Jan 10 • 8M

ഉയരങ്ങളുടെ ഹൈഹീൽസ്

11
6
 
1.0×
0:00
-8:29
Open in playerListen on);
History For Everyone
Episode details
6 comments

2018 മെയ് 14 ന് ഫ്രാൻസിൽ 71-ാമത്തെ കാൻ ഫെസ്റ്റിവൽ നടക്കുകയാണ്. ചുവന്ന പരവതാനി വിരിച്ച ആ സ്വീകരണ വഴിയുടെ മുന്നിൽ എത്തിയ ഹോളിവുഡ് അഭിനയത്രിയായ ക്രിസ്റ്റെൻ സ്റ്റൂവേർട്ട് പെട്ടന്ന് തന്നെ താൻ ധരിച്ചിരുന്ന ഹൈഹീൽസ് കാലിൽ നിന്ന് ഊരി മാറ്റി കയ്യിൽ പിടിച്ചുകൊണ്ട് അകത്തേക്ക് കയറി പോയി. കണ്ടുനിന്നവരും കേട്ടറിഞ്ഞവരും അന്ധാളിച്ചു നിൽക്കുകയാണ്. സത്യത്തിൽ അതൊരു പ്രതിഷേധമായിരുന്നു. കാൻ ഫെസ്റ്റിവലിന്റെ അകത്തേക്ക് പ്രവേശിക്കണമെങ്കിൽ സ്ത്രീകൾ നിർബന്ധമായും ഹൈഹീൽസ് ധരിച്ചിരിക്കണം എന്ന നിയമത്തിനെതിരെയുള്ള പ്രതിഷേധം. സ്ത്രീകൾക്കും പുരുഷൻമാർക്കും ഒരുപോലെ ഈ നിയമം ബാധകമാവാത്തതെന്ത് എന്ന വാദമാണ് ക്രിസ്റ്റെൻ അവിടെ മുന്നോട്ട് വച്ചത്. എന്നാൽ ഒരിക്കൽ ഇത് പുരുഷന്മാർക്ക് മാത്രം ബാധകമായിരുന്ന നിയമമായിരുന്നു എന്നതാണ് ഏറെ രസകരം. അങ്ങനെയാണെങ്കിൽ ഈ ഹൈഹീൽസ് നടന്ന് വന്ന ചരിത്രത്തിലേക്ക് ഒന്ന് തിരികെ നടക്കാം നമുക്ക്.

പത്താം നൂറ്റാണ്ടിലെ പുരാതന ഇറാൻ. ആ സമയത്ത് ഇറാൻ അറിയപ്പെട്ടിരുന്നത് പേർഷ്യ എന്ന പേരിലാണ്. പേർഷ്യക്കാർ കുതിരപുറത്തിരുന്നുള്ള അഭ്യാസവിദ്യകളിൽ കേമന്മാരായതുകൊണ്ടു തന്നെ സൈന്യത്തിന്റെ ഒരു പ്രധാന പങ്ക് വഹിച്ചിരുന്നത് അവരായിരുന്നു. അപ്പോൾ യുദ്ധ സമയങ്ങളിൽ കുതിരപുറത്തിരുന്നു കൊണ്ട് തന്നെ അമ്പെയ്യേണ്ടി വന്നിരുന്നു. അത് അത്ര നിസ്സാരവുമായിരുന്നില്ല. കടുത്ത പരിശീലനത്തിലൂടെയും, അതോടൊപ്പം പ്രത്യേക രീതിയിൽ വിപുലീകരിച്ചെടുത്ത പാദരക്ഷയിലൂടെയുമാണ് അത് സാധ്യമാക്കിയിരുന്നത്. അങ്ങനെയാണ് ഹൈഹീൽസിന് ആദ്യമായി രൂപാന്തരപ്പെടുന്നത്.

