കണ്ണിന് കണ്ണ്, പല്ലിന് പല്ല്: ഹമ്മുറാബിയുടെ നിയമാവലി
An eye for an eye and a tooth for a tooth; കണ്ണിന് കണ്ണ്, പല്ലിന് പല്ല്. സിനിമാ പഞ്ച് ഡയലോഗുകളിലും രാഷ്ട്രീയ നേതാക്കളുടെ ചില തീപ്പൊരി പ്രസംഗങ്ങളിലും മറ്റും നമ്മൾ കേട്ടിരിക്കാനിടയുള്ള ഒരു പ്രയോഗമാണിത്. എന്നാൽ വിഖ്യാതമായ ഈ വാക്യത്തിന്റെ ഉറവിടത്തെപ്പറ്റി എപ്പോഴെങ്കിലും ചിന്തിച്ചിട്ടുണ്ടോ? ബൈബിളിലെ പഴയനിയമ പുസ്തകത്തിലാണ് ഇതാദ്യം പ്രത്യക്ഷപ്പെട്ടതെന്നാണ് ചിലരുടെയെങ്കിലും ധാരണ. ഒരുവന്റെ പ്രവർത്തിയ്ക്ക് തക്കതായ പ്രതിഫലം എന്ന ഈ സിദ്ധാന്തത്തിന്റെ ഉറവിടം പക്ഷെ ബൈബിളല്ല. മോശയുടെ പത്ത് കല്പനകളെ മുതൽ ലോകരാഷ്ട്രങ്ങളിൽ ഇന്ന് നിലനിൽക്കുന്ന ആധുനിക നിയമസംഹിതകളെ വരെ നേരിട്ടും അല്ലാതെയും സ്വാധീനിച്ച ‘കോഡ് ഓഫ് ഹമ്മുറാബി’ അഥവാ ഹമ്മുറാബിയുടെ നിയമാവലിയിലെ വാക്യമാണിത്.
ആരായിരുന്നു ഹമ്മുറാബി? എന്തായിരുന്നു ഹമ്മുറാബിയുടെ നിയമാവലി?
ഹമ്മുറാബിയെക്കുറിച്ച് പറയുന്നതിനു മുൻപ് മെസൊപ്പൊട്ടേമിയയെക്കുറിച്ച് പറയേണ്ടത് അനിവാര്യമാണ്. യൂഫ്രട്ടീസ്, ടൈഗ്രിസ് എന്നീ നദികൾക്കിടയിൽ, ഇന്നത്തെ കുവൈറ്റ്, ഇറാഖ്, സിറിയ, ടർക്കി, ഇറാൻ എന്നിവിടങ്ങളിലായി വ്യാപിച്ചുകിടന്നിരുന്ന ഭൂപ്രദേശമായിരുന്നു മെസൊപ്പൊട്ടേമിയ. മനുഷ്യരാശിയുടെ ചരിത്രത്തിലെ ആദ്യത്തെ നാഗരികസംസ്കാരം രൂപപ്പെട്ട ഇവിടം പിന്നീട് ലോകത്തെ ചെറുതും വലുതുമായ സംസ്കാരങ്ങളുടെ വളർച്ചയിലും വികാസത്തിലും സ്വാധീന ശക്തിയായി മാറി.
