Feb 28 • 12M

അമേരിക്ക കണ്ടുപിടിച്ചതാര്?(കൊളംബസല്ല!)

1
 
1.0×
0:00
-11:37
Open in playerListen on);
History For Everyone
Episode details
Comments

മേരിക്ക കണ്ടുപിടിച്ചതാരാണ്? മനസ്സിൽ തോന്നിയ ഉത്തരം കൊളംബസ് എന്നാണെങ്കിൽ അത് തെറ്റാണ്. അതെ അമേരിക്ക കണ്ടുപിടിച്ചത് ക്രിസ്റ്റഫർ കൊളംബസല്ല. ഇനി കണ്ടുപിടിച്ചു എന്നതുകൊണ്ട് അമേരിക്കയിൽ കാലുകുത്തിയ ആദ്യ യൂറോപ്യൻ എന്നാണ് ഉദ്ദേശിക്കുന്നതെങ്കിൽ ആ നേട്ടവും കൊളംബസിന് സ്വന്തമല്ല. പാഠപുസ്തകങ്ങൾ നമ്മെ പറഞ്ഞുപഠിപ്പിച്ച വലിയ ചരിത്ര നുണകളുടെ കൂട്ടത്തിൽ ഒന്നാണ് കൊളംബസിന്റെ അമേരിക്കൻ കണ്ടുപിടിത്തം. കൊളംബസ് ജനിക്കുന്നതിനും ഏതാണ്ട് 500 വർഷങ്ങൾക്കു മുൻപു തന്നെ ആ ഖ്യാതി സ്വന്തമാക്കിയ വൈക്കിങ് നാവികന്റെ പേര് ലീഫ് എറിക്‌സൻ എന്നാണ്.

വൈക്കിങ് എന്ന പേര് ചിലരുടെയെങ്കിലും മനസ്സിൽ ലഡ്ഡു പൊട്ടിച്ചിട്ടുണ്ടാകും. ബ്രഹ്‌മാണ്ഡ ടെലിവിഷൻ സീരീസുകളായ 'വൈക്കിങ്'സും 'ഗെയിം ഓഫ് ത്രോൺസും' മറ്റും കണ്ടിട്ടുള്ളവർക്ക് വൈക്കിങുകളെ മറക്കാനാകില്ലല്ലോ. 9-ാം നൂറ്റാണ്ടു മുതൽ 11-ാം നൂറ്റാണ്ടു വരെയുള്ള കാലഘട്ടത്തിൽ യൂറോപ്പിലാകെ സ്വാധീനമറിയിച്ച വൈക്കിങുകളുടെ (നോർസുകൾ) ജന്മസ്ഥലം ഇന്ന് സ്‌കാന്റിനേവിയൻ രാജ്യങ്ങൾ എന്നറിയപ്പെടുന്ന ഡെൻമാർക്ക്, നോർവേ, സ്വീഡൻ എന്നീ പ്രദേശങ്ങളാണ്. മാർവൽ സൂപ്പർഹീറോ തോറും ലോക്കിയുമെല്ലാം നോർസ് പുരാണങ്ങളിലെ കഥാപാത്രങ്ങളാണ്. കാർഷികവൃത്തി പ്രധാന തൊഴിലാക്കിയ ഇവർ പേരുകേട്ട നാവികരുമായിരുന്നു. പ്രത്യേക രീതിയിൽ രൂപകൽപ്പന ചെയ്ത, ലോങ്ഷിപ്പുകൾ എന്നറിയപ്പെട്ട കപ്പലുകളിലേറി പുതിയ തീരങ്ങൾ തേടിയുള്ള യാത്രകളിൽ ഏർപ്പെട്ടവരായിരുന്നു വൈക്കിങുകൾ.

