Mar 7 • 11M

കോൺക്രീറ്റിനുമുണ്ട് ഉറപ്പുള്ളൊരു ചരിത്രം

1
1
 
1.0×
0:00
-10:41
Open in playerListen on);
History For Everyone
Episode details
1 comment

നുഷ്യ കുലത്തിന്റെ ചരിത്രത്തിൽ നാഴികക്കല്ലുകളായി മാറിയ കണ്ടുപിടിത്തങ്ങളെക്കുറിച്ച് ചിന്തിക്കുമ്പോൾ മനസ്സിലേക്ക് ഒരു വലിയ പട്ടിക തന്നെ നമുക്കു തെളിഞ്ഞു വന്നെന്നിരിക്കും. തീയും ചക്രവും മുതൽ സ്മാർട്ട് ഫോണും ആർട്ടിഫിഷൽ ഇന്റലിജൻസും വരെ മനുഷ്യന്റെ ജീവിതങ്ങളെ മാറ്റിമറിച്ച കണ്ടുപിടിത്തങ്ങൾ അനവധിയാണ്. എന്നാൽ ഇക്കൂട്ടത്തിൽ ഒരുപക്ഷെ നമ്മുടെ ശ്രദ്ധയിൽപ്പെടാത്തതും, വലിയ കണ്ടുപിടിത്തങ്ങളുടെ കൂട്ടത്തിൽ നമ്മൾ അധികം കേട്ടിരിക്കാനിടയില്ലാത്തതുമായ ഒരു വസ്തുവുണ്ട്. അംബരചുംബികളായ കെട്ടിട സമുച്ചയങ്ങൾ മുതൽ ലോകത്ത് ഇന്ന് നാം കാണുന്ന നിർമ്മിതകളോരോന്നും കെട്ടിപ്പടുക്കുന്നതിന് മനുഷ്യനെ സഹായിച്ച, നാഗരികതയുടെയും സംസ്‌കാരങ്ങളുടെയുമെല്ലാം വളർച്ചയിൽ നിർണ്ണായക പങ്കുവഹിച്ച ഒരു വലിയ കണ്ടുപിടിത്തം; കോൺക്രീറ്റ്.

കോൺക്രീറ്റിന് ചരിത്രാതീത കാലത്തോളം പഴക്കമുണ്ടെന്നാണ് പറയപ്പെടുന്നത്. ഇന്നു കാണുന്ന രൂപത്തിലല്ലെങ്കിലും കോൺക്രീറ്റിന്റെ ഉപയോഗം ആരംഭിക്കുന്നത് മനുഷ്യൻ ഗുഹകൾ വിട്ട് കല്ലുകെട്ടിയുണ്ടാക്കിയ പാർപ്പിടങ്ങൾ നിർമ്മിക്കാൻ തുടങ്ങിയ കാലത്താണ്. ചെളിയും കളിമണ്ണും മറ്റും കുഴച്ച് കല്ലുകളുടെ വിടവുകളടച്ചായിരുന്നു ആദ്യകാലത്ത് മനുഷ്യൻ പാർപ്പിടങ്ങൾ നിർമ്മിച്ചിരുന്നത്. തണുപ്പിൽ നിന്നും കാറ്റിൽനിന്നുമെല്ലാം രക്ഷ നൽകുന്നതിനൊപ്പം നിർമ്മിതികൾക്ക് കൂടുതൽ ഈടും ഉറപ്പും നൽകാനും ഇത് സഹായിച്ചു.

