Feb 22 • 13M

'ഫ്രീഡം ഫൈറ്റിലെ' സ്വാതന്ത്ര്യ സമരങ്ങൾ

5
22
 
1.0×
0:00
-12:57
Open in playerListen on);
History For Everyone
Episode details
22 comments

If we don't believe in freedom of expression for people we despise, we don't believe in it at all - Noam Chomsky

.ടി.ടിയിൽ ഫെബ്രുവരി 11, 2022ൽ റിലീസായ ഫ്രീഡം ഫൈറ്റ് എന്ന ചലച്ചിത്രം സാമൂഹിക ലോകത്തിലെ വളരെ ഗൗരവമേറിയ അസ്വാതന്ത്ര്യങ്ങളുടെയും അസമത്വങ്ങളുടെയും ആന്തോളജി ചലച്ചിത്രമാണ്. അഞ്ചു സംവിധായകന്മാർ, അഞ്ചു ചെറിയ ചലച്ചിത്രങ്ങളിലൂടെ ദേശ രാഷ്ട്രത്തിലെ തുടരുന്ന സ്വാതന്ത്ര്യ പോരാട്ടങ്ങൾ, അവയുടെ വ്യത്യസ്ത സന്ദർഭങ്ങളിലും, സാഹചര്യങ്ങളിലും അവതരിപ്പിച്ചിരിക്കുന്നു. ഇതിലെ ഒന്നാമത്തെ ചെറു സിനിമ, 'ഗീതു അൺചെയിൻഡി'ൽ കഴുത്തിൽ വന്നു വീഴേണ്ടിയിരുന്ന കുരുക്കിനെ, ഒറ്റ തെറി വിളിയിൽ അവസാനിപ്പിച്ച്, തന്റെ സ്വാതന്ത്ര്യം പ്രഖ്യാപിച്ച പെൺകുട്ടിയുടെ പോരാട്ട വീര്യമാണ് പ്രതിപാദ്യ വിഷയം. 'പോടാ മയിരേ' എന്നു വിളിച്ച്, തന്നെ പരിഹസിച്ച ഭാവി വരനെ വിരട്ടിയോടിക്കുന്നതിലൂടെ പെണ്ണിന്റെ സ്വാതന്ത്ര്യത്തിനു വേണ്ടിയുള്ള പോരാട്ടം തുടങ്ങുകയാണ്. ഗ്രേറ്റ് ഇന്ത്യൻ കിച്ചൺ എന്ന സിനിമയിൽ മലിനജലം തന്റെ ജീവിതത്തെ കാരാഗൃഹത്തിലാക്കിയ ഭർത്താവിന്റെ മുഖത്തേക്ക് ഒഴിച്ച് സ്വാതന്ത്ര്യത്തിലേക്ക് കുതിച്ച പെൺകുട്ടിയുടെ പുതിയ എഡിഷൻ തന്നെയാണ് ഗീതു അൺചെയിൻഡിൽ മലയാളി കാണുന്നത്. തങ്ങളെ ചെയിൻഡ് ആക്കിയിരിക്കുന്ന പുരുഷമേധാവികൾക്കെതിരെ സഭ്യതയുടെ അതിർവരമ്പുകൾക്കുള്ളിൽ നിൽക്കേണ്ട മര്യാദാ സംസ്‌കാരം തന്നെയാണ് ഏറ്റവും വലിയ തെറ്റ് എന്ന് സിനിമ പഠിപ്പിക്കുന്നു.