ഗ്രീക്ക് ഭാഷയിൽ നിന്നാണ് മെസൊപ്പൊട്ടേമിയയ്ക്ക് ആ പേര് ലഭിക്കുന്നത്. 'മെസൊ' എന്നാൽ മധ്യം എന്നും ' പൊട്ടേമിയ' എന്നാൽ നദികൾ എന്നുമാണർത്ഥം. 'നദികൾക്കിടിയിൽ സ്ഥിതി ചെയ്യുന്ന പ്രദേശം' എന്നാണ് മെസൊപ്പൊട്ടേമിയ എന്ന വാക്ക് അർത്ഥമാക്കുന്നത്. ഫലഭൂയിഷ്ടമായ മണ്ണും, സുസ്ഥിരമായ കാലാവസ്ഥയും, ശുദ്ധജല ലഭ്യതയും തുടങ്ങി മനുഷ്യന്റെ അധിവാസത്തിനും കൃഷിയ്ക്കും അനുയോജ്യമായ സർവ്വതും മെസൊപ്പൊട്ടേമിയയിൽ സമൃദ്ധമായിരുന്നു. ചക്രം, എഴുത്തുവിദ്യ, നിയമസംഹിത, കപ്പൽ യാത്ര, വാണിജ്യം, ഗണിതം എന്നുവേണ്ട, മനുഷ്യരാശിയുടെ തലവര തന്നെ മാറ്റിമറിച്ച കണ്ടുപിടിത്തങ്ങളുടെ ഉറവിടവും ഇവിടമാണ്.
പലകാലങ്ങളിൽ പലവിഭാഗക്കാർ മെസൊപ്പൊട്ടേമിയയിൽ തങ്ങളുടെ ആധിപത്യം സ്ഥാപിക്കുന്നുണ്ട്. സുമേറിയൻ, അക്കേഡിയൻ, അസീറിയൻ, ബാബിലോണിയൻ എന്നിങ്ങനെ ഒരോ കാലഘട്ടത്തിലും വന്നവർക്കൊപ്പം അവരുടെ വ്യത്യസ്ഥങ്ങളായ സംസ്കാരങ്ങളും മെസൊപ്പൊട്ടേമിയൻ നാഗരികതയുടെ ഭാഗമായി. നാഗരികതയുടെ ആട്ടുതൊട്ടിൽ എന്നാണ് മെസൊപ്പൊട്ടേമിയ അറിയപ്പെടുന്നതു തന്നെ. 10,000 ബി.സി.ഇ മുതൽ ഇവിടങ്ങളിൽ മനുഷ്യവാസം ഉണ്ടായിരുന്നതായാണ് പഠനങ്ങൾ പറയുന്നത്.
1812 ബി.സി.ഇയിൽ സിൻ-മുബലിത് മെസൊപ്പൊട്ടേമിയൻ നഗരമായ ബാബിലോണിയയുടെ ഭരണാധികാരിയായി അധികാരമേറ്റു. തന്റെ ഭരണകാലഘട്ടത്തിൽ മുബലിത് ചുറ്റുമുള്ള നഗരങ്ങൾ പിടിച്ചടക്കി ബാബിലോണിയൻ സിംഹാസനത്തിന്റ അതിർത്തികൾ വ്യാപിപ്പിച്ചു.1792 ബി.സി.ഇയിൽ രോഗബാധിതനായ സിൻ-മുബലിത് സ്ഥാനത്യാഗം ചെയ്തതിനെത്തുടർന്ന് അദ്ദേഹത്തിന്റെ മൂത്ത മകൻ ഹമ്മുറാബി തന്റെ പതിനെട്ടാം വയസ്സിൽ രാജാധികാരം ഏറ്റെടുക്കുന്നതോടെ പുതിയൊരു യുഗത്തിനു തന്നെയാണ് തുടക്കമാകുന്നത്.
ഭരണത്തിലേറിയ ആദ്യ നാളുകളിൽ നാടിന്റെ അടിസ്ഥാന സൗകര്യ വികസനത്തിൽ ശ്രദ്ധയൂന്നിയ ഹമ്മുറാബി, പിതാവ് തുടങ്ങിവച്ച പദ്ധതികൾ പൂർത്തീകരിക്കുന്നതിനോടൊപ്പം നിരവധി പൊതുസ്ഥാപനങ്ങളും ആരാധനാലയങ്ങളും പണികഴിപ്പിച്ചു. പ്രജകളുടെ കടങ്ങൾ എഴുതിത്തള്ളിയ നടപടി ഹമ്മുറാബിയെ ജനപ്രിയനാക്കി. തുടർന്ന് പിതാവിന്റെ പാതയിൽ, കുറേക്കൂടി തീവ്രമായി, രാജ്യാതിർത്തികൾ വ്യാപിപ്പിക്കാൻ അദ്ദേഹം ആരംഭിച്ചു. മെസൊപ്പോട്ടേമിയൻ നഗരങ്ങൾ ഒന്നൊന്നായി തന്റെ രാജ്യത്തോട് കൂട്ടിച്ചേർത്ത്, ഒരു ബാബിലോണിയൻ സാമ്രാജ്യം ഹമ്മുറാബി സൃഷ്ടിച്ചെടുത്തു.