പേരുകേട്ട വൈക്കിങ് നാവികനായിരുന്ന എറിക് ദി റെഡ്ഡിന്റെ മകനായി 970നും 980നും ഇടയ്ക്ക് ഐസ്ലന്റിലാണ് ലീഫ് എറിക്‌സൻ ജനിക്കുന്നത്. നാട്ടിൽ ഒരു വഴക്കിനിടെ ഉണ്ടായ കയ്യാങ്കളിയിൽ എറിക് മൂന്നു പേരെ വധിക്കുകയും ഇതേത്തുടർന്ന് രാജ്യഭൃഷ്ടനാക്കപ്പെടുകയും ചെയ്തു. ചെന്നു പാർക്കാനായി പുതിയൊരു സ്ഥലം തേടി നാവികൻ കൂടിയായ എറിക് ഇറങ്ങിപ്പുറപ്പെട്ടു, അത്തരത്തിലൊന്ന് അയ്യാൾ കണ്ടെത്തുകയും ചെയ്തു. താൻ കണ്ടെത്തിയ കരയ്ക്ക് അദ്ദേഹം ഗ്രീൻലന്റ് എന്ന് പേരു നൽകി. 80 ശതമാനത്തിലധികം മഞ്ഞുമൂടിക്കിടന്ന പ്രദേശത്തിന് 'പച്ചപ്പു നിറഞ്ഞയിടം' എന്നർത്ഥം വരുന്ന ഗ്രീൻലന്റ് എന്ന് പേരു നൽകിയത് എറിക്കിന്റെ കുരുട്ടുബുദ്ധിയായിരുന്നു. മറ്റുള്ള വൈക്കിങുകളെ അങ്ങോട്ടേക്ക് ആകർഷിക്കുകയായിരുന്നു ഈ പേരിടീലിന്റെ ലക്ഷം.

ക്രിസ്റ്റ്യൻ ക്രോഹ് വരച്ച ലീഫ് എറിക്‌സൻ ഡിസ്കവേഴ്സ് അമേരിക്ക എന്ന ചിത്രം

ഐസ്ലന്റിൽ ജനിച്ച് ഗ്രീൻലന്റിൽ വളർന്ന ലീഫ് എറിക്‌സൻ, അച്ഛന്റെ മരണശേഷം അവിടുത്തെ വൈക്കിങ് സംഘത്തിന്റെ തലവനായി. കടൽ യാത്രകളിലും അച്ഛന്റെ പാത തന്നെ പിന്തുടർന്ന് തന്റെ 20കളിൽ പശ്ചിമ ദിശ ലക്ഷ്യമാക്കി എറിക്‌സൻ നടത്തിയ യാത്രകളാണ് അദ്ദേഹത്തെ അമേരിക്കൻ വൻകരയിലെത്തിക്കുന്നത്. നോർവേയിലെത്തി ക്രിസ്തുമതം സ്വീകരിച്ച എറിക്‌സൻ മത പ്രചാരണത്തിനായി പോകും വഴി അബദ്ധവശാൽ ഇവിടെ എത്തിപ്പെട്ടതാണെന്ന മറ്റൊരു വാദവുമുണ്ട്. 1000-ാം ആണ്ടിലാണ് എറിക്‌സൻ വടക്കേ അമേരിക്കൻ തീരത്തെത്തിയതായി കരുതപ്പെടുന്നത്. നിറയെ മുന്തിരി വിളഞ്ഞു നിന്നിരുന്ന ആ പ്രദേശത്തെ 'മുന്തിരിച്ചാറിന്റെ നാട്' എന്നർത്ഥം വരുന്ന വൈൻലന്റ് അഥവാ വിൻലന്റ് എന്ന് അദ്ദേഹം വിളിച്ചു. ലീഫ് എറിക്‌സന്റെ അമേരിക്കൻ പര്യവേക്ഷണം പല വൈക്കിങ് വീരകഥകളുടെയും മുഖ്യപ്രമേയമായി മാറുകയും ചെയ്തു.