ഗീതു അൺചെയിൻഡ്

വ്യക്തിഗതമായ ചങ്ങലക്കിടീലിൽ നിന്നും, കൂട്ടത്തോടെ ചങ്ങലയിലകപ്പെട്ട പാവപ്പെട്ട സ്ത്രീ തൊഴിലാളികളാണ്, ഈ ആന്തോളജി സിനിമയിലെ രണ്ടാം അധ്യായം. രണ്ടാം അധ്യായമെന്ന്, ഈ ചലച്ചിത്രത്തെ വിശേഷിപ്പിച്ചതിന് കാരണമുണ്ട്. കുഞ്ഞില മസ്സിലാമണിയുടെ, അസംഘടിതർ, ഒരേ സമയം ഡോക്കുമെന്ററിയും, ഫീച്ചർ ഫിലിമുമായാണ് അവതരിപ്പിച്ചിരിക്കുന്നത്. കോഴിക്കോട് മിഠായിത്തെരുവിൽ ജോലി ചെയ്തിരുന്ന സ്ത്രീകളുടെ അടിസ്ഥാന അവകാശങ്ങൾ പോലും അവഗണിച്ചപ്പോഴാണ് വിജിയുടെ നേതൃത്വത്തിൽ പെൺകൂട്ട് എന്ന സംഘടന നിലവിൽ വരുന്നത്. കച്ചവട ചരക്കുകൾക്കിടയിലെ ചരക്കുകൾ മാത്രമാണ് സ്ത്രീ തൊഴിലാളികൾ എന്നു കരുതിയിരുന്ന കച്ചവടക്കാർക്കെതിരെ നടത്തുന്ന പോരാട്ടമാണ് ചിത്രത്തിന്റെ ഗവേഷണ പ്രശ്‌നം. വിജിയും, ആക്ടിവിസ്റ്റുകളായ അജിതയും, കബനിയുമൊക്കെ സിനിമയിലെ യഥാർത്ഥ കഥാപാത്രങ്ങളായി മാറിയിരിക്കുകയാണിവിടെ. മൂത്രമൊഴിക്കാൻ കുപ്പിയുമായി പായുന്ന നായിക, ഈ കാലഘട്ടത്തിലും നിഷേധിക്കപ്പെടുന്ന മനുഷ്യാവകാശത്തെയാണ് പ്രശ്‌നവൽക്കരിക്കുന്നത്. മിഠായിത്തെരുവിലെ കടകളിൽ സ്ത്രീകൾ സ്വല്പമിരുന്നു പോയാൽ ശമ്പളം കുറയ്ക്കുന്ന ക്രൂരതയൊക്കെ നിലനിന്നിരുന്നു. സംഘടിച്ച് മാത്രമേ തങ്ങളുടെ അവസ്ഥയിൽ നിന്നുമുള്ള വിമോചനം സാധ്യമാകൂ എന്നാണ് അസംഘടിതർ നമ്മോട് പറയുന്നത്.

മൂന്നാമത്തെ ചലച്ചിത്രമായ, റേഷൻ, മതിലുകൾക്കപ്പുറത്തും ഇപ്പുറത്തും ജീവിക്കുന്ന പണക്കാരന്റെയും പാവപ്പെട്ടവന്റെയും ജീവിതമാണ് ഇതിവൃത്തമാക്കിയിരിക്കുന്നത്. സമ്പന്നതയിൽ തിമിർത്തു മറിയുന്ന കുടുംബത്തിന് ഒരു കടയിലെ ജോലിക്കാരന്റെ കുടുംബത്തെ അറിയാതെ പോവുന്നു, അതും തൊട്ടപ്പുറത്തു താമസിക്കുന്നവർ. 1947 ൽ സ്വാതന്ത്ര്യം നേടിയ രാജ്യത്തിന്റെ അപ്പുറവുമിപ്പുറവുമാണ് ഈ കുടുംബങ്ങൾ. തങ്ങളുടെ വീട്ടിലെ വലിയ ഫ്രിഡ്ജിൽ പോലും സ്ഥലം തികയാതെ അയൽപക്കത്തെ പാവപ്പെട്ടവന്റെ വീട്ടിൽ സൂക്ഷിക്കാൻ കൊടുത്ത മേൽത്തരം നന്മീനാണ് കഥയിലെ ആശയപ്പൊരുൾ വ്യക്തമാക്കുന്ന സൂചകം. അറിയാതെ അത് പാകം ചെയ്തു കഴിച്ചതിന്റെ ശിക്ഷ, തന്റെ മോതിരം വിറ്റ് ഒഴിവാക്കുന്ന പാവപ്പെട്ട വീട്ടമയുടെ ദുരവസ്ഥയാണ് ചിത്രം വരച്ചുകാട്ടുന്നത്. ഇതേ നന്മീൻ കറിവച്ചത് ആരും ഭക്ഷിക്കാതെ പണക്കാരന്റെ വീട്ടിൽ നിന്നും മാലിന്യ വസ്തുവായി വരുന്നതും പ്രേക്ഷകൻ കാണുന്നു. ഫ്രഞ്ച് വിപ്ലവത്തിന്റെ കാലഘട്ടത്തിൽ 99 ശതമാനം മനുഷ്യർ പട്ടിണിമൂലം മരിച്ചപ്പോൾ, ഒരു ശതമാനം പേർ ദഹനക്കുറവുമൂലമാണ് മരണമടഞ്ഞതെന്നതിനെ ഓർമ്മിപ്പിക്കുകയാണ് റേഷൻ എന്ന ചലച്ചിത്രം.