ധീരനായ സൈന്യാധിപൻ, ജനപ്രിയനായ പ്രജാനായകൻ, ധിഷണാശാലിയായ ഭരണാധികാരി എന്നെല്ലാം വാഴ്ത്തപ്പെട്ട ഹമ്മുറാബിയെ പക്ഷെ ചരിത്രം ഓർക്കുന്നത് അദ്ദേഹം തയ്യാറാക്കിയ ബൃഹത്തായ നിയമാവലിയുടെ പേരിലാണ്. മുൻപ് സൂചിപ്പിച്ചതുപോലെ, പലകാലങ്ങളിൽ പല വിഭാഗങ്ങളുടെ ആധിപത്യത്തിലൂടെ കടന്നുപോയ മെസൊപ്പൊട്ടേമിയയുടെ ഭാഗങ്ങൾ അത്രമേൽ വൈവിധ്യം നിറഞ്ഞതായി മാറിയിരുന്നു. തർക്കങ്ങളും കുറ്റകൃത്യങ്ങളുമെല്ലാം അതതു സമുദായങ്ങളിലെ പ്രാദേശിക നിയമങ്ങളും ചട്ടങ്ങളും അനുസരിച്ചായിരുന്നു തീർപ്പാക്കിയിരുന്നത്. പലപ്പോഴും ഇത്തരം സന്ദർഭങ്ങളിൽ സമൂഹത്തിലെ വിദ്യാഭ്യാസവും സ്വാധീനവുമുള്ള ഉന്നതർ തങ്ങൾക്കനുകൂലമായ രീതിയിൽ സാമുദായിക നിയമങ്ങളെ വളച്ചൊടിക്കുന്നത് ഹമ്മുറാബിയുടെ ശ്രദ്ധയിൽപ്പെട്ടു. തന്റെ രാജ്യത്തെ മുഴുവൻ ജനങ്ങൾക്കും ഒരുപോലെ ബാധകമാകുന്ന ഒരു നിയമാവലി തയ്യാറാക്കാൻ അദ്ദേഹം തീരുമാനിക്കുന്നതും ഇക്കാരണത്താലാണ്.
മെസൊപ്പൊട്ടേമിയൻ സമൂഹം മൂന്നു തട്ടിലായാണ് തരംതിരിക്കപ്പെട്ടിരുന്നത്; ഭൂമിയുടെ ഉടമസ്ഥാവകാശമുണ്ടായിരുന്ന ഉന്നതർ, ഫ്രീ മെൻ അഥവാ സ്വതന്ത്രരായ സാധാരണ ജനങ്ങൾ, അടിമകൾ. ഈ മൂന്നു വിഭാഗങ്ങളെയും ഉൾപ്പെടുത്തി സമൂഹത്തിൽ അവരുടെ സ്ഥാനം കണക്കിലെടുത്താണ് ഹമ്മുറാബി നിയമങ്ങൾ തയ്യാറാക്കിയത്. സമൂഹത്തിലെ ഒരേ തട്ടിൽ വരുന്നവർ തമ്മിലുണ്ടാകുന്ന പ്രശ്നങ്ങൾക്കുള്ള തീർപ്പ്, പ്രവർത്തിക്കൊത്ത പ്രതിഫലം എന്ന രീതിയ്ക്കായിരുന്നു. കുറ്റകൃത്യങ്ങൾ മുതൽ കൃഷിയും കുടുംബവും അടിസ്ഥാന വേതനവും ഉദ്യോഗസ്ഥരുടെ ദൗത്യങ്ങളും വരെ, ആധുനിക നിയമസംഹിതകളിൽ ഇന്നു കാണുന്ന എല്ലാ മേഖലകളെയും ഹമ്മുറാബിയുടെ നിയമാവലി സ്പർശിക്കുന്നുണ്ട്.
