Feb 1 • 14M

ഡ്രാക്കുള ഒരു കെട്ടുകഥയല്ല! യഥാർത്ഥ ഡ്രാക്കുളയുടെ ചരിത്രം

6
2
 
1.0×
0:00
-14:16
Open in playerListen on);
History For Everyone
Episode details
2 comments

'വല്ലാത്തൊരു കഴുകൻ മുഖമാണ്. വളഞ്ഞുയർന്ന നേർത്ത മൂക്ക്. ഉയർന്ന നെറ്റി. നെറ്റിക്കുചുറ്റും കുറവാണെങ്കിലും, മറ്റുഭാഗങ്ങളിൽ തഴച്ചുവളർന്ന മുടി. തടിച്ച പുരികങ്ങൾ മൂക്കിനുമുകളിൽ കൂട്ടിമുട്ടുന്നതുപോലുണ്ട്. ക്രൂരഭാവം തെളിയുന്ന ഉറച്ച വായ. തുടുത്ത ചുണ്ടിനുമുകളിലേക്ക് തള്ളി നിൽക്കുന്ന വെളുത്തു കൂർത്ത പല്ലുകൾ. ആളെ ആകെക്കൂടി കണ്ടാൽ ഒരു വിളർച്ച തോന്നിക്കും. പരന്ന പരുക്കൻ കൈകളാണ്. കുറുകിയ വിരലുകളും. വിചിത്രം, കൈപ്പത്തിയുടെ നടുവിലുമുണ്ട് രോമങ്ങൾ. ഭംഗിയുള്ള നീണ്ട നഖങ്ങൾ വെട്ടിക്കൂർപ്പിച്ചു വെച്ചിരിക്കുന്നു. മഞ്ഞുപോലെ തണുത്ത കൈകൾ. മരിച്ചുകഴിഞ്ഞ ഒരാൾവന്ന് കൈപിടിച്ചതുപോലെ ജോനാഥന് അനുഭവപ്പെട്ടു. ഉപചാരപൂർവ്വം തലകുനിച്ചുകൊണ്ട് ആധിതേയൻ പറഞ്ഞു. ഞാനാണ് ഡ്രാക്കുള പ്രഭു.' (ഡ്രാക്കുള - ബ്രാം സ്‌റ്റോക്കർ)


ബ്രാം സ്റ്റോക്കറുടെ തൂലികയിൽ പിറന്ന്, തലമുറകളുടെ പേടിസ്വപ്‌നമായി മാറിയ, ഇരുട്ടിന്റെ രാജകുമാൻ; ഡ്രാക്കുള. ഒരു നോവലിസ്റ്റിന്റെ ഭാവനയിലുദിച്ച കഥയിലെ കഥാപാത്രമാണെങ്കിലും ഡ്രാക്കുള എന്ന പേരു തന്നെ ഒരാളെ പേടിപ്പിക്കാൻ ധാരാളമാണ്. ലോക്കൽ പ്രേതഭൂതാധികൾ ഒത്തിരിപ്പേർ പ്രചാരത്തിലുണ്ടെങ്കിലും, അന്നും ഇന്നും അക്കൂട്ടത്തിലെ ഗ്ലാമർ താരവും ഒരേയൊരു രാജാവുമെല്ലാം ഡ്രാക്കുള തന്നെയാണ്. നമ്മളറിയുന്ന ഡ്രാക്കുള ഇതാണ്. എന്നാൽ ഈ കഥാപാത്രത്തെ മെനഞ്ഞെടുക്കുന്നതിൽ സ്റ്റോക്കറെ സ്വാധീനിച്ച ഒരു യഥാർത്ഥ ഡ്രാക്കുളയുണ്ട്. പേടിക്കേണ്ട, കക്ഷി രക്തരക്ഷസ്സൊന്നും ആയിരുന്നില്ല. അതിലും ഭയാനകമായി മനുഷ്യരെ കൊന്നുതള്ളുകയും അക്ഷരാർത്ഥത്തിൽ മനുഷ്യരക്തം കുടിക്കുകയും ചെയ്തിരുന്ന ഒരു ഭരണാധികാരി. വ്‌ലാഡ് മൂന്നാമനെന്നും ‘വ്‌ലാഡ് ദി ഇംപേയ്ലർ’ എന്നും അറിയപ്പെട്ട ഡ്രാക്കുള.