അമ്പെയ്യുന്നതിനു വേണ്ടി പാദങ്ങൾ ഉയർത്തുമ്പോൾ, തങ്ങളുടെ കാലുകൾക്ക് കൂടുതൽ സ്ഥിരത നൽകാനായിട്ടാണ് ആദ്യമായി ഹൈഹീൽസുകൾ ഉപയോഗിച്ചിരുന്നത്. വ്യാപാരത്തിൻറെ കാര്യത്തിൽ ഇറാനും യൂറോപ്പും ശക്തമായ ബന്ധം പുലർത്തിയിരുന്നതുകൊണ്ട് പതിനാറാം നൂറ്റാണ്ടോടെ തന്നെ ഹൈഹീൽസുകൾക്ക് യൂറോപ്പിലേക്ക് നടന്നു നീങ്ങാൻ വലിയ പ്രയാസമൊന്നുമില്ലായിരുന്നു. അങ്ങനെ യൂറോപ്പിലുടനീളമുള്ള പുരുഷൻമാരുടെ ആരാധനാപാത്രമായി മാറുകയായിരുന്നു ഹൈഹീൽസ്. ഏതാണ്ട്‌ ഇതേ സമയം സ്ത്രീകളും ചെറിയ തോതിൽ ഹൈഹീൽസ് ഉപയോഗിക്കാൻ തുടങ്ങി. സ്ത്രീകളുടെ ഹീൽസുകൾക്ക് പുരുഷന്മാരുടേതിനെ അപേക്ഷിച്ച് കനം കുറവായിരുന്നു. ഫാഷൻ എന്നതിലുപരി ഇവരെയൊക്കെ ഹൈഹീൽസിലേക്ക് ആകർഷിച്ചത് മറ്റൊരു കാരണമാണ്. ചെളിയിൽ നിന്നും അഴുക്കിൽ നിന്നുമൊക്കെ തങ്ങളുടെ യഥാര്‍ത്ഥ ഷൂസ് സംരക്ഷിക്കുന്നതിനായി അവർ ഹൈഹീൽസിനെ ഉപയോഗിക്കാമെന്നു തീരുമാനിക്കുകയായിരുന്നു. അങ്ങനെ അത്തരത്തിലുള്ള ഹൈഹീൽസുകൾക്ക് 'ചോപൈൻസ്' അഥവ 'ഔട്ടർ ഷൂസ്' എന്ന പേരും കിട്ടി. കോർക്ക് അല്ലെങ്കിൽ ലോഹം കൊണ്ട് നിർമിച്ച ഇവ ഇറ്റലിയിലെ വേശ്യകൾക്കിടയിലായിരുന്നു കൂടുതൽ പ്രചാരണത്തിലുണ്ടായിരുന്നുത്. ഈ ചോപൈൻസുകൾക്ക് 20 ഇഞ്ച് വരെ ഉയരുവുമുണ്ട്. ചെളിയിൽ നിന്നും പൊടിയിൽ നിന്നുമൊക്കെ തങ്ങളുടെ ഷൂസ് സംരക്ഷിക്കുന്നതിനായി ഇവ ധരിക്കുന്നവർ ഒന്ന് നിവർന്ന് നിൽക്കാൻ പോലും മറ്റുള്ളവരുടെ സഹായം തേടേണ്ടിവന്നു എന്നുള്ളത് രസകരമായ വേറൊരു സത്യമാണ്.

വേശ്യാവൃത്തിയിൽ ഏർപ്പെടുന്നവർ ഒഴികെ ഫാഷൻ ഹൈഹീൽസ് പുരുഷന്മാർ മാത്രമേ ഉപയോഗിച്ചിരുന്നുള്ളു. യൂറോപ്യൻ പുരുഷൻമാർക്ക് ഈ പാദരക്ഷകളോട് ഒരു പ്രത്യേക ഇഷ്ടമായിരുന്നു. ഹൈഹീൽസ് ധരിക്കുമ്പോൾ പുരുഷൻമാർ കൂടുതൽ ഉയരമുള്ളവരായി തോന്നിപ്പിച്ചിരുന്നു എന്നതാണ് ഈ ഇഷ്ട്ടത്തിന് പിന്നിലുള്ള പരസ്യമായ ആ രഹസ്യം. അധിക സമ്പത്തുള്ളവർക്കും ശാരീരിക അധ്വാനം കുറവുള്ളവർക്കുമെ ഹൈഹീൽസ് ധരിക്കാൻ പറ്റുകയുള്ളൂ എന്ന വസ്തുതകൊണ്ട് തന്നെ, യൂറോപ്പിലുടനീളം സമ്പത്തിന്റെയും പദവിയുടെയും പൗരുഷത്വത്തിന്റെയും പ്രതീകമായി ഹൈഹീൽസ് മാറി.

ഹൈഹീൽസുമായി ബന്ധപ്പെട്ട് ഏറ്റവും പ്രശസ്തനായ ചരിത്ര വ്യക്തികളിൽ ഒരാളാണ് ഫ്രാൻ‌സിലെ ലൂയി പതിനാലാമൻ രാജാവ്. പതിനേഴാം നൂറ്റാണ്ടിൽ ഉയർന്ന പദവിയുള്ള ചെറിയ പൊക്കമുള്ള പുരുഷന്മാർക്ക് ഹൈഹീൽസ് എന്താണ് അർത്ഥമാക്കുന്നത് എന്നതിന് ഒരു പ്രധാന ഉദാഹരണമാണ് അദ്ദേഹം.