ബി.സി 6500 കാലഘട്ടത്തിൽ സിറിയ, ജോർദാൻ എന്നിവിടങ്ങളിൽ ജീവിച്ചിരുന്ന കച്ചവട വർഗ്ഗമായിരുന്ന നബറ്റീരിയക്കാരാണ് ഇന്ന് കാണുന്ന തരത്തിലുള്ള കോൺക്രീറ്റിനോട് സമാനമായ വസ്തുക്കൾ നിർമ്മാണ പ്രവർത്തനത്തിനായി ഉപയോഗിച്ചു തുടങ്ങിയത്. വീടുകളുടെ ചുവരുകളും തറയും ജലസംഭരണികളും മറ്റും ഇത്തരത്തിലാണ് നബറ്റീരിയക്കാർ നിർമ്മിച്ചിരുന്നത്. ഈജിപ്തുകാരും ചൈനക്കാരും ബാബിലോണിയക്കാരുമെല്ലാം സമാനമായ രീതിയിൽ നിർമ്മാണ പ്രവർത്തികൾ നടത്തിയിരുന്നതിന് തെളിവുകളുണ്ട്. ചെളിയ്‌ക്കൊപ്പം വയ്‌ക്കോലും ചെർത്ത് കുഴച്ചാണ് അക്കാലങ്ങളിൽ കെട്ടിടങ്ങളും മറ്റും പണിതിരുന്നത്. പിരമിഡിന്റെയും ചൈനീസ് വൻമതിലിന്റെയും നിർമ്മാണത്തിലും കോൺക്രീറ്റിന്റെ ഈ മുൻഗാമിയെ ഉപയോഗപ്പെടുത്തിയിട്ടുണ്ട്.

പാന്തിയോൺ

ഉദ്ദേശിക്കുന്ന ആകൃതിയിൽ എന്തും ഉണ്ടാക്കിയെടുക്കാം എന്നതിനൊപ്പം വയ്‌ക്കോൽ ചേർക്കുന്നത് ഉറപ്പ് പ്രധാനം ചെയ്യുന്നതിനും സഹായകമായി. ചുണ്ണാമ്പുകല്ല് ചേർത്തുള്ള മിശ്രിതം നിർമ്മിതികളിൽ ഉപയോഗപ്പെടുത്തുന്നതും ഈ സമയത്താണ്. ഗിസയിലെ ഗ്രേറ്റ് പിരമിഡിന്റെ നിർമ്മാണത്തിന് ചുണ്ണാമ്പു ചേർത്തുള്ള ഇത്തരം മിശ്രിതം ഏതാണ്ട് അഞ്ചു ലക്ഷം ടണ്ണോളം ഉപയോഗിച്ചു എന്നാണ് ഗവേഷകർ കണ്ടെത്തിയത്. കോൺക്രീറ്റിന്റെ രൂപത്തിനും ഭാവത്തിനുമെല്ലാം കാര്യമായ മാറ്റങ്ങൾ വരുന്നത് ഗ്രീക്ക് സാമ്രാജ്യത്തിന്റെ സമയത്താണ്. റോമൻ നാഗരികതയുടെ കാലഘട്ടത്തിലേക്ക് എത്തുമ്പൊഴേക്കും കോൺക്രീറ്റിന് പൂർണ്ണത കൈവന്നു എന്നു തന്നെ പറയാം.

2000 വർഷങ്ങൾക്കിപ്പുറവും ലോകം ഇന്നും അത്ഭുതത്തോടെ നോക്കിക്കാണുന്ന വാസ്തുകലാ വിസ്മയങ്ങൾ നിർമ്മിക്കപ്പെടുന്നത് ഈ സമയത്താണ്. മനുഷ്യ പ്രതിഭയുടെ ഉത്തമ ഉദാഹരണമെന്ന് യുനെസ്‌കോ വാഴ്ത്തിയ പോൺ ഡ്യു ഗാർ അക്വഡക്റ്റും, പാന്തിയോണും, കൊളോസിയവും പോലുള്ള എണ്ണം പറഞ്ഞ അസാനാന്യ നിർമ്മിതികളും റോമൻ വാസ്തുവിദ്യയുടെയും സംസ്‌കാരത്തിന്റെയും അടയാളങ്ങളാണ്. അതിനൂതന സാങ്കേതികവിദ്യകളുപയോഗിച്ച് കെട്ടിപ്പടുക്കുന്ന ഇക്കാലത്തെ നിർമ്മിതികൾക്ക് നൂറും ഇരുന്നൂറും വർഷങ്ങൾ മാത്രം എഞ്ചിനീയർമാർ ഗ്യാരന്റി പറയുമ്പോൾ, ഒന്നാം നൂറ്റാണ്ടിൽ നിർമ്മിക്കപ്പെട്ട റോമൻ നിർമ്മിതികൾ രണ്ട് സഹസ്രാബ്ദങ്ങൾക്കിപ്പുറവും കേടുപാടുകളില്ലാതെ നിലനിൽക്കുന്നതിന്റെ രഹസ്യമെന്താണെന്ന് കണ്ടെത്താൻ സ്വാഭാവികമായും ഗവേഷണങ്ങൾ നടന്നു. റോമക്കാർ നിർമ്മാണ പ്രവർത്തികൾക്കായി ഉപയോഗിച്ചിരുന്ന പ്രത്യേക അനുപാതത്തിലുള്ള കോൺക്രീറ്റ് മിശ്രിതമാണ് മേൽപ്പറഞ്ഞ ചരിത്ര നിർമ്മിതികളുടെ കരുത്തിന്റെ രഹസ്യമായി ഗവേഷകർ കണ്ടെത്തിയത്.

