Mar 16 • 9M

കമ്മ്യൂണിസ്റ്റ് മാനിഫെസ്റ്റോയുടെ ചരിത്രം

1
 
1.0×
0:00
-8:46
Open in playerListen on);
History For Everyone
Episode details
Comments

"യൂറോപ്പിനെ ഒരു ഭൂതം ബാധിച്ചിരിക്കുന്നു…കമ്മ്യൂണിസത്തിന്റെ ഭൂതം. ഈ ഭൂതത്തെ പുറത്താക്കാൻ വേണ്ടി യൂറോപ്പിലെ പഴമയുടെ ശക്തികളും, പോപ്പും, സർ ചക്രവർത്തിയും, മെറ്റർനിക്കും, ഗിസോവും, ഫ്രഞ്ച് റാഡിക്കൽ കക്ഷിക്കാരും, ജർമ്മൻ പൊലീസും ചാരന്മാരെല്ലാം .. പാവന സംഖ്യത്തിലേർപ്പെട്ടിരിക്കുകയാണ്."

കഴിഞ്ഞ രണ്ടു നൂറ്റാണ്ടുകളിൽ മനുഷ്യനെ ഏറ്റവും സ്വാധീനിച്ച രാഷ്ട്രീയ കൃതികളിലൊന്നായ കമ്മ്യൂണിസ്റ്റ് മാനിഫെസ്റ്റോ ആരംഭിക്കുന്നതിങ്ങനെയാണ്. ഫ്യൂഡലിസത്തിന്റെ അനന്തരം രൂപപ്പെട്ട മുതലാളിത്ത വ്യവസ്ഥിതിയിൽ ചൂഷണം ചെയ്യപ്പെടുന്ന തൊഴിലാളികളുടെ പക്ഷം നിന്ന് പ്രവർത്തിക്കുന്ന കമ്മ്യൂണിസ്റ്റ് പാർട്ടികളുടെ നയരേഖയാണ് കമ്യൂണിസ്റ്റ് മാനിഫെസ്റ്റോ.

ലോകത്ത് ഏറ്റവും കൂടുതൽ അച്ചടിക്കപ്പെട്ടതും പ്രചരിക്കപ്പെട്ടതുമായ ഈ രാഷ്ട്രീയ രചന ലോകത്തിലെ ഒട്ടുമിക്ക ഭാഷകളിലേക്കും തർജമ ചെയ്യപ്പെട്ടു. 1848ൽ പ്രസിദ്ധീകരിക്കപ്പെട്ട ഈ കൃതി 175-ാം വാർഷികത്തിലേക്ക് കടക്കുകയാണ്.

ലോക ചരിത്രത്തെ തന്നെ കമ്മ്യൂണിസ്റ്റ് മാനിഫെസ്റ്റോക്ക് മുൻപും പിൻപും എന്ന രീതിയിൽ തന്നെ വിഭജിക്കപ്പെട്ടിട്ടുണ്ട്. ഈ പുസ്തകം രചിക്കപ്പെടുന്നതും അതിനു ശേഷമുണ്ടായ ചില സംഭവവികാസങ്ങളെയും കുറിച്ച് നമ്മുക്ക് ഒന്ന് അന്വേഷിക്കാം.

കാൾ മാർക്സും ഫെഡറിക്ക് എംഗൽസും കേരളീയ പൊതു സമുഹത്തിന് വളരെ പരിചിതമായ മുഖങ്ങളാണ്. 1818 ജർമ്മനിയിൽ ഒരു ഇടത്തരം കുടുബത്തിൽ ജനിച്ച കാൾമാർക്സും 1820 നവബർ 28 ൽ ജർമ്മനിയിൽ വ്യവസായിയുടെ മകനായി ജനിച്ച ഫെഡ്രറിക്ക് എംഗൽസും തങ്ങളുടെ ചിന്തകളുടെ സാമ്യം കാരണം അടുത്ത സുഹൃത്തുകളായി.

കമ്മ്യൂണിസ്റ്റ് മാനിഫെസ്റ്റോയുടെ ആദ്യ ജർമ്മൻ പതിപ്പ്

യൗവ്വനകാലം മുതൽക്കുതന്നെ അവർ തൊഴിലാളികൾ നേരിടുന്ന പ്രശ്നങ്ങൾക്കും അധികാരവർഗം എൽപ്പിക്കുന്ന മർദ്ദനങ്ങൾക്കും എതിരെ നിരന്തരം തങ്ങളുടെ എഴുത്തുകളിലുടെ കലാപം ചെയ്യുന്നുണ്ട്. ജർമ്മനിയിലെ ഭരണകൂടത്തിനെ എതിർത്തുകൊണ്ട് മാർക്സ് ആ കാലത്ത് പത്രങ്ങൾ ഇറക്കിയിരുന്നു. എന്നാൽ അധികാരമുപയോഗിച്ച് അധികാരികൾ അതെല്ലാം പൂട്ടിച്ചു.