1897ലാണ് 'ഡ്രാക്കുള' നോവൽ പ്രസിദ്ധീകരിക്കപ്പെടുന്നത്. വിഖ്യാതമായ പല കൃതികളെയും പോലെത്തന്നെ, ഇറങ്ങിയ സമയത്ത് നോവൽ വേണ്ടത്ര ശ്രദ്ധിക്കപ്പെട്ടില്ല. സ്റ്റോക്കറുടെ മികച്ച കൃതികളുടെ പട്ടികയിൽ പോലും അതിന് ഇടം നേടാനായില്ല. അദ്ദേഹത്തിന്റെ മരണശേഷം, 1922ൽ ജെർമനിയിലെ ഒരു സിനിമാ നിർമ്മാണ കമ്പനിയുടെ ബാനറിൽ എഫ്.ഡബ്ല്യൂ. മൂർനൗ, നോവലിനെ 'നോസ്‌ഫെറാറ്റു' എന്ന പേരിൽ ഒരു നിശബ്ദ ചലച്ചിത്രമാക്കി. പക്ഷെ സിനിമയിൽ ഡ്രാക്കുള പ്രഭുവിന്റെ പേര് ഒർലാക് പ്രഭു എന്നു മാറ്റിയിരുന്നു. ഡ്രാക്കുള മാത്രമല്ല മറ്റു കഥാപാത്രങ്ങളും വ്യത്യസ്ഥ പേരുകളിലാണ് സിനിമയിൽ പ്രത്യക്ഷപ്പെട്ടത്. എഴുത്തുകാരനു നൽകേണ്ട റോയൽറ്റി നൽകാതെ ഡ്രാക്കുളയ്ക്ക് ചലച്ചിത്രഭാഷ്യം ഒരുക്കിയ മൂർനൗ, നിയമപരമായ നൂലാമാലകൾ ഒഴിവാക്കാനായി കണ്ടെത്തിയ ഒരു കുറുക്കുവഴിയായിരുന്നു ഇത്. എന്നാൽ സ്റ്റോക്കറുടെ ഭാര്യ ഇതിനെതിരെ കേസ് ഫയൽ ചെയ്യുകയും പിന്നീട് നോവലിന്റെ റോയൽറ്റി അവകാശം സ്വന്തമാക്കുകയും ചെയ്തു. ഈ സംഭവം ഡ്രാക്കുളയ്ക്ക് ജനശ്രദ്ധ ലഭിക്കാൻ കാരണമായി.

ബ്രാം സ്റ്റോക്കർ

ഡ്രാക്കുളയെ ലോകമറിയാൻ തുടങ്ങുന്നത്, ഐറിഷ് നാടകകൃത്തും നടനുമായ ഹാമിൽട്ടൺ ഡീൻ ഒരുക്കിയ നാടകത്തിലൂടെയാണ്. ഡ്രാക്കുള പ്രഭുവായി ഹംഗേറിയൻ അഭിനേതാവ് ബേല ലുഗോസി തട്ടിൽ നിറഞ്ഞാടിയപ്പോൾ, സ്‌റ്റോക്കറുടെ അതുല്യ സൃഷ്ടിക്കും ജീവൻ കൈവരികയായിരുന്നു. 1931ൽ യൂണിവേഴ്‌സൽ പിക്‌ചേഴ്‌സിന്റെ നിർമ്മാണത്തിൽ പുറത്തുവന്ന 'ഡ്രാക്കുള' സിനിമയിലും ലുഗോസി തന്നെയായിരുന്നു ഡ്രാക്കുള. ഇന്ന് നമ്മൾ പലരുടെയും മനസ്സിലുള്ള ഡ്രാക്കുളയുടെ രൂപം ഒരുപക്ഷെ ലുഗോസിയുടേതാകും. പിന്നീടിങ്ങോട്ട് ചിത്രകഥകളായും നാടകങ്ങളായും സിനിമകളായുമൊക്കെ ഡ്രാക്കുളയുടെ വിവിധ ആവിഷ്‌കാരങ്ങൾ വന്നു.