അസംഘടിതർ

ജിയോ ബേബിയുടെ, ഓൾഡ് ഏജ് ഹോം ആണ് ഇതിലെ നാലാമത്തെ ചിത്രം. പെൻഷൻ പറ്റിയ, ഡിമെൻഷ്യ ബാധിച്ച കുടുംബനാഥൻ തന്റെ സ്വാതന്ത്ര്യം എന്താണെന്നു തിരിച്ചറിയാൻ പോലും കഷ്ടപ്പെടുന്നതാണ് സിനിമയുടെ ഇതിവൃത്തം. അദ്ദേഹത്തിന്റെ ഭാര്യയാകട്ടെ, അസ്വാതന്ത്ര്യത്തിൽ നിന്നും ചെറുകിട ബിസിനസ്സിന്റെ തിരക്കിലേക്കും സ്വാതന്ത്ര്യത്തിലേക്കും കരകയറിയിരിക്കുന്നു. തന്റെ കുടുംബത്തിൽ നിന്നും ഇറങ്ങി പോരേണ്ടി വന്ന സാധു സ്ത്രീയും കൂടി ഇവരുടെ കൂടെ ചേർന്നപ്പോൾ ഓൾഡ് ഏജ് ഹോം പൂർത്തിയായി. കേരളത്തിൽ ഇന്നു കാണുന്ന ഓൾഡ് ഏജ് ഹോമുകൾ, ഇത്തരത്തിൽ മക്കളെല്ലാം വിദേശ രാജ്യങ്ങളിലായതു മൂലം സംജാതമായ സാമൂഹിക അവസ്ഥയാണെന്ന് പറയാതെ പറയുകയാണ് ഈ ചെറു സിനിമ. ഒരു മനുഷ്യന്റെ ജീവിതത്തിലെ ചെറു സ്വാതന്ത്ര്യങ്ങൾ ഇല്ലാതാവുമ്പോഴുള്ള അവസ്ഥയാണ് ഈ സിനിമ പറഞ്ഞു വയ്ക്കുന്നത്. വാർധക്യത്തിൽ സ്വന്തം സ്വാതന്ത്ര്യം കണ്ടെത്തിയ കുടുംബനാഥയും, രോഗങ്ങൾ മൂലം സ്വാതന്ത്ര്യം നഷ്ടപ്പെട്ട കുടുംബ നാഥനും, ഒരോ കുടുംബത്തിലെയും ആൺ-പെൺ സ്വാതന്ത്ര്യത്തിന്റെ വ്യത്യസ്ത മുഖങ്ങളാണ്. ജോലി നഷ്ടപ്പെട്ട് അവസാനം പെരുവഴിയിലായ സ്ത്രീയും തന്റെ സ്വാതന്ത്ര്യ സമര മുഖത്തു തന്നെയാണ് നിലകൊള്ളുന്നത്.