ആ കാലത്താണ് ലണ്ടനിൽ പ്രവർത്തിച്ചിരുന്ന വിപ്ലവ സംഘടനയായിരുന്ന നീതിമാൻമാരുടെ സംഘം അഥവ ലീഗ് ഓഫ് ജസ്റ്റിസ് പ്രതിനിധി ജോസഫ് മോൾ 1847 ൽ മാർക്സിനെ കാണാനായി വരുന്നത്. തന്റെ സംഘടന നിർദ്ദേശിച്ച കുറച്ച് ആവശ്യങ്ങൾ നേടിയെടുകയായിരുന്നു അദ്ദേഹത്തിന്റെ ഉദ്ദേശം. കാൾ മാർക്സും ഫെഡറിക്ക് എംഗൽസും അവരുടെ സംഘടനയിൽ ചേരുകയും സംഘടനയുടെ ഒന്നാം കോൺഗ്രസിൽ പങ്കെടുക്കുകയും വേണമെന്നായിരുന്നു അദ്ദേഹത്തിൻ്റെ ആവശ്യം. കൂടാതെ കാൾമാർക്സും എംഗൽസും തങ്ങളുടെ രാഷ്ട്രീയ കാര്യപരിപാടി അവതരിപ്പിക്കണമെന്നും അത് സംഘടന പ്രസിദ്ധീകരിക്കുകയും ചെയ്യാമെന്നും പറയുന്നു.

തന്റെ ചിന്തകൾക്ക് രാഷ്ട്രീയ മുഖമാവാൻ ഒരു സംഘടന വേണമെന്ന് ആഗ്രഹിക്കുന്ന കാലമായിരുന്നു. മാർക്സ് , ജോസഫ് മോൾ പറഞ്ഞ ആവശ്യങ്ങളെല്ലാം അംഗീകരിക്കുന്നു.

തുടർന്ന് ലീഗ് ഓഫ് ജസ്റ്റിസിന്റെ 1847 ജൂൺ 2 മുതൽ 9 വരെ ചേർന്ന ഒന്നാം കോൺഗ്രസിൽ ഫെഡറിക്ക് എംഗൽസ് പങ്കെടുക്കുന്നു. ചില കാരണങ്ങളാൽ മാർക്സിന് കോൺഗ്രസ്സിൽ പങ്കെടുക്കാനായില്ല. ഈ യോഗത്തിൽ ലീഗ് ഓഫ് ജസ്റ്റിസിന്റെ പേര് 'കമ്മ്യൂണിസ്റ്റ് ലീഗ്' എന്നാക്കിമാറ്റുന്നു. ബൂർഷ്വാസമൂഹത്തെ തകർത്ത് വർഗ്ഗരഹിതവും സ്വകാര്യസ്വത്തില്ലാത്തതുമായ സമൂഹം സ്ഥാപിക്കുക ലക്ഷ്യമായി പ്രഖ്യാപിക്കുകയും ചെയ്തു.

കാൾ മാർക്സിന്റെയും എംഗൽസിന്റെയും ജീവിത കാലഘട്ടവും നീതിമാൻമാരുടെ സംഘടന അഥവാ ലീഗ് ഓഫ് ജസ്റ്റിസ്, കമ്മ്യൂണിസ്റ്റ് ലീഗാവുന്നതും കമ്മ്യൂണിസ്റ്റ് മാനിഫെസ്‌റ്റോയുടെ ആദ്യ ചിന്തകളും അവതരിപ്പിക്കപ്പെടുന്ന സിനിമയാണ് 2017 റോൾ പെയ്ക്കിന്റെ സംവിധാനത്തിൽ പുറത്തിറങ്ങിയ 'ദി യംഗ് കാൾമാർക്സ്'.

സമൂഹോല്പാദന ഉപകരണങ്ങളുടെ ഉടമകളും കൂലിവേലയെടുപ്പിക്കുന്നവരുമായ ആധുനിക മുതലാളി വർഗ്ഗത്തെയാണു ബൂർഷ്വാസിയെന്നു പറയുന്നത്.