സ്റ്റോക്കറെ പ്രേതകഥകളുടെ മായികലോകത്തേക്ക് കൂട്ടിക്കൊണ്ടുവരുന്നത് അമ്മ മെറ്റിൽഡ ബ്ലേക്ക് തോർൺലിയാണ്. ഏഴാം വയസ്സുവരെ കുഞ്ഞു ബ്രാം അസുഖബാധിതനായി കിടപ്പിലായിരുന്നു. മുഴുവൻ സമയവും കട്ടിലിൽതന്നെ ചിലവഴിക്കേണ്ടി വന്ന ബ്രാമിന് അമ്മ രസകരങ്ങളായ പ്രേതകഥകൾ പറഞ്ഞുകൊടുക്കുമായിരുന്നു. 1832ലെ കോളറക്കാലത്തെ ഓർമ്മകളായിരുന്നു കഥകളാക്കി മെറ്റിൽഡ മകനു പറഞ്ഞുകൊടുത്തിരുന്നത്. നാടോടി പ്രേതകഥകൾക്ക് അക്കാലത്തുണ്ടായിരുന്ന വലിയ പ്രചാരത്തിനു പുറമെ സാഹിത്യത്തിലേക്കും പ്രേതങ്ങൾ കടന്നുകയറിയ ഗോത്തിക് കാലഘട്ടത്തിലാണ് ബ്രാം സ്റ്റോക്കർ എഴുത്തിൽ സജീവമാകുന്നത്. പ്രണയ കഥകളിലും ഫാന്റസികളിലുമൊക്കെയാണ് അദ്ദേഹം ആദ്യം കൈവെച്ചതെങ്കിലും, കുട്ടിക്കാലത്ത് തന്നെ സ്വാധീനിച്ച പ്രേതകഥകളോടുള്ള പ്രിയമാണ് സ്റ്റോക്കറെ ഡ്രാക്കുളയിലേക്കെത്തിക്കുന്നത്. ആ കഥാപാത്ര നിർമ്മിതിക്ക് അദ്ദേഹത്തിന് പ്രേരണയാകുന്നതാകട്ടെ പതിനഞ്ചാം നൂറ്റാണ്ടിൽ ജീവിച്ചിരുന്ന വ്‌ലാഡ് മൂന്നാമനെന്ന ഭീകരനായൊരു ഭരണാധികാരിയും.


1897ലാണ് 'ഡ്രാക്കുള' നോവൽ പ്രസിദ്ധീകരിക്കപ്പെടുന്നത്. വിഖ്യാതമായ പല കൃതികളെയും പോലെത്തന്നെ, ഇറങ്ങിയ സമയത്ത് നോവൽ വേണ്ടത്ര ശ്രദ്ധിക്കപ്പെട്ടില്ല. സ്റ്റോക്കറുടെ മികച്ച കൃതികളുടെ പട്ടികയിൽ പോലും അതിന് ഇടം നേടാനായില്ല.


ആരായിരുന്നു ഈ യഥാർത്ഥ ഡ്രാക്കുള? വടക്കൻ റൊമേനിയൻ നഗരമായ വലാക്കിയയിൽ 1431ലാണ്, 'വ്‌ലാഡ് ദി ഇംപേയ്ലർ' എന്ന പേരിൽ പിന്നീട് കുപ്രസിദ്ധനായ വ്‌ലാഡ് മൂന്നാമൻ ജനിക്കുന്നത്. 'ഡ്രാക്കുൾ' എന്നറിയപ്പെട്ടിരുന്ന വ്‌ലാഡ് രണ്ടാമന്റെ മകൻ എന്ന അർത്ഥത്തിലാണ് 'ഡ്രാക്കുള' എന്ന പേര് വ്‌ലാഡ് മൂന്നാമന് ലഭിക്കുന്നത്. 'ചെകുത്താന്റെ പുത്രൻ' എന്നാണ് ഈ വാക്കിന്റെ അർത്ഥം. വലാക്കിയയുടെ വൊയ്‌വോഡ് അഥവാ മിലിറ്ററി ഗവർണറായിരുന്ന വ്‌ലാഡ് രണ്ടാമൻ രാജസിംഹാസനത്തിലേറുന്നത് 1436ലാണ്. ഓട്ടോമൻ സാമ്രാജ്യത്തിന്റെ അധിനിവേശത്തിൽ നിന്നും വലാക്കിയയെയും ക്രിസ്തുമത വിശ്വാസത്തെയും സംരക്ഷിക്കുക എന്നതായിരുന്നു വലാക്കിയൻ രാജാക്കന്മാർ തങ്ങളുടെ സുപ്രധാന ഭരണലക്ഷ്യമായി കണ്ടിരുന്നത്. കൊല്ലും കൊലയും അധികാരത്തിനായുള്ള വടംവലികളുമെല്ലാം കണ്ടുവളർന്ന കുഞ്ഞു വ്‌ലാഡിന്റെ മനസ്സും ഇതിനെല്ലാമൊത്ത് പാകപ്പെട്ടു വന്നു. ഭാവിയിൽ തനിക്കും തന്റെ അച്ഛനെപ്പോലെയാകണം എന്ന ചിന്തയായിരുന്നു അവന്റെയുള്ളിൽ.