ചരിത്രകാരന്മാർ പക്ഷെ ഈ വിവരണങ്ങളെ കേവലം ഒരു പുരാണകഥ മാത്രമായാണ് കണക്കാക്കിയിരുന്നത്. എന്നാൽ 1960ൽ, നോർവീജിയൻ പര്യവേക്ഷകനായിരുന്ന ഹെൽഗെ ഇംഗ്സ്റ്റാഡും പുരാവസ്തു ഗവേഷകയായിരുന്ന ഭാര്യ ആൻ സ്റ്റൈൻ ഇംഗ്സ്റ്റാഡും ചേർന്ന് ലാൻസ് ഓ മെഡോസിൽ നിന്ന് നോർസ് അധിവാസത്തിന്റെ അവശിഷ്ടങ്ങൾ കണ്ടെത്തുകയുണ്ടായി. കനേഡിയൻ പ്രവിശ്യയായ ന്യൂഫിൻലാന്റിന്റെ വടക്കേ അറ്റത്തുള്ള ഈ പ്രദേശത്തുനിന്ന് കുഴിച്ചെടുത്ത വസ്തുക്കൾക്ക് എതാണ്ട് 1000 വർഷത്തെ പഴക്കമാണ് അവർ കണക്കാക്കിയത്. അതായത് ലീഫ് എറിക്‌സൻ അമേരിക്കയിലെത്തി എന്ന് പറയപ്പെടുന്ന കാലഘട്ടം. അന്നോളം കഥയും കാര്യവുമൊക്കെയായി പലരും വിശ്വസിച്ചു പോന്നിരുന്ന എറിക്‌സന്റെ വൈക്കിങ് ഗാഥകൾ ഈ കണ്ടുപിടിത്തത്തോടെ ശാസ്ത്രീയമായി തെളിയിക്കപ്പെട്ടു.

നോർവീജിയൻ-അമേരിക്കൻ എഴുത്തുകാരനായിരുന്ന റാസ്മസ് ബി. ആന്റേഴ്‌സന്റെ 1874ൽ പുറത്തിറങ്ങിയ 'അമേരിക്ക നോട്ട് ഡിസ്‌കവേർഡ് ബൈ കൊളംബസ്' (America not discovered by Columbus) എന്ന പുസ്തകത്തിലാണ്, അമേരിക്കയിലെത്തിയ ആദ്യ യൂറോപ്യർ സ്‌കാന്റിനേവിയക്കാരായ വൈക്കിങുകളായിരുന്നു എന്ന വാദം മുഖ്യധാരയിൽ ഉയർത്തുന്നത്. അമേരിക്കൻ പ്രസിഡന്റായിരുന്ന കാൽവിൻ കൂളിഡ്ജ് 1925ൽ രണ്ട് നോർവീജിയൻ-അമേരിക്കൻ ഗവേഷകർ നടത്തിയ പഠനത്തെ ആധാരമാക്കി ലീഫ് എറിക്‌സന്റെ പദവിയ്ക്ക് അംഗീകാരം നൽകി. സ്‌കാന്റിനേവിയൻ വംശജരുടെ വോട്ട് ലക്ഷ്യം വച്ചാണ് കൂളിഡ്ജ് ഇത് ചെയ്തതെന്ന് വിവിധ കോണുകളിൽ നിന്ന് ആക്ഷേപം ഉയർന്നെങ്കിലും വിഷയം വലിയ ചർച്ചകൾക്ക് കാരണമായി മാറി. 1964ൽ, ഒക്ടോബർ 9 ലീഫ് എറിക്‌സൻ ദിനമായി ഔദ്യോഗികമായി പ്രഖ്യാപിക്കപ്പെട്ടു. ഇന്ന് അമേരിക്കയിൽ എറിക്‌സൻ ദിനം പൊതു അവധിയാണ്. പലയിടങ്ങളിലും അദ്ദേഹത്തിന്റെ പ്രതിമകളും സ്മാരകങ്ങളും മറ്റും കാണുവാനും സാധിക്കും.

ലാൻസ് ഓ മെഡോസിലെ ആൻ സ്റ്റൈൻ, ഹെൽഗെ ഇംഗ്സ്റ്റാഡ് സ്മാരകം

അമേരിക്ക 'കണ്ടുപിടിച്ചു' എന്ന് പറയപ്പെടുന്ന ക്രിസ്റ്റഫർ കൊളംബസിന്റെ പായ്ക്കപ്പൽ പുത്തൻ വൻകരയെ തൊടുന്നത് 1492 ഒക്ടോബർ 12നാണ്. അതിനും ആയിരക്കണക്കിനു വർഷങ്ങൾ മുൻപുതൊട്ടേ മനുഷ്യർ അധിവസിക്കുന്ന ഭൂപ്രദേശമായിരുന്നു അവിടം. എതാണ്ട് 15,000 മുതൽ 20,000 വർഷങ്ങൾക്കു മുൻപ് ഏഷ്യൻ വൻകരയിൽ നിന്ന് മനുഷ്യർ വടക്കേ അമേരിക്കൻ വൻകരയിലെത്തിയെന്നാണ് ചരിത്രകാരന്മാരുടെ പക്ഷം. ഇതേ സംബന്ധിച്ച് തർക്കങ്ങൾ നിലനിൽക്കുന്നുണ്ടെങ്കിലും ഭൂമിയിലെ അവസാന ഹിമയുഗ(Ice Age)ത്തിന്റെ അന്ത്യവർഷങ്ങളിലാണ് ഈ കുടിയേറ്റം നടന്നതെന്ന് പൊതുവേ അംഗീകരിക്കപ്പെടുന്നു. അക്കാലത്ത് ഏഷ്യയെയും വടക്കൻ അമേരിക്കയെയും ബന്ധിപ്പിക്കുന്ന ഒരു ഭൂപ്രദേശമുണ്ടായിരുന്നു. ബെറിംഗ് കടലിടുക്ക് എന്നറിയപ്പെടുന്ന ഈ പ്രദേശം പിന്നീട് സമുദ്രനിരപ്പുയർന്ന് ഇല്ലാതായെന്നാണ് പഠനങ്ങൾ.