ഒന്നാം കോൺഗ്രസിന് ശേഷം കമ്മ്യൂണിസ്റ്റ് ലീഗ് സംഘടനയുടെ വിശ്വാസ പ്രമാണം തയ്യാറാക്കാനായി എംഗൽസിനെ ചുമതലപ്പെടുത്തുന്നു. അങ്ങനെ എംഗൽസ് എഴുതിയ രേഖ പിന്നീട് ഫ്രീഡം ഓഫ് ഫെയ്ത്ത് എന്ന് അറിയപ്പെട്ടു. പക്ഷേ കമ്മ്യൂണിസ്റ്റ് ലീഗിന്റെ പാരീസ് ശാഖയിൽ മോസസ് ഹെഡ് ഏറെക്കുറെ സമാനമായ ഒരു രേഖ അവതരിപ്പിക്കുന്നു. ഈ രേഖയ്ക്ക് പാരീസ് ശാഖ അംഗീകാരവും നൽകുന്നു . ഈ രേഖയിൽ സൈദ്ധാന്തികമായ ഒരുപാട് പോരായ്മകൾ കണ്ടെത്തി എംഗൽസ് വിമർശിക്കുന്നു.

തുടർന്ന് ലീഗിന്റെ നേതൃത്വം എംഗൽസിന്റെ വിമർശനങ്ങൾ ഉൾകൊള്ളിച്ചുകൊണ്ട് ഒരു രേഖ തയ്യാറാക്കാനായി പറയുന്നു. എംഗൽസ് ചോദ്യോത്തര രൂപത്തിൽ അങ്ങനെ ഒരു രേഖ എഴുതുന്നു. പക്ഷേ ആ രേഖയിൽ എംഗൽസ് ഒട്ടും സംതൃപ്തനായിരുന്നില്ല. അദ്ദേഹം മാർക്സിനോട് അതിനെ കുറിച്ച് കത്തിടപാടിലുടെ സംസാരിക്കുന്നുണ്ട്.

1847 നവംബർ 29 മുതൽ ഡിസംബർ 8 വരെ കമ്മ്യൂണിസ്റ്റ് ലീഗിന്റെ രണ്ടാം കോൺഗ്രസിൽ സംഘടന മുന്നോട്ടു വെയ്ക്കേണ്ട നയരേഖകളിൽ ചർച്ചകൾ നടക്കുന്നു. എംഗൽസ് തന്റെ വിമർശനങ്ങൾ ഉൾക്കൊളിച്ച രേഖ അവതരിപ്പിച്ചു. തുടർന്ന് ചർച്ചകൾ നടക്കുന്നു. അവിടെ മാർക്സ്‌ നടത്തിയ അഭിപ്രായത്തിന് കോൺഗ്രസിൽ കൂടുതൽ പിന്തുണ കിട്ടുന്നു. തുടർന്ന് കമ്മ്യൂണിസ്റ്റ് ലീഗിന്റെ രണ്ടാം കോൺഗ്രസിൽ എംഗൽസ് അവതരിപ്പിച്ച രേഖയെ മുൻ നിർത്തി അതിലെ സൈദ്ധാന്തികമായ പ്രശ്നങ്ങളെ തിരിച്ചറിഞ്ഞ് രേഖയ്ക്ക് അന്തിമരൂപം നൽക്കാൻ മാർക്സിനെ ചുമതലപ്പെടുത്തുന്നു.

ദി യങ് കാൾ മാർക്സ് (2017)

കോൺഗ്രസ് കഴിഞ്ഞതിനു ശേഷം മാർക്സ് തൊഴിലാളികൾക്കിടയിൽ ക്ലാസെടുത്തും മറ്റു പല പ്രവർത്തനങ്ങളിൽ മുഴുകുന്നു.

1848 ജനുവരി 26 ന് മാർക്സിനു ഒരു കത്തു കിട്ടുന്നു. കമ്മ്യൂണിസ്റ്റ് ലീഗിന്റെ നയരേഖ പെട്ടെന്നുതന്നെ ലഭിക്കണമെന്നുള്ള അഭ്യർത്ഥനായിരുന്നു അത്. മാർക്സ് രേഖ തയ്യാറാക്കുന്നതിൽ കാണിച്ച മടി കമ്മ്യൂണിസ്റ്റ് ലീഗിന്റെ നേതൃത്വത്തെ ചൊടിപ്പിച്ചിരുന്നു.

മാർക്സ് പെട്ടെന്നു തന്നെ തന്റെ ചിന്തകളും എംഗൽസിന്റെ ഫ്രീഡം ഓഫ് ഫെയ്ത്തിലെ വിവരങ്ങളും ചേർത്ത് രേഖ എഴുതാനാരംഭിക്കുന്നു. ജനുവരി മാസത്തിന്റെ അന്ത്യത്തോടെ മാർക്സ് ഒരു നയരേഖ പൂർണ്ണമായി എഴുതി ലണ്ടനിലേക്ക് അയക്കുന്നു.