എന്നാൽ ഹംഗേറിയൻ സൈന്യത്തിന്റെ സഹായത്തോടെ വ്‌ലാഡ് രണ്ടാമന്റെ എതിരാളികൾ അദ്ദേഹത്തെ സ്ഥാമനഭൃഷ്ടനാക്കി. അധികാരം തിരിച്ചുപിടിക്കാനായി അദ്ദേഹം കണ്ടെത്തിയ മാർഗ്ഗം ആരും സ്വപ്‌നത്തിൽ പോലും ചിന്തിക്കാത്തതായിരുന്നു. വലാക്കിയയുടെ ചിരകാല വൈരിയായിരുന്ന ഓട്ടോമൻ സാമ്രാജ്യവുമായി വ്‌ലാഡ് ധാരണയുണ്ടാക്കി. പക്ഷെ ഇതിനു പകരമായി തുർക്കി സുൽത്താൻ ആവശ്യപ്പെട്ടത് അദ്ദേഹത്തിന്റെ രണ്ട് ആൺമക്കളെയായിരുന്നു. ഡ്രാക്കുളയെയും റഡുവിനെയും. ഏതു വിധേനയും അധികാരത്തിൽ തിരികെയെത്താൻ ലക്ഷ്യമിട്ടിരുന്ന വ്‌ലാഡ്, മറ്റു മാർഗ്ഗങ്ങളൊന്നും ഇല്ലാതിരുന്നതിനാൽ അതിനു തയ്യാറാവുകയും ചെയ്തു. തുർക്കി സുൽത്താന്റെ ബന്ദികളായി മാറിയ വ്‌ലാഡിന്റെ മക്കൾ അവിടെ അവരുടെ വിദ്യാഭ്യാസം തുടർന്നു. ഭാവി വലാക്കിയൻ ഭരണാധികാരികളെ ഓട്ടോമൻ സാമ്രാജ്യത്തോട് കൂറുള്ളവരായി വളർത്തിയെടുക്കുക എന്ന ലക്ഷ്യത്തോടെ ഖുറാൻ അടക്കമുള്ളവ സുൽത്താൻ അവരുടെ പാഠങ്ങളിൽ ഉൾപ്പെടുത്തി.

വ്‌ലാഡ് ദി ഇംപേയ്ലർ

ഇളയവൻ റഡു തന്റെ പുതിയ സാഹചര്യങ്ങളുമായി വേഗം പൊരുത്തപ്പെടുകയും സുൽത്താന്റെ മകൻ മെഹമ്മദ് രണ്ടാമനുമായി ചങ്ങാത്തത്തിൽ വളരുകയും ചെയ്തു. തന്റെ അസാധാരണമായ സൗന്ദര്യംകൊണ്ട് അന്നാട്ടിലെ സ്ത്രീകളുടെയും പുരുഷന്മാരുടെയും ആരാധനാപാത്രമായി മാറിയ റഡു അറിയപ്പെട്ടിരുന്നതു തന്നെ 'റഡു ദി ഹാൻഡ്‌സം' എന്നായിരുന്നു. റഡു പിന്നീട് ഇസ്ലാം മതം സ്വീകരിച്ച് ഓട്ടോമൻ സാമ്രാജ്യത്തിന്റെ ഭാഗമാകുന്നുണ്ട്. എന്നാൽ ഡ്രാക്കുളയുടെ കാര്യം ഇതിനു നേരെ വിപരീതമായിരുന്നു. ഓട്ടോമൻ സാമ്രാജ്യവുമായോ തുർക്കിയിലെ ജനങ്ങളുമായോ ഒരുരീതിയിലും പൊരുത്തപ്പെട്ടുപോകാൻ അവൻ തയ്യാറായില്ല. ശിക്ഷാ നടപടികൾ പലതും പരീക്ഷിച്ചെങ്കിലും, നിഷേധിയായിരുന്ന ഡ്രാക്കുളയെ മെരുക്കിയെടുക്കാൻ സുൽത്താന് കഴിഞ്ഞില്ല.

