറയാം. ഭക്ഷ്യക്ഷാമങ്ങളിൽ ജീവൻ നഷ്ടപ്പെട്ടിരുന്ന കർഷകരും തൊഴിലാളികളും പട്ടാളക്കാരുമെല്ലാം ഉരുളക്കിഴങ്ങിനെ ആശ്രയിച്ചതോടെ യൂറോപ്പിൽ ഇവരുടെ ജനസംഖ്യയും ക്രമാനുസൃതമായി വർധിച്ചു വന്നു. 1750ൽ പതിനാലു കോടിയായിരുന്ന യൂറോപ്പ്യൻ ജനസംഖ്യ, 150 വർഷങ്ങൾ കൊണ്ട് നാൽപ്പതു കോടിയായി. തൊഴിലാളികളുടെ ജനസംഖ്യയും ആരോഗ്യവും വർധിച്ചു വന്നതോടെ സാമ്രാജ്യങ്ങളും വളരാൻ തുടങ്ങി. 18-ാം നൂറ്റാണ്ടിന്റെ രണ്ടാം പകുതിയോടെ ആരംഭിച്ച വ്യവസായ വിപ്ലവത്തിലേക്കാണ് ഇതു നയിച്ചത്. ബ്രിട്ടനും ജർമനിയും ഡച്ചുകാരും ലോകത്തെ നിയന്ത്രിക്കുന്ന ശക്തികളായി വളർന്നു വന്നതിൽ ഉരുളക്കിഴങ്ങിനുള്ള പങ്ക് ചെറുതൊന്നുമല്ല.

ബ്രിട്ടനും ജർമനിയും ഡച്ചുകാരും ലോകത്തെ നിയന്ത്രിക്കുന്ന ശക്തികളായി വളർന്നു വന്നതിൽ ഉരുളക്കിഴങ്ങിനുള്ള പങ്ക് ചെറുതൊന്നുമല്ല.

ഉരുളക്കിഴങ്ങിനെ ഇരു കയ്യും നീട്ടി സ്വീകരിച്ച രാജ്യമായിരുന്നു അയർലന്റ്. ധാന്യവിളകളുടെ കൃഷി പൂർണ്ണമായും അവസാനിപ്പിച്ച്, ഉരുളക്കിഴങ്ങു മാത്രം കൃഷി ചെയ്യാൻ പോലും അവർ മടിച്ചില്ല. പക്ഷെ അതിന്റെ പര്യവസാനം ദുരന്തമായിരുന്നു. 1845 മുതൽ 52 വരെ അയർലന്റിലുണ്ടായ ഉരുളക്കിഴങ്ങു ക്ഷാമം, ലോകം ഇന്നോളം കണ്ടതിൽ വെച്ച് ഏറ്റവും മാരകമായ ഭക്ഷ്യ ക്ഷാമങ്ങളിൽ ഒന്നാണ്. പത്തു ലക്ഷത്തോളം ആളുകൾ അന്നു മരിക്കുകയും, 20 ലക്ഷത്തിലേറെ പേർ മറ്റിടങ്ങളിലേക്കു പലായനം ചെയ്യുകയും ചെയ്തു. എന്നാൽ അധികം വൈകാതെ കാര്യങ്ങൾ പഴയതുപോലെയാവുകയും ഉരുളക്കിഴങ്ങു കൃഷി വീണ്ടും നൂറുമേനി വിളവു നൽകുകയുമുണ്ടായി. അയർലന്റിൽ നിന്നെത്തിയ തൊഴിലാളികൾ വ്യവസായ വിപ്ലവത്തിന് ആക്കം കൂട്ടി. ഫാക്ടറികളിൽ പതിനാറും പതിനെട്ടും മണിക്കൂറുകൾ കഠിനാധ്വാനം ചെയ്ത് അവശരാകുന്ന തൊഴിലാളികൾക്ക് ഉരുളക്കിഴങ്ങ് ഒരു സമീകൃതാഹാരമായിരുന്നു. അയർലന്റിലെ തൊഴിലാളി വർഗ്ഗങ്ങൾക്കിടയിൽ ഉരുളക്കിഴങ്ങിനുണ്ടായിരുന്ന സ്വാധീനം മനസ്സിലാക്കിത്തരുന്നതാണ്, പ്രശസ്ത ഡച്ച് ചിത്രകാരൻ വിൻസന്റ് വാൻഗോഗ് വരച്ച 'ഉരുളക്കിഴങ്ങ് തിന്നുന്നവർ' എന്ന ചിത്രം. ചെലവു കുറവാണെന്നതും, പോഷകഗുണങ്ങൾ ഏറെയുണ്ടെന്നതുമാണ് ഉരുളക്കിഴങ്ങിനെ തൊഴിലാളികളുടെ ഇഷ്ട ഭക്ഷണമാക്കി മാറ്റിയത്. ഒന്നും രണ്ടും ലോകമഹായുദ്ധങ്ങളുടെ ചരിത്രവും ഉരുളക്കിഴങ്ങിനോടു ചേർത്തല്ലാതെ വായിച്ചെടുക്കാനാകില്ല. ആഴ്ചകളോ മാസങ്ങളോ യുദ്ധമുഖത്തു കഴിയേണ്ടിവന്നിരുന്ന പട്ടാളക്കാരുടെ ജീവൻ നിലനിർത്താൻ സഹായിച്ചത്, അവരുടെ ഭക്ഷണപ്പൊതികളിലെ ഉരുളക്കിഴങ്ങായിരുന്നു.