ലണ്ടനിലെ ബേസിൽ ഗേറ്റിലെ വർക്കേഴ്സ് എഡ്യൂക്കേഷനാണ് 'കമ്മ്യൂണിസ്റ്റ് മാനിഫെസ്റ്റോ 'ആദ്യമായി പ്രസിദ്ധികരിക്കുന്നത്. അന്ന് ആ രേഖയുടെ പേര് 'മാനിഫെസ്റ്റോ ഓഫ് കമ്മ്യൂണിസ്റ്റ് പാർട്ടി' എന്നായിരുന്നു. ജർമ്മൻ ഭാഷയിലാണ് ആദ്യമായി പ്രസിദ്ധീകരിക്കപ്പെടുന്നത്. പിന്നീട് രണ്ട് വർഷം കഴിഞ്ഞ് ഹെലൻ മക്ഫർ പരിഭാഷപ്പെടുത്തിയ ഇംഗ്ലീഷ് പതിപ്പ് ചാർട്ടിസ്റ്റ് മാസികയായ റെഡ് റിപ്പബ്ലിക്കനിൽ 1850 ൽ പ്രസിദ്ധീക്കരിപ്പെട്ടു. ഈ പതിപ്പിലാണ് ആദ്യമായി രചയിതാക്കളായി മാർക്സിന്റെയും എംഗൽസിന്റെയും പേര് പ്രസിദ്ധപ്പെടുത്തുന്നത്.

കമ്മ്യൂണിസ്റ്റ് മാനിഫെസ്‌റ്റോയുടെ ജർമ്മൻ പതിപ്പ് വന്ന കാലത്ത് തന്നെ 1848 കളിൽ യുറോപ്പിലെ രാജവംശങ്ങൾക്കെതിരെ വിപ്ലവങ്ങൾ നടക്കുന്നുണ്ട്. ഫെബ്രുവരിയിൽ ഫ്രാൻസിൽ നിന്ന് ആരംഭിച്ച വിപ്ലവം യൂറോപ്പിലാകെ വ്യാപിക്കുന്നുണ്ട്. ഒറ്റപ്പെട്ട ചില മാറ്റങ്ങൾ ഉണ്ടായെങ്കിലും ഭരണകൂടം വിപ്ലവങ്ങളെ അടിച്ചമർത്തി.

വിപ്ലവങ്ങളിൽ നേരിട്ടു മാനിഫെസ്റ്റോക്ക് വലിയ രീതിയിലുള്ള പങ്കൊന്നുമില്ലെങ്കിലും ആസന്നമായ തൊഴിലാളിവർഗ്ഗ വിപ്ലവത്തെ കുറിച്ച് അതിൽ പ്രവചിച്ചിരുന്നു. വിപ്ലവം അടിച്ചമർത്തിയതോടെ പിന്നെ മാർക്സിനും മാനിഫെസ്റ്റോയുടെ മുന്നാമത് പതിപ്പ് ഇറക്കാനായി താൽപ്പര്യമില്ലായിരുന്നു .

പാരീസ് കമ്മ്യൂണിന്റെ വിജയത്തിന്റെയും തകർച്ചയുടെയും കാലത്താണ് കമ്മ്യൂണിസ്റ്റ് മാനിഫെസ്റ്റോ വീണ്ടും കുടുതൽ ചർച്ചകളിലേക്ക് വരുന്നത്. പിന്നീട് 1872 ലാണ് കമ്മ്യൂണിസ്റ്റ് മാനിഫെസ്റ്റോയെന്ന പേരിൽ ഈ കൃതി പുറത്തിറങ്ങുന്നത്. 1917 ൽ നടന്ന റഷ്യയിൽ നടന്ന ഒക്ടോബർ വിപ്ലവത്തിനു ശേഷമാണ് കമ്മ്യൂണിസ്റ്റ് മാനിഫെസ്റ്റോ ലോകവ്യാപകമായി വലിയ രീതിയിൽ പ്രചരിക്കുന്നത് .

മുതലാളിത്ത വ്യവസ്ഥയ്ക്ക് ബദലായി സോഷ്യലിസവും അതിലുടെ എത്തിചേരുന്ന കമ്മ്യൂണിസമെന്ന വ്യവസ്ഥയും ഇന്നും ചർച്ചയാക്കുന്ന ഈ കൃതി ഇന്നും ലോകത്ത് സജീവമായി നിലനിൽക്കുന്നു.

Thanks for reading Historica! Subscribe for free to receive new posts and support my work.