തുർക്കിപ്പടയുടെ സഹായത്തോടെ വ്‌ലാഡ് രണ്ടാമൻ വലാക്കിയയുടെ സിംഹാസനം തിരിച്ചുപിടിക്കുന്നുണ്ടെങ്കിലും അത് അധികനാൾ നീണ്ടുനിന്നില്ല. വലാക്കിയ കീഴടക്കിയ എതിരാളികൾ വ്‌ലാഡിനെയും മകനെയും കൊലപ്പെടുത്തി. അച്ഛന്റെയും ജ്യേഷ്ഠന്റെയും മരണത്തോടെ രാജസിംഹാസനം ഏറ്റെടുക്കേണ്ട ഉത്തരവാദിത്തം ഡ്രാക്കുളയുടെമേൽ വന്നുചേർന്നു. അങ്ങനെ ഓട്ടോമൻ സാമ്രാജ്യത്തിന്റെ സഹായത്തോടെ 1448ൽ തന്റെ പതിനേഴാം വയസ്സിൽ ഡ്രാക്കുള എന്ന വ്‌ലാഡ് മൂന്നാമൻ വലാക്കിയയുടെ ഭരണാധികാരിയായി അധികാരമേറ്റു. എന്നാൽ തുർക്കിപ്പട പിന്മാറിയതോടെ സിംഹാസനത്തിനുനേരെ വീണ്ടും ആക്രമണം ഉണ്ടാവുകയും ഡ്രാക്കുളയ്ക്ക് നാടുവിടേണ്ടി വരികയും ചെയ്തു. 1453ൽ റോമൻ നഗരമായ കോൺസ്റ്റാന്റിനോപ്പിൾ തുർക്കി പിടിച്ചടക്കി. ഇതോടെ യൂറോപ്പിലെ സ്ഥിതിഗതികളാകെ തകിടംമറിഞ്ഞു.

ഓട്ടോമൻ സാമ്രാജ്യത്തിന്റെ കൈയിൽ നിന്ന് വലാക്കിയയെയും ക്രിസ്തുമതത്തെയും രക്ഷിക്കാൻ ഇനി തനിക്കു മാത്രമേ കഴിയുള്ളൂ എന്നു വിശ്വസിച്ചിരുന്ന ഡ്രാക്കുള, ട്രാൻസിൽവേനിയയിലെ ജോൺ ഹുന്യാഡി എന്ന പടനായകന്റെ സഹായത്തോടെ 1456ൽ വലാക്കിയയുടെ ഭരണം തിരിച്ചുപിടിച്ചു. പിന്നീടിങ്ങോട്ടുള്ള ആറു വർഷങ്ങൾ ലോകം കണ്ടതിൽവച്ച് ഏറ്റവും ക്രൂരനും പൈശാചികനുമായ ഭരണാധികാരിയായി സ്വയം അടയാളപ്പെടുത്തുകയാണ് ഡ്രാക്കുള ചെയ്തത്. തന്റെ പേരു കേൾക്കുന്നതുപോലും എതിരാളികളിൽ ഭയം ജനിപ്പിക്കണം എന്നതായിരുന്നു ഡ്രാക്കുളയുടെ ലക്ഷ്യം. അതിനായി അയ്യാൾ സ്വീകരിച്ച മാർഗ്ഗങ്ങൾ ഭീകരവും കേട്ടാൽ വിശ്വസിക്കാൻ കഴിയാത്തവയുമാണ്.