ഈ സമാഹാരത്തിലെ അവസാന ചിത്രമായ പ്ര.തൂ.മു സമൂഹത്തിലെ ഏറ്റവും താഴത്തെ ശ്രേണിയിലെ, മേൽത്തട്ടുകാരുടെ വിസർജ്യം പേറേണ്ടവരായ, ആധുനിക അടിമകളുടെ ജീവിത കഥയാണ് പറഞ്ഞു വെക്കുന്നത്. ഒരു രാഷ്ട്രീയ നേതാവിന്റെ വീട്ടിലെ കക്കൂസ് കുഴി വൃത്തിയാക്കാൻ വന്ന തോട്ടിപ്പണിക്കാരന്റെ മുഖത്തേക്കും തലയിലേക്കും അപ്പോൾ വന്നു വീഴുന്ന മനുഷ്യ വിസർജ്യം അടിമത്വത്തിന്റെ ആധുനിക ഭാവങ്ങളെ ശക്തമായി ചിത്രീകരിച്ചിരിക്കുന്നു. ഇന്ത്യയുടെ ജാതി വ്യവസ്ഥയുടെ ഭീകരമുഖമാണ് ഈ ചലച്ചിത്രം ദൃശ്യവൽക്കരിച്ചിരിക്കുന്നത്. ഇതു ചോദ്യം ചെയ്യാൻ വന്ന തോട്ടിപ്പണിക്കാരന്റെ ഒരു ചവിട്ടേൽക്കുന്നുണ്ടെങ്കിലും, അവന്റെ തലയ്ക്കു മുകളിൽ മലമൂത്ര വിസർജ്ജനം നടത്തുന്ന രാഷ്ട്രീയ ഭീകരനെയാണ് സിനിമ കാണിച്ചവസാനിപ്പിക്കുന്നത്. എല്ലാറ്റിനും മേലെയുള്ള ജാതിവിവേചനത്തിന്റെ ദുരന്ത ചിത്രമാണ് പ്ര.തൂ.മു. ഏറ്റവും അവസാനത്തെ ചിത്രമായി വന്നുവെങ്കിലും സ്വാതന്ത്ര്യ സമരത്തിലേക്കുള്ള തുടക്കം ഗംഭീരമാക്കിയതും ഈ ചലച്ചിത്രം തന്നെയാണ്.

റേഷൻ

വ്യക്തി ജീവിതങ്ങളിൽ നിന്നും സമകാലീന വർത്തമാന വ്യവഹാരങ്ങളിലേക്ക് ഊളിയിട്ടിറങ്ങുന്ന സിനിമാ രീതിയാണ് ഫ്രീഡം ഫൈറ്റ് തെരഞ്ഞെടുത്തിരിക്കുന്ന കഥപറച്ചിൽ. പാഠപുസ്തകങ്ങളിലും, ചർച്ചകളിലും, ഗവേഷണ പ്രബന്ധങ്ങളിലും നാം നിത്യേന കേൾക്കുന്ന സാമൂഹിക പ്രശ്‌നങ്ങളെ സിനിമാ ആഖ്യാന രീതിയിൽ നിന്നു കൊണ്ടു തന്നെ പ്രശ്‌നവൽക്കരിക്കുന്ന അക്കാദമിക് സമീപനമാണ് ഈ ആന്തോളജിയിൽ കാണുന്നത്. ഒരു നോട്ടത്തിൽ അക്കാദമിക്കുകൾക്കു പറ്റാത്തത് സാധ്യമാക്കിയ ചലച്ചിത്ര അക്കാദമിക്‌സാണ് ഇതിന്റെ സവിശേഷത. ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളിലും, സർവകലാശാലകളിലും പഠന/ഗവേഷണ വിഷയമാകുന്ന പ്രശ്‌നങ്ങൾ മനസ്സിൽത്തട്ടുന്ന രീതിയിൽ ഈ ആന്തോളജി സിനിമയിൽ ദൃശ്യാവിഷ്‌ക്കരിക്കപ്പെട്ടിരിക്കുന്നു. ഇതിലെ സ്വാതന്ത്ര്യ പോരാട്ടങ്ങൾ പ്രസരിപ്പിക്കുന്ന വീര്യം ഒരോ കുടുംബത്തിലുമെത്തുമെന്നതും, അവിടെ ചില പ്രതിഫലനാത്മകമായ ചിന്തകൾക്കു വഴിതെളിക്കുമെന്നതും സാധ്യതയുള്ള കാര്യങ്ങളാണ്. പാഠങ്ങൾക്ക് കൊടുക്കുവാൻ പറ്റാത്ത പോരാട്ട മനോവീര്യം ചലച്ചിത്രങ്ങൾക്ക് കൊടുക്കാൻ പറ്റുമെന്നത് തെളിയിക്കുന്ന ചലച്ചിത്രങ്ങളാണ് നാം ഈ കാലഘട്ടത്തിൽ കണ്ടുവരുന്നത്. ഈയടുത്തകാലത്തിറങ്ങിയ ജയ് ഭീം എന്ന ചലച്ചിത്രം ഫീച്ചർ ഫിലിമിന്റെ ഴോണറിൽ നിൽക്കുമ്പോഴും, സ്വതന്ത്ര ഇന്ത്യയിലെ ദുരന്തങ്ങളുടെ തീവ്രത പ്രേക്ഷകർക്കനുഭവവേദ്യമാക്കിയ ചരിത്ര സിനിമ തന്നെയാണ്. ഫ്രീഡം ഫൈറ്റാണെങ്കിൽ, വ്യത്യസ്ത സാമൂഹിക തുറകളിൽ വ്യാപൃതരായ സ്വാതന്ത്ര്യം പല രീതിയിൽ നഷ്ടമായവരുടെ ചലച്ചിത്രമാണ്.