1772 ബി.സി.ഇയിൽ സ്ഥാപിതമായി എന്നു കരുതപ്പെടുന്ന ഹമ്മുറാബീസ് കോഡ്, പൊതുവർഷം 1901ൽ ഫ്രഞ്ച് ഗവേഷകർ നടത്തിയ ഉത്ഖനനത്തിനിടെയാണ് കണ്ടെടുക്കുന്നത്. ഏഴര അടിയോളം ഉയരം വരുന്ന കൽഫലകത്തിൽ ക്യൂണിഫോം ലിപിയിലാണ് നിയമാവലി ആലേഖനം ചെയ്യപ്പെട്ടിരിക്കുന്നത്. ഫലകത്തിനു മുകളിലായി പുരാതന ബാബിലോണിയൻ ഐതിഹ്യത്തിലെ നീതിയുടെയും ന്യായത്തിന്റെയും ദേവനായ സൂര്യദേവൻ ഷമാഷിന്റെയും ഹമ്മുറാബിയുടെയും രൂപങ്ങൾ കൊത്തിവച്ചിരിയ്ക്കുന്നു. ദേവന്റെ കൈയിൽ നിന്നും ഹമ്മുറാബി നിയമാവലി ഏറ്റുവാങ്ങുന്നതായാണ് ചിത്രീകരിച്ചിരിക്കുന്നത്. പ്രജകൾക്കിടയിൽ തന്റെ നിയമസംഹിതയ്ക്ക് സ്വീകാര്യത ലഭിക്കാൻ വേണ്ടി, അവ ദൈവം നേരിട്ട് നൽകിയതായാണ് ഹമ്മുറാബി ജനങ്ങൾക്കു മുന്നിൽ അവതരിപ്പിക്കുന്നത്. ഹമ്മുറാബിയ്ക്കു മുൻപേ നിയമാവലി തയ്യാറാക്കിയ സുമേറിയൻ രാജാവ് ഉർ-നമ്മുവും, പിന്നീട് വർഷങ്ങൾക്കിപ്പുറം മോശയും ഇതേ രീതി തന്നെ പിന്തുടരുന്നത് നമ്മൾ കാണുന്നുണ്ട്.
282 നിയമങ്ങൾ അടങ്ങുന്ന ഹമ്മുറാബിയുടെ നിയമാവലിയിൽ ഏറ്റവും പ്രസിദ്ധി നേടിയത് 196-ാമത്തെ നിയമമാണ്. 'ഒരുവൻ മറ്റൊരുവന്റെ കണ്ണിനു നാശം വരുത്തിയാൽ അത് ചെയ്യുന്നവന്റെ കണ്ണും നശിപ്പിക്കപ്പെടും'. ഇത്തരത്തിലുള്ള നീതിയാണ് ഹമ്മുറാബിയുടെ നിയമാവലിയിൽ ആദ്യാവസാനം കാണുവാൻ കഴിയുന്നത്. 197-ാമത്തെ നിയമത്തിൽ, 'ഒരുവൻ മറ്റൊരുവന്റെ എല്ലു തകർത്താൽ അത് ചെയ്യുന്നവന്റെ എല്ലും തകർക്കപ്പെടും' എന്നും 200-ാം നിയമത്തിൽ 'ഒരുവൻ മറ്റൊരുവന്റെ പല്ലു തകർത്താൽ അത് ചെയ്യുന്നവന്റെ പല്ലും തകർക്കപ്പെടും' എന്നും എഴുതിയിരിക്കുന്നതു കാണാം. ഇത് സമൂഹത്തിന്റെ ഒരേ തട്ടിൽ വരുന്നവർക്കു മാത്രമാണ് ബാധകമായിരുന്നത്. മേൽത്തട്ടിലുള്ള ഭൂവുടമകൾ തങ്ങൾക്കു കീഴിൽ വരുന്ന മറ്റു രണ്ടു തട്ടുകളിലുള്ള ആർക്കെങ്കിലും എതിരെയാണ് അതിക്രമം പ്രവർത്തിക്കുന്നതെങ്കിൽ, പിഴയൊടുക്കിയാൽ മതിയെന്നും നിയമാവലിയിൽ പറയുന്നു.