അഗ്നിപർവ്വത വിസ്‌ഫോടനത്തെത്തുടർന്ന് രൂപപ്പെടുന്ന 'പൊസ്സൊലാന' എന്ന ചാരമായിരുന്നു റോമൻ കോൺക്രീറ്റിന്റെ പ്രധാന ചേരുവ. ലാറ്റിൻ ഭാഷയിൽ 'ഓപ്പുസ് കൈമന്റീസിയം' എന്ന് വിളിക്കപ്പെട്ടിരുന്ന ഈ കോൺക്രീറ്റ് റോമൻ നാഗരികതയുടെ കാലത്ത് ഒരു വിപ്ലവം തന്നെ സൃഷ്ടിച്ചു. കടൽവെള്ളമാണ് ഈ കോൺക്രീറ്റ് മിശ്രിതത്തിൽ ഉപയോഗിച്ചിരുന്നതെന്നും, കുതിരവാലിലെ രോമങ്ങളും, മൃഗങ്ങളുടെ കോഴുപ്പും രക്തവും പോലുള്ള വിചിത്രമായ പലതും ഓപ്പുസ് കൈമന്റീസിയത്തിൽ ചേർത്തിരുന്നുവെന്നും പറയപ്പെടുന്നുണ്ട്. ഇതേ സംബന്ധിച്ച വസ്തുതകളൊന്നും തന്നെ ഇതുവരെ ലഭ്യമായിട്ടില്ല.

ജോൺ സ്മീറ്റൺ

ഇന്നത്തെ ഏതൊരു ആധുനിക റോഡിനോടും കിടപിടിക്കുന്ന തരത്തിലുള്ള റോഡുകൾ റോമക്കാർ ഉണ്ടാക്കിയത് ഇതേ കോൺക്രീറ്റ് ഉപയോഗിച്ചാണ്. ഈ റോഡുകളുടെ പലഭാഗങ്ങളും ഇന്നും നമുക്ക് കാണാൻ കഴിയും. പാന്തിയോൺ എന്ന കെട്ടിടത്തിന്റെ 142 അടി വ്യാസമുള്ള താഴികക്കുടം മുഴുവനായും ഇതേ കോൺക്രീറ്റു കൊണ്ടാണ് നിർമ്മിച്ചിരിക്കുന്നത്. എ.ഡി 126ൽ നിർമ്മാണം പൂർത്തിയായതായി കരുതപ്പെടുന്ന പാന്തിയോൺ, ഇറ്റാലിയൻ നവോത്ഥാന കാലം വരെ ഏതാണ്ട് 1300 വർഷക്കാലത്തോളം ലോകത്തിലെ ഏറ്റവും വലിയ താഴികക്കുടമായി നിലകൊണ്ടു. ഇന്നോളം ബലപ്പെടുത്തലുകൾക്കോ മറ്റു നവീകരണങ്ങൾക്കോ വിധേയമാകാതെ നിലനിൽക്കുന്ന ഏക താഴികക്കുടവും ഈ റോമൻ അത്ഭുതം തന്നെയാണ്.