1492 ആഗസ്റ്റ് 3ന് സ്‌പെയിനിൽ നിന്നും യാത്രയാരംഭിക്കുമ്പോൾ ഇന്ത്യയിലേയ്ക്കും ചൈനയിലേയ്ക്കും കച്ചവടത്തിനായി എത്തിപ്പെടാൻ മെച്ചപ്പെട്ട പുതിയൊരു കടൽപ്പാത കണ്ടെത്തുകയായിരുന്നു കൊളംബസിന്റെ ലക്ഷ്യം. യാത്രയ്ക്കുവേണ്ട ഏർപ്പാടുകൾ ചെയ്തുകൊടുത്ത സ്പാനിഷ് രാജാവ് ഫെർഡിനാണ്ട് രണ്ടാമനും രാജ്ഞി ഇസബെല്ലയ്ക്കും ഇറ്റാലിയൻ നാവികനായിരുന്ന കൊളംബസിന്റെ യാത്രയിൽ അധിയായ പ്രതീക്ഷയുണ്ടായിരുന്നു. കണ്ടെത്താൻ പോകുന്ന പുതിയ കച്ചവടപ്പാത വഴി കണക്കറ്റ സമ്പത്ത് രാജ്യത്തെത്തുമെന്നും അവർ വിശ്വസിച്ചു.

യാത്രയ്ക്കായി കൊളംബസ് തെരഞ്ഞെടുത്ത ദിശയും വിചിത്രമായിരുന്നു. കിഴക്കോട്ടു സഞ്ചരിക്കുന്നതിനു പകരം പടിഞ്ഞാറു ദിശ ലക്ഷ്യമാക്കിയാണ് കൊളംബസിന്റെ കപ്പൽപ്പട നീങ്ങിയത്. ഭൂമി പരന്നതാണ് എന്ന് വിശ്വസിച്ചിരുന്നവർക്ക് ഭൂരിപക്ഷമുണ്ടായിരുന്ന കാലമായിരുന്നു അത് എന്നുകൂടി ഓർക്കണം. കൊളംബസിനെ സ്വാഭാവികമായും ഒരു ഭ്രാന്തനായിട്ടാകണം നാട്ടുകാർ വിശേഷിപ്പിച്ചിട്ടുണ്ടാവുക.

അമേരിക്കൻ നഗരമായ മിൽവാക്കീലെ ലീഫ് എറിക്സൻ പ്രതിമ

ഇറ്റാലിയൻ നാവികൻ കണ്ടെത്തിയ പുത്തൻ കരയുടെ വാർത്ത യൂറോപ്പിലാകെ കാട്ടുതീ പോലെ പടർന്നു. അധിനിവേശത്തിനായി കൂടുതൽ പ്രദേശങ്ങൾ തിരഞ്ഞു നടന്ന യൂറോപ്യൻ സാമ്രാജ്യങ്ങൾക്കു മുന്നിലേക്ക് ഒരു ഭൂഖണ്ഡം തന്നെ തുറന്നുകൊടുക്കുകയായിരുന്നു കൊളംബസ്. അമേരിക്കയിലെ തദ്ദേശീയരായ ഗോത്രവർഗ്ഗക്കാരെ അനായാസം കീഴടക്കാനും ചൂഷണം ചെയ്യാനും സാധിക്കുമെന്ന വാർത്തയാണ് കൊളംബസ് തിരികെയെത്തി രാജാവിനു മുന്നിൽ ഉണർത്തിച്ചത്. മടക്കയാത്രയിൽ കൊളംബസ് ബന്ധികളാക്കി കൊണ്ടുവന്ന മനുഷ്യരെയും, സ്വർണ്ണവും സുഗന്ധവ്യഞ്ജനങ്ങളും അടക്കമുള്ള വിഭവങ്ങളും കണ്ടതോടെ സ്പാനിഷ് രാജാവിന് ഇക്കാര്യം ബോധ്യമാവുകയും ചെയ്തു. പിന്നീട് 1506 വരെയുള്ള കാലഘട്ടത്തിനിടയിൽ മൂന്നു തവണ കൂടി കൊളംബസ് അമേരിക്കൻ പര്യവേക്ഷണം നടത്തുന്നുണ്ട്.