ഡ്രാക്കുളയെ ലോകമറിയാൻ തുടങ്ങുന്നത്, ഐറിഷ് നാടകകൃത്തും നടനുമായ ഹാമിൽട്ടൺ ഡീൻ ഒരുക്കിയ നാടകത്തിലൂടെയാണ്. ഡ്രാക്കുള പ്രഭുവായി ഹംഗേറിയൻ അഭിനേതാവ് ബേല ലുഗോസി തട്ടിൽ നിറഞ്ഞാടിയപ്പോൾ, സ്‌റ്റോക്കറുടെ അതുല്യ സൃഷ്ടിക്കും ജീവൻ കൈവരികയായിരുന്നു. 1931ൽ യൂണിവേഴ്‌സൽ പിക്‌ചേഴ്‌സിന്റെ നിർമ്മാണത്തിൽ പുറത്തുവന്ന 'ഡ്രാക്കുള' സിനിമയിലും ലുഗോസി തന്നെയായിരുന്നു ഡ്രാക്കുള. ഇന്ന് നമ്മൾ പലരുടെയും മനസ്സിലുള്ള ഡ്രാക്കുളയുടെ രൂപം ഒരുപക്ഷെ ലുഗോസിയുടേതാകും.


ശത്രുക്കളെ വകവരുത്താൻ ഉപയോഗിച്ചിരുന്ന രീതിയിലൂടെയാണ് ഡ്രാക്കുളയ്ക്ക് ഇംപേയ്‌ലർ എന്ന പേരു വീഴുന്നത്. ഇംപേയ്ൽ എന്നാൽ ശൂലത്തിലേറ്റുക എന്നാണ് അർത്ഥം. മലദ്വാരത്തിലൂടെ വീതികൂടിയ ശൂലം കയറ്റി അത് മണ്ണിലുറപ്പിച്ചു നിർത്തും. ശൂലത്തിലേറ്റപ്പെട്ടയാളുടെ ഭാരമനുസരിച്ച് അത് ശരീരത്തിനകത്തേക്ക് മെല്ലെ തുളച്ചുകയറും. മണിക്കൂറുകളോ ദിവസങ്ങളോ വരെ മനുഷ്യരെ ഇത്തരത്തിൽ ശൂലത്തിൽ കുത്തി നിർത്തിയിരുന്നു. ജീവനോടെ തൊലിയുരിയലും തിളച്ചവെള്ളത്തിൽ പുഴുങ്ങലും കൈകാലുകൾ അറുത്തുമാറ്റലുമെല്ലാം ആയിരുന്നു മറ്റു പ്രധാന ശിക്ഷാ നടപടികൾ. ഡ്രാക്കുളയുടെ നേരിട്ടുള്ള മേൽനോട്ടത്തിലായിരുന്നു ശിക്ഷകൾ നടപ്പാക്കിയിരുന്നത്. എതിരാളികളെ പീഡിപ്പിക്കുന്നതിലും ഇഞ്ചിഞ്ചായി കൊല്ലുന്നതിലുമെല്ലാം അയ്യാൾ അതിയായ ലഹരി കണ്ടെത്തി. കൊന്നുതള്ളപ്പെടുന്നവരുടെ രക്തം ഡ്രാക്കുള കുടിച്ചിരുന്നതായും, അത് തന്നെ കൂടുതൽ ശക്തനാക്കുമെന്ന് അയ്യാൾ വിശ്വസിച്ചിരുന്നതായും കഥകളുണ്ട്. ഒരുപക്ഷെ ഈ കഥ വാസ്തവമാണെങ്കിൽകൂടി, അയ്യാൾ ചെയ്ത മറ്റു പ്രവർത്തികൾവച്ചു നോക്കുമ്പോൾ ഇത് എത്രയോ നിസ്സാരമാണ്!