അഞ്ചാം നൂറ്റാണ്ടിന്റെ രണ്ടാം പകുതിയോടെ റോമൻ സാമ്രാജ്യം പതനത്തിലേക്ക് കൂപ്പുകുത്തുകയും എ.ഡി 476-ഓടെ പൂർണ്ണമായും ഇല്ലാതാവുകയും ചെയ്തു. റോമൻ സാമ്രാജ്യത്തോടൊപ്പം ഇല്ലാതായത് റോമൻ കോൺക്രീറ്റിന്റെ രഹസ്യം കൂടിയായിരുന്നു. പിന്നീട് 1414ൽ ഇതേസംബന്ധിച്ച് പ്രതിപാതിക്കുന്ന പുരാരേഖകൾ കണ്ടെടുക്കുന്നതുവരെ ഓപ്പുസ് കൈമന്റീസിയവും റോമൻ നിർമ്മാണ രീതികളും ലോകത്തിന് അന്യമായിരുന്നു.

ജോൺ സ്മീറ്റൺ എന്ന ബ്രിട്ടീഷ് എഞ്ചിനീയറാണ് നിർമ്മാണ പ്രവർത്തനങ്ങൾക്കായി ഇന്നുപയോഗിക്കപ്പെടുന്ന കോൺക്രീറ്റിന്റെ കൂട്ട് തയ്യാറാക്കുന്നത്. റോമൻ സാമ്രാജ്യത്തിന്റെ പതനത്തിന് 1800 വർഷങ്ങൾക്കിപ്പുറം കോൺക്രീറ്റിന്റെ ചരിത്രത്തിൽ ഈ സുപ്രധാന വഴിത്തിരിവുണ്ടാകുന്നത് 1756ലാണ്. എഡിസ്റ്റൺ ലൈറ്റ്ഹൗസിന്റെ പുനർനിർമ്മാണച്ചുമതല ഏറ്റെടുത്ത സ്മീറ്റണ് മുന്നിലുണ്ടായിരുന്നത് വലിയ വെല്ലുവിളിയായിരുന്നു.

ഇംഗ്ലണ്ടിലെ പ്ലിമത്ത് തീരത്ത് നിന്ന് ഇരുപത്തിരണ്ടര കിലോമീറ്ററോളം കടലിലേക്കിറങ്ങി എഡിസ്റ്റൺ പാറക്കെട്ടുകളിൽ 1699ലാണ് ആദ്യ ലൈറ്റ്ഹൗസ് സ്ഥാപിക്കപ്പെടുന്നത്. ഇത്തരത്തിലുള്ള ലോകത്തെ ആദ്യ നിർമ്മിതിയായിരുന്നു അത്. മരം കൊണ്ടുണ്ടാക്കിയ ലൈറ്റ് ഹൗസിന് പക്ഷെ അധികകാലം ആയുസ്സുണ്ടായില്ല. 1708ൽ രണ്ടാമതും ലൈറ്റ്ഹൗസ് നിർമ്മിച്ചെങ്കിലും ആദ്യത്തേതിന്റെ ഗതിതന്നെയായിരുന്നു അതിനും. കപ്പൽയാത്രികർക്ക് ഏറെ സഹായകമായിരുന്ന എഡിസ്റ്റൺ ലൈറ്റ്ഹൗസിന്റെ മൂന്നാംവട്ട നിർമ്മാണമാണ് സ്മീറ്റൺ ഏറ്റെടുക്കുന്നത്.

ജോസഫ് ആസ്പ്ഡിൻ

ശക്തമായ തിരകളും ഉപ്പുവെള്ളവുമടക്കം കെട്ടിടത്തിന് പ്രതികൂലമായ ഘടകങ്ങൾ ഏറെയായിരുന്നു. ഇതിനെയെല്ലാം ചെറുത്തുനിൽക്കാൻ കഴിയുന്നതാകണം നിർമ്മാണത്തിനുപയോഗിക്കുന്ന വസ്തു. ചുണ്ണാമ്പുകല്ല് ഉയർന്ന ഡിഗ്രിയിൽ ചൂടാക്കി അത് പൊടിച്ച്, ഇന്നത്തെ സിമന്റിനോട് സമാനമായ ഒരു പൊടി സ്മീറ്റൺ ഉണ്ടാക്കിയെടുത്തു. ഹൈഡ്രോളിക് ലൈം എന്ന് വിളിക്കപ്പെട്ട ഈ വസ്തുവിന്റെ, വെള്ളത്തെ പ്രതിരോധിക്കാനുള്ള കഴിവ് ലൈറ്റ്ഹൗസ് നിർമ്മാണത്തിന് സഹായകമായി.