ഹമ്മുറാബിയുടെ നിയമാവലിയിലെ പല നിയമങ്ങളും അസംബന്ധവും വിചിത്രവുമായി നമുക്കു തോന്നാം. കളവു തൊട്ട് കൊലപാതകം വരെയുള്ള ചെറുതും വലുതുമായ കുറ്റങ്ങൾക്ക് വധശിക്ഷയായിരുന്നു വിധി. മുപ്പതിലധികം കുറ്റങ്ങൾക്കുള്ള ശിക്ഷ മരണമാണ്. ഒരുവൻ മറ്റൊരുവനെതിരെ പൊള്ളയായ ഒരു ആരോപണം ഉന്നയിച്ചാൽപോലും മരണം ഉറപ്പായിരുന്നു. ഒരു വീട് തകർന്ന് അവിടുത്തെ ഗൃഹനാഥൻ മരിക്കാനിടയായാൽ ആ കെട്ടിടം പണിതയാൾക്ക് വധശിക്ഷ ലഭിക്കും. ഇനി മരണപ്പെടുന്നത് ഗൃഹനാഥന്റെ മകനാണെങ്കിൽ കൊല്ലപ്പെടുന്നത് കെട്ടിട നിർമ്മാതാവിന്റെ മകനായിരിക്കും.
കളവു പറയുന്നതിനും കള്ളസാക്ഷ്യം പറയുന്നതിനുമെല്ലാമുള്ള ശിക്ഷയും മരണം തന്നെയായിരുന്നു. ആർക്കെങ്കിലുമെതിരെ ഒരാരോപണം ഉന്നയിച്ച് അത് തെളിയിക്കാൻ കഴിയാത്ത പക്ഷം അയ്യാളെ വിശുദ്ധ നദിയായ യൂഫ്രട്ടീസിൽ എറിഞ്ഞു കൊല്ലണമെന്ന് നിയമം അനുശാസിക്കുന്നു. ഇനി ശിക്ഷിക്കപ്പെട്ടയാൾ മുങ്ങിമരിക്കാതെ രക്ഷപ്പെട്ടാൽ അയ്യാളെ നിരപരാധിയായി കണക്കാക്കുകയും എതിർ കക്ഷിയെ ഇതേ ശിക്ഷാ നടപടിക്ക് വിധേയനാക്കുകയും ചെയ്യും.
ഏതൊരാരോപണവും തെളിവുകളുടെ അടിസ്ഥാനത്തിലാണ് തീർപ്പാക്കിയിരുന്നത്. വാദിയ്ക്കും പ്രതിയ്ക്കും തങ്ങളുടെ പക്കലുള്ള തെളിവുകൾ ന്യായാധിപന്റെ മുന്നിൽ കൊണ്ടുവന്ന് അവനവന്റെ ഭാഗം വാദിക്കാനുള്ള അവസരവും ഉണ്ടായിരുന്നു. ഇന്ന് ലോകത്തെവിടെയുമുള്ള നീതിന്യായ കോടതികൾ കുറ്റവിചാരണയ്ക്കായി പിന്തുടരുന്നതും ഇതേ മാർഗ്ഗമാണ്. വിവാഹം, സ്ത്രീധനം, കുടുംബം, കുട്ടികൾ, വിവാഹമോചനം എന്നീ വിഷയങ്ങളും വ്യാപാരസംബന്ധിയായ നിയമങ്ങളും ഓരോ തൊഴിലിനും നൽകേണ്ടതായ വേതനങ്ങളും നിയമാവലിയിൽ പ്രതിപാദിക്കുന്നുണ്ട്.