ഓൾഡ് ഏജ് ഹോം

വളരെ ഗൗരവമേറിയ ചർച്ചകളിലേക്കാണ് ഈ ചലച്ചിത്ര സമാഹാരം നമ്മെ നയിക്കുന്നത്. അധികാരമെന്നത് രാഷ്ട്രീയ-ഉദ്യോഗസ്ഥ തലത്തിൽ മാത്രം കാണേണ്ട ഒന്നല്ല. എല്ലാ സാമൂഹിക ഇടങ്ങളിലും അധികാരിയുടെ അധികാര പ്രയോഗം നമുക്കു കാണുവാൻ സാധിക്കും. ഗീതു അൺചെയിൻഡിൽ, അതു സ്വന്തം ഭവനത്തിലും, കാമുകനിലും കാണുവാൻ സാധിക്കും. മൂത്രമൊഴിക്കാൻ പോയാൽപ്പോലും ചീത്ത വിളിക്കുന്ന കട മുതലാളി ഏറ്റവും വലിയ അധികാരിയായി മാറുന്നു എന്ന് അസംഘടിതർ കാട്ടിത്തരുന്നു. റേഷനിൽ ഒരു തുണ്ടം നന്മീൻ എന്ന മത്സ്യത്തിന്റെ രൂപത്തിലാണ് അധികാരം വന്നു ചേരുന്നത്. അവസാനം അധികാരി സൃഷ്ടിക്കുന്ന മാലിന്യത്തെ വരച്ചുകാട്ടുകയും ചെയ്യുന്നു. ഓൾഡ് ഏജ് ഹോമിൽ, മറവി മൂലം അധികാരം നഷ്ടപ്പെട്ടപ്പോഴും തന്റെ സുഖജീവിതത്തിന്റെ ഓർമ്മയിൽ അധികാരമുറപ്പിക്കാൻ ശ്രമിക്കുന്ന രോഗിയായ ഭർത്താവിനെയും, വളരെ കാലത്തിനു ശേഷം സ്വന്തമായി ജീവിക്കാൻ തുടങ്ങിയ ഭാര്യയുടെ സ്വാതന്ത്ര്യ പ്രഖ്യാപനവും കാണുന്നു. കീഴാളർ ജനതയെ തങ്ങളുടെ വിസർജ്യം പേറാൻ മാത്രം ഉപയോഗിക്കുന്ന വരേണ്യവർഗ്ഗത്തിന്റെ മനോഭാവമായി കാണുകയാണ് പ്ര.തൂ.മു. ഇതു കാണുന്ന പ്രജാപതിമാർക്ക് തൂറാൻ മുട്ടുമെന്നതിൽ സംശയമില്ല. അതു തന്നെയാണ് ഈ ചലച്ചിത്രത്തിന്റെ രാഷ്ട്രീയം നമ്മോടു പറയുന്നതും.