അധികാരത്തിലേറിയ ഉടനെ ഡ്രാക്കുള തന്റെ അച്ഛനെ ഒറ്റുകൊടുത്തവരെയും അതിനു കൂട്ടുനിന്ന പ്രമാണികളെയും രഹസ്യമായി കണ്ടെത്തി അവരെയെല്ലാം ഈസ്റ്റർ വിരുന്നിനായി കൊട്ടാരത്തിലേയ്ക്ക് ക്ഷണിച്ചു. പുതിയ രാജാവിന്റെ സൽക്കാരം സ്വീകരിക്കാൻ കുടുംബസമേതം എത്തിയ ഒറ്റുകാരെ കൂട്ടത്തോടെ പിടികൂടി ഓരോരുത്തരെയായി അവരുടെ കുടുംബങ്ങൾ നോക്കിനിൽക്കെ ഡ്രാക്കുള ശൂലത്തിലേറ്റി. ഇത് ഒരു തുടക്കം മാത്രമായിരുന്നു. വിവാഹേതര ബന്ധങ്ങളിൽ ഏർപ്പെടുകയും വ്യഭിചാരക്കുറ്റം ചുമത്തപ്പെടുകയും ചെയ്ത സ്ത്രീകളെ യോനിയിലൂടെ ശൂലത്തിൽ തറയ്ക്കുകയും മുലകൾ മുറിച്ചെടുത്ത് ബന്ധപ്പെട്ട പുരുഷനെക്കൊണ്ട് തീറ്റിക്കുകയും ചെയ്യുമായിരുന്നു. ഭിക്ഷക്കാരെ വെറുത്തിരുന്ന ഡ്രാക്കുള, ഒരിക്കൽ വലാക്കിയയിലെ മുഴുവൻ ഭിക്ഷാടകരെയും വിളിച്ചുവരുത്തി ഒരു കൂടാരത്തിനുള്ളിൽ അവർക്കായി വിരുന്നൊരുക്കി. എല്ലാവരും വയറുനിറയെ ഭക്ഷിച്ചുവെന്ന് ഉറപ്പുവരുത്തിയ ശേഷം കൂടാരത്തിനു തീയിട്ട് മുഴുവൻ ഭിക്ഷക്കാരെയും അയ്യാൾ കൊന്നുകളഞ്ഞു. അങ്ങനെ പോകുന്നു ഡ്രാക്കുള നടത്തിയ ചിത്രവധങ്ങളുടെ കഥകൾ.


ശത്രുക്കളെ വകവരുത്താൻ ഉപയോഗിച്ചിരുന്ന രീതിയിലൂടെയാണ് ഡ്രാക്കുളയ്ക്ക് ഇംപേയ്‌ലർ എന്ന പേരു വീഴുന്നത്. ഇംപേയ്ൽ എന്നാൽ ശൂലത്തിലേറ്റുക എന്നാണ് അർത്ഥം. മലദ്വാരത്തിലൂടെ വീതികൂടിയ ശൂലം കയറ്റി അത് മണ്ണിലുറപ്പിച്ചു നിർത്തും. ശൂലത്തിലേറ്റപ്പെട്ടയാളുടെ ഭാരമനുസരിച്ച് അത് ശരീരത്തിനകത്തേക്ക് മെല്ലെ തുളച്ചുകയറും. മണിക്കൂറുകളോ ദിവസങ്ങളോ വരെ മനുഷ്യരെ ഇത്തരത്തിൽ ശൂലത്തിൽ കുത്തി നിർത്തിയിരുന്നു.