ജോസഫ് ആസ്പ്ഡിൻ എന്ന ഇംഗ്ലീഷുകാരനാണ് ഇന്ന് നമ്മൾ കാണുന്ന സിമന്റ് വികസിപ്പിക്കുന്നത്. പോർട്ട്‌ലന്റ് സിമന്റ് എന്ന പേരിൽ 1824ൽ അദ്ദേഹം തന്റെ കണ്ടുപിടിത്തത്തിന് പേറ്റന്റും സ്വന്തമാക്കി. കാലങ്ങളായി പലരും സമാനമായ രീതിയിൽ സിമന്റ് നിർമ്മിച്ചിരുന്നെങ്കിലും പേറ്റന്റ് നേടിയതോടെ ആധുനിക സിമന്റിന്റെ ഉപജ്ഞാതാവ് എന്ന ഖ്യാതി ആസ്പ്ഡിന് സ്വന്തമായി. ഉറച്ചു കഴിയുമ്പോഴുള്ള രൂപം ഇംഗ്ലണ്ടിലെ പോർട്ട്‌ലന്റിലെ കല്ലുകളോട് സാദൃശ്യപ്പെട്ടിരിക്കുന്നതിനാലാണ് തന്റെ സിമന്റിന് ആസ്പ്ഡിൻ പോർട്ട്‌ലന്റ് സിമന്റ് എന്നു പേരു നൽകുന്നത്. നിർമ്മാണ മേഖലയിൽ പോർട്ട്‌ലന്റ് സിമന്റ് വലിയ വിപ്ലവം തന്നെ സൃഷ്ടിച്ചു.

പത്തൊമ്പതാം നൂറ്റാണ്ടിന്റെ ആരംഭത്തിൽ വ്യവസായ രംഗത്തുമാത്രം ഉപയോഗിച്ചിരുന്ന പോർട്ട്‌ലന്റ് സിമന്റ് 1850-70കളോടെ വീടു നിർമ്മാണത്തിനും വ്യാപകമായി ഉപയോഗിച്ചുതുടങ്ങി. ഇരുമ്പിന്റെ ചട്ടക്കൂട് തീർത്ത് അതിനകത്ത് കോൺക്രീറ്റ് നിറച്ചുള്ള നിർമ്മാണ രീതി വികസിച്ചു വരുന്നതും ഈ കാലഘട്ടത്തിലാണ്. ഫ്രഞ്ചുകാരനായ ജോസഫ് മൊനീർ ആണ് ഇത്തരത്തിൽ ചെടിച്ചട്ടികളുണ്ടാക്കി പരീക്ഷണം നടത്തിയത്. 1867ൽ മൊനീർ ഈ നിർമ്മാണ ശൈലിയുടെ പേറ്റന്റും സ്വന്തമാക്കി. സ്റ്റീലിന്റ കണ്ടുപിടിത്തവും, ഇരുമ്പ്, സ്റ്റീൽ മുതലായവ ഉപയോഗിച്ച് കോൺക്രീറ്റിനെ കൂടുതൽ ബലപ്പെടുത്താമെന്നു വന്നതും നിർമ്മാണ മേഖലയിൽ പുതിയ മാറ്റങ്ങൾക്ക് വഴിവച്ചു.

1902ൽ അമേരിക്കൻ നഗരമായ ഒഹിയോയിലെ സിൻസിനാറ്റിയിൽ ഈ രീതിയിൽ നിർമ്മിച്ച ഇംഗൽസ് ബിൽഡിംഗ് എന്ന 16 നില കെട്ടിടം അന്നോളം നിർമ്മിക്കപ്പെട്ടവയിൽ എറ്റവും ഉയരം കൂടിയതായിരുന്നു. കോൺക്രീറ്റിന്റെ ഉറപ്പിനെ സംബന്ധിച്ച് ആളുകൾക്കിടയിൽ വിശ്വാസം ജനിപ്പിക്കാനും ഈ നിർമ്മിതിക്കായി. പ്രശസ്ത ശാസ്ത്രജ്ഞനായിരുന്ന തോമസ് ആൽവ എഡിസൺ കോൺക്രീറ്റ് വീടുകളുടെ പ്രചാരണത്തിൽ സുപ്രധാന പങ്കുവഹിച്ചു. 1908ൽ എഡിസൺ നിർമ്മിച്ച കോൺക്രീറ്റ് വീടുകൾ ഇന്നും അമേരിക്കയിൽ കാണാൻ കഴിയും.