ഇന്ന് വർഗ്ഗ-വർണ്ണ വ്യത്യാസങ്ങളില്ലാതെ, ലോകത്തെമ്പാടുമുള്ള ജനവിഭാഗങ്ങളുടെ തീൻ മേശയിൽ ഉരുളക്കിഴങ്ങ് ഇടം നേടിയിട്ടുണ്ട്. പാവപ്പെട്ട തൊഴിലാളികൾ മാത്രം കഴിച്ചിരുന്ന ഉരുളക്കിഴങ്ങ്, ഇന്ന് ആഗോള ഭീമന്മാരായ കെ.എഫ്.സിയുടെയും മാക് ഡൊണാൾഡ്‌സിന്റെയുമെല്ലാം ആഡംബര മെനുവിലെ ഒഴിച്ചുകൂടാനാകാത്ത വിഭവമാണ്. ഏതു മണ്ണിനും ഏതു കാലവസ്ഥക്കും ഇണങ്ങുന്ന ഒരു ഉരുളക്കിഴുങ്ങു വർഗ്ഗം ഉണ്ടാകുമെന്നതാണ്, ഈ സാധു പച്ചക്കറിയെ ലോകരുടെ പ്രിയപ്പെട്ട ഭക്ഷണമാക്കിയിരിക്കുന്നത്. യൂറോപ്പെന്നാൽ ഉരുളക്കിഴങ്ങ് എന്നു വേണമെങ്കിൽ തിരുത്തി വായിക്കാം. യൂറോപ്പിനെ ഇന്നു കാണുന്ന യൂറോപ്പാക്കിയെടുത്തത്തിൽ, നേരിട്ടും അല്ലാതെയുമെല്ലാം ഉരുളക്കിഴങ്ങ് ഒരു സ്വാധീനശക്തിയാണ്.

ഉരുളക്കിഴങ്ങില്ലാത്തൊരു ലോകത്തെക്കുറിച്ച് ചിന്തിക്കാൻ പോലുമാകില്ലെന്നാണ് ചരിത്രകാരന്മാരുടെ പക്ഷം.

ഒരുപക്ഷെ ഉരുളക്കിഴങ്ങില്ലായിരുന്നുവെങ്കിൽ ലോക ചരിത്രം തന്നെ മാറിപ്പോയേനെ എന്നും, ഇന്നു നമ്മൾ കാണുന്ന ലോകം ഇങ്ങനെയാകുമായിരുന്നില്ല എന്നും പറഞ്ഞാൽ അതിൽ ഒട്ടും അതിശയോക്തിയില്ല. വ്യവസായ വിപ്ലവവും യൂറോപ്പ്യൻ സാമ്രാജ്യങ്ങളും ലോകയുദ്ധങ്ങളുമെല്ലാം ഉണ്ടാകുമായിരുന്നോ എന്നുതന്നെ സംശയമാണ്. ഉരുളക്കിഴങ്ങില്ലാത്തൊരു ലോകത്തെക്കുറിച്ച് ചിന്തിക്കാൻ പോലുമാകില്ലെന്നാണ് ചരിത്രകാരന്മാരുടെ പക്ഷം.

നമ്മുടെ തീന്മേശകളിലും സ്നാക്സ് കവറുകളിലുമെല്ലാം ദിവസേനയെന്നോണം കടന്നെത്തുന്ന ഉരുളക്കിഴങ്ങിന് ഇത്രയും പഴക്കമുള്ളൊരു ചരിത്രമുണ്ടെന്നത് അധികമാർക്കും അറിയാത്ത വസ്തുതയാണ്. നമ്മൾ ഇന്ത്യക്കാരുടെ സ്വന്തം പച്ചക്കറിയായി വിശ്വസിച്ചു പോരുന്ന ഉരുളക്കിഴങ്ങിന് ലോകചരിത്രത്തിൽ തന്നെ വലിയ ഒരു സ്ഥാനമുണ്ട്. ചരിത്ര പുരുഷന്മാരുടെയും വനിതകളുടെയും സംഭവങ്ങളുടെയുമെല്ലാം ഒപ്പം, പെറൂവിയൻ മലയിറങ്ങി വന്ന പാവപ്പെട്ട ഉരുളക്കിഴങ്ങിനെയും നമ്മൾ സ്മരിക്കണം. അടുത്ത തവണ സാമ്പാറിലും അവിയലിലും മസാല ദോശയിലുമെല്ലാം ഉരുളക്കിഴങ്ങിനെ കാണുമ്പോൾ അല്പം ബഹുമാനമൊക്കെയാകാം; കക്ഷി ഒരു ചരിത്ര സംഭവമാണു കേട്ടോ.

A guest post by
Content writer - Historica
Subscribe to Basil