സ്വാതന്ത്ര്യത്തിന്റെ വ്യത്യസ്ത അർത്ഥ തലങ്ങളെയാണ് ഫ്രീഡം ഫൈറ്റ് വിഭാവന ചെയ്തിരിക്കുന്നത്. ഒരു പെൺകുട്ടിയുടെ വിവാഹം വെറും കുടുംബ അവകാശമായി മാറുമ്പോൾ അവൾക്ക് സ്വാതന്ത്ര്യം നഷ്ടമാകുന്നതിനെ കൃത്യമായി ഗീതു അൺചെയിൻഡ് പ്രതിനിധാനം ചെയ്യുന്നു. അസംഘടിതരിൽ, മൂത്രമൊഴിക്കലിന്റെ അവകാശത്തെപ്പോലും ചോദ്യം ചെയ്യുന്ന കച്ചവട മനസ്സാക്ഷിയെ ദൃശ്യവൽക്കരിക്കുന്നതിലൂടെ മുതലാളിത്ത വ്യവസ്ഥയുടെ ഭീകരാവസ്ഥ തുറന്നു കാണിക്കുന്നു. റേഷനിൽ, വില കൂടിയ മത്സ്യം കഴിക്കുന്നതിന്റെ സ്വാതന്ത്ര്യം തന്നെയാണ് പ്രമേയം. രുചി ബോധങ്ങൾ ഒരു ദേശ രാഷ്ട്രത്ത് എങ്ങനെയാണ് വർഗ്ഗീകരിച്ചിരിക്കുന്നതെന്ന സിനിമാറ്റിക് വിശകലനമാണ് സിനിമ മുന്നോട്ടുവയ്ക്കുവാൻ ശ്രമിക്കുന്നത്. അവസാന ചിത്രമായ പ്ര.തൂ.മു യിൽ മനുഷ്യാവകാശത്തിന്റെ മുകളിൽ വിസർജിച്ചു വയ്ക്കുന്ന ആധിപത്യ രാഷ്ട്രീയമാണ് പ്രമേയം. ഇവിടെ, ചൂഷണത്തിനും, സ്വാതന്ത്ര്യമില്ലായ്മക്കും വിധേയപ്പെടുന്നവർ എല്ലാവരും രാജ്യത്തിലെ പൗരന്മാർ തന്നെയാണെന്നുള്ളത്, ഈ ചലച്ചിത്രത്തിന്റെ ഉള്ളറയിലെ കാതലായ രാഷ്ട്രീയമാണ്. ചലച്ചിത്രത്തിലെ ഫ്രീഡം ഫൈറ്റേഴ്‌സ് അവരവരുടെ തുറകളിൽ സ്വാതന്ത്ര്യത്തിനു വേണ്ടി സമരം ചെയ്യുന്ന പോരാളികൾ തന്നെയാണ്.