ഇംഗൽസ് ബിൽഡിംഗ്

കോൺക്രീറ്റ് മിക്‌സിങ് മെഷീനുകളുടെയും കോൺക്രീറ്റ് റെഡി മിക്‌സിന്റെയുമെല്ലാം കണ്ടുപിടിത്തം നിർമ്മാണ മേഖലയുടെ വളർച്ചയെ ത്വരിതപ്പെടുത്തി. വീടുകളും റോഡുകളും മുതൽ ബഹുനില കെട്ടിടങ്ങളും ഡാമുകളും വരെ കോൺക്രീറ്റ് ഉപയോഗിച്ചു നിർമ്മിക്കപ്പെട്ടു. ഇന്ന് ലോകത്തെ ചെറുതും വലുതുമായ ഏതൊരു നിർമ്മിതിയും പൂർണ്ണമായും കോൺക്രീറ്റ് ഉപയോഗിച്ചാണ് നിർമ്മിക്കപ്പെടുന്നത്.

ഗാർഡിയന്റെ 2019ലെ റിപ്പോർട്ട് പ്രകാരം ലോകത്തെ ആകെ കാർബൺ പുറന്തള്ളലിൽ എട്ടു ശതമാനത്തിന്റെയും ഉത്തരവാദി കോൺക്രീറ്റാണ്. കോൺക്രീറ്റ് എത്രമാത്രം ഉപയോഗിക്കപ്പെടുന്നു എന്നതിന്റെ തെളുവു കൂടിയാണിത്. വെള്ളം കഴിഞ്ഞാൽ മനുഷ്യൻ എറ്റവുമധികം ഉപയോഗിക്കുന്നത് കോൺക്രീറ്റാണെന്നാണ് കണക്കുകൾ. അത്രമേൽ ലോകം കോൺക്രീറ്റിനെ ആശ്രയിക്കുന്നുണ്ട്.

സിമന്റിന്റെ ഉൽപ്പാദനവും കോൺക്രീറ്റിന്റെ ഉപഭോഗവും പരിസ്ഥിതിയ്ക്ക് ഏൽപ്പിക്കുന്ന ആഘാതം ചർച്ചയാകുമ്പോൾ റോമക്കാർ വികസിപ്പിച്ചെടുത്ത ഓപ്പുസ് കൈമന്റീസിയത്തിലേക്കുള്ള തിരിച്ചു നടത്തത്തെപ്പറ്റിയാണ് ശാസ്ത്രലോകം ആലോചിക്കുന്നത്. പ്രകൃതി വിഭവങ്ങൾ നേരിട്ട് ഉപയോഗിക്കുന്നതിനാൽ പരിസ്ഥിതിയ്ക്ക് താരതമ്യേന ഒട്ടുംതന്നെ കോട്ടം ഏൽപ്പിക്കാത്തതായിരുന്നു റോമൻ നിർമ്മിതികളും റോമൻ കോൺക്രീറ്റും. ഇതിലെ പ്രധാന ചേരുവയായ പൊസ്സൊലാന ഇന്നും സുലഭമായതിനാൽ റോമൻ കോൺക്രീറ്റ് ശരിയായ അളവിൽ നിർമ്മിച്ചെടുക്കാനും, അത് നിർമ്മാണ മേഖലയിൽ വ്യാപകമായി ഉപയോഗിക്കാനും, അതുവഴി പ്രകൃതി മലിനീകരണത്തിന്റെ തോത് കുറയ്ക്കാനും, കുറേക്കൂടി സ്ഥായിയായ നിർമ്മിതികൾ കെട്ടിപ്പടുക്കാനുമുള്ള പരിശ്രമത്തിലാണ് ഗവേഷകർ.

Thanks for reading Historica! Subscribe for free to receive new posts and support my work.