ക്രിസ്റ്റഫർ കൊളംബസ് ലോകത്തിനു മുന്നിൽ തുറന്നുകൊടുത്തത് അവസരങ്ങളുടെ പുത്തൻ വൻകരയായിരുന്നെങ്കിൽ, അമേരിക്കയിൽ അധിവസിച്ചിരുന്ന ഗോത്രവർഗ്ഗക്കാർക്ക് വന്നുചേർന്നത് അടിമത്തത്തിന്റെയും കൊടിയ ചൂഷണങ്ങളുടെയും കൽത്തുറുങ്കായിരുന്നു. 1492ൽ കൊളംബസിന്റെ നേതൃത്വത്തിലുള്ള പര്യവേക്ഷണ സംഘം ബഹാമാസിൽ വന്നിറങ്ങുമ്പോൾ 600ൽ പരം ഗോത്രങ്ങളിലെ ലക്ഷക്കണക്കിനാളുകൾ പാർക്കുന്ന ഇടമായിരുന്നു അവിടം. യൂറോപ്യൻ അധിനിവേശ ശക്തികളുടെ കടന്നാക്രമണത്തിൽ തദ്ദേശീയരായ അമേരിക്കൻ ജനസംഖ്യയുടെ 90 ശതമാനത്തോളം തുടച്ചുനീക്കപ്പെട്ടു എന്നാണ് കണക്ക്. വേണ്ടത്ര അളവിൽ സ്വർണ്ണം എത്തിച്ചു നൽകാതിരിക്കുകയും, തന്നെ എതിർക്കുകയും മറ്റും ചെയ്തിരുന്ന തദ്ദേശീയരെ നിഷ്‌കരുണം കൊന്നുതള്ളിയതിന്റെയും കൈകാലുകൾ അറുത്തുമാറ്റിയതിന്റെയും, ചെറിയ പെൺകുട്ടികളെയടക്കം ലൈംഗിക തടവുകാരാക്കി തീർത്തതിന്റെയുമെല്ലാം ചരിത്രം കൊളംബസിന്റെ അമേരിക്കൻ പര്യടന വീരഗാഥയുടെ അറിയപ്പെടാത്ത പിന്നാമ്പുറങ്ങളാണ്.

1937ൽ പ്രസിഡന്റ് ഫ്രാങ്ക്‌ളിന് ഡി. റൂസ്‌വെൽറ്റ് ഒക്ടോബർ മാസത്തിലെ രണ്ടാമത്തെ തിങ്കളാഴ്ച്ചകൾ കൊളംബസ് ദിനമായും പൊതു അവധിയായും പ്രഖ്യാപിച്ചു. എന്നാൽ പിന്നീട് കൊളംബസ് ദിനം ആചരിക്കുന്നത് സംബന്ധിച്ച് ഒട്ടേറെ എതിരഭിപ്രായങ്ങൾ ഉണ്ടായി. അമേരിക്കൻ തദ്ദേശീയ ജനതയെ നരഹത്യചെയ്യുകയും അടിമത്തത്തിലേക്ക് തള്ളിവിടുകയും ചെയ്ത ഒരാൾക്ക് നായക പരിവേഷം നൽകി ആദരിക്കുന്നതിനെതിരെ പലകോണുകളിൽ നിന്നും പ്രധിഷേധ സ്വരങ്ങൾ ഉയർന്നു. ഇന്ന് അമേരിക്കയിൽ പലയിടങ്ങളിലും കൊളംബസ് ദിനം, നേറ്റീവ് അമേരിക്കൻ ഡേ (Native American Day), ഇന്റിജീനസ് പീപ്പിൾസ് ഡേ (Indigenous Peoples' Day) എന്നീ പേരുകളിൽ തദ്ദേശീയ ജനതയുടെ ദിനമായാണ് ആചരിച്ചുപോരുന്നത്.