അദ്ദേഹത്തിന്റെ എണ്ണമറ്റ ഛായചിത്രങ്ങളിൽ എവിടെയും മനോഹരവും ആഡംബരവുമായ ഹൈഹീൽസുകൾ കാണാവുന്നതാണ്.

രാജാകീയ പ്രൗഡിയുടെ ചിഹ്നമെന്നോണമാണ് തന്റെ പാദരക്ഷകളിൽ നിറം പൂശാനായി വിലയേറിയ ചുവന്ന ഛായങ്ങൾ ഉപയോഗിച്ചിരുന്നത്. ഇതിലുപരി തന്റെ സഭയിൽ ചുവന്ന ഹൈഹീൽസ് ഷൂ ധരിക്കാതെ വരുന്നവർക്ക് വിലക്ക് കല്പിച്ചിരുന്നതിലൂടെയും ലൂയി പതിനാലാമന്റ ഹൈഹീൽസിനോടുള്ള ഭ്രമത്തിന്റെ ആഴം നമുക്ക് മനസിലാക്കാവുന്നതെയുള്ളു. തനിക്ക് ചുറ്റുമുള്ള പുരുഷന്മാരെ തന്റെ നിലവാരത്തിനൊത്ത് വസ്ത്രം ധരിക്കാൻ അദ്ദേഹം പ്രചോദിപ്പിച്ചിരുന്നു.

പതിനെട്ടാം നൂറ്റാണ്ടിന്റെ അവസാനത്തോടെ സ്ത്രീകളും ഫാഷൻ ഹീൽസ് ധരിച്ച് തുടങ്ങിയിരുന്നു. ഫ്രഞ്ച് വിപ്ലവത്തിന്റെ കാലഘട്ടത്തിൽ ഹൈഹീൽസിനെ സംബന്ധിച്ച പൊതുജന കാഴ്ചപ്പാടുകൾ മാറാൻ തുടങ്ങി. പുരുഷന്മാരും സ്ത്രീകളും ഒരേപോലെ ഹൈഹീൽസിൽ നിന്നും ഫ്ലാറ്റ് ഷൂസുകളിലേക്ക് മാറി. രാജാകീയ പ്രൗഢിയെ എടുത്തുകാണിക്കുന്നതിന് പകരം 

കൂടുതൽ അനുയോജ്യമായ രീതിയിൽ പാദരക്ഷകൾ ധരിക്കുന്നത് ഒരു വിപ്ലവകരമായ മാറ്റമായിരുന്നു. അതോടൊപ്പം ഹൈഹീൽസ് പുരുഷന്മാരെ സംബന്ധിച്ച് ഒരു പഴഞ്ചൻ ഫാഷൻ ആവുകയും ചെയ്തു.

എന്നാൽ പത്തൊൻപതാം നൂറ്റാണ്ടോടെ ഹൈഹീൽസ് ഒരു തിരിച്ചുവരവിന് ശ്രമിച്ചു. പക്ഷെ ഈ തവണ സ്ത്രീകളിൽ മാത്രം ഒതുങ്ങികൂടാനെ കഴിഞ്ഞിരുന്നുള്ളു.സ്ത്രീകളിൽ കൂടുതൽ സ്ത്രൈണ സൗന്ദര്യത്തെ എടുത്ത് കാണിക്കുന്നതിനായി ഹൈഹീൽസ് ഒരു പരിശ്രമം നടത്തുക തന്നെ ചെയ്തു. ആ കാലത്തെ പോണോഗ്രാഫിക്ക് ഫോട്ടോഗ്രാഫർമാർ സ്ത്രീകളെ ഹൈഹീൽസ് ധരിപ്പിച്ച് കൂടുതൽ സെക്സിയായി കാണിച്ചുവെന്നും, അതുവഴി കൂടുതൽ ബോൾഡായ ചിത്രങ്ങൾ എടുക്കാൻ സാധിക്കുമെന്നും അവർ കണ്ടെത്തി.