പ്ര.തൂ.മു

ഇന്ത്യാ മഹാരാജ്യത്ത് നടന്നുകൊണ്ടിരിക്കുന്ന വർത്തമാന സ്വാതന്ത്ര്യ പോരാട്ടങ്ങളുടെ ചലച്ചിത്ര ആവിഷ്‌ക്കാരമാണ് ഒ.ടി.ടിയിൽ റിലീസായ ഫ്രീഡം ഫൈറ്റ്. സമൂഹത്തിന്റെ വ്യത്യസ്ത തുറകളിൽ നടന്നു കൊണ്ടിരിക്കുന്ന സാമൂഹിക വിമോചന സംഘട്ടനങ്ങൾ, സമരങ്ങൾ, ഒറ്റ നൂലിൽ കോർത്ത സംഭവങ്ങളല്ലെങ്കിലും, അടിച്ചമർത്തപ്പെട്ടവരുടെ ജീവ കഥകൾ തന്നെയാണ്. അധികാരമെന്നത് ചിന്നിച്ചിതറി കിടക്കുന്ന ഭരണ സംവിധാനങ്ങളാണെന്ന വസ്തുതയാണ് ഈ സിനിമാ സമാഹാരത്തിന്റെ തുറന്നു കാണിക്കൽ. വലിയ സമരങ്ങളല്ല, ഒറ്റയ്‌ക്കൊറ്റക്കുള്ള പ്രതിഷേധ സമരങ്ങളും, സന്ദർഭങ്ങളുമാണ് ഇവിടെ ചുരുൾ നിവർത്തുന്ന സാമൂഹിക പ്രശ്‌നം. ഇന്ത്യയിലെ സാമൂഹിക ശാസ്ത്രപഠിതാക്കൾക്കും, ഗവേഷകർക്കും കണ്ടും കേട്ടും അനുഭവിച്ചും മനസ്സിലാക്കാവുന്ന സിനിമാറ്റിക് പ്രബന്ധമാണ് ഫ്രീഡം ഫൈറ്റ്. ഫുട് നോട്ടുകളും, സഹായ ഗ്രന്ഥസൂചികയുടേയും സഹായമില്ലാതെ, സർക്കാർ കണക്കുകളും, ദത്തങ്ങളും ഇല്ലാതെ ഏതൊരു പ്രേക്ഷകനും ഈ ദേശ രാഷ്ട്രത്തിന്റെ രണ്ടാം ആന്തരിക സ്വാതന്ത്ര്യ സമരത്തിൽ പങ്കെടുക്കാൻ കഴിയുന്നു. ഉത്തരവായനാ (post literate) ലോകത്ത്, സാമൂഹിക പ്രശ്നങ്ങളെ അതിന്റെ സൂക്ഷ്മയിടങ്ങളിൽ അനുഭവിച്ചറിയുവാൻ സഹായിക്കുന്ന ചലച്ചിത്ര സമാഹാരമാണ് ഫ്രീഡം ഫൈറ്റ്. വിദേശ രാജ്യത്തിന്റെ അധീശത്വ രൂപങ്ങളിൽ നിന്നും ഭരണ സംവിധാനങ്ങളിൽ നിന്നും നമ്മുടെ രാജ്യം നേടിയെടുത്ത സ്വാതന്ത്ര്യം, ഒരു ജനതയുടെ സമ്പൂർണ്ണ സ്വാതന്ത്ര്യത്തിലേക്കുള്ള ആദ്യപടി മാത്രമായിരുന്നു എന്ന് ഈ ചലച്ചിത്ര സമാഹാരം സൂചിപ്പിക്കുന്നു. നമുക്കു ചുറ്റുമുള്ള മനുഷ്യരുടെ സ്വാതന്ത്ര്യത്തിനു വേണ്ടിയുള്ള പോരാട്ടങ്ങൾ ഫ്രീഡം ഫൈറ്റ് സൂക്ഷ്മമായ ക്യാമറക്കണ്ണുകളിലൂടെ അവിസ്മരണീയ സിനിമാ മുഹൂർത്തങ്ങളാക്കി മാറ്റിയിരിക്കുന്നു. യഥാർത്ഥ ലോകവും സിനിമയിലെ സാമൂഹിക ലോകവും ഒന്നായി മാറിയിരിക്കുകയാണ് ഫ്രീഡം ഫൈറ്റിൽ, റീലും, റിയലും ഒന്നായി ലയിച്ച ചലച്ചിത്ര മുഹൂർത്തമെന്നും സമർത്ഥിക്കാം.

Thanks for reading Historica! Subscribe for free to receive new posts and support my work.