ക്രിസ്റ്റഫർ കൊളംബസ്

ലീഫ് എറിക്‌സന് മുൻപേ റോമക്കാരും ഗ്രീക്കുകാരും അമേരിക്കയിൽ എത്തിയിരുന്നു എന്ന തരത്തിലുള്ള വാദങ്ങളും നിലവിലുണ്ട്. പ്രാചീന റോമൻ-ഗ്രീക്ക് സംസ്‌കാരങ്ങളുടേതിനു സമാനമായ ചില അവശേഷിപ്പുകൾ അമേരിക്കയിൽ കണ്ടെത്തിയതാണ് ഇത്തരം വാദങ്ങളുടെ അടിസ്ഥാനം.

ചൈനക്കാരാണ് അമേരിക്കയിൽ കാലുകുത്തിയ ആദ്യ വൈദേശികർ എന്ന മറ്റൊരു വാദവുമുണ്ട്. ഗാവിൻ മെൻഡിസ് എഴുതി 2002ൽ പ്രസിദ്ധീകരിച്ച, 1421: ദി ഇയർ ചൈന ഡിസ്‌കവേർഡ് അമേരിക്ക (1421: The Year China Discovered America) എന്ന പുസ്തകത്തിലും, ഇയാൻ ഗുഡ്‌സണുമായി ചേർന്ന് മെൻഡിസ് 2013ൽ എഴുതിയ ഹൂ ഡിസ്‌കവേർഡ് അമേരിക്ക: ദി അൺടോൾഡ് ഹിസ്റ്ററി ഓഫ് ദി പീപ്പിളിങ് ഓഫ് ദി അമേരിക്കാസ് (Who Discovered America?: The Untold History of the Peopling of the Americas) എന്ന പുസ്തകത്തിലുമാണ് ഈ വാദം ഉന്നയിക്കപ്പെട്ടത്. ചൈനീസ് നാവികൻ സെങ് ഹെയാണ് അമേരിക്ക കണ്ടുപിടിച്ചത് എന്നാണ് മെൻഡിസ് തന്റെ പുസ്തകങ്ങളിൽ തെളിയിക്കാൻ ശ്രമിക്കുന്നത്. എന്നാൽ ചരിത്രകാരന്മാർ ഇത്തരം വാദങ്ങളെ കപടചരിത്രങ്ങളായി മാത്രമേ വിലയിരുത്തുന്നുള്ളൂ.

ഇതിനെല്ലാം പുറമെ അറിയപ്പെടുന്നതും അല്ലാത്തതുമായ മറ്റനവധി വാദങ്ങളും അമേരിക്കൻ കണ്ടുപിടിത്തത്തെക്കുറിച്ച് നിലവിലുണ്ട്. ഇതിൽ ഏതെല്ലാമാണ് വാസ്തവം എന്ന് കണ്ടെത്താൻ ചരിത്ര ഗവേഷക ലോകം ഇന്നും അന്വേഷണത്തിലാണ്. അമേരിക്കയിൽ ആദ്യമായി കാലുകുത്തിയതിന്റെ അവകാശ ബഹുമതിയ്ക്കായി തർക്കങ്ങൾ ഒരു വശത്ത് തകൃതിയാകുമ്പോൾ ഒന്നേതായാലും നമുക്കുറപ്പിച്ചു പറയാം; അമേരിക്കൻ വൻകര യഥാർത്ഥത്തിൽ കണ്ടുപിടിച്ചതും അവിടം വാസയോഗ്യമാക്കിത്തീർത്തതും, കാലുകുത്തിയ വൈദേശികരാലെല്ലാം ചൂഷണങ്ങൾക്ക് വിധേയരാക്കപ്പെട്ട തദ്ദേശീയ ഗോത്രവർഗ്ഗക്കാരുടെ പൂർവ്വികർ തന്നെയാണ്.

Thanks for reading Historica! Subscribe for free to receive new posts and support my work.