ഭർത്താവിന് തന്നെ സംരക്ഷിക്കാനുള്ള പ്രാപ്തിയില്ലെങ്കിൽ വിവാഹമോചനം നേടാനും സ്ത്രീധനം മടക്കി വാങ്ങാനും നിയമാവലി സ്ത്രീകൾക്ക് അവകാശം നൽകിയിരുന്നു. വിവാഹമോചനത്തെ തുടർന്ന് കുട്ടികൾ ഉണ്ടെങ്കിലോ ഇല്ലെങ്കിലോ ഏതെല്ലാം രീതിയ്ക്ക് സ്വത്തുക്കൾ ഭാഗം വെയ്ക്കണമെന്നും വ്യക്തമായ നിർദ്ദേശങ്ങളുണ്ട്. അശോക സ്തംഭങ്ങൾക്ക് സമാനമായി ബാബിലോണിയൻ സാമ്രാജ്യത്തിന്റെ പ്രധാന ഇടങ്ങളിൽ എല്ലാവർക്കും കാണത്തക്കവിധമാണ് ഹമ്മുറാബി തന്റെ നിയമാവലികൾ രേഖപ്പെടുത്തിയ കൽഫലകങ്ങൾ സ്ഥാപിച്ചിരുന്നത്.
1750 ബി.സി.ഇ വരെ 43 വർഷക്കാലം ഹമ്മുറാബി ബാബിലോണിനെ അടക്കിഭരിച്ചു. ഹമ്മുറാബിയുടെ മരണശേഷം മകൻ സംസു-ഇലുന ഭരണം ഏറ്റെടുക്കുന്നുണ്ടെങ്കിലും ബാബിലോണിയൻ സാമ്രാജ്യം ക്രമേണ ക്ഷയിച്ച് ബി.സി.ഇ 16-ാം നൂറ്റാണ്ടോടെ പൂർണ്ണമായും ഇല്ലാതാവുകയാണുണ്ടായത്. ബാബിലോണിന്റെ പതനത്തോടെ വിസ്മൃതിയിൽ ആണ്ടുപോയത് ഹമ്മുറാബിയുടെ നിയമാവലി കൂടിയായിരുന്നു.
'...ഭൂമിയിൽ നീതി ദൃശ്യമാകാനും, ദുഷ്ടരെയും തിന്മ പ്രവർത്തിക്കുന്നവരെയും ഇല്ലായ്മ ചെയ്യാനും, പ്രബലർ ദുർബലരെ ദ്രോഹിക്കാതിരിക്കാനും...' എന്നാണ് ഹമ്മുറാബി തന്റെ നിയമാവലിയുടെ ആമുഖമായി എഴുതിച്ചേർത്തിരിക്കുന്നത്. ഏതൊരു ആധുനിക നിയമസംഹിതയുടെയും അടിസ്ഥാന തത്വം ഇതുതന്നെയാണ്. പുരാതന ബാബിലോണിയൻ സമൂഹത്തിൽ നിലനിന്നിരുന്ന അധികാരശ്രേണിയെ അടിസ്ഥാനപ്പെടുത്തി തയ്യാറാക്കിയതുകൊണ്ട്, തന്റെ നിയമാവലിയിൽ എല്ലാ മനുഷ്യരെയും ഹമ്മുറാബി തുല്യരായി കണക്കാക്കിയിട്ടില്ല എന്നത് തന്നെയാണ് അതിന്റെ ഏറ്റവും വലിയ പോരായ്മയായി ചരിത്രകാരന്മാർ ചൂണ്ടിക്കാട്ടുന്നത്. എന്നിരുന്നാലും ഹമ്മുറാബിയുടെ നിയമാവലി ഉയർത്തിപ്പിടിച്ച നീതിയുടെയും ന്യായത്തിന്റെയുമെല്ലാം അടിസ്ഥാന തത്വങ്ങൾ ഇന്നും പ്രസക്തമാണ്.