1950 കൾ ആയപ്പോഴേക്കും സാങ്കേതിക മുന്നേറ്റങ്ങൾ കാരണം ഹൈഹീൽസ് കനം കുറഞ്ഞതും കൂടുതൽ ഉയരുമുള്ളതുമാവുകയും ചെയ്തു. അങ്ങനെയാണ് സ്റ്റൈലെറ്റോസ് എന്ന ഹൈഹീൽസിന്റെ പുതിയ വേർഷന് ജന്മം കൊള്ളുന്നത്. ഇത്തരത്തിലുള്ള ഹൈഹീൽസുകൾ ആ കാലത്തെ നിരവധി സ്ത്രീകളുടെ പ്രധാന വാർഡ്രോബ് വസ്തുവായി മാറി. അങ്ങനെ പതിയെ സെലിബ്രിറ്റി ലോകം ഇരുകയ്യും നീട്ടി ഹൈഹീൽസിനെ ഏറ്റെടുത്തു.

50 കളിലെ ഏറ്റവും പ്രശസ്ത ഫാഷൻ ഐക്കണുകളായ മെർലിൻ മൺറോയെയും, ഔഡ്രി ഹെപ്ബേണിനെയും പോലുള്ളവർ ഹൈഹീൽസ് ഉപയോഗിച്ചതിലൂടെ സ്ത്രീകളുടെ ഇടയിൽ വലിയ ഒരു സ്വീകാര്യത ഹീൽസിന് ലഭിച്ചു. ഇത് യൂറോപ്പിന്റെ മാത്രമല്ല ലോകത്തുടനീളമുള്ള ഹൈഹീൽസുകളുടെ സുവർണ്ണകാലഘട്ടമായി കാണാവുന്നതാണ്.

1970 കളോടെ പുരുഷൻമാരെ പ്രീതിപ്പെടുത്താൻ വസ്ത്രം ധരിക്കുന്നതിൽ സ്ത്രീകൾ വിരക്തി കാണിച്ച് തുടങ്ങി. രണ്ടാം ഫെമിനിസത്തിന്റെ തരംഗത്തോടുകൂടി ഈ അപ്രായോഗിക ഷൂസിനെതിരെ സ്ത്രീകൾ തിരിഞ്ഞതോടെ ഫാഷൻ ലോകത്ത് നിലനിൽക്കാൻ ഹൈഹീൽസ് നന്നെ പാടുപെട്ടു എന്ന് തന്നെ പറയാം. ഉയർച്ചയും താഴ്ചയും വിജയ യാത്രയിൽ പതിവാണ്.

എന്നിരുന്നാലും 80 കളിൽ മഡോണയെ പോലുള്ള സെലിബ്രിറ്റികൾ ഫാഷന്റെ ഒരു പുതിയ മുഖം എന്ന രീതിയിൽ ഹൈഹീൽസിനെ ധരിച്ചു കാണിച്ചു. ഇതോടുകൂടി ഇരുണ്ടുവീണ പടവുകളിൽ നിന്ന് താരപദവിയുടെ ഉച്ചസ്ഥായിലേക്ക് നടന്ന് കയറുകയായിരുന്നു ഹൈഹീൽസ്. ഒരിക്കൽ പേർഷ്യയിൽ നിന്ന് തുടങ്ങി ഇന്ന് ഫാഷൻ രംഗത്തെ ഒഴിച്ചുകൂടാൻ പറ്റാത്ത ഒന്നായി ഹൈഹീൽസ് മാറിയിരിക്കുകയാണ്.

പ്രായോഗിക പാദരക്ഷകൾ മുതൽ അപ്രായോഗികമായ ഫാഷൻ ഇനങ്ങൾ വരെ ആദ്യം പുരുഷന്മാരിൽ നിന്ന് സ്ത്രീക്കളിലേക്കും പിന്നെ ഫാഷനിൽനിന്നും എന്നന്നേക്കുമായി മാഞ്ഞുപോകുകയാണ് പതിവ്. എന്നാൽ ഒരിക്കലും അപ്രത്യക്ഷമാകാതെ ഉയർന്ന ഹൈഹീൽസ് ഇന്നും നിലനിൽക്കുകയാണ്.

ലിംഗ മാനദണ്ഡങ്ങൾക്ക് പുറത്തുള്ള വസ്ത്രധാരണത്തിൽ കൂടുതൽ ആളുകൾ പരീക്ഷണം നടത്തുന്നതിനാൽ തന്നെ ഭാവിയിൽ ഹൈഹീൽസ് വീണ്ടും പുരുഷൻമാരുടേത് കൂടി ആയി മാറുമോ എന്നത് നിർവചിക്കാൻ പറ്റാത്ത ഒന്നാണ്.

Thanks for reading Historica! Subscribe for free to receive new posts and support my work.