ഇംപേയ്ലർ എന്ന പേരുവീഴാൻ കാരണമായതും, ചെയ്തതിൽവച്ച് എറ്റവും ഭീകരമായതുമായ ഒരു ശൂലത്തിലേറ്റലിനെപ്പറ്റി പറയാതെ ഡ്രാക്കുളയുടെ ചരിത്രം പൂർണ്ണമാകില്ല. ഓട്ടോമൻ സുൽത്താനായി അധികാരമേറ്റ മെഹമ്മദ് രണ്ടാമൻ ഡ്രാക്കുളയെ ആക്രമിച്ചു കീഴടക്കാൻ പദ്ധതിയിട്ട് ഏതാണ്ട് 60,000 പേരടങ്ങുന്ന ഒരു സംഘത്തെ വലാക്കിയ ലക്ഷ്യമാക്കി അയച്ചു. വലാക്കിയൻ അതിർത്തിയായ ടഗോവിഷ്ടെയിൽ തമ്പടിച്ച തുർക്കിപ്പടയെ രാത്രിയിൽ രഹസ്യമായി ആക്രമിച്ച്, അവർ പാർത്തിരുന്ന കൂടാരങ്ങൾക്കു തീവെച്ചും മറ്റുമായി ഡ്രാക്കുളയുടെ നേതൃത്വത്തിലെത്തിയ വലാക്കിയൻ സൈന്യം വകവരുത്തി. ജീവനോടെയും അല്ലാതെയുമായി പിടികൂടിയ അയ്യായിരത്തോളം പടയാളികളെയും വലാക്കിയയിൽ തടവുകാരായിരുന്ന തുർക്കികളെയും ഡ്രാക്കുള അവിടെവച്ചുതന്നെ ശൂലത്തിലേറ്റി. നിനച്ചിരിക്കാതെ നേരിട്ട ആക്രമണത്തിൽ ഭയന്ന് നാലുപാടും ചിതറിയോടിയ തുർക്കിപ്പട പ്രത്യാക്രമണത്തിനായി മടങ്ങിയെത്തിയപ്പോൾ കണ്ടത് ശൂലത്തിലേറ്റപ്പെട്ടു നിൽക്കുന്ന 20,000 മനുഷ്യരെയാണ്! സപ്രവർത്തകരും സ്വന്തം നാട്ടുകാരും അതിക്രൂരമായി കൊലചെയ്യപ്പെട്ടിരിക്കുന്നതു കണ്ണാലെ കണ്ട സൈനികരുടെ മനോനിലതന്നെ അവതാളത്തിലായി. ഈ സംഭവം പിന്നീട് ചരിത്രത്തിൽ കുപ്രസിദ്ധിയാർജ്ജിച്ചത് 'ദി ഫോറസ്റ്റ് ഓഫ് ദി ഇംപേയ്ൽഡ്' അഥവാ 'ശൂലത്തിലേറ്റപ്പെട്ടവരുടെ വനം' എന്നാണ്. 1477ൽ ഓട്ടോമൻ സൈന്യം ഡ്രാക്കുളയെ കീഴടക്കിയെന്നും, കൊന്ന് തലവെട്ടിയെടുത്തു കൊണ്ടുപോയി തേനിലിട്ടുവെച്ച് പോതുജനങ്ങൾക്കു കാണത്തക്കവിധം പ്രദർശിപ്പിച്ചുവെന്നുമാണ് ചരിത്രകാരന്മാർ പറയുന്നത്.

ഏതാനും വർഷങ്ങൾ മാത്രം നീണ്ടുനിന്ന ഭരണകാലത്തിനിടയിൽ വ്‌ലാഡ് മൂന്നാമനെന്ന ഭരണാധികാരി പ്രവർത്തിച്ചത് കണക്കറ്റ ക്രൂരതകളാണ്. ഡ്രാക്കുള കൊന്നുതള്ളിയ മനുഷ്യരുടെ എണ്ണമെടുത്താൽ അത് ലക്ഷങ്ങൾ വരും. ഇങ്ങനെയൊക്കെയാണെങ്കിലും റൊമേനിയക്കാർക്ക് ഡ്രാക്കുള ഒരു വീരനായകനാണ്. തുർക്കിപ്പടയ്ക്കും ഓട്ടോമൻ സാമ്രാജ്യത്തിനുമെതിരെ സന്ധിയില്ലാത്ത പോരാട്ടങ്ങൾ നടത്തി തങ്ങളുടെ രാജ്യത്തെയും വിശ്വാസങ്ങളെയും സംസ്‌കാരത്തെയുമെല്ലാം സംരക്ഷിച്ച വീരനായകൻ. പക്ഷെ ഡ്രാക്കുളയുടെ എതിരാളികൾക്ക് അയ്യാൾ എക്കാലത്തും ഒരു പേടിസ്വപ്‌നം തന്നെയാണ്. എന്തൊക്കെയായാലും വ്‌ലാഡ് ഡ്രാക്കുളയ്ക്കു മുന്നിൽ സ്റ്റോക്കറുടെ 'ഇരുട്ടിന്റെ രാജകുമാരന്' പിടിച്ചുനിൽക്കാനാകില്ല എന്നത് തീർച്ച.

Thanks for reading Historica! Subscribe for free to receive new